7 Friday
February 2025
2025 February 7
1446 Chabân 8

വെന്തു പൊട്ടുന്ന മനസുകള്‍ കാണാതെ പോകരുത്‌

മുഹമ്മദ് കണ്ണൂര്‍

മുമ്പെന്നുമില്ലാത്ത വിധം ആത്മഹത്യകള്‍ പെരുകുകയാണ് നമ്മുടെ നാട്ടില്‍. അവയില്‍ കുട്ടികളുടെ ആത്മഹത്യാ നിരക്ക് ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നു. കുട്ടികളുടെ ത്യാല്പര്യത്തിലുള്ള പഠനമെന്നതിനേക്കാള്‍ രക്ഷിതാക്കളെ പ്രീതിപ്പെടുത്താന്‍ അവര്‍ക്കിഷ്ടമുള്ളത് പഠിക്കേണ്ടി വരുന്നു എന്നത് കുട്ടികളില്‍ വലിയ സമ്മര്‍ദം സൃഷ്ടിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എഞ്ചിനീറിയറിങ്/ മെഡിക്കല്‍ പ്രവേശനം ലഭിക്കണമെന്ന് മാത്രമാണ് പല മാതാപിതാക്കള്‍ക്കും. പക്ഷെ ഇക്കാര്യത്തില്‍ കുട്ടികളുടെ താല്പര്യമോ അഭിരുചിയോ പരിഗണിക്കപ്പെടുന്നില്ല. പ്രവേശന പരീക്ഷകള്‍ പാസായി വന്ന കുട്ടികള്‍ ക്ലാസ്സുകളില്‍ പതറുന്ന അവസ്ഥയുണ്ടാകാറുണ്ട്. പലപ്പോഴും പഠിക്കേണ്ട സ്ട്രീം തെരഞ്ഞടുക്കുന്നത് മാതാപിതാക്കളാണ്. ഓട്ടോ മൊബൈല്‍ ആഗ്രഹിക്കുന്ന കുട്ടിയെ നിര്‍ബന്ധിച്ച് കമ്പ്യൂട്ടര്‍ എടുപ്പിക്കും.
ഒരു കുട്ടിക്ക് ലഭിക്കേണ്ട റാങ്കിന് മുകളിലായിരിക്കും കോച്ചിങ്ങിന്റെ ബലത്തില്‍ ലഭിക്കുക. സ്വാഭാവികമായും കുട്ടിക്ക് യഥാര്‍ഥ പഠനാഭിരുചി ഉണ്ടാകണമെന്നില്ല. വീട്ടുകാര്‍ തല്ലി പഴുപ്പിച്ചു കൊണ്ടുവരുന്ന കുട്ടികള്‍ക്കു മറ്റ് കുട്ടികളുടെ ഇടയില്‍ നില്‍ക്കാന്‍ സ്വാഭാവികമായും ബുദ്ധിമുട്ടുകള്‍ നേരിടും. മറ്റുള്ളവര്‍ പഠിച്ച് മുന്നേറുമ്പോള്‍ ഇവര്‍ക്ക് ഒന്നിനും സാധിക്കാതെ വരുന്നത് കടുത്ത മാനസിക പ്രശ്‌നങ്ങളിലേക്ക് തള്ളിവിടും. വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യയെ കുറിച്ചുള്ള ആശങ്കാജനകമായ വിവരങ്ങളാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്ത് വിട്ടിരിക്കുന്നത്.
പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കിടിയിലെ ആത്മഹത്യാ നിരക്ക് ഇന്ത്യയില്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്കിനെ മറികടന്നിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഇന്ത്യയില്‍ മുഴുവന്‍ ആത്മഹത്യാ നിരക്ക് രണ്ട് ശതമാനം തോറും ഓരോ വര്‍ഷവും വര്‍ധിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യ നാല് ശതമാനമാണ് വര്‍ധിക്കുന്നതെന്ന ഗൗരവമായ ആശങ്ക റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നു. രാജസ്ഥാനത്തിലെ കോട്ട കേന്ദ്രീകരിച്ചുള്ള മെഡിക്കല്‍ എഞ്ചിനീറിങ് കോച്ചിങ് സെന്ററുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥി ആത്മഹത്യകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പഠനകാലയളവില്‍ കുട്ടികള്‍ തോല്‍ക്കുന്നതും ജയിക്കുന്നതും സ്വാഭാവികമാണ്. എല്ലാവര്‍ക്കും ക്ലാസ്സില്‍ ഒന്നാമതെത്തണം എന്ന വാശിയാണ്. അതിനു എന്ത് മാര്‍ഗം സ്വീകരിച്ചാലും അതൊരു പ്രശ്‌നമല്ല താനും. ഈ ഒരു പ്രവണത അടുത്തകാലത്ത് കൂടുതലായി വരുന്നുണ്ട്. കുട്ടികളുടെ മുകളില്‍ വീടുകളില്‍ നിന്നും സമൂഹത്തില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തിന്റെ സാഹചര്യത്തില്‍ വേണം ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍.

Back to Top