3 Tuesday
December 2024
2024 December 3
1446 Joumada II 1

വിശ്വാസവും സുസ്ഥിര ജീവിതശൈലികളും

ഡോ. ഇയാദ് അബൂമുഗ്‌ലി


? മനുഷ്യരുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതില്‍ വിശ്വാസി കൂട്ടായ്മകള്‍ക്കുള്ള പങ്ക് എപ്പോഴാണ് താങ്കള്‍ തിരിച്ചറിഞ്ഞത്? അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ധാരണ എങ്ങനെയാണ് രൂപപ്പെടുന്നത്?
1972ലെ മനുഷ്യ പരിസ്ഥിതി സംബന്ധിച്ച സ്റ്റോക്‌ഹോം പ്രഖ്യാപനത്തിന്റെ ആദ്യ ഖണ്ഡിക മനുഷ്യന് പ്രകൃതിയിലുള്ള സ്വാധീനത്തെക്കുറിച്ച് എടുത്തു പറയുന്നു. സ്റ്റോക്‌ഹോം പ്രഖ്യാപനം വഴിയാണ് യുനൈറ്റഡ് നാഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം (UNEP) സ്ഥാപിക്കപ്പെട്ടത്. പരിസ്ഥിതി ശാരീരിക ഉപജീവനം മാത്രമല്ല, ബൗദ്ധികവും ധാര്‍മികവും സാമൂഹികവും ആത്മീയവുമായ വളര്‍ച്ചയ്ക്കുള്ള അവസരങ്ങളും പ്രദാനം ചെയ്യുന്നുവെന്ന് ഇത് എടുത്തുകാണിക്കുന്നു. ഈ അംഗീകാരം പ്രകൃതിയുമായുള്ള മനുഷ്യരുടെ പരസ്പര ബന്ധത്തെയും മനുഷ്യരുടെ സമഗ്രമായ ക്ഷേമത്തില്‍ പരിസ്ഥിതിയുടെ പ്രാധാന്യത്തെയും ഊന്നിപ്പറയുന്നു. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധം രൂപപ്പെടുത്തുന്നതില്‍ ആത്മീയതയുടെയും മതങ്ങളുടെയും പങ്ക് അക്കാലത്ത് യു എന്‍ ഇ പി ഗൗരവമായി എടുത്തിരുന്നു.
1980-കളില്‍ യുഎസിലെ ചില വിശ്വാസാധിഷ്ഠിത സംഘടനകളുമായി ചേര്‍ന്ന് അതിന്റെ ആദ്യത്തെ മത-പരിസ്ഥിതി പരിപാടി ആരംഭിക്കുകയും Environmental Sabbath എന്ന സംരംഭം ആരംഭിക്കുകയും ചെയ്തു. 1990-കളില്‍ അജണ്ട 21 ന്റെ ചര്‍ച്ചകള്‍ ആരംഭിക്കുന്നത് സുസ്ഥിര വികസനത്തിന്റെ നാലാം തൂണായി സംസ്‌കാരത്തെ, മതസംസ്‌കാരത്തെ അടക്കം ഉള്‍പ്പെടുത്തുന്നതിലായിരുന്നു. ഇതില്‍ കൗതുകം തോന്നി അജണ്ട 21 നേടിയെടുക്കാനുള്ള മാര്‍ഗം എന്ന നിലയില്‍ ‘സുസ്ഥിര വികസനവും ഇസ്‌ലാമും’ എന്ന വിഷയത്തില്‍ 1999- ല്‍ ഞാനൊരു പ്രബന്ധം പ്രസിദ്ധീകരിച്ചു. 2000-ല്‍ യുഎന്‍ഇപി Earth and Faith എന്ന ഒരു പബ്ലിക്കേഷന്‍ ആദ്യമായി പുറത്തിറക്കി. 20 വര്‍ഷങ്ങള്‍ക്കു ശേഷം ലോക മതങ്ങളുടെ പാര്‍ലമെന്റിനോട് അനുബന്ധിച്ചു നിലവില്‍ ഭൂമി നേരിടുന്ന പ്രതിസന്ധിയും വിശ്വാസവുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടുന്ന പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 2020ല്‍ Faith for Earth: A Call for Action എന്ന പേരില്‍ രണ്ടാം പതിപ്പിറക്കി.
സുസ്ഥിര വികസനത്തിനുള്ള ലക്ഷ്യങ്ങള്‍ (SDGs) 2015ല്‍ സ്വീകരിച്ച ശേഷം കൂട്ടുകെട്ടിനെ സംബന്ധിച്ച ഗോള്‍ 17 പൂര്‍ത്തിയാക്കുന്നതില്‍ സമൂഹത്തെ ഒന്നാകെ എങ്ങനെ ഉള്‍പ്പെടുത്താം എന്ന് യുഎന്‍ഇപി ചിന്തിച്ചുതുടങ്ങി. 2016ല്‍ യു എന്‍ ഇ പി സുസ്ഥിര വികസനത്തിനായി അന്തര്‍സാംസ്‌കാരിക സംവാദങ്ങള്‍ വളര്‍ത്തുന്നതിനായി പരിസ്ഥിതി, സംസ്‌കാരം, മതം എന്നീ വിഷയങ്ങളില്‍ രണ്ടാമത് അന്തര്‍ദേശീയ സെമിനാര്‍ നടത്തി, 2030ലെ അജണ്ടയുടെ സന്ദര്‍ഭത്തില്‍ പരിസ്ഥിതി, മതം, സംസ്‌കാരം എന്നിവയില്‍ ഒരു ചര്‍ച്ചാ പ്രബന്ധം പ്രസിദ്ധീകരിച്ചു.
സുസ്ഥിര വികസനത്തില്‍ മതങ്ങള്‍, ആത്മീയത, വിശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പ്രധാന പങ്കുവഹിക്കാനുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട് ഞാന്‍ ഈ വിഷയത്തില്‍ മുമ്പ് ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതിനാല്‍ വിശ്വാസപ്രവര്‍ത്തകരുമായി തന്ത്രപരമായി ഇടപഴകിക്കൊണ്ട് അവരെ നയസംവാദങ്ങളില്‍ പങ്കാളികളാക്കാന്‍ ഫെയ്ത്ത് ഫോര്‍ എര്‍ത്ത് എന്ന പേരില്‍ ഒരു സംരംഭത്തിന് തുടക്കം കുറിക്കാന്‍ 2017ല്‍ യുഎന്‍ഇപിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നോട് അഭ്യര്‍ഥിച്ചു. അത്തരമൊരു മഹത്തായ സംരംഭം ആരംഭിക്കാന്‍ എനിക്ക് മിക്ക പ്രധാന മതങ്ങളെയും പരിസ്ഥിതിയുമായുള്ള അവയുടെ ബന്ധങ്ങളെയും കുറിച്ച് പഠിക്കേണ്ടിയിരുന്നു. കൂടുതല്‍ പഠിക്കുംതോറും, നമ്മുടെ ആചാരങ്ങളും ജീവിതരീതികളും രൂപപ്പെടുത്തുന്നതില്‍ മൂല്യങ്ങളുടെയും ധാര്‍മികതയുടെയും പ്രാധാന്യത്തെക്കുറിച്ച് എനിക്ക് കൂടുതല്‍ ബോധ്യപ്പെട്ടു. അതിനു ശേഷം ഞങ്ങള്‍ പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങളും വിശ്വാസാധിഷ്ഠിത സംഘടനകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതും അതിന്റെ സുപ്രധാന പങ്കും മൂല്യവും പ്രകടമാക്കി.

? മൈക്രോ, മാക്രോ തലത്തില്‍ (വ്യക്തിതലത്തിലും സമൂഹതലത്തിലും) പ്ലാസ്റ്റിക് മലിനീകരണവുമായി സുസ്ഥിര ജീവിതശൈലിയെ എങ്ങനെ ബന്ധിപ്പിക്കാം?
ഈ ബന്ധം മനസ്സിലാക്കുന്നതിന് നമ്മുടെ സാമൂഹികവും സാമ്പത്തികവും മതപരവും രാഷ്ട്രീയവുമായ മണ്ഡലങ്ങളാല്‍ സ്വാധീനിക്കപ്പെടുന്ന നമ്മുടെ പെരുമാറ്റങ്ങളും തിരഞ്ഞെടുപ്പുകളും ശീലങ്ങളും എല്ലാം കാണിക്കുന്നതാണ് നമ്മുടെ ജീവിതശൈലി എന്നു മനസ്സിലാക്കേണ്ടതുണ്ട്. വ്യക്തികളും സമുദായങ്ങളും സ്വന്തം ജീവിതശൈലി തിരഞ്ഞെടുപ്പുകളാല്‍ പ്രകൃതിയുമായി സമന്വയിച്ചു ജീവിക്കുന്നതിനോ അതിന്റെ നാശത്തിലേക്ക് വഴിവെക്കുന്നതിനോ സഹായിക്കുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, രണ്ടാമത്തേതാണ് ഇന്ന് നമ്മള്‍ എത്തിപ്പെട്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യത്തിന് വരുന്ന നാശം, മലിനീകരണം, മാലിന്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇടയാക്കിയിരിക്കുന്നത്.
ലോകത്തിലെ പല മതങ്ങളും സുസ്ഥിര ജീവിതവും ജീവിതരീതിയും സ്വീകരിക്കുന്നു. പ്രകൃതിവിഭവങ്ങളുടെ വിവേകപൂര്‍ണമായ ഉപയോഗത്തിലൂടെ എല്ലാവര്‍ക്കുമായി സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുന്നതിന് മതങ്ങള്‍ ഉയര്‍ന്ന മൂല്യങ്ങള്‍ പുലര്‍ത്തുന്നു. ഉദാഹരണത്തിന്, ബുദ്ധമതം പ്രകൃതിയുമായുള്ള മനുഷ്യരുടെ പരസ്പര ബന്ധത്തെയും അതുവഴി പരിസ്ഥിതിയില്‍ പെരുമാറ്റത്തിന്റെ സ്വാധീനത്തെയും പ്രതിഫലിപ്പിക്കുന്നു. ഇസ്‌ലാമില്‍, മധ്യമാര്‍ഗം എന്നത് മുസ്‌ലിംകള്‍ മിതത്വം പാലിക്കുകയും നീതി ഉറപ്പാക്കുകയും പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ജീവിതശൈലിയാണ്.
മതപരമായ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ജീവിതശൈലി സ്വീകരിക്കുന്നത് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിന് പല തരത്തില്‍ സഹായിക്കും. ഉദാഹരണത്തിന്, പ്രകൃതിയുടെ പവിത്രത എന്ന തത്വം സ്വീകരിക്കുന്നതിലൂടെ, വ്യക്തികള്‍ അവരുടെ ഉപഭോഗ രീതികളെക്കുറിച്ചും പരിസ്ഥിതിയില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആഘാതത്തെക്കുറിച്ചും കൂടുതല്‍ ശ്രദ്ധാലുക്കളായേക്കാം. സുസ്ഥിര ബദലുകള്‍ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുക. എല്ലാ മതങ്ങളും വാദിക്കുന്ന ലളിതമായ ജീവിതതത്വങ്ങള്‍ സ്വീകരിക്കുന്നതിലൂടെ വ്യക്തികള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളിലും പാക്കേജിങിലും ആശ്രയിക്കുന്നത് കുറയ്ക്കാം, പ്രത്യേകിച്ചും വിശ്വാസ ഉത്സവങ്ങളിലും അവസരങ്ങളിലും പുനരുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദവുമായ ബദലുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
പുനരുപയോഗിക്കാവുന്ന ബാഗുകള്‍, കുപ്പികള്‍, പാത്രങ്ങള്‍ എന്നിവയുടെ ഉപയോഗം, ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കുക, മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കുക എന്നിങ്ങനെ പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്ന നമ്മുടെ ജീവിതശൈലി രൂപപ്പെടുത്താന്‍ കഴിയുന്ന മറ്റ് മതപരമായ തത്വങ്ങളാണ് കാര്യസ്ഥതയും ഉത്തരവാദിത്തവും.
പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട് മതസമൂഹങ്ങള്‍ കൂട്ടായ പ്രവര്‍ത്തനത്തിന് വേദിയൊരുക്കുന്നു. അവ വിദ്യാഭ്യാസ കാമ്പയിനുകള്‍ മുതല്‍ ശുചീകരണ പരിപാടികള്‍, അതുപോലെത്തന്നെ ബോധവത്കരണ കാമ്പയിനുകള്‍ എന്നിവ ആരംഭിക്കുന്നതുവരെ ആവാം. നയപരമായ സംവാദത്തില്‍ പങ്കെടുക്കുന്നത് മാറ്റത്തിന് കാര്യമായ സംഭാവന നല്‍കാനുള്ള മറ്റൊരു മാര്‍ഗമാണ്. അതിന് ഉദാഹരണമാണ് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി അസംബ്ലിയുടെ സമയത്ത്, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ആഗോള പ്രമേയം സ്വീകരിക്കാന്‍ മതസംഘടനകള്‍ നയരൂപകല്‍പന നടത്തുന്നവര്‍ക്ക് അപേക്ഷ നല്‍കിയത്.

? ലോക പരിസ്ഥിതി ദിനത്തിനു നിങ്ങളുടെ സംഘടനയില്‍ എന്ത് പ്രസക്തിയാണുള്ളത്? മറ്റുള്ളവരെ പരിസ്ഥിതിയെക്കുറിച്ചു ബോധവത്കരിക്കാന്‍ ഈ നിമിഷം എങ്ങനെയാണ് നിങ്ങള്‍ ഉപയോഗിക്കുന്നത്?
എല്ലാ വര്‍ഷവും ജൂണ്‍ 5ന് ആചരിക്കുന്ന ലോക പരിസ്ഥിതി ദിനം യഥാര്‍ഥത്തില്‍ 1972ല്‍ യുഎന്‍ഇപി സ്ഥാപിതമായ ദിനമാണ്. ഈ ദിനത്തിന്റെ സ്മരണയ്ക്കായി, ജനങ്ങള്‍ക്കും ഭൂമിക്കും പാരിസ്ഥിതികമായി പ്രസക്തിയുള്ള ഒരു പാരിസ്ഥിതിക വിഷയം യുഎന്‍ഇപി തിരഞ്ഞെടുക്കുന്നു. പ്ലാസ്റ്റിക് സംബന്ധിച്ച് ഇന്റര്‍നാഷണല്‍ നെഗോഷ്യേറ്റിംഗ് കമ്മിറ്റി (INC) സ്ഥാപിക്കാനുള്ള ഡചഋഅ പ്രമേയം അംഗീകരിക്കുകയുണ്ടായി.
ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ ഇങ്ങനെ തിരഞ്ഞെടുക്കുന്ന വിഷയത്തെ ചുറ്റിപ്പറ്റിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. അത് അഭിസംബോധന ചെയ്യുന്നതില്‍ വലിയ പുരോഗതി കൈവരിക്കുന്നുമുണ്ട്. ആളുകള്‍ക്കും ഗവണ്‍മെന്റുകള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും സംഘടനകള്‍ക്കും പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങള്‍ക്കായി എങ്ങനെ സംഭാവന ചെയ്യാം എന്നതിനെക്കുറിച്ചുള്ള ചില പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ മത-വിശ്വാസ പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളോടെ ഞങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

? ‘ട്രിപ്പിള്‍ പ്ലാനറ്ററി ക്രൈസിസ്’ എന്നാല്‍ എന്താണ്? എന്തുകൊണ്ടാണ് ഈ സംജ്ഞ ഉപയോഗിക്കുന്നത്? നിങ്ങളുടെ ദൗത്യത്തെ അത് എങ്ങനെയാണ് കൃത്യമായി ചിത്രീകരിക്കുന്നത്?
‘ട്രിപ്പിള്‍ പ്ലാനറ്ററി ക്രൈസിസ്’ എന്നത് കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, മലിനീകരണം എന്നീ മൂന്നു പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ മൂലകാരണങ്ങളുടെയും ആഘാതങ്ങളുടെയും പരസ്പരബന്ധങ്ങളെ വിവരിക്കാന്‍ ഞങ്ങള്‍ ഉപയോഗിക്കുന്ന പദമാണ്. സമ്പന്നരെയും ദരിദ്രരെയും വികസിത-വികസ്വര രാജ്യങ്ങളെയും പുരുഷന്മാരെയും സ്ത്രീകളെയും വ്യത്യസ്ത പശ്ചാത്തലത്തിലുള്ള ആളുകളെയും ബാധിക്കുന്ന നമ്മുടെ കാലത്തെ ഏറ്റവും അഗാധമായ പാരിസ്ഥിതിക ദുരന്തമാണ് കാലാവസ്ഥാ വ്യതിയാനം. ഇവിടെ ഒരു കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്. അതായത് സമൂഹത്തിലെ വിശേഷാധികാരങ്ങളില്ലാത്ത വിഭാഗങ്ങള്‍ക്കാണ് ഈ മാറ്റങ്ങളോട് ഒത്തുപോകാനും മുന്‍കൂട്ടി അറിയിപ്പ് ലഭിക്കാനും ഒന്നുമുള്ള സംവിധാനം ഇല്ലാത്തതുകൊണ്ട് ഇതിന്റെ കൂടുതല്‍ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരിക.
ഒരു ദശലക്ഷം ജൈവവൈവിധ്യ ജീവിവര്‍ഗങ്ങളുടെ വംശനാശത്തിന്റെ അപകട സാധ്യതയാണ് നാം അഭിമുഖീകരിക്കുന്നത്. ഇതിനെല്ലാം പുറമെയാണ് നമ്മുടെ കരയെയും വെള്ളത്തെയും ബാധിക്കുന്ന മലിനീകരണം ഉയര്‍ത്തുന്ന വെല്ലുവിളി. കാലാവസ്ഥാ വ്യതിയാനം നമ്മുടെ കൃഷിയുടെയും മഴലഭ്യതയുടെയും ക്രമങ്ങളെ ബാധിക്കുന്നു. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും ഉപഭോഗ രീതികളുമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണങ്ങള്‍ എന്നതിന് ശാസ്ത്രം തെളിവാണ്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതു വഴിയുള്ള വായു മലിനീകരണം, ജല മലിനീകരണം, പ്ലാസ്റ്റിക് മലിനീകരണം എന്നിവ ആരോഗ്യകരമായ ഭക്ഷണം ഉല്‍പാദിപ്പിക്കാനുള്ള നമ്മുടെ കഴിവിനെയും അതുവഴി ജനങ്ങളുടെ ആരോഗ്യത്തെ തന്നെയും ബാധിക്കുകയും ചെയ്യുന്നു.
ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ സുസ്ഥിര വികസനത്തിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട മേഖല കൈകാര്യം ചെയ്യുന്നത് യുഎന്‍ഇപി ആണ്. അതുകൊണ്ട് നമ്മുടെ ദൗത്യം ആഗോളതലത്തില്‍ യോജിച്ചതും ഏകോപിപ്പിച്ചതുമായ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും അതിനായി വാദിക്കുകയും ചെയ്യുക എന്നതാണ്. സുസ്ഥിരവും പ്രതിരോധ ശേഷിയുള്ളതുമായ ഒരു ഭാവിക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സമൂഹത്തിന്റെയാകെ- ഭരണകൂടങ്ങളുടെയും പൗരസമൂഹത്തിന്റെയും വിശ്വാസികളുടെയും അക്കാദമിക്കുകളുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും യുവജന സംഘടനകളുടെയും വ്യവസായങ്ങളുടെയും വ്യക്തികളുടെയും എല്ലാം- സഹകരണം യുഎന്‍ഇ പി പ്രോത്സാഹിപ്പിക്കുന്നു.

? GTUx (Graduate Theological Union) സമൂഹവുമായി മറ്റെന്തെങ്കിലും വിഭവങ്ങള്‍ കൂടി താങ്കള്‍ക്ക് പങ്കുവെക്കാനുണ്ടോ?
വ്യക്തികളെയും സംഘടനകളെയുമെല്ലാം യുഎന്‍ഇപി യും മറ്റ് അനേകം സംഘടനകളും വികസിപ്പിച്ചെടുത്ത കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യങ്ങളുടെ നാശം, മലിനീകരണം എന്നീ പ്രശ്‌നങ്ങളും അവ പരിഹരിക്കുന്നതിന് എങ്ങനെ പങ്കാളികളാകാം എന്നതും സംബന്ധിച്ച ബൃഹത്തായ ശാസ്ത്രീയ വിവരങ്ങള്‍ പരിശോധിച്ചുനോക്കാന്‍ ഞാന്‍ ക്ഷണിക്കുകയാണ്. കജഇഇ റിപോര്‍ട്ടുകള്‍ പോലുള്ള രേഖകള്‍ വായിക്കുന്നത് ഉപകാരപ്രദമാണെങ്കിലും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ലളിതവും ആസ്വാദ്യകരവുമായ രീതിയില്‍, എന്നാല്‍ നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ ഗൗരവം വിവരിക്കുന്നതും സാധ്യമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതുമായ വിഭവങ്ങളായിരിക്കും താല്‍പര്യപ്പെടുക.
The Story of Plastics, The Plastic Ocean എന്നീ ഡോക്യുമെന്ററികള്‍ രസകരമായേക്കും. The Faith for Earth Coalition മതങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിനായി മരങ്ങള്‍ നടുന്നതിനും ആരാധനാലയങ്ങള്‍ ഹരിതാഭമാക്കുന്നതിനും ചില മാര്‍ഗരേഖകള്‍ ഉള്‍പ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളും ചില ഓണ്‍ലൈന്‍ കോഴ്‌സുകളും പുറത്തിറക്കിയിട്ടുണ്ട്.
(ഡോ. ഇയാദ് അബുമുഗ്‌ലി United Nations Environment Programme (UNEP) യുടെ Faith for Earth Initiative ന്റെ സ്ഥാപകനും ഡയറക്ടറുമാണ്. അദ്ദേഹത്തിന് അന്തര്‍ദേശീയ സംഘടനകളുമായും ശാസ്ത്ര സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് 35 വര്‍ഷത്തിലേറെയുള്ള അനുഭവ പരിചയമുണ്ട്. യുഎന്‍ഇപി യില്‍ ചേരുന്നതിനു മുമ്പ് അദ്ദേഹം 14 വര്‍ഷം യുണൈറ്റഡ് നാഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.)
വിവ. ഡോ. സൗമ്യ പി എന്‍

Back to Top