1 Sunday
December 2024
2024 December 1
1446 Joumada I 29

വീണ്ടും വഖഫ് ചര്‍ച്ചയാവുന്നു


ഒരിടവേളയ്ക്കു ശേഷം വീണ്ടും വഖഫ് പൊതുമധ്യത്തില്‍ ചര്‍ച്ചയാവുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നത് സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും വഖഫ് ചര്‍ച്ചയിലേക്ക് വന്നിരിക്കുകയാണ്. വഖഫ് ബോര്‍ഡിന്റെ നിയമനാധികാരം വെട്ടിക്കുറയ്ക്കുന്ന നിലപാടാണ് കേരള സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. അത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഒടുവില്‍, സര്‍ക്കാര്‍ അതില്‍ നിന്ന് പിന്‍വാങ്ങി. വഖഫ് വിഷയത്തിലുള്ള ഏതൊരു കൈകടത്തലും മുസ്‌ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം ഗൗരവമേറിയ വിഷയമാണെന്ന് അധികാരികള്‍ തിരിച്ചറിഞ്ഞ ഒരു സന്ദര്‍ഭം കൂടിയായിരുന്നു അത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ‘ഇന്‍ഡ്യ’ മുന്നണിയുടെ നേതൃത്വത്തിലുള്ള ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടിരിക്കുന്നു.
ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി ബില്‍ വഖഫ് ബോര്‍ഡിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതാണ്. ഒരു സ്വത്ത് വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം വഖഫ് ബോര്‍ഡിനാണ്. എന്നാല്‍ നിലവിലെ ബില്ല് പ്രകാരം പ്രസ്തുത അധികാരം ജില്ലാ കലക്ടര്‍ക്കായിരിക്കും. വഖഫ് സ്വത്ത് അന്യാധീനപ്പെട്ടുപോകുമ്പോള്‍ സര്‍വേ നടത്താന്‍ കമ്മീഷണര്‍മാരെ നിയമിച്ചിരുന്നതും വഖഫ് ബോര്‍ഡാണ്. എന്നാല്‍, വഖഫ് സര്‍വേ നടത്തേണ്ട അധികാരം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കുകയാണ് പുതിയ ബില്‍. ധാരാളം വഖഫ് സ്വത്തുക്കള്‍ ഭൂമാഫിയ കയ്യടക്കിയിട്ടുണ്ടെന്നും അത് തിരികെ പിടിക്കാനാണ് വഖഫ് ബോര്‍ഡില്‍ പരിഷ്‌കരണം കൊണ്ടുവരുന്നത് എന്നുമാണ് ബിജെപിയുടെ ന്യൂനപക്ഷ വക്താക്കള്‍ ന്യായീകരിച്ചിരുന്നത്. എന്നാല്‍ അധികാരം വെട്ടിക്കുറയ്ക്കുന്നതോടെ, അന്യാധീനപ്പെട്ടുപോയ വഖഫ് സ്വത്ത് തിരിച്ചെടുക്കാനോ കണ്ടെത്താനോ സാധിക്കാതെ വരും എന്ന് തീര്‍ച്ചയാണ്. നിലവില്‍ വഖഫ് ബോര്‍ഡിന്റെ അധികാര പരിധിയിലുള്ള ഭൂസ്വത്തുക്കള്‍ കൂടി അവകാശ തര്‍ക്കത്തിലേക്ക് വലിച്ചിഴക്കപ്പെടുകയാണ് സംഭവിക്കുക.
ബില്ലിലെ മറ്റൊരു നിര്‍ദേശം, പാര്‍ലമെന്റംഗങ്ങള്‍, മുന്‍ ജഡ്ജിമാര്‍, പ്രമുഖ വ്യക്തികള്‍ എന്നീ കാറ്റഗറിയില്‍ നിന്നുള്ളവര്‍ സെന്‍ട്രല്‍ വഖഫ് കൗണ്‍സിലില്‍ അംഗമായി ഉണ്ടാവണം എന്നതാണ്. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ഘടനയിലും മാറ്റം നിര്‍ദേശിച്ചിട്ടുണ്ട്. എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍, ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരില്‍ നിന്ന് അംഗങ്ങളുണ്ടായിരിക്കണം. നിലവില്‍ ഈ ഘടന പാലിക്കപ്പെടുന്നുണ്ട്. എന്നാല്‍, അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ മുസ്‌ലിംകള്‍ ആയിരിക്കണം എന്നതാണ് നിബന്ധന. പുതിയ ബില്‍ പ്രകാരം അവര്‍ മുസ്‌ലിംകള്‍ ആയിരിക്കണം എന്ന് നിര്‍ബന്ധമില്ല. മുസ്‌ലിം സമുദായത്തിന് പുറത്തുള്ള രണ്ടംഗങ്ങള്‍ വഖഫ് ബോര്‍ഡില്‍ ഉണ്ടായിരിക്കണം എന്നാണ് നിര്‍ദേശിക്കുന്നത്. വഖഫ് ബോര്‍ഡിനുള്ള അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുക മാത്രമല്ല, അതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും ഇടപെടാന്‍ സാധിക്കുന്ന വിധത്തില്‍ ഘടനയെ തന്നെ മാറ്റിമറിക്കുകയാണ്. മുസ്‌ലിം ആരാധനാലയങ്ങളിലും മറ്റ് വഖഫ് സ്വത്തുക്കളിലും ഇടപെടാന്‍ വേണ്ടി മാത്രം രൂപീകരിക്കപ്പെട്ട ഒരു ബോര്‍ഡില്‍ ആ സമുദായത്തിന് പുറത്ത് നിന്നുള്ള രണ്ട് പേര്‍ ഉണ്ടാവണമെന്ന നിര്‍ദേശം സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല എന്ന് ബില്ല് അവതരണ വേളയില്‍ തന്നെ പ്രതിപക്ഷ കക്ഷി നേതാക്കള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു സമുദായത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തുകൊണ്ട് മാത്രമേ ഇത്തരം ഭേദഗതികള്‍ നടപ്പിലാക്കാനാവൂ.
വഖഫ് ട്രൈബ്യൂണലിനുണ്ടായിരുന്ന അധികാരവും വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശമുണ്ട്. ട്രൈബ്യൂണല്‍ ഉത്തരവില്‍ ഏതെങ്കിലും കക്ഷിക്ക് വിയോജിപ്പുണ്ടെങ്കില്‍, പുതിയ കേസായി ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്യേണ്ടത്. അതിന് പകരം അപ്പീല്‍ അവകാശം നല്‍കുന്നതോടെ ട്രൈബ്യൂണലിനെ മറ്റൊരു കീഴ്‌ക്കോടതിയാക്കി മാറ്റുകയാണ് ഈ ബില്‍ ചെയ്യുന്നത്. ഇങ്ങനെ ബില്ലിലെ മിക്ക വ്യവസ്ഥകള്‍ എടുത്തുനോക്കിയാലും വഖഫ് ബോര്‍ഡിനെയും വഖഫ് സ്വത്തുക്കളെയും ഉന്നം വെച്ചിട്ടുള്ള നീക്കമാണെന്ന് നിസ്സംശയം തിരിച്ചറിയാനാവും. അതേസമയം, പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാക്കളുടെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഇത് മുസ്‌ലിം സമുദായത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് പാര്‍ലമെന്റംഗങ്ങള്‍ ശക്തമായി ഇടപെട്ടത്. ഈ സമുദായത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള സഹോദര സമുദായംഗങ്ങള്‍ രംഗത്തു വന്നു എന്നത് പ്രതീക്ഷയാണ്. ഹ സി കെ റജീഷ് ംഗങ്ങള്‍ രംഗത്തുവന്നു എന്നത് പ്രതീക്ഷയാണ്.

Back to Top