6 Wednesday
November 2024
2024 November 6
1446 Joumada I 4

ശഹാദത്ത് കലിമയും അട്ടിമറിക്കപ്പെടുന്നു

പി കെ മൊയ്തീന്‍ സുല്ലമി


ശഹാദത്ത് കലിമയും സുന്നീ വിശ്വാസവും എന്ന പുസ്തകത്തില്‍ ലുഖ്മാന്‍ സഖാഫി എഴുതുന്നു: ‘ഉപകാരം ചെയ്യാനും ഉപദ്രവിക്കാനും സ്വയം കഴിവുണ്ട് എന്ന് വിശ്വസിക്കലാണ് ഇബാദത്ത്. പ്രസ്തുത വിശ്വാസമില്ലാതെ അല്ലാഹു അല്ലാത്തവരുടെ മുന്നില്‍ താഴ്മ കാണിക്കല്‍ ഇബാദത്ത് അല്ല – സ്വയം ഉപകാരവും ഉപദ്രവവും ചെയ്യാന്‍ അല്ലാഹു മാത്രമേയുള്ളൂ എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്നാണ്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ യുടെ അര്‍ഥം.’ അദ്ദേഹം രേഖപ്പെടുത്തിയതിന്റെ ചുരുക്കമാണിത്.
സമസ്തക്കാര്‍ ഒരു വിഷയത്തിലും ഖുര്‍ആനിനെയോ സുന്നത്തിനെയോ ഇമാമുകളെയോ അഹ്്ലുസ്സുന്നയുടെ പണ്ഡിതന്മാരെയോ അംഗീകരിക്കാറില്ല. അവര്‍ക്ക് എല്ലാ വിഷയത്തിലും സ്വയം വ്യാഖ്യാനങ്ങളാണ്. ഇവിടെ ഇബാദത്ത്, ഇലാഹ് എന്നീ പദങ്ങളാണ് ദുര്‍വ്യാഖ്യാനത്തിന് വിധേയമാക്കിയിരിക്കുന്നത്. ‘ഇബാദത്ത്’ എന്ന പദത്തിന് സ്വയംകഴിവുമായി യാതൊരു ബന്ധവുമില്ല. ഇമാം റാസി പറയുന്നു: ഇബാദത്ത് എന്നാല്‍ അങ്ങേയറ്റത്തെ ബഹുമാനം സ്ഥാപിക്കലാണ്’ (തഫ്സീറുല്‍ കബീര്‍ 7:476). അബുസ്സഊദ് പറയുന്നു: ‘ഇബാദത്ത് എന്നാല്‍ അങ്ങേയറ്റത്തെ വിനയവും, താഴ്മയും കാണിക്കലാണ്’ (അബുസ്സഊദ് 1:16). ഇമാം ബൈളാവി പറയുന്നു: ‘ഇബാദത്തെന്നാല്‍ അങ്ങേയറ്റത്തെ വിനയം കാണിക്കലാണ്’ (ബൈളാവി 1:8). മറ്റുള്ള മുഫസ്സിറുകളും മിക്കവാറും ഇതേ വ്യാഖ്യാനം തന്നെയാണ് കൊടുത്തത്.
എന്നാല്‍ അങ്ങേയറ്റത്തെ വിനയവും താഴ്മയും കാണിക്കുമ്പോള്‍ അവിടെയൊക്കെ ഒരു പ്രാര്‍ഥനാ മനോഭാവം ഉണ്ടായിരിക്കും. അതുകൊണ്ടാണ് തെളിവായി വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിച്ചുകൊണ്ട് നബി(സ) ഇപ്രകാരം പഠിപ്പിച്ചത്: ‘നിശ്ചയമായും പ്രാര്‍ഥന അതുതന്നെയാണ് ഇബാദത്ത് (ആരാധന)’. അനന്തരം അവിടുന്ന് ഓതി: ‘നിങ്ങളുടെ രക്ഷിതാവ് അരുളിയിരിക്കുന്നു: എന്നോട് നിങ്ങള്‍ പ്രാര്‍ഥിക്കുവീന്‍. നിങ്ങള്‍ക്ക് ഞാന്‍ ഉത്തരം നല്‍കാം. എനിക്ക് ഇബാദത്തെടുക്കാന്‍ അഹങ്കാരം കാണിക്കുന്നവര്‍ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്’ (തിര്‍മിദി, ഇബ്നുമാജ, അഹ്‌മദ്). തിര്‍മിദി ഉദ്ധരിച്ച മറ്റൊരു നബിവചനം ഇപ്രകാരമാണ്: ‘പ്രാര്‍ഥന ആരാധനയുടെ മജ്ജയാണ്’ (തിര്‍മിദി). ഈ ഹദീസ് ഖുര്‍ആനിനോടും സ്വഹീഹായ ഹദീസിനോടും ആശയത്തില്‍ യോജിക്കുന്നതാണ്.
ലുഖ്മാന്‍ സഖാഫി എഴുതിയ മറ്റൊരു അബദ്ധം ‘സ്വയം കഴിവാണ്’. അന്‍ബിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും സ്വയം കഴിവുണ്ട് എന്ന് അദ്ദേഹം വാദിക്കുന്നു. അന്‍ബിയാക്കളോടും ഔലിയാക്കളോടും അല്ലാഹു കൊടുത്ത കഴിവില്‍ നിന്നു ജീവിതകാലത്തും മരണശേഷവും ചോദിക്കാം എന്നാണവരുടെ കാഴ്ചപ്പാട്. ഈ വാദം ഖുര്‍ആന്‍ വിരുദ്ധമാണ്. അഹ്‌ലുസ്സുന്നയുടെ അഖീദക്കു വിരുദ്ധമാണ്. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ അന്‍ബിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും മുഅ്ജിസത്തും കറാമത്തും പ്രകടിപ്പിക്കാന്‍ കഴിയൂ.
ഈസാ നബി(സ) പറഞ്ഞു: ‘പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കുവേണ്ടി ഞാനുണ്ടാക്കുകയും എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്റെ അനുവാദപ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡു രോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും’ (ആലു ഇംറാന്‍ 49). മുഅ്ജിസത്തുകള്‍ പ്രകടിപ്പിക്കാന്‍ അല്ലാഹുവിന്റെ അറിവും അനുവാദവും വേണമെന്ന് ഈ വചനം പഠിപ്പിക്കുന്നു. ഇതിന് സമാനമായ മറ്റു വചനങ്ങളും വിശുദ്ധ ഖുര്‍ആനിലുണ്ട്. ഔലിയാക്കള്‍ക്ക് കറാമത്ത് പ്രകടിപ്പിക്കാന്‍ അല്ലാഹുവിന്റെ അറിവും അനുവാദവും നിര്‍ബന്ധമാണ്.
യഹൂദികളുടെ പരിഹാസവും വിമര്‍ശനവും വന്നപ്പോള്‍ മര്‍യം(അ) പറഞ്ഞു: ‘ഞാന്‍ ഇതിനു മുമ്പ് മരിക്കുകയും പാടേ വിസ്മരിച്ചു തള്ളപ്പെടുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനേ!’. ഉടനെ അവളുടെ താഴ്ഭാത്തു നിന്ന് ഒരാള്‍ വിളിച്ചു പറഞ്ഞു: നീ ദുഃഖിക്കേണ്ട തീര്‍ച്ചയായും നിന്റെ രക്ഷിതാവ് നിന്റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു’ (മര്‍യം 23,24). കറാമത്തിന്റെ വക്താവ് അല്ലാഹുവാണെന്നും അവനുദ്ദേശിക്കുമ്പോഴേ അത് സംഭവിക്കുകയുള്ളൂവെന്നും മേല്‍വചനം വ്യക്തമാക്കുന്നു. മുഅ്ജിസത്തും കറാമത്തും അന്‍ബിയാക്കളും ഔലിയാക്കളും ഉദ്ദേശിക്കുമ്പോള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന വാദം അടിസ്ഥാനരഹിതമാണ്.
ഇവരുടെ സ്വയംകഴിവു വാദവും ശരിയല്ല. മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങള്‍ക്കും അല്ലാഹു മുന്‍കൂട്ടി കഴിവുകള്‍ നല്‍കിയിട്ടുണ്ട്. മുസ്‌ലിയാക്കന്മാര്‍ ഓതിപ്പഠിക്കുന്ന പത്ത് കിതാബില്‍ ഈ വിഷയകമായി അഹ്‌ലുസ്സുന്നയുടെ വാദം പ്രതിപാദിക്കുന്നുണ്ട്. ‘ഒരു കാര്യം ചെയ്യാനും ചെയ്യാതിരിക്കാനും നിനക്ക് സ്വാതന്ത്ര്യമുണ്ടോ എന്നു ചോദിക്കപ്പെട്ടാല്‍ നീ പറയണം; അതെ, അല്ലാഹുവിന്റെ അടിമക്ക് സ്വാതന്ത്ര്യവും കഴിവുമുണ്ട്. അതു രണ്ടും (മുന്‍കൂട്ടി) അല്ലാഹു അവന്ന് നല്‍കിയിരിക്കുന്നു. അത് പ്രകാരമേ അവന് പ്രതിഫലം നല്‍കാനും ശിക്ഷിക്കാനും (അല്ലാഹുവിന്) അവകാശമുള്ളൂ. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ അഭിപ്രായം ഇപ്രകാരമാകുന്നു.’ (ബാബു മഅ്രിഫത്തുല്‍ കുബ്‌റ, പേജ് 17)
മനുഷ്യന് അല്ലാഹു മുന്‍കൂട്ടി കഴിവുകള്‍ നല്‍കിയിട്ടുണ്ട് എന്ന വസ്തുത വിശുദ്ധ ഖുര്‍ആനിലും കാണാം. ‘മൂസാ നബി(അ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും എന്നിട്ട് അതിന് (ജീവന്‍) വഴികാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്’ (ത്വാഹാ 50). അല്ലാഹു മനുഷ്യനെ ചലിക്കുന്ന പ്രകൃതത്തിലും തെങ്ങിനെ തേങ്ങ കായ്ക്കുന്ന പ്രകൃതത്തിലും കമുങ്ങിനെ അടക്ക കായ്ക്കുന്ന പ്രകൃതത്തിലും സൃഷ്ടിച്ചിരിക്കുന്നു. സമസ്തക്കാര്‍ പറയാറുള്ളത് മനുഷ്യന് ഒരു കഴിവുമില്ല, എല്ലാം അപ്പപ്പോള്‍ നല്‍കുകയാണ് എന്നാണ്. അത് വഴിപിഴച്ച ജബ്രിയ്യാക്കളുടെ വാദമാണ്.
സഅ്ദുദ്ദീനു തഫ്തസാനി(റ) പറയുന്നു: ‘അല്ലാഹുവിന്റെ അടിമകള്‍ക്ക് സ്വതന്ത്രമായ കഴിവുകളുണ്ട്. അല്ലാഹുവിനെ അനുസരിക്കുന്ന പക്ഷം പ്രതിഫലം നല്‍കപ്പെടും. തെറ്റുകള്‍ ചെയ്താല്‍ അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടും. ജബ്രിയാക്കള്‍ വാദിക്കുന്നത് പോലെയല്ല. അത് അടിസ്ഥാനപരമായി മനുഷ്യര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല എന്നതാണ്’ (ശറഹുല്‍ അഖാഇദ, പേജ് 155). അഥവാ മനുഷ്യരെക്കൊണ്ട് അല്ലാഹു തെറ്റും ശരിയും ചെയ്യിക്കുകയാണ് എന്നതായിരുന്നു ജബ്രിയ്യാക്കളുടെ വാദം. അതേ വാദം തന്നെയാണ് മുസ്‌ലിയാക്കള്‍ക്കും. അതിനവര്‍ ഉദ്ധരിക്കാറുള്ളത് ഇതുപോലെയുള്ള വചനങ്ങളാണ്:
‘അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല’ (ഇന്‍സാന്‍ 30). ഇതിന്റെ അര്‍ഥം ഈ ലോകത്ത് അല്ലാഹുവിന്റെ തീരുമാനങ്ങള്‍ മാത്രമേ നടക്കൂ എന്നാണ്. ഈ ലോകത്ത് നടക്കാന്‍ പോകുന്ന സകല കാര്യങ്ങളും അവന്‍ ‘ലൗഹുല്‍ മഹ്ഫൂളില്‍’ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ്. അതും ജീവജാലങ്ങളുടെ കഴിവും തമ്മില്‍ യാതൊരു ബന്ധവുമില്ല. വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും മനുഷ്യര്‍ക്ക് മുന്‍കൂട്ടി കഴിവുകള്‍ കൊടുത്ത നിരവധി വചനങ്ങള്‍ കാണാം.
അല്ലാഹു പറയുന്നു: ‘അല്ലാഹു ഒരാളോടും അവന്റെ കഴിവില്‍ പെട്ടതല്ലാതെ കല്‍പിക്കുകയില്ല’ (അല്‍ബഖറ 286). ‘നിങ്ങള്‍ പുണ്യത്തിന്റെയും സൂക്ഷ്മതയുടെയും അടിസ്ഥാനത്തില്‍ പരസ്പരം സഹായിക്കുക’ (മാഇദ 2). ‘ചോദിക്കുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്’ (ദുഹാ 10). നബി(സ) പറഞ്ഞു: ‘നിന്റെ സഹോദരന്‍ അക്രമിയാണെങ്കിലും അക്രമിക്കപ്പെട്ടവനാണെങ്കിലും നീ അവനെ സഹായിക്കണം’ (ബുഖാരി). അല്ലാഹു മുന്‍കൂട്ടി കഴിവു കൊടുക്കാതെ മേല്‍ പറഞ്ഞ കാര്യങ്ങള്‍ എങ്ങനെ നടക്കും?
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന് മുസ്‌ലിയാര്‍ പറഞ്ഞ വ്യാഖ്യാനവും ശരിയല്ല. അതിപ്രകാരമാണ്: ‘സ്വയം ഉപകാരവും ഉപദ്രവവും ചെയ്യാന്‍ അല്ലാഹു മാത്രമേയുള്ളൂ എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്നതത്രെ.’ ഇത് പ്രമാണങ്ങളോട് യോജിക്കുന്നതല്ല. ലാ ഇലാഹ ഇല്ലല്ലാഹിന് പ്രമുഖരായ മുഫസ്സിറുകള്‍ നല്‍കിയ വ്യാഖ്യാനം ഇപ്രകാരമാണ്: ‘ആരാധനക്കര്‍ഹരായി ഈ ലോകത്ത് അല്ലാഹു ഒഴികെ ഒരു ശക്തിയുമില്ല.’
പ്രവാചകന്മാരെ മുഴുവന്‍ അല്ലാഹു ഈ ലോകത്തേക്കയച്ചത് മുഖ്യമായും ഇക്കാര്യം പ്രബോധനം ചെയ്യാനാണ്. അല്ലാതെ അല്ലാഹു ഉണ്ട് എന്ന് പഠിപ്പിക്കാനല്ല. അത് എക്കാലത്തെ മുശ്രിക്കുകളും അംഗീകരിച്ചു പോന്ന കാര്യമാണ്. സൂറത്തു സുഖ്‌റുഫ് 9, അന്‍കബൂത്ത് 61 എന്നീ വചനങ്ങളിലും മറ്റു നിരവധി വചനങ്ങളിലും അക്കാര്യം അല്ലാഹു പഠിപ്പിച്ചിട്ടുണ്ട്. ആരാധനയെന്നത് പ്രാര്‍ഥയാണെന്നാണ് നബി(സ) പഠിപ്പിച്ചത്. അപ്പോള്‍ പ്രാര്‍ഥനയുള്‍ക്കൊള്ളുന്ന ഏതു കര്‍മവും ആരാധനയായി മാറുമെന്നാണ് പ്രവാചക വചനം പഠിപ്പിക്കുന്നത്. അത്തരം പ്രാര്‍ഥനാ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സൃഷ്ടികളോട് കാണിച്ചാലും അത് സൃഷ്ടികള്‍ക്കുള്ള ആരാധനയായിത്തീരും എന്നാണ് ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത്.
സൃഷ്ടികള്‍ക്ക് സ്വയം കഴിവുണ്ട് എന്ന് വിശ്വസിക്കേണ്ടതില്ല ഒരു കാര്യം ശിര്‍ക്കാകാന്‍. അല്ലാഹു പറയുന്നു: ‘അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നതു പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു’ (അല്‍ബഖറ 165) അഥവാ അല്ലാഹുവിന്റെ കഴിവിലോ വിജ്ഞാനത്തിലോ യുക്തിയിലോ സമന്മാരെയുണ്ടാക്കലാണ് ശിര്‍ക്ക്. അല്ലാതെ സ്വയം കഴിവ് സങ്കല്‍പല്ല. അത് മുസ്‌ലിയാരുടെ ഊഹം മാത്രമാണ്. കാരണം അല്ലാഹു പല സൃഷ്ടികള്‍ക്കും സ്വയംകഴിവുകള്‍ നല്‍കിയിട്ടുണ്ട്.
അന്‍ബിയാ ഔലിയാക്കള്‍ക്ക് അല്ലാഹു അപ്പപ്പോഴാണ് മുഅ്ജിസത്ത്, കറാമത്തുകള്‍ നല്‍കുന്നത്. അത് മുസ്‌ലിയാക്കള്‍ സ്ഥിരമായ കഴിവാക്കി. മനുഷ്യരടക്കമുള്ള ജീവജാലങ്ങള്‍ക്ക് അല്ലാഹു മുന്‍കൂട്ടി തന്നെ കഴിവുകള്‍ പ്രദാനം ചെയ്തിട്ടുണ്ട്. അത് മുസ്‌ലിയാക്കള്‍ അപ്പപ്പോഴാക്കി മാറ്റി. അല്ലാഹു വിശുദ്ധ ഖുര്‍ആനിലുടെ പഠിപ്പിച്ച കാര്യങ്ങള്‍ മുസ്‌ലിയാക്കള്‍ പഠിപ്പിക്കുന്നതും ശരിയായ നിലയിലല്ല. ലാ ഇലാഹ ഇല്ലല്ലാഹും സ്വയം കഴിവും തമ്മില്‍ യാതൊരു ബന്ധവുമില്ല. അതിന്റെ അര്‍ഥം ‘അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ല’ എന്നാണ്. എല്ലാ പ്രവാചകന്മാരും മുഖ്യമായും പ്രബോധനം ചെയ്തതതാണ്. അല്ലാഹു പറയുന്നു: ‘ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ (മാത്രം) നിങ്ങള്‍ ആരാധിക്കുക എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ താങ്കള്‍ക്കു മുമ്പ് ഒരു ദൂതനേയും നാം അയച്ചിട്ടില്ല'(അന്‍ബിയാഅ്25)

Back to Top