25 Thursday
July 2024
2024 July 25
1446 Mouharrem 18

ശബരിമലയും ഹാജി അലി ദര്‍ഗയും പിന്നെ വണ്ടൂര്‍ പള്ളിയും – അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി

ജസ്റ്റിസ് ദീപക്മിശ്ര ഭാരതത്തിന്റെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ചത് വിവാദപരമായ ഒരുപാട് വിധിപ്രസ്താവങ്ങള്‍ നടത്തിക്കൊണ്ടാണ്. അവയില്‍ പലതും രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടുകയാണിന്ന്. ശബരിമല എന്ന ഹൈന്ദവക്ഷേത്രത്തിലേക്ക് യുവതികള്‍ക്കും പ്രവേശിക്കാം എന്നതാണ് അവയില്‍പെട്ട ഒരു വിധി. ‘ശബരിമല’യില്‍ തട്ടി ഇതരവിധികള്‍ ജനങ്ങളുടെ ചിന്തയില്‍ നിന്ന് തല്ക്കാലം മാഞ്ഞുപോയി. ശബരിമല അയ്യപ്പ’ദര്‍ശന’ത്തിന് പത്തുമുതല്‍ അന്‍പതുവരെ പ്രായമുള്ള വനിതകള്‍ക്ക് പ്രവേശനമില്ല എന്ന കീഴ്‌വഴക്കത്തെയാണ് സുപ്രീംകോടതി ഇല്ലാതാക്കിയത്. മൗലികാവകാശം, ലിംഗസമത്വം തുടങ്ങിയ ഭാഗമാണ് കോടതി പരിഗണിച്ചത്. എന്നാല്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവവിശ്വാസി സമൂഹത്തിലെ ചിലര്‍ വിധിയെ എതിര്‍ക്കുന്നു. പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നു. വിധിയുടെ മറവില്‍ ‘ആക്ടിവിസ്റ്റുകള്‍’ എന്ന പേരില്‍ ചിലര്‍ ‘ദര്‍ശന’ത്തിന് ഒരുങ്ങിപ്പുറപ്പെട്ടു. ഭക്തര്‍ എന്ന വ്യാജേന ചിലര്‍ അതിനെ പല്ലും നഖവും കൊണ്ടെതിര്‍ത്തു. സര്‍ക്കാര്‍ തങ്ങളുടെ ബാധ്യത എന്ന പേരുപറഞ്ഞ് ഉരുക്കുമുഷ്ടി കൊണ്ട് വനിതാ പ്രൊട്ടക്ഷന്‍ ഏര്‍പ്പാടു ചെയ്തു. കോടതിവിധിയും വിശ്വാസികളുടെ തലവിധിയും ചേര്‍ത്ത് നാലുവോട്ടുകിട്ടാന്‍ പറ്റുമോ എന്ന ബിജെപിയുടെ രാഷ്ട്രീയ ദുഷ്ടതയും കൂടിയായപ്പോള്‍ ശബരിമല ഒരുതരം കലാപഭൂമിയായിത്തീര്‍ന്നു.
ഹൈന്ദവസമൂഹത്തിന്റെ ആചാരങ്ങള്‍ക്കെല്ലാം പ്രമാണബദ്ധത എന്നതിലുപരി കീഴ്‌വഴക്കവും പാരമ്പര്യവുമാണ് നിദാനം എന്നതുകൊണ്ട് അക്കാര്യത്തില്‍ നാം അഭിപ്രായം പറയുന്നില്ല. എന്നാല്‍ ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമോ എന്ന പ്രശ്‌നത്തെപ്പറ്റി ചില കാര്യങ്ങള്‍ മുസ്‌ലിം സമൂഹത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു. അടിസ്ഥാനപരമായി ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഇസ്‌ലാമില്‍ പാരമ്പര്യമോ കീഴ്‌വഴക്കമോ അനുസരിച്ച് ആചാരങ്ങളില്ല; പ്രമാണബദ്ധമായ അനുഷ്ഠാനങ്ങളേ ഉള്ളൂ. മറ്റൊരു പ്രധാനകാര്യം, ആചാരങ്ങളോ അനുഷ്ഠാനങ്ങളോ ഉണ്ടാക്കുവാനോ ഇല്ലാതാക്കുവാനോ കോടതികള്‍ക്കധികാരമില്ല. നടത്തിപ്പില്‍ വരുന്ന പാകപ്പിഴവുകളെ ബന്ധപ്പെട്ടവര്‍ ചോദ്യം ചെയ്യുമ്പോള്‍ ലഭ്യമായ തെളിവുകള്‍ വെച്ച് തീര്‍പ്പ് കല്പിക്കുന്നു എന്നുമാത്രം. അവയില്‍ സുബദ്ധങ്ങളെപ്പോലെ അബദ്ധങ്ങളും വന്നുചേരാം; പുന:പരിശോധനയുമാവാം.

 

 

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പന്തളം രാജകുടുംബം നല്കുന്ന കേസില്‍ കേരള മുസ്‌ലിം ജമാഅത്ത് കക്ഷിചേരുമെന്ന് അതിന്റെ പ്രസിഡന്റ് എ പൂക്കുഞ്ഞ് പറഞ്ഞതായി പത്രറിപ്പോര്‍ട്ട് കാണാനിടയായി. സഹോദര സമുദായത്തോടുള്ള ഐക്യദാര്‍ഢ്യമെന്ന രീതിയിലാണ് കക്ഷി ചേരുന്നതിനെപ്പറ്റി ജമാഅത്ത് ആലോചിക്കുന്നതത്രെ. അതേസമയം സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത എരുമേലി വാവരു പള്ളി കമ്മിറ്റിയോട് കേരള മുസ്‌ലിം ജമാഅത്ത് കോട്ടയം ജില്ലാ കമ്മിറ്റി മുഖേന വിശദീകരണം ചോദിക്കുമെന്നും പ്രസിഡന്റ് പറഞ്ഞതായി അറിയുന്നു (മലയാളമനോരമ).
രണ്ടുവര്‍ഷം മുമ്പുണ്ടായ സമാനമായ ഒരു സംഭവത്തിലേക്ക് നമ്മുടെ ശ്രദ്ധ പതിയുന്നത് നല്ലതാണ്. അന്ന് മുംബൈ ഹാജി അലി ദര്‍ഗയിലേക്കുള്ള സ്ത്രീ പ്രവേശനമാണ് ചര്‍ച്ചയായത്. ആണ്‍ പെണ്‍, ജാതിമത വ്യത്യാസമില്ലാതെ ആര്‍ക്കും പ്രവേശന സ്വാതന്ത്ര്യമുള്ള മുംബൈ ഹാജി അലി ദര്‍ഗയില്‍ 2012 മുതല്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ല എന്ന് ദര്‍ഗ അധികാരികള്‍ വിലക്കി. അവര്‍ പക്ഷേ പ്രായപരിഗണന നടത്തിയായി അറിവില്ല. ഈ ‘ദര്‍ഗാ ദര്‍ശന’ വിലക്കിനെ ചില ‘ഭക്തര്‍’ കോടതിയില്‍ ചോദ്യം ചെയ്തു. ദര്‍ഗയില്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ല എന്ന് പറയാന്‍ അന്ന് ദര്‍ഗക്കാര്‍ നിരത്തിയ ന്യായങ്ങള്‍ സമകാല പശ്ചാത്തലത്തില്‍ ചിന്തനീയമാണ്. 1) പുരുഷനായ മതപണ്ഡിതന്റെ ശവക്കല്ലറ സ്ത്രീകള്‍ സന്ദര്‍ശിക്കുന്നത് ഇസ്‌ലാം വിലക്കുന്നു. 2) സ്ത്രീകള്‍ ദര്‍ഗയിലേക്ക് വന്നാല്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് സാധ്യതയുണ്ട്. 3) ആര്‍ത്തവം അശുദ്ധമാണ്. അശുദ്ധിയുള്ളവര്‍ പുണ്യസ്ഥലങ്ങളില്‍ പ്രവേശിച്ചുകൂടാ. 4) പ്രാര്‍ഥനയ്ക്കായി ആളുകള്‍ ഒരുമിച്ചുകൂടുന്നിടത്തുനിന്ന് സ്ത്രീകളെയും പെണ്‍കുട്ടികളെയും മാറ്റിനിര്‍ത്തുന്ന നിലപാടാണ് ഇസ്‌ലാം സ്വീകരിച്ചിട്ടുള്ളത്. 5) നിയന്ത്രണങ്ങള്‍ മതത്തിന്റെ ഭാഗമാണ്. വിശ്വാസ സംരക്ഷണം ഭരണഘടന അനുവദിക്കുന്നുണ്ട്. 6) സ്ത്രീ പ്രവേശനാനുമതി നല്കുന്നത് മതത്തിന്റെ ആത്യന്തിക സ്വഭാവത്തില്‍ മാറ്റം വരുത്തലാണ്.

 

 

 

 

വസ്തുതയെന്താണന്നല്ലേ? ദര്‍ഗാധികാരികള്‍ ഉന്നയിച്ച വാദങ്ങള്‍ ഇസ്‌ലാമിന്റേതല്ല. അടിസ്ഥാനപരമായി ദര്‍ഗതന്നെ അനിസ്‌ലാമികം. ഖബ്ര്‍ കെട്ടിപ്പൊക്കലും ആരാധനാ കേന്ദ്രമാക്കലും ആഘോഷയിടമാക്കലും നബി(സ) കര്‍ശനമായി വിലക്കിയതാണ്. പ്രാര്‍ഥനാ കേന്ദ്രത്തില്‍ നിന്ന് സ്ത്രീകളെ അകറ്റിനിര്‍ത്തണമെന്ന് ഇസ്‌ലാം കല്പിക്കുന്നില്ല. മുംബൈ ഹൈക്കോടതിയും ഇതുതന്നെ പറഞ്ഞു: ‘വാദങ്ങള്‍ പ്രമാണബദ്ധമായി തെളിയിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കായില്ല. വനിതാ വിലക്കേര്‍പ്പെടുത്താന്‍ ദര്‍ഗാനടത്തിപ്പുകാരായ ട്രസ്റ്റിന്നവകാശമില്ല’. ഈ നിരീക്ഷണങ്ങളോടെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് മുംബൈ ഹൈക്കോടതി റദ്ദാക്കിയത് 2016 നവംബറിലാണ്. തൃപ്തിദേശായിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം സ്ത്രീകള്‍ ദര്‍ഗയില്‍ പോയി ‘ദര്‍ശനം’ നടത്തി തിരിച്ചെത്തിയതോടെ പ്രശ്‌നത്തിന്റെ ആന്റി ക്ലൈമാക്‌സുമായി.
അന്ന് ഒരു പൂക്കുഞ്ഞിനെയും കണ്ടില്ല. ബിജെപി എന്ന വര്‍ഗീയ രാഷ്ട്രീയക്കാരുടെ ദുഷ്ടലാക്കിന്റെ ഇരട്ടത്താപ്പ് നാം നോക്കിക്കാണേണ്ടതുണ്ട്. 2016ലെ ഹാജി അലി ദര്‍ഗയിലേക്കുള്ള സ്ത്രീ പ്രവേശം അനുവദിച്ചുകൊണ്ടുള്ള മുംബൈ ഹൈക്കോടതി വിധി ബിജെപി സ്വാഗതം ചെയ്തു. അവകാശ വിധിയാണ് പ്രസ്തുത വിധിയെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ശ്രീകാന്ത് ശര്‍മ അന്ന് പ്രസ്താവനയിറക്കി. ഇന്നോ? ശബരിമലയിലെ സ്ത്രീ പ്രവേശ വിധി ആദ്യം സ്വാഗതം ചെയ്തു. പിന്നെ ഒന്നമ്പരന്നുനിന്നു. തുടര്‍ന്ന് ഈ കലങ്ങിയ അന്തരീക്ഷത്തില്‍ രണ്ടുവോട്ടുപിടിക്കാമോ എന്നു നോക്കാന്‍ ആര്‍എസ്എസ് മുതല്‍ ശ്രീധരന്‍പിള്ളവരെ മൊഴിമാറ്റി. ഒടുവില്‍ അറ്റകൈ രഥയാത്രക്കൊരുങ്ങുന്നു. ഇത് പ്രബുദ്ധ കേരളം തിരിച്ചറിയണം.
ആരാധനാലയ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട പലരും മറന്നുപോയ മറ്റൊരു കോടതിവിധിയുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പന്തളം രാജകുടുംബം നല്കുന്ന കേസില്‍ കേരള മുസ്‌ലിം ജമാഅത്ത് കക്ഷിചേരുമെന്ന് പറഞ്ഞ പശ്ചാത്തലത്തില്‍ ഈ വിധിക്കും ഏറെ പ്രസക്തിയുണ്ട്. സംഭവം മലപ്പുറം ജില്ലയിലാണ്. വണ്ടൂര്‍ അങ്ങാടിയില്‍, പൗരപ്രമുഖനും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന നീലമ്പ്രമരക്കാര്‍ ഹാജി, ഒരു പള്ളി പണിതിരുന്നു. അതില്‍ പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അഞ്ചുനേരവും ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പള്ളിക്ക് ചുറ്റും താമസിക്കുന്ന സ്ത്രീകള്‍ എത്തിച്ചേരുക പതിവായിരുന്നു. വഖ്ഫ് ചെയ്തയാളുടെ മരണശേഷം ചില തല്പരകക്ഷികള്‍ ഇടപെട്ട് സ്ത്രീകള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതും പള്ളിയിലേക്ക് വരുന്നതും തടഞ്ഞു.

 

 

 

എന്നാല്‍ സ്ത്രീകള്‍ ഈ നിലപാട് ചോദ്യം ചെയ്തു. പരിഗണിക്കാതായപ്പോള്‍ പ്രശ്‌നം കോടതിയിലെത്തി. പന്തക്കലകത്ത് ഖദീജ, പത്തുത്തറ ആമിന എന്നിവര്‍ പ്രസ്തുത പള്ളിക്കമ്മറ്റി നിലപാടിനെതിരെ മഞ്ചേരി മുന്‍സിഫ് കോടതിയില്‍ അന്യായം ബോധിപ്പിച്ചു. (OS154/2000). മുന്‍സിഫ് കോടതി വിചാരണയ്ക്കുശേഷം അന്യായക്കാര്‍ക്ക് അനുകൂലമായി വിധി നല്കി. അതായത് സ്ത്രീകള്‍ക്ക് ആ പള്ളിയില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടെന്നും അത് തടയാന്‍ പള്ളിക്കമ്മിറ്റിക്ക് അധികാരമില്ലെന്നുമായിരുന്നു വിധി. വിധിക്കെതിരെ പള്ളിക്കമ്മിറ്റി മഞ്ചേരി ജില്ലാ കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചു. മുന്‍സിഫ് കോടതിവിധി അംഗീകരിച്ചുകൊണ്ട് ജില്ലാ കോടതി പള്ളിക്കാരുടെ അപ്പീല്‍ തള്ളി. സ്ത്രീകള്‍ക്ക് വണ്ടൂര്‍ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കി. എന്നാല്‍ പള്ളി നടത്തിപ്പുകാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഇപ്പോള്‍ കേസ് കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പതിനെട്ടുവര്‍ഷം പിന്നിട്ടു. സുപ്രീം കോടതിവരെ കയറിയിറങ്ങുമ്പോഴേക്ക് ഇനിയെത്ര വര്‍ഷം വേണ്ടിവരുമെന്ന് ഒരു തിട്ടവുമില്ല. അന്നത്തേക്ക് ആരൊക്കെ ജീവിച്ചിരിപ്പുണ്ടാവുമെന്നറിയില്ലല്ലോ. എന്നാല്‍ ഈ കേസിലൊന്നും കക്ഷിചേരാനോ അഭിപ്രായം പറയാനോ ഒരു മുസ്‌ലിം ജമാഅത്തിനെയും കണ്ടില്ല. ഒരു കാര്യം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ഇസ്‌ലാമിന്റെ കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ അതില്‍ കീഴ്‌വഴക്കങ്ങള്‍ക്കോ പാരമ്പര്യങ്ങള്‍ക്കോ നാട്ടാചാരങ്ങള്‍ക്കോ സ്ഥാനമില്ല. മറിച്ച്, ഇസ്‌ലാമിലെ അനുഷ്ഠാനങ്ങള്‍ പ്രമാണബദ്ധമാണ്. ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ വിശുദ്ധ ഖുര്‍ആനും സുന്നത്തുമാണ്. വിശുദ്ധ ഖുര്‍ആനും നബിചര്യയും അനുസരിക്കുന്നവര്‍ക്ക് സ്ത്രീകള്‍ക്ക് ആരാധാനാലയം വിലക്കാനാവില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x