27 Saturday
July 2024
2024 July 27
1446 Mouharrem 20

വിശ്വാസിയുടെ തിരഞ്ഞെടുപ്പ് മുന്‍തൂക്കം നല്‍കേണ്ടത് ധര്‍മനിഷ്ഠക്ക് – അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി

ജീവിതത്തിന്റെ ഓരോ നിമിഷവും മനുഷ്യര്‍ ഓരോ തരം തെരഞ്ഞെടുപ്പിലൂടെയാണ് കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുന്നത്. ഒന്നിലേറെ കാര്യങ്ങള്‍ മുന്നില്‍ വരുമ്പോള്‍ താന്‍ ഏതു തെരഞ്ഞെടുക്കണം എന്നു ചിന്തിക്കുകയും അതില്‍ പറ്റിയ ഒന്ന് സ്വീകരിക്കുകയും ചെയ്യാത്ത ഒരു നിമിഷവും നമ്മിലൂടെ കഴിഞ്ഞുപോകുന്നില്ല. നമുക്ക് തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ളതും ഇല്ലാത്തതുമായ രംഗങ്ങള്‍ ജീവിതത്തിലുണ്ട്.
മനുഷ്യജീവിതത്തിന്നാവശ്യമായ ഭക്ഷണം, പാനീയം, വസ്ത്രം, വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, കൂട്ടുകാര്‍, ജീവിത പങ്കാളി തുടങ്ങിയ നിരവധി കാര്യങ്ങളില്‍ നിരന്തരമായ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഓരോരുത്തരും തങ്ങളുടെ താത്പര്യമനുസരിച്ച് ഓരോന്ന് സ്വീകരിക്കുന്നു. അറിവും പരിചയവും വിവേചന ശക്തിയുമനുസരിച്ച് ഈ തെരഞ്ഞെടുപ്പുകളില്‍ വ്യത്യാസം കാണാവുന്നതാണ്. പച്ചക്കറിക്കടയില്‍ കയറി ഒരാള്‍ തനിക്കാവശ്യമായ സാധനങ്ങള്‍ തെരയുന്നു. തുണിക്കടകളില്‍ ജനങ്ങളുടെ തിരക്കാണ്. ചെറുപ്പക്കാര്‍ വിവാഹത്തിന് ഇണയെ തെരയുന്നു.
രുചിഭേദങ്ങളാണ് നാം ഒന്നിനെ തെരഞ്ഞെടുക്കാനുള്ള ഒരു പ്രധാന മാനദണ്ഡം. തനിക്കിഷ്ടമുള്ള ആഹാരം, തന്റെ കണ്ണിനു പറ്റിയ നിറം എന്നിങ്ങനെ. ഈ ഇഷ്ടപ്പെടലും താത്പര്യവും പ്രതിജനഭിന്നമാണ്. ഗുണമേന്മയാണ് മറ്റൊരു മാനദണ്ഡം. രുചിയും ആകര്‍ഷണീയതയും അത്രയ്ക്ക് പിടിച്ചില്ലെങ്കിലും സാധനത്തിന്റെ ഗുണമേന്മ നോക്കി തെരഞ്ഞെടുക്കുന്നത് അല്പം ഉയര്‍ന്ന ശേഷിയാണ്. പ്രഥമദൃഷ്ടിയില്‍ കണ്ണഞ്ചിക്കുന്നത് വാങ്ങി വഞ്ചിക്കപ്പെടുന്നത് ഗുണമേന്മ നോക്കാത്തവരും നോക്കാന്‍ അറിയാത്തവരും കൂടുതല്‍ ചിന്തിക്കാത്തവരും താല്ക്കാലിക മെച്ചം മാത്രം നോക്കുന്നവരുമാണ്. ഗുണമേന്മ, സാമ്പത്തികസ്ഥിതി, ആവശ്യകത, പ്രതിഭയും താത്പര്യവും എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ തെരഞ്ഞെടുപ്പന് അടിസ്ഥാനമാക്കുന്നുണ്ട്.
സത്യവിശ്വാസി ജീവിതത്തില്‍ ഏതുകാര്യവും തെരഞ്ഞെടുക്കുന്നത് ബോധപൂര്‍വമായിരിക്കണം. അതില്‍ ധാര്‍മികതയ്ക്ക് മുന്‍തൂക്കം നല്കണം. മറ്റുള്ള ഏതു കാര്യവും പരിഗണനീയം തന്നെ. എന്നാല്‍ അല്ലാഹുവിന്റെയും റസൂലിന്റെയും നിര്‍ദേശങ്ങള്‍ക്ക് അനുഗുണമായിട്ടായിരിക്കണം മറ്റുള്ളവ പരിഗണിക്കേണ്ടത്. മേല്‍പറഞ്ഞതില്‍ ‘നല്ലത്’ എന്നു പറയാവുന്നതിനെ മതം നിരാകരിക്കുന്നില്ല. മതനിയമങ്ങള്‍ക്ക് വിരുദ്ധമാകരുത് എന്നുമാത്രം.
ജീവിതവ്യവഹാരങ്ങളിലെ തെരഞ്ഞെടുപ്പു മാനദണ്ഡങ്ങളില്‍ പ്രഥമസ്ഥാനം ഹലാല്‍ ഹറാമുകള്‍ക്ക് നല്കുന്നവനാണ് മുസ്‌ലിം. ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍ രുചിഭേദവും ഗുണമേന്മയും തന്റെ ആവശ്യകതയും സാമ്പത്തികസ്ഥിതിയും എല്ലാം പരിഗണിച്ച് ഒരാള്‍ സ്വീകരിക്കുന്നത് അല്ലാഹു വിലക്കിയത് ആകാതിരുന്നാല്‍ മതി. വിശുദ്ധഖുര്‍ആനും സുന്നത്തും നിഷിദ്ധമായി എടുത്തുപറഞ്ഞവയോ അന്യന്റെ അവകാശം കൂടിച്ചേര്‍ന്നവയോ ആകാതിരുന്നാല്‍ മതി. ധാര്‍മികമായ ഈ തെരഞ്ഞെടുപ്പ് അളന്നു നോക്കാന്‍ പറ്റിയെന്നുവരില്ല. ഉദാഹരണത്തിന് അനാഥയ്ക്ക് അവകാശപ്പെട്ട ഒരു വസ്തു എത്ര ഗുണമേന്മയുള്ളതും ആകര്‍ഷകവും ആയിരുന്നാലും അത് തെരഞ്ഞെടുക്കാവതല്ല. വിശ്വാസിക്കു മാത്രമേ ഈ മാനദണ്ഡം സ്വീകരിക്കാന്‍ കഴിയൂ.
ഏതു മുന്തിയ വസ്ത്രമാണെങ്കിലും ഞെരിയാണിക്കു താഴെ പുരുഷന്‍ ധരിക്കുന്ന വസ്ത്രം നിഷിദ്ധമാണ്. തെരഞ്ഞെടുപ്പില്‍ ഈ ഹറാം ഒഴിവാക്കാന്‍ കഴിയുന്നവനാണ് മുസ്‌ലിം. തന്റെ മക്കള്‍ക്കുവേണ്ടി വസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍ ഏത് ഫാഷനും കണ്ടെത്താം; അല്ലാഹുവും റസൂലും നിഷിദ്ധമാക്കിയവ മാത്രം മാറ്റിവയ്ക്കാന്‍ തയ്യാറായാല്‍. ഇതാണ് തെരഞ്ഞെടുപ്പിലെ ധാര്‍മികത.
എത്ര ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യപ്പെട്ടാലും നിഷിദ്ധമായ തൊഴില്‍ ചെയ്യാതിരിക്കുക. മദ്യത്തിന്റെയും പലിശയുടെയും ജോലികള്‍ ചെയ്യുക, കള്ളത്തരം പറഞ്ഞ് ആളുകളെ ആകര്‍ഷിക്കുന്ന ബിസിനസ്സില്‍ ഏര്‍പ്പെടുക, തന്റെ ഉത്തരവാദിത്വ നിര്‍വഹണത്തിനിടയില്‍ കൈക്കൂലി സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ തൊഴില്‍ രംഗത്തെ അധാര്‍മികതകളാണ്. ജോലി തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയുന്നവനാണ് വിശ്വാസി.
ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കാളികളാണ് ഓരോരുത്തരുടെയും കൂട്ടുകാര്‍. ജീവിതത്തിന്റെ അനുസ്യൂതമായ ഒഴുക്കിനിടയില്‍ നമുക്കു ചുറ്റും വന്നുചേരുന്നതാണ് കൂട്ടുകാര്‍. ‘കമ്പനി’ പലപ്പോഴും ഗതി നിര്‍ണയിക്കുന്നു. ഇവിടെ നട്ടെല്ലോടെ പിടിച്ചു നില്ക്കുന്നവന്‍ വിശ്വാസി. തന്റെ കൂട്ടുകാരെയും കൂട്ടി സത്യമാര്‍ഗത്തില്‍ ചരിക്കാന്‍ സാധിക്കുന്നവന്‍ യഥാര്‍ഥമാര്‍ഗദര്‍ശി. പ്രവാചകന്‍ പറഞ്ഞു: പരലോകത്ത് വിചാരണ വേളയില്‍ അല്ലാഹുവിന്റെ പ്രത്യേകമായ (തണല്‍) ലഭിക്കുന്നവരില്‍ ഒരു വിഭാഗം ഇവരാണ്: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സുഹൃത്തുക്കളാവുകയും അതിന്നുവേണ്ടി  ഒത്തുചേരുകയും  പിരിയേണ്ടിവന്നാല്‍ ആദര്‍ശത്തിന്നുവേണ്ടി പിരിയുകയും ചെയ്തവര്‍.”
ജീവിതരംഗത്തെ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധ ചെലുത്തേണ്ടതും ജീവിത വിജയത്തിന്നുതന്നെ എന്ന നിദാനമായതുമാണ് ആജീവനാന്ത ജീവിതസഖിയെ (ഇണയെ) തെരഞ്ഞെടുക്കുക എന്നത്. യൗവനത്തിന്റെ വൈകാരിക തീക്ഷ്ണതയും ജീവിതത്തെപ്പറ്റിയുള്ള സങ്കല്പങ്ങളും ഇവിടെ സ്വാധീനം ചെലുത്തുന്നു. ഈ രംഗത്ത് ധര്‍മത്തിന്റെ വഴിയിലേക്ക് പ്രവാചകന്‍ ഒരുപാട് നിര്‍ദേശങ്ങള്‍ നല്കിയിട്ടുണ്ട്. പ്രസിദ്ധമായ പ്രവാചക വചനം ഇങ്ങനെയാണ്: ”സ്ത്രീ വിവാഹം ചെയ്യപ്പെടാറുള്ളത് സമ്പത്ത്, സൗന്ദര്യം, തറവാടിത്തം, ധര്‍മനിഷ്ഠ തുടങ്ങിയ മാനദണ്ഡങ്ങളിലാണ്. നിങ്ങള്‍ ധര്‍മനിഷ്ഠയുള്ളവരെ തെരഞ്ഞെടുക്കുക; ജീവിതവിജയം നേടുക.”
”വിശ്വാസവും ധര്‍മനിഷ്ഠയുമുള്ള അടിമയാണ് അത്യാകര്‍ഷകമായ സത്യനിഷേധിയെക്കാളും നല്ലത്” (2:221) എന്നാണ് ഇണയെ തെരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞത്. ഇങ്ങനെ ജീവിതത്തിന്റെ ഏതു രംഗത്തും നാം തെരഞ്ഞെടുപ്പിനെ നേരിട്ടുകൊണ്ടിരിക്കുന്നു. ഓരോ തെരഞ്ഞെടുപ്പിലും ഏതിനു മുന്‍ഗണന നല്കുന്നു എന്നതിനെ ആശ്രയിച്ചാണ് യഥാര്‍ഥ ജീവിത വിജയം.
ഒരാളുടെ ജീവിതത്തില്‍ ഇത്തരം തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം നേടുന്നത് നന്മയും ധര്‍മനിഷ്ഠയും ആണെങ്കില്‍ അയാളുടെ ജീവിതം ധന്യമായി. മറിച്ച് തെരഞ്ഞെടുക്കപ്പെടുന്നത് തിന്മയുടെയും അധര്‍മത്തിന്റെയും  ‘ചോയ്‌സു’കളാണെങ്കില്‍  ജീവിതം പരാജയപ്പെടുകയും പിശാചിന് മേല്‍ക്കൈ (ആധിപത്യം) ലഭിക്കുകയും ചെയ്യും. മൊത്തത്തില്‍ കണക്കുകൂട്ടിയാല്‍ മനുഷ്യന്റെ മുന്നില്‍ ആത്യന്തികമായ തെരഞ്ഞെടുപ്പിന് രണ്ട് കാര്യങ്ങളുണ്ട്. ഇഹലോകവും പരലോകവും. അതത്രെ യഥാര്‍ഥ തെരഞ്ഞെടുപ്പ്.
എന്നാല്‍ ഇവയിലൊന്ന് ഒറ്റയടിക്ക് ആരും സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യില്ല. മേല്‍പറഞ്ഞ രീതിയില്‍ ഓരോരോ ചെറിയ തെരഞ്ഞെടുപ്പുകളിലൂടെയാണ് അതു നേടിയെടുക്കുന്നത്. ഖുര്‍ആനിലെ വാക്കുകള്‍ ശ്രദ്ധിക്കുക: ”ഏതൊരാള്‍ അതിക്രമം കാണിക്കുകയും ഇഹലോകത്തിന് മുന്‍ഗണന നല്കുകയും ചെയ്തുവോ അയാളുടെ സങ്കേതം നരകമത്രെ.” (79:36-39)
”വിശുദ്ധി നേടിയവന്‍ വിജയം വരിച്ചു. അവന്‍ ദൈവത്തെ സ്മരിക്കുകയും നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഇഹലോകത്തിനു മുന്‍ഗണന നല്കുന്നു. നിങ്ങള്‍ക്ക് ഏറെ ഉത്തമവും ഏറെ അവശേഷിക്കുന്നതും പരലോകമാണ്.” (89: 14-17)
ഈ തെരഞ്ഞെടുപ്പില്‍ ഓരോ വ്യക്തിയും വിജയിക്കണം. ഏതെങ്കിലും സന്ദര്‍ഭത്തില്‍ രണ്ടുകാര്യങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്പിക്കാന്‍ പ്രയാസം നേരിടുമ്പോള്‍ ഏതു തെരഞ്ഞെടുക്കണമെന്ന് എനിക്കു തോന്നിക്കണേ എന്നു പ്രാര്‍ഥിക്കാനും രണ്ടു റക്അത്ത് നമസ്‌കരിക്കാനും പ്രവാചകന്‍(സ) നിര്‍ദേശിക്കുന്നു. ആത്യന്തികമായ തെരഞ്ഞെടുപ്പു രംഗത്ത് ജാഗ്രത പാലിക്കാനും നാം ശ്രമിക്കണം.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x