9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

വിലക്കുകളെ സധൈര്യം നേരിട്ട ഒറ്റയാള്‍ പോരാളി

ഹാറൂന്‍ കക്കാട്‌


മുസ്‌ലിം നവോത്ഥാനരംഗത്ത് വെട്ടം പരത്തിയ പണ്ഡിതനായിരുന്നു വെട്ടം അബ്ദുല്ല ഹാജി. മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം വെട്ടം വളപ്പില്‍ തട്ടാത്ത് കുട്ടി മുഹമ്മദ്കുട്ടി എന്ന കുട്ട്യംകുട്ടിയുടെയും പാത്തുമ്മുവിന്റെയും മകനായി 1895-നും 1900-നും ഇടയിലാണ് ജനനം. ബന്ധുവായിരുന്ന കൂട്ടായി ബാവ മുസ്‌ലിയാരുടെ ശിക്ഷണത്തില്‍ പ്രാഥമിക മതപഠനം നടത്തി. വെട്ടം, പുതിയങ്ങാടി, വടകര, കൂരിക്കുഴി, പൊന്നാനി, കോട്ടക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ദര്‍സുകളില്‍ നിന്നു മതവിജ്ഞാനീയങ്ങളില്‍ പാണ്ഡിത്യം നേടി. കോട്ടക്കല്‍ പള്ളി ദര്‍സിലെ പഠനമാണ് അബ്ദുല്ല ഹാജിയുടെ ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവായത്. വിശുദ്ധ ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കാനും തഫ്‌സീറുകള്‍ പരിശോധിക്കാനും ഇവിടെ കൂടുതല്‍ സൗകര്യം ലഭിച്ചിരുന്നു.
ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ആശയപ്രചാരണത്തിനു വേണ്ടി വിശ്രമമില്ലാതെ രംഗത്തിറങ്ങിയ ഹാജിയുടെ പ്രബോധന ദൗത്യങ്ങള്‍ വിസ്മയകരമായിരുന്നു. വാരണാക്കരയില്‍ ഹാജി നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. പ്രദേശത്ത് ഒരു ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ മഹല്ല് ഖാദി സൈനുദ്ദീന്‍ കോയ തങ്ങളുടെ പ്രസംഗം കേള്‍ക്കാന്‍ ഹാജിയും പോയി. എന്നാല്‍ അദ്ദേഹത്തിന് പ്രഭാഷണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് അബ്ദുല്ല ഹാജിയോട് പ്രസംഗിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടു. ഹാജിയുടെ പ്രഭാഷണ ശൈലിയിലും അവതരണമികവിലും ആകൃഷ്ടരായ സംഘാടകര്‍ തുടര്‍ദിവസങ്ങളിലും അദ്ദേഹത്തോട് പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ 1942ല്‍ തുടര്‍ച്ചയായി മൂന്ന് ആഴ്ചകളിലായി വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി വാരണാക്കരയില്‍ ഹാജി പ്രഭാഷണം നടത്തി. ഇതാണ് പ്രദേശത്ത് വലിയ തോതില്‍ പരിവര്‍ത്തനങ്ങള്‍ക്ക് നിദാനമായത്. രണ്ടു വര്‍ഷത്തോളം വാരണാക്കര പള്ളിയില്‍ അദ്ദേഹം ഖുര്‍ആന്‍ പഠനക്ലാസ് നടത്തുകയും ചെയ്തിട്ടുണ്ട്.
ലളിതമായി കൃത്യതയോടെ വിഷയങ്ങള്‍ അവതരിപ്പിക്കും. അതീവ ഹൃദ്യവും ഇമ്പമാര്‍ന്നതുമായിരുന്നു ഹാജിയുടെ ഖുര്‍ആന്‍ പാരായണം. പ്രഭാഷണത്തില്‍ ഇടയ്ക്കിടെ മധുരമാര്‍ന്ന ശബ്ദത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക വഴി കൂടുതല്‍ സത്യാന്വേഷകരെ പ്രസംഗത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചു.
മലപ്പുറം കോട്ടപ്പടിയില്‍ ഹാജിയുടെ ഏഴു ദിവസത്തെ മതപ്രഭാഷണ പരിപാടി ആസൂത്രണം ചെയ്തു. ശാന്തമായി നടന്ന പരിപാടിയുടെ അഞ്ചാം ദിവസം മേല്‍മുറിയില്‍ നിന്നെത്തിയ ചില യാഥാസ്ഥിതികര്‍ പരിപാടി അലങ്കോലപ്പെടുത്തി. ഇതേ തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് പരിപാടി താല്‍ക്കാലികമായി നിര്‍ത്തുകയും പിന്നീട് പുനരാരംഭിക്കുകയുമാണ് ചെയ്തത്. പ്രഭാഷണമധ്യേ അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും ബഹളം വെച്ചും അലങ്കോലപ്പെടുത്താന്‍ തുടര്‍ന്നും ചിലര്‍ ശ്രമിച്ചെങ്കിലും പരിപാടി സമാധാനപരമായി സമാപിച്ചു. മലപ്പുറത്തെ വിജയകരമായ പ്രഭാഷണ പരമ്പരയ്ക്കു ശേഷം കോട്ടക്കല്‍ കേന്ദ്രീകരിച്ചും ഹാജിയുടെ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രസംഗം അലങ്കോലപ്പെടുത്താന്‍ ഇവിടെയും കല്ലേറും മറ്റും നടന്നെങ്കിലും മൂന്നു ദിവസത്തെ പരിപാടി പ്രദേശത്തും പരിസരങ്ങളിലും വമ്പിച്ച പരിവര്‍ത്തനങ്ങള്‍ക്ക് ഹേതുവായി. അബ്ദുല്ല ഹാജി രണ്ടത്താണിയില്‍ നടത്തിയ പ്രഭാഷണം കേള്‍ക്കാനിടയായതാണ് യഥാര്‍ഥ മതത്തെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന ചിന്ത കെ പി മുഹമ്മദ് മൗലവിയില്‍ ഉണര്‍ത്തിയത്.
വളവന്നൂര്‍ വരമ്പനാലയില്‍ സുന്നി – മുജാഹിദ് വാദപ്രതിവാദം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സംഘം ഇതില്‍ നിന്ന് പിന്മാറി. എന്നാല്‍ പ്രദേശത്ത് സംഘടിപ്പിച്ച ഇസ്‌ലാഹി പ്രഭാഷണ പരിപാടിയില്‍ അബ്ദുല്ല ഹാജി, കെ എം മൗലവി, എം സി സി സഹോദരന്മാര്‍ എന്നിവര്‍ നടത്തിയ പ്രഭാഷണങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടാവുകയും നിരവധി പേര്‍ നവോത്ഥാന പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തകരാവുകയും ചെയ്തു. കൊണ്ടോട്ടി നെടിയിരുപ്പില്‍ പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുമായി നടന്ന വാദപ്രതിവാദത്തിലും എടവണ്ണ അലവി മൗലവി, എം സി സി സഹോദരന്മാര്‍ എന്നിവര്‍ക്കൊപ്പം അബ്ദുല്ല ഹാജിയും നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ പിന്നിട്ട വാദപ്രതിവാദത്തില്‍ നിന്ന് അസുഖമാണെന്നു പറഞ്ഞ് പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പിന്മാറുകയായിരുന്നു.
കൊച്ചി മട്ടാഞ്ചേരി പറമ്പ് മൈതാനിയില്‍ അബ്ദുല്ല ഹാജി നടത്തിയ പ്രഭാഷണങ്ങള്‍ ചരിത്രപ്രസിദ്ധമാണ്. കൊച്ചിയില്‍ ഒരു ദജ്ജാല്‍ ഇറങ്ങുന്നുണ്ടെന്നും അവന്റെ കെണിയില്‍ വീഴാതെ മുസ്‌ലിംകള്‍ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പരിപാടിയുടെ മുന്നോടിയായി യാഥാസ്ഥിതികര്‍ വ്യാപകമായി നോട്ടീസ് വിതരണം ചെയ്തു. എന്നാല്‍ ശക്തമായ വിലക്കുകള്‍ ലംഘിച്ചുകൊണ്ട് വലിയ ജനാവലിയാണ് ഹാജിയുടെ പ്രഭാഷണത്തിനായി മൈതാനിയില്‍ തടിച്ചുകൂടിയത്. ഹാജിയെ വധിക്കുന്ന വ്യക്തിക്ക് രക്തസാക്ഷിയുടെ പ്രതിഫലം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് യാഥാസ്ഥിതികര്‍ ഒരാളെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് അയച്ചു. എന്നാല്‍ ഹാജിയെ വധിക്കാമെന്നേറ്റ വ്യക്തി അദ്ദേഹത്തിന്റെ ഹൃദ്യമായ പ്രഭാഷണം കേട്ടതോടെ ആ ദൗത്യത്തില്‍ നിന്ന് പിന്മാറി. മറ്റു ചിലര്‍ പരിപാടി അലങ്കോലപ്പെടുത്തുകയും ഹാജിയെ വധിക്കാന്‍ ആക്രോശിക്കുകയും ചെയ്തു. എന്നാല്‍ ഹാജിയെ വധിക്കാനായി വന്ന വ്യക്തി ഇതേ വേദിയില്‍ അദ്ദേഹത്തിന്റെ രക്ഷകനായി മാറിയ വിസ്മയത്തിന് കൊച്ചി സാക്ഷിയായി.
പുളിക്കല്‍ നടന്ന സമസ്തക്കാരുമായുള്ള ഖണ്ഡന പ്രസംഗപരമ്പരയില്‍ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ എന്നിവര്‍ക്ക് മറുപടി പ്രസംഗം നടത്തിയിരുന്നത് അബ്ദുല്ല ഹാജിയും എടവണ്ണ അലവി മൗലവിയുമായിരുന്നു.
മഞ്ചേരി, കാരക്കുന്ന്, മലപ്പുറം, താനൂര്‍, കൊണ്ടോട്ടി, എടവണ്ണ, ഒതായി, നിലമ്പൂര്‍, മമ്പാട്, വണ്ടൂര്‍, ചെറുകോട്, അയനിക്കോട്, ചെറവന്നൂര്‍, പറവന്നൂര്‍, വളവന്നൂര്‍, രണ്ടത്താണി, വാഴക്കാട്, പറവണ്ണ, ചേന്നര തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം നടത്തിയ സുദീര്‍ഘമായ പ്രഭാഷണ പരമ്പരകള്‍ ഇത്തരം പ്രദേശങ്ങളുടെ ആദര്‍ശ ചരിത്രം മാറ്റി എഴുതുന്നതിനു വരെ നിമിത്തമായി. പുളിക്കലും ഫറോക്കിലും കുറ്റിപ്പുറത്തും നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനങ്ങളില്‍ വെട്ടം ഹാജി പങ്കെടുത്തിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപമുള്ള മുജാഹിദ് സെന്റര്‍ ഉദ്ഘാടനം ചെയ്തത് അബ്ദുല്ല ഹാജിയാണ്.
പാടത്ത് കന്നുപൂട്ടുകയും വിവിധ കൃഷികള്‍ നടത്തുകയും ചെയ്തിരുന്നു ഹാജി. പച്ചക്കറികളും പഴങ്ങളും എല്ലാം അദ്ദേഹം സ്വന്തമായി കൃഷി ചെയ്തു. ആയിരങ്ങളെ ആകര്‍ഷിച്ചിരുന്ന ഈ പ്രഭാഷകന്‍ പകല്‍സമയങ്ങളില്‍ പാടത്ത് കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകനായിരുന്നു. നടവഴികളുടെ ഓരങ്ങളിലും പള്ളിമുറ്റങ്ങളിലുമെല്ലാം അദ്ദേഹം എമ്പാടും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു പ്രകൃതിയുടെ സംരക്ഷകനായി.
ഏഴു പതിറ്റാണ്ടിലേറെ ഇസ്‌ലാഹി ആദര്‍ശ പ്രചാരണമേഖലയില്‍ ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ അസൂയാര്‍ഹമാംവിധം വെളിച്ചം പകര്‍ന്ന വെട്ടം അബ്ദുല്ല ഹാജി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അവസാനകാലത്ത് ആറു മാസത്തോളം തിരൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1987 ഡിസംബര്‍ നാലിന് ഹാജി നിര്യാതനായി.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x