6 Friday
December 2024
2024 December 6
1446 Joumada II 4

വ്രതാനുഷ്ഠാനം ഭക്ഷ്യമേളയാക്കുമ്പോള്‍ – അബൂഉസാമ

വര്‍ഷത്തില്‍ ഒരു മാസം വ്രതമനുഷ്ഠിക്കല്‍ ഇസ്‌ലാമിലെ നിര്‍ബന്ധ കര്‍മങ്ങളിലൊന്നാണ്. വ്രതം പുണ്യകര്‍മമായി ആചരിക്കാത്ത ഒരു മതവിഭാഗവുമില്ല. രൂപത്തിലും കാലത്തിലും വ്യത്യാസമുണ്ട്. എല്ലാവരും വ്രതമെന്നത് എല്ലാ അര്‍ഥത്തിലും നിയന്ത്രണത്തിന്റെ അവസരമായി കാണുന്നു.
അനുഷ്ഠാന കര്‍മങ്ങള്‍ എന്ത്, എപ്പോള്‍, എങ്ങനെ, എത്ര, ആര്‍ക്കൊക്കെ എന്നിത്യാദി കാര്യങ്ങള്‍ മുസ്‌ലിംകള്‍ ശൈശവത്തില്‍ തന്നെ പഠിപ്പിക്കപ്പെടുകയും ഏറെ ചര്‍ച്ച നടത്തുകയും ചെയ്യുന്നു. ഇപ്പറഞ്ഞതെല്ലാം അനുഷ്ഠാനങ്ങളുടെ ബാഹ്യതല സ്പര്‍ശിയായ കാര്യങ്ങളാണ്. എന്നാല്‍ കര്‍മങ്ങള്‍ എന്തിന് എന്ന മര്‍മപ്രധാനമായകാര്യം പലപ്പോഴും അവഗണിക്കപ്പെടുന്നതായി കാണാം. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ എല്ലാ കര്‍മാനുഷ്ഠാനങ്ങളുടെയും ആത്യന്തികലക്ഷ്യം പരലോകമോക്ഷമാണ് എന്ന് ഒറ്റവാക്കില്‍ പറയാം.
ആത്മീയ മോക്ഷത്തിനായി നിര്‍വഹിക്കുന്ന വ്രതാനുഷ്ഠാനത്തിലൂടെ വ്യക്തിത്വപരമായ കാര്യങ്ങളില്‍ ഓരോ നോമ്പുകാരനിലും അനുകൂലമായ മാറ്റങ്ങള്‍ കൂടി നടക്കുന്നുണ്ട് എന്നതാണ് വസ്തുത. പ്രകൃത്യാതന്നെ വ്യക്തിത്വത്തില്‍ അന്തര്‍ലീനമായ ദുസ്വഭാവങ്ങള്‍, സാഹചര്യങ്ങളില്‍ നിന്ന് അടിഞ്ഞുകൂടിയ ദുര്‍നടപ്പുകള്‍, സഹവര്‍ത്തനങ്ങളില്‍ നിന്ന് പകര്‍ന്നുകിട്ടിയ ദുശ്ശീലങ്ങള്‍ തുടങ്ങിയവ അറിഞ്ഞുകൊണ്ട് മാറ്റിനിര്‍ത്താനും മാനവിക ഗുണങ്ങള്‍ കഴിയുന്നത്ര സ്വജീവിതത്തിലേക്ക് കൊണ്ടുവരാനും നോമ്പ് ഉപകരിക്കുന്നു.
പരലോകമോക്ഷം ലക്ഷ്യംവെച്ചുചെയ്യുന്ന ഇസ്‌ലാമിക കര്‍മങ്ങള്‍ എല്ലാംതന്നെ ഈ ലോകത്തും മോക്ഷത്തിലേക്ക് നയിക്കുന്നു എന്ന് അല്ലാഹുവിന്റെ ദീനിന്റെ പ്രത്യേകതയാണ്. വ്രതമെന്ന ആരാധന, വ്യക്തിയുടെ ആരോഗ്യത്തിനുകൂടി അനുഗുണമാണെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തുന്നു. വ്രതമെന്ന പട്ടിണി മനുഷ്യനെ തളര്‍ത്തുകയല്ല, മറിച്ച്, വ്രതമെന്ന ഉപവാസത്തിലൂടെ ശാരീരികവും മാനസികവുമായ വിമലീകരണം നടക്കുകയാണ്. ആത്മീയ ചിന്തയോ പാരത്രിക വിശ്വാസമോ കൂടാതെ തന്നെ ശരീരരക്ഷയ്ക്ക് ആവശ്യമാണ് ഉപവാസം.
ഇത് പക്ഷേ, നോമ്പിന്റെ ലക്ഷ്യമല്ല; നിര്‍വഹിക്കുമ്പോള്‍ ലഭിക്കുന്ന ഉപോത്പന്നമാണ്. വ്രതാനുഷ്ഠാനവും ആരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം പഠനങ്ങള്‍ ലോകത്ത് നടന്നിട്ടുണ്ട്. മനുഷ്യശരീരത്തിന് ദോഷകരമായി വര്‍ത്തിക്കുന്ന അമിതഭാരം, കൊളസ്‌ട്രോള്‍, ഷുഗര്‍, പ്രഷര്‍, ദുര്‍മേദസ് മുതലായവ വ്രതത്തിലൂടെ ഗണ്യമായി കുറയാന്‍ ഇടവരുന്നുവെന്നും ചികിത്സ കൂടാതെതന്നെ വ്രതം ശരീരത്തിന് സന്തുലിതത്വം പ്രദാനംചെയ്യുന്നു എന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഭക്ഷണ നിയന്ത്രണം ഏത് ചികിത്സാരീതികളിലും ഒരു പ്രധാനഘടകമാണ്. ആത്മനിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം ഉപവാസമാണ് എന്ന് ഗാന്ധിജി കണ്ടെത്തിയത് സ്വന്തം അനുഭവത്തിലൂടെയാണ്. ആധുനിക സമൂഹത്തിന്റെ ശാപമായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണം അനിയന്ത്രിത ഭക്ഷണരീതിയാണെന്നതില്‍ ഭിഷഗ്വരന്മാര്‍ ഏകാഭിപ്രായക്കാരാണ്. അമിതാഹാരവും അഹിതാഹാരവും നിയന്ത്രിച്ച് ആരോഗ്യകരമായ ഭക്ഷണ ശീലത്തിനും ജീവിത ശൈലിക്കുമുള്ള പരീക്ഷണാവസരം വ്രതനാളുകള്‍ വിശ്വാസിക്ക് നല്‍കുന്നു.
വ്രതമെന്ന അടിസ്ഥാനപരമായ കര്‍മം അനുഷ്ഠിക്കുന്നതില്‍ ശുഷ്‌കാന്തി പുലര്‍ത്താതിരുന്നാല്‍ കേവല പട്ടിണിയാവും ഫലം. പ്രവാചകന്(സ) മുന്നറിയിപ്പ് നല്‍കുന്നു: ”എത്ര നോമ്പുകാരുണ്ട്! അവര്‍ക്ക് മിച്ചം ദാഹവും വിശപ്പും മാത്രം. എത്ര നമസ്‌ക്കാരക്കാരുണ്ട്! അവര്‍ക്ക് ഉറക്കനഷ്ടം മാത്രമാണ് മിച്ചം’ നിര്‍ഭാഗ്യവശാല്‍ നമ്മുടെ നോമ്പുകള്‍ ഈ അവസ്ഥയിലേക്ക് തരംതാഴ്ന്നുപോകുന്നുണ്ടോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. നോക്കും വാക്കും നിയന്ത്രിച്ച് വ്രതം അര്‍ഥപൂര്‍ണമാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ആത്യന്തിക നേട്ടമായ പരലോകമോക്ഷമായിരിക്കും നഷ്ടം. സമൂഹത്തില്‍ ജീര്‍ണത നിലനില്ക്കുകയും ചെയ്യും. അന്ന പാനീയങ്ങളുടെ നിയന്ത്രണത്തിലൂടെ ലഭിക്കുന്ന ശാരീരിക സുസ്ഥിതി എന്ന ഉപോത്പന്നത്തിനു പകരം, അനിയന്ത്രിതാഹാര ശീലങ്ങളിലൂടെ രോഗാതുരതകൂടിവരുന്നു എന്ന പാര്‍ശ്വഫലമാണ് നമുക്ക് ലഭിക്കുന്നത് എന്ന തിരിച്ചറിവ് മുസ്‌ലിം സമൂഹത്തിന് കൂടിയേ കഴിയൂ.
വ്രതം ഭക്ഷ്യമേളയല്ല
സാധാരണ ജീവിതത്തെ അപേക്ഷിച്ച് ഭക്ഷണം കുറച്ചിരിക്കേണ്ട വ്രതവേളകള്‍ ഒരുതരം ഭക്ഷ്യമേളയായി മുസ്‌ലിം സമൂഹത്തില്‍ രൂപം പ്രാപിച്ചുവരുന്നത് കാണാതിരുന്നുകൂടാ. നോമ്പിന്റെ പര്യായമായി ഭക്ഷണ വിഭവങ്ങളും വ്രതപ്രതീകമായിസമൃദ്ധ തീന്മേശകളും അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. റമദാനില്‍ മുസ്‌ലിം വീടുകളില്‍ ഭക്ഷണ ബഡ്ജറ്റ് കൂടുന്നു. സല്‍കാരങ്ങളും ഇഫ്താര്‍ പാര്‍ട്ടികളും ആഹാര ധൂര്‍ത്തിന്റെ കേന്ദ്രങ്ങളായി മാറുന്നു. സാധാരണ ജീവിതത്തില്‍ പോലും വര്‍ജിക്കണമെന്ന് ഡോക്ടര്‍മാര്‍ നിഷ്‌കര്‍ഷിച്ച എണ്ണപ്പൊരികള്‍ ഇഫ്ത്വാറിന് അനിവാര്യവിഭവങ്ങളായിത്തീരുന്നു. എത്രത്തോളമെന്നാല്‍ മഗ്‌രിബ് നമസ്‌കാരത്തിനു മുന്‍പായി ലഘുഭക്ഷണം കൊണ്ട് നോമ്പ് മുറിക്കുക (ഇഫ്ത്വാര്‍) എന്നതിന്റെ നാടന്‍ പേര് സമൂസത്തുറ എന്നായി മാറിയിരിക്കുന്നു! നോമ്പുകാലത്ത് പകല്‍ സമയത്ത് അടച്ചിട്ടിരുന്ന ഹോട്ടലുകള്‍ ഇന്ന പലഹാരവൈകൃതങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റുകളായി മാറിയിരിക്കുന്നു. അടിസ്ഥാന ആഹാരപദാര്‍ഥങ്ങള്‍ക്കുപകരം അതിവേഗ ആഹാരം (ഫാസ്റ്റ്ഫുഡ്) രംഗം കയ്യടക്കിയിരിക്കുന്നു. സമൂഹത്തിന്റെ സാമ്പത്തിക സുസ്ഥിതി മൂലം ലാളിത്യം എന്നത് കേട്ടുകേള്‍വിയായിത്തീര്‍ന്നിരിക്കുന്നു. പള്ളികളില്‍ റമദാനില്‍ നിത്യവും ഒരുക്കുന്ന നോമ്പുതുറ സൗകര്യങ്ങള്‍ ഓര്‍ഡര്‍ കൊടുക്കുന്നത് ബേക്കറികളിലേക്കാണ്. യഥാര്‍ഥമായ ഭക്ഷണക്രമീകരണം റമദാനില്‍ അട്ടിമറിക്കപ്പെടുന്നു. റമദാന്‍ കഴിയുമ്പോഴേക്കും ആരോഗ്യസന്തുലനത്തിനുപകരം പോഷണമൂല്യവും കലോറിമൂല്യവും വര്‍ധിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ രോഗാതുരത കൂടുന്നു എന്നതാണ് ഫലം.ചുരുക്കത്തില്‍ റമദാനിലെ നേട്ടം വിപണിക്കാണെങ്കില്‍ റമദാനാനന്തരനേട്ടം സൂപ്പര്‍ സ്‌പെഷ്യാലിറ്റികള്‍ക്ക്
ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതില്ലയോ? ഹൈന്ദവ ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ ദീര്‍ഘവും ഹ്രസ്വവുമായ വ്രതകാലങ്ങളുണ്ടല്ലോ. ആ വ്രതകാലങ്ങളില്‍ വിപണി സജീവമാകാറില്ലല്ലോ. ഇതരസമൂഹങ്ങള്‍ വ്രതനാളുകള്‍ ആത്മീയതയ്ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ മുസ്‌ലിംകള്‍ ആഹാരങ്ങള്‍ക്ക് പ്രാമുഖ്യം കല്പിക്കുകയോ? ഇതാരുണ്ടാക്കി?? ലോകമനസ്സാക്ഷിയെ ഭരിക്കുന്ന കമ്പോളം എന്ന രാക്ഷസന്‍ ആണ് ഈ കെണിയൊരുക്കിയത്. കമ്പോള ദാസരായ മീഡിയ എന്ന ഭീകരനാണ് സമൂഹത്തെ അങ്ങോട്ടു നയിച്ചത്.
കമ്പോളത്തിന്റെ അടിമകളും മീഡിയയുടെ അഡിക്റ്റുകളും ആയിത്തീര്‍ന്നുകൊണ്ടിരിക്കുന്ന നവതലമുറയെ ഉണര്‍ത്തി ചിന്തിപ്പിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ഈ സന്ദേശം കൈമാറുന്നത്, മുസ്‌ലിംസമൂഹത്തില്‍ നല്ല മാറ്റങ്ങളുടെ മുന്നില്‍ നടന്ന മുജാഹിദ് പ്രവര്‍ത്തകരോടും ഉദ്ബുദ്ധരായ വായനക്കാരോടുമാണ്. നമ്മുടെ ഖുതുബകള്‍, ക്ലാസുകള്‍, ഗൃഹസദസ്സുകള്‍ മുതലായവയിലൂടെ ഇത് പൊതുസമൂഹത്തിലേക്ക് കൈമാറേണ്ടത് നാം തന്നെയാണ്. ആദ്യമായി മാറ്റം വരേണ്ടത് നമ്മിലാണ്. നമ്മുടെ വീടുകളിലാണ്. എണ്ണപ്പലഹരാങ്ങള്‍ നോമ്പിന്റെ അനിവാര്യതയല്ല. ആഹാരരീതി ലളിതവും ക്രമീകൃതവുമാക്കുക. വ്രതനാളുകള്‍ അതിനു മാതൃകയാവട്ടെ. ഓര്‍ക്കുക, നോമ്പ് ആരാധനയാണ്; ആഘോഷമല്ല, ഭക്ഷ്യമേളയുമല്ല.
Back to Top