21 Saturday
December 2024
2024 December 21
1446 Joumada II 19

വെള്ളംകൊണ്ട് കളിക്കരുത് – അബ്ദുര്‍റഷീദ്

കേരളം ഇതുവരെ മഴയുടെ കാര്യത്തില്‍ ഇങ്ങിനെ ആവലാതി പൂണ്ടിട്ടില്ല. മഴയുടെ ഗണ്യമായ കുറവാണ് ഇക്കൊല്ലം രേഖപ്പെടുത്തുന്നത്. ഓരോ വര്‍ഷം കൂടുമ്പോഴും അതിന്റെ തോത് കൂടി വരുന്നു. കേരള പൊതുസമൂഹം ഈ വിഷയത്തെ കുറിച്ച് വേണ്ടത്ര ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നില്ല. മഴവെള്ളം കിട്ടുന്നില്ല എന്നത് ഒരു ഭാഗത്ത് നടക്കുമ്പോള്‍ എത്ര വെള്ളമാണ് നാം അനാവശ്യമായി ദുരുപയോഗം ചെയ്യുന്നത്.
വെള്ളം ആവശ്യത്തിന് മാത്രം എന്ന മുദ്രാവാക്യം കൂടുതല്‍ ശബ്ദത്തില്‍ മുഴക്കേണ്ട കാലമാണ്. വെള്ളം ജീവന്റെ നിലനില്‍പ്പിന്റെ കാര്യമാണ്. ജീവനുള്ള എല്ലാം സൃഷ്ടിക്കപ്പെട്ടത് വെള്ളത്തില്‍ നിന്ന് എന്നാണ് ഖുര്‍ആന്‍ പറയുന്നതും. അപ്പോള്‍ ജലത്തെ മാന്യമായി പരിഗണിക്കാതിരിക്കുക എന്നത് ജീവനെ പരിഗണിക്കാതിരിക്കുന്നതിനു തുല്യമാണ്. പക്ഷെ വിശ്വാസികള്‍ ഇനിയും ഒരു ജല സംസ്‌കാരം പഠിച്ചിട്ടു വേണം.
വുദു എടുക്കുക എന്ന പേരില്‍ നഷ്ടപ്പെടുത്തി ക്കളയുന്ന ജലം എല്ലാ സീമകളും അതിലംഘിക്കുന്നു. വുദുവിന്റെ ഭാഗങ്ങള്‍ മൂന്നു തവണ കഴുകുക എന്നത് സുന്നത്തായ കാര്യമാണ്. അതെ സമയം ജലം അത്യാവശ്യത്തിനു വേണ്ടി ഉപയോഗിക്കുക എന്നത് നിര്‍ബന്ധ കാര്യവും. നിര്‍ബന്ധ കാര്യത്തെ അവഗണിച്ച് സുന്നത്തിനു പ്രാധാന്യം നല്‍കുന്ന രീതി ശരിയല്ല.
പലപ്പോഴും വുദു ചെയ്യാന്‍ ഒരാള്‍ ഉപയോഗിക്കുന്ന വെള്ളംകൊണ്ട് പത്തുപേര്‍ക്ക് വുദു ചെയ്യാം. കൂടുതല്‍ വെള്ളം കൊണ്ട് വുദു ചെയ്യുന്നത് പുണ്യമാണ് എന്നൊരു തെറ്റിദ്ധാരണ സമൂഹം കൊണ്ട് നടക്കുന്നു. കുറഞ്ഞ വെള്ളം കൊണ്ട് വുദൂ ചെയ്യുന്നതാണ് കൂടുതല്‍ പുണ്യകരം. ഭൂമിയിലെ വിഭവങ്ങള്‍ ഭൂമിയിലെ അവസാനത്തെ മനുഷ്യനും ജീവജാലങ്ങള്‍ക്കും ലഭിക്കണം എന്നതാണ് ദൈവിക തീരുമാനം. നമുക്ക് തൊട്ടു മുമ്പ് വരെ വിഭവങ്ങള്‍ ആരും കയ്യേറ്റം ചെയ്തിരുന്നില്ല.
അതെ സമയം ഇന്ന് ഒരാള്‍ നൂറു പേരുടെ വിഭ വങ്ങള്‍ ഇല്ലായ്മ ചെയ്യുന്നു. അതിന്റെ പേരില്‍ യാതൊരു മനഃക്ലേശവും അദ്ദേഹത്തിന് ഇല്ലാതെ പോകുന്നു. പ്രകൃതിയിലെ വിഭവങ്ങള്‍ എങ്ങിനെ ഉപയോഗിക്കാം എന്നത് ഇസ്ലാം വിശ്വാസികള്‍ക്ക് പഠിപ്പിക്കണം. അനാവശ്യമായി ദുരുപയോഗം ചെയ്യുന്ന എന്തും ദൈവീക സന്നിധിയില്‍ ചോദ്യം ചെയ്യപ്പെടും എന്ന ബോധം. എന്തുകൊണ്ട് മഴ നമ്മോടു പിണങ്ങുന്നു എന്ന ചോദ്യത്തിന് നമുക്ക് നല്‍കാന്‍ കഴിയുന്ന മറുപടി നാം പ്രകൃതിയോട് ക്രൂരത കാണിക്കുന്നു എന്നതാണ്.
ജല വിഭവങ്ങളെ കൃത്യമായ സൂക്ഷ്മതയോടെ വിനിയോഗിക്കാന്‍ മുന്നിട്ടിറങ്ങുകയും അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഭൂമിക്ക് നമ്മള്‍ മാത്രമല്ല അവകാശികളായുള്ളത് എന്ന ബോധ്യമാണാവശ്യം. പെയ്യുന്ന മഴയെ ചേര്‍ത്തു വെച്ച് ഭൂഗര്‍ഭ ജലം പുഷ്ടിപ്പെടുത്താന്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്തു തീര്‍ക്കാന്‍ നാം ശ്രമിച്ചേ തീരൂ.സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നാണല്ലോ
Back to Top