7 Thursday
December 2023
2023 December 7
1445 Joumada I 24

വേദപാഠങ്ങള്‍ – സാമൂഹിക സദാചാരവും ചൂഷണ മാര്‍ഗങ്ങളും – ഡോ. ജാബിര്‍ അമാനി

ഉദാര ലൈംഗികതയെ ഒളിച്ചു കടത്താന്‍ ആഗോളതലത്തില്‍ ആസൂത്രണങ്ങള്‍ സജീവമാണ്. കുടുംബ –  സദാചാര നിഷ്ഠകളെ നാട് കടത്തിയാലേ തങ്ങളുടെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂവെന്ന വേട്ടക്കാരന്റെ മനസ്സാണ് മുതലാളിത്വത്തിന്റെ മുഖമുദ്ര. അതുകൊണ്ടുതന്നെ ലൈംഗിക ച്യുതിയും അനുബന്ധ വൈകൃതങ്ങളും നിലനിര്‍ത്തുന്നതിന് ഏത് ശ്രമവും സജീവമായി നിര്‍വഹിക്കും. നവമാധ്യമങ്ങളുടെ പിന്തുണയോടെ ലൈംഗിക ‘കോളനി വല്‍ക്കരണത്തിന്’ പരിസരം സജ്ജമാക്കിക്കൊടുക്കുന്നുണ്ട്. ‘സെക്‌സ്’ ഒരു തൊഴിലായും ‘സ്ത്രീ’ ഒരു ഉല്പന്നമായും അവതരിപ്പിക്കുന്നതില്‍ സജീവമാണവര്‍. അതുകൊണ്ടാണ് അതിലൈംഗികത അവകാശമായും ധര്‍മച്യുതികള്‍ വ്യക്തിസ്വാതന്ത്ര്യമായും ന്യായീകരിക്കപ്പെടുന്നത്.
ക്രിസ്തുവിന് 2400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്തിലെ അഞ്ചാം രാജവംശത്തില്‍ പെട്ട ഫറോവയായി അറിയപ്പെട്ടിരുന്ന  തിയൂസെര്‍റെ രാജാവിന്റെ പരിചാരകന്‍ ഖ്‌നംഹോടെപ്പും, നിയാന്‍ ഖ്ഖ്്‌നുമുമായിരുന്നു ചരിത്രത്തിലെ ആദ്യത്തെ സ്വവര്‍ഗാനുരാഗികളെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.1
എന്നാല്‍ പുരാതനവും അതിപുരാതനവുമായ ചില സംസ്‌കാരങ്ങളുടെ ഭാഗമായും ചില നാഗരികത (?) കളിലും വേദ ഭാഗങ്ങളിലും ലൈംഗിക ച്യുതിയുടെ അടയാളങ്ങള്‍ കാണാം. രതിയുത്സവങ്ങളും രതിയാരാധനകളും അതിലൈംഗികതയും പ്രകൃതി വിരുദ്ധ രതിഭാവങ്ങളും മതസംസ്‌കാരങ്ങളുടെ (?) യും വിശുദ്ധിയുടെയും (?) ഭാഗമായി അവതരിപ്പിക്കപ്പെട്ടിരുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നു. സ്വവര്‍ഗരതിയുടെ അംഗീകാരത്തിലും മഹത്വവല്‍ക്കരിക്കുന്നതിനും ഇത്തരം ചരിത്ര സാക്ഷ്യ(?) ങ്ങളെ കൂട്ടുപിടിക്കുന്ന പ്രവണതയും ഉണ്ട്.
ഒരേ സമയം സദാചാരത്തിന്റെ ശക്തമായ വേദപാഠങ്ങള്‍ ഒരു ഭാഗത്ത് പരാമര്‍ശിക്കുമ്പോള്‍ ആഭാസകരമായ രതിബന്ധങ്ങളെ മഹത്വവല്‍ക്കരിക്കുന്ന പരാമര്‍ശങ്ങളും ഉദ്ധരിക്കുന്നത് കാണാം. വേദങ്ങള്‍ ധര്‍മപാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും വൈരുധ്യങ്ങളില്‍ നിന്ന് സമ്പൂര്‍ണമായും സുരക്ഷിതമായിരിക്കണമെന്നുള്ള മൗലിക നിര്‍ദേശങ്ങള്‍ ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് എന്നത് മറ്റൊരു വശമാണ്.
ഗ്രീസിലെ സദാചാര സംസ്‌കാരവും ജീവിതവും തകര്‍ക്കപ്പെട്ടത് ദൈവ സങ്കല്പങ്ങളുടെയും ആരാധനകളുടെയും ഭാഗമായി പ്രചരിക്കപ്പെട്ട രതിവൈകൃതങ്ങളാണെന്ന് പഠനങ്ങള്‍ നടന്നിട്ടുണ്ട്. വ്യാപകമായ വേശ്യാവൃത്തിയും ലിംഗാരാധനയുടെ വൈകൃത രൂപങ്ങളും ‘രതി’യുടെ അടയാളമായി ഗണിച്ചിരുന്ന സമൂഹങ്ങളും പ്രസ്ഥാനങ്ങളും പുരാതന ഗ്രീസില്‍ സജീവമായിരുന്നു. ഈജിപ്ത്, ബാബിലോണിയ, ചൈന, പ്രാചീന അറേബ്യന്‍ സംസ്‌കാരങ്ങളില്‍ ആരാധനയും കാമവും രതിയും ഭക്തിയും പരസ്പര ബന്ധിതമായി അവതരിപ്പിക്കപ്പെട്ടിരുന്നു. മനുഷ്യനിലെ ലൈംഗികതൃഷ്ണയെ അശ്ലീല, ആഭാസങ്ങളിലേക്ക് തിരിച്ചുവിടുന്നത് ആത്മസാക്ഷാത്കാരത്തിന്റെ വഴിയായി(?) അവതരിപ്പിച്ചിരുന്നു. ”സ്വതന്ത്രലൈംഗികതയിലൂടെ മാത്രമേ ജീവിതസാഫല്യം നേടിയെടുക്കാനാവുകയുള്ളൂവെന്ന” സദാചാര വിരുദ്ധ സങ്കല്പങ്ങള്‍ മഹത്വവത്ക്കരിക്കുന്ന ആത്മീയ പ്രസ്ഥാനങ്ങളും ജീവനകലകളും ആശ്രമങ്ങളും ഭക്തിയാരാധനാ പ്രവര്‍ത്തനങ്ങളും ഇന്ത്യയില്‍പോലും ഇപ്പോഴും നടക്കുന്നുണ്ട്.
ലൈംഗികാനന്ദമൂര്‍ച്ചയെ ബ്രഹ്മസാക്ഷാത്ക്കാരമായി അവതരിപ്പിക്കുന്ന താന്ത്രികമത(?)പാരമ്പര്യം ഭാരതത്തില്‍ നിലനിന്നിരുന്ന അപമാനവീകരണ പരാമര്‍ശങ്ങളിലെ മുഖ്യ ഉദാഹരണങ്ങളാണ്. ലഹരി ഉപയോഗവും രതിവൈകൃതങ്ങളും വിശുദ്ധ കര്‍മമായി ദര്‍ശനം ചെയ്യപ്പെട്ടിരുന്നു. മദ്യ, മത്സ്യ, മുദ്ര, മൈഥുനം എന്ന സംസ്‌കൃതഭാഷയിലെ അഞ്ച് ‘മ’കാരങ്ങള്‍ അനിവാര്യഘടകങ്ങളായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു(2).
സ്ത്രീ പുരുഷബന്ധങ്ങളിലെ സദാചാര ബോധങ്ങളെ പരിഗണിക്കാതെയുള്ള സംഘരതിയും ആഗമ്യഗമനങ്ങളും സജീവമായി പുരോഗമിക്കുമ്പോള്‍ ഭക്തിയുടെ പരമതലമാണ് വ്യക്തി സ്വാംശീകരിക്കുന്നതെന്ന സിദ്ധാന്തങ്ങള്‍ വരെ വേദപാഠമായി നിലനിന്നിരുന്നു(3) വെന്നത് ഒരു യാഥാര്‍ഥ്യമാണ്. ലൈംഗിക ച്യുതികള്‍ക്ക് ആത്മീയതയുടെ മറപിടിക്കുന്നത് പിന്‍കാലങ്ങളില്‍ സാമൂഹിക ദുരന്തങ്ങള്‍ക്ക് കാരണമായിത്തീരുന്നുണ്ട് എന്നത് വര്‍ത്തമാനകാല സംഭവങ്ങളിലൂടെ ബുദ്ധിയുള്ളവര്‍ക്ക് വായിച്ചെടുക്കാം.
ലിംഗാരാധന, ദേവദാസീ സമ്പ്രദായം, ഗോപസ്ത്രീകളുടെ ഭഗവല്‍ സമര്‍പ്പണങ്ങള്‍, തുടങ്ങിയ കര്‍മങ്ങളും സമ്പ്രദായങ്ങളും ഭാരതചരിത്രവും വേദദര്‍ശനങ്ങളും സൂചിപ്പിക്കുന്നു(4). ലൈംഗിക ആരാധനാ-ആത്മീയോത്സവങ്ങളിലെ ചില ഉദാഹരണങ്ങള്‍ മാത്രമാണവ. ലൈംഗികശില്പങ്ങളില്‍ പ്രതിനിധീകരിക്കുന്നത് കലാസാഹിത്യ പൈതൃകങ്ങളായി ന്യായീകരണം തേടിയാലും അവ പ്രതിനിധീകരിക്കുന്നത് സദാചാര ധാര്‍മിക ബോധ്യമാണെന്ന് അംഗീകരിക്കാനാവുമോ? വാല്‍സ്യായനന്റെ കാമസൂത്രം (എഡി 3-5) സമ്പൂര്‍ണമായും സദാചാര ശാഠ്യങ്ങളുടെ ആത്മീയപാഠങ്ങളും സംതൃപ്ത ലൈംഗിക ജീവിതത്തിന്റെ വഴികാട്ടിയുമാണെന്നും ആയിരത്തി ഇരുനൂറിലധികമുള്ള ശ്ലോകങ്ങളിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് പറയാനാവില്ല(5). പ്രാചീന ഭാരതത്തില്‍ നിലനിന്നിരുന്ന അശ്വമേധ യാഗത്തിന്റെ അടിസ്ഥാനതാല്പര്യവും ധാര്‍മിക ജീവിതത്തിന്റെ മോക്ഷപാഠങ്ങളാണെന്ന് വിശ്വസിക്കുക നിഷ്പക്ഷര്‍ക്ക് പ്രയാസമാണ്.
മനുഷ്യര്‍ക്ക് സദാചാര ധാര്‍മിക ജീവിതത്തിന്റെ പാഠങ്ങളും അപമാനവീകരണ വിമുക്തമായ അധ്യാത്മിക ആത്മീയ മാര്‍ഗനിര്‍ദേശങ്ങളും നല്‍കേണ്ടതാണ്. വേദങ്ങള്‍ സദാചാര ജീവിത പരിസരത്ത് നിന്ന് അകറ്റുകയല്ല, മറിച്ച് ആഭാസകരവും അശ്ലീകരവുമായ അധാര്‍മിക മോഹങ്ങളില്‍ നിന്ന് മനുഷ്യരെ രക്ഷപ്പെടുത്തുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ഈ ധര്‍മനിര്‍വഹണത്തിന് ഹൈന്ദവദര്‍ശനങ്ങളിലെ ചില പരാമര്‍ശങ്ങള്‍ പര്യാപ്തമല്ലെന്നത് സ്വാമി ദയാനന്ദ സരസ്വതിയുള്‍പ്പെടെയുള്ളവരുടെ നിരീക്ഷണങ്ങളില്‍ ഉണ്ട്. സദാചാര രഹിത ”ആത്മീയ ജീവിത”മാര്‍ഗങ്ങള്‍ പ്രയോഗവത്ക്കരിക്കുന്ന ഒരു സമൂഹത്തില്‍ അതിലൈംഗികതകള്‍ സ്വാഭാവികമായും ന്യായീകരിക്കപ്പെടും. മനുഷ്യരില്‍ ഉള്‍ച്ചേര്‍ന്ന രതിഭാവവും ലൈംഗിക ജീവിതവും വൈകാരിക പ്രദാനമാണെന്നിരിക്കെ, ചിട്ടകളും ചട്ടങ്ങളും ലംഘിക്കുകവഴി ലൈംഗിക ഉന്‍മാദം തേടുന്ന ജനങ്ങള്‍ക്ക് വേദദര്‍ശനങ്ങളുടെ പിന്‍ബലം കൂടി ലഭിക്കുമ്പോള്‍ വലിയ വേഗതയില്‍ ധാര്‍മിക ജീവിതം തകര്‍ന്നടിയുമെന്നത് തീര്‍ച്ച.
ഒരുഭാഗത്ത് ഇത്തരം പരാമര്‍ശങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പുരാതന ഇന്ത്യയില്‍ അതിലൈംഗികതയും സ്വവര്‍ഗരതിയും സാമൂഹിക അംഗീകാരമുള്ള ഒരു കാര്യമായിരുന്നുവെന്ന് ഗ്രഹിക്കേണ്ടതില്ല. മനുഷ്യപ്രോക്തമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ ”ദൈവികതയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം. മനുസ്മൃതിയും അര്‍ഥശാസ്ത്ര ഗ്രന്ഥങ്ങളും സ്വവര്‍ഗലൈംഗികതയെ പാപമായും ശിക്ഷയര്‍ഹിക്കുന്ന തിന്മയായും അവതരിപ്പിക്കുന്നുണ്ട്(4). സ്വവര്‍ഗാനുരാഗം ഭാരതീയ ദര്‍ശനമായി അവതരിപ്പിക്കുകയും അതുവഴി സ്വവര്‍ഗരതിയെ ഹൈന്ദവ വേദപാഠമായി അവതരിപ്പിച്ച്, ഭാരതീയ സംസ്‌കാരത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമമായി കോടതി കയറുന്നത് സാമൂഹിക അപരാധമായിട്ടേ കാണാനാവൂ. (നാസ ഫൗണ്ടേഷന്‍-ഡല്‍ഹി ഹൈക്കോടതിയില്‍ പ്രഖ്യാപിച്ചത്)
നടേ സൂചിപ്പിച്ച സദാചാര വിരുദ്ധമായ തെറ്റായ വേദപാഠങ്ങള്‍ ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ അവ ഹൈന്ദവര്‍ക്കും ഭാരതീയര്‍ക്കുമിടയില്‍ സര്‍വാംഗീകൃതവും സര്‍വസ്വീകാര്യവുമായിരുന്നുവെന്ന് പറയാന്‍ കഴിയില്ല. മനുഷ്യരുടെ ധാര്‍മിക ജീവിതത്തിന് ഉലച്ചില്‍ വരുത്തുന്നതിനും സദാചാര ലംഘനം വലിയ അപരാധമായി തിരിച്ചറിഞ്ഞ് വിശുദ്ധ ജീവിതം നയിക്കുന്നതിനും അവ തടസ്സമായി വര്‍ത്തിച്ചിട്ടുണ്ട്. സത്യസന്ധമായ ദൈവികദര്‍ശനങ്ങളില്‍ മനുഷ്യന്റെ സദാചാര ജീവിതത്തതിന് തടസ്സം നില്ക്കുന്ന സൂക്ഷ്മപരാമര്‍ശങ്ങള്‍പോലും കാണാന്‍ പാടുള്ളതല്ല. വേദഗ്രന്ഥങ്ങളുടെ മൗലികതയാണ് അത്. ഒരു പരിധിവരെ പവിത്രമായ കുടുംബബന്ധങ്ങളില്‍ നിന്നും സദാചാരബന്ധിതമായ ജീവിതങ്ങളില്‍ നിന്നും ഒരു വ്യക്തിക്ക് വിടുതല്‍ നല്‍കാനും അങ്ങിനെയുള്ള ജീവിതം ആത്മീയമായി തെറ്റല്ലെന്ന് പഠിപ്പിക്കുന്നതിനും ഇത്തരം വേദപാഠങ്ങള്‍ വഴി സവര്‍ണഫാസിസ്റ്റും സാംസ്‌കാരിക ഷോവനിസവും ശ്രമിക്കുന്നുണ്ട്.
ഭാരത സംസ്‌കാരവും ദേശീയതയും ഉദാരലൈംഗികതയാണ് പിന്തുണയ്ക്കുന്നത് എന്ന് വ്യാഖ്യാനിച്ച് സ്വവര്‍ഗരതിക്ക് ‘ദേശീയതാ’ പരിവേഷം നല്‍കി നീതിപീഠങ്ങളില്‍നിന്നും അംഗീകാരം നേടിയെടുക്കുന്ന ഒളിയജണ്ടകള്‍ക്കെതിരില്‍ മതേതരത്വബോധമുള്ളവര്‍ പ്രതിരോധിച്ചേ പറ്റൂ.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x