3 Friday
January 2025
2025 January 3
1446 Rajab 3

വോട്ടില്‍ ജാതി തെളിയുന്നുണ്ടോ?

അബ്ദുല്‍ ഗനി

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വ്യത്യസ്ത സമുദായങ്ങളുടെ വോട്ട് ഏതു പാര്‍ട്ടിക്കു പോയി എന്ന അന്വേഷണവും ചര്‍ച്ചയും ഉയര്‍ന്നുവരാറുണ്ട്. മുസ്‌ലിം, ക്രൈസ്തവ, ഈഴവ, നായര്‍ വിഭാഗങ്ങളുടെ വോട്ടു സംബന്ധിച്ചാണ് ഇത്തരമൊരു ചര്‍ച്ച കാണാറ്. യഥാര്‍ഥത്തില്‍ സമുദായങ്ങള്‍ ഒരു വിഭാഗത്തെ പൂര്‍ണമായി പിന്തുണക്കുന്നതായ ട്രെന്‍ഡുകള്‍ അപൂര്‍വമായി മാത്രമേ ഉണ്ടാകാറുള്ളൂ. വളരെയേറെ പേര്‍ക്ക് രാഷ്ട്രീയം ഐഡിയോളജിക്കലല്ല ട്രാന്‍സാക്ഷനലാണ്. ഭരിക്കാന്‍ പോകുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ എന്തൊക്കെയോ കിട്ടുമെന്നു ചിന്തിക്കുന്ന വോട്ടര്‍മാര്‍ ഒരുപാടുണ്ട്.
പ്രത്യേകിച്ച് വോട്ട് ചെയ്യുന്ന സ്ഥാനാര്‍ഥി മന്ത്രിയാകുമെന്ന് ഉറപ്പുള്ളപ്പോള്‍ പ്രതീക്ഷ കൂടും. ഈ പ്രതീക്ഷയില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് രാഷ്ട്രീയക്കാര്‍ വീണ്ടും വീണ്ടും തെളിയിച്ചാലും വോട്ടര്‍മാര്‍ പ്രതീക്ഷിച്ചുകൊണ്ടേയിരിക്കും. 2014ല്‍ മോദി തരംഗത്തില്‍ ബിജെപി വോട്ട് മുകളിലേക്കു പോയി. 2016ല്‍ താഴോട്ട്. 2019ല്‍ മുകളിലോട്ട്. 2021ല്‍ പിന്നെയും താഴോട്ട്. 2024ല്‍ പിന്നെയും മേലോട്ട്. ഈ സമയത്തൊക്കെ വിലയിരുത്തലുകള്‍ പഴയതുതന്നെ, ഐറ്റം തിരിച്ചും ഇനം തിരിച്ചും. സത്യത്തില്‍ അധികാരത്തില്‍ വരാന്‍ സാധ്യതയുള്ള പാര്‍ട്ടിക്ക് കുറേ പേര്‍ വോട്ട് ചെയ്യും. ജനങ്ങള്‍ക്ക് പലവിധ പ്രശ്‌നങ്ങളാണ്.
ഈ പ്രശ്‌നത്തിന് പരിഹാരമാണ് അവര്‍ തിരയുന്നത്. അതിന് ഭരണകക്ഷിയാകാന്‍ സാധ്യത കൂടുതലുള്ള കക്ഷികളെ വിജയിപ്പിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ജാതി-സമുദായ താല്‍പര്യങ്ങളേക്കാള്‍ ഇതാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. മതവും ജാതിയും തിരിച്ചുള്ള വോട്ട് ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് അന്നം നേടാനുള്ള വഴി മാത്രമായാണ് തോന്നുന്നത്.

Back to Top