വിടവാങ്ങിയത് നാടിന്റെ നായകന്‍
ചേളാരി: പ്രാസ്ഥാനിക രംഗത്ത് നേതൃപാടവത്തിന്റെയും നേരറിവിന്റെയും മേഖലകളില്‍ തന്റേതായ പാദമുദ്രകള്‍ അടയാളപ്പെടുത്തിയ അഡ്വ. പി എം മുഹമ്മദ് കുട്ടി സാഹിബ് (91)നമ്മോട് വിട വാങ്ങി. അദ്ദേഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിനു മാത്രമല്ല ജന്മനാടിനും തീരാ നഷ്ടമാണ്. തേഞ്ഞിപ്പലത്തിനു മികവുറ്റ ഒരു കാരണവരെയും വികസന ശില്‍പ്പിയെയുമാണ് നഷ്ടപ്പെട്ടത്.
1929 ജൂലൈ 15-നു പി എം ആലിക്കുട്ടി ഹാജിയുടെയും ഇ കെ കുഞ്ഞാത്തുട്ടിയുടെയും പുത്രനായാണ് ജനനം. കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ്, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ജനറല്‍ മാനേജര്‍, മാധ്യമം ദിനപത്രം ജനറല്‍ മാനേജര്‍, തിരൂരങ്ങാടി യതീംഖാന മാനേജര്‍, എം ഇ എസ്, എം എസ് എസ് ന്റെയും ആരംഭകാലത്തെ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ജീവിതത്തില്‍ മത, സാമൂഹ്യ, തൊഴില്‍, വ്യവസായ, വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തമായ കാഴ്ചപ്പാടുകളാല്‍ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു. തേഞ്ഞിപ്പലത്തിന്റെ വികസനത്തിന്റെ ഓരോ തുടിപ്പുകളിലും അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു. ചേളാരി ഗവ. ഹൈസ്‌കൂള്‍ യാഥാര്‍ഥ്യമായത് അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന്റെ മാനേജരായിരിക്കെ അദ്ദേഹം സ്‌കൂളിനു ഒരു കെട്ടിടവും കമ്പനി വഴി ലഭ്യമാക്കി.
ചേളാരി മാതാപുഴ റോഡ്, കരിങ്ങാംകുളം ആലുങ്ങല്‍ റോഡ് എന്നിവക്ക് ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരം സ്ഥലം പൂര്‍ണമായും വിട്ട് നല്‍കാന്‍ പിതാവിനെ പ്രേരിപ്പിച്ചത് മുഹമ്മദ് കുട്ടി സാഹിബായിരുന്നു. പാണമ്പ്ര ഇസ്സത്തുല്‍ ഇസ്ലാം മദ്രസ്സ സ്ഥാപകനാണ്. പിന്നീട് ഇസ്‌ലാഹി ആദര്‍ശത്തില്‍ സജീവമായതോടെ കലിക്കറ്റ് സര്‍വകലാശാലക്കടുത്ത് കോഹിനൂരില്‍ പള്ളി നിര്‍മ്മിക്കാന്‍ മുന്നിട്ടിറങ്ങി. അതിനു ശേഷം ചേളാരിയില്‍ സലഫി മസ്ജിദിനും മദ്‌റസക്കുമായി തന്റെ പിതാവിനെ കൊണ്ട് സ്ഥലം വഖ്ഫ് ചെയ്യിക്കുകയും പള്ളിയും മദ്‌റസയും നിര്‍മിക്കുകയും ചെയ്തു. മദ്‌റസയോടനുബന്ധിച്ച് നജ്മുല്‍ ഹുദ അറബിക് കോളജ് സ്ഥാപിച്ചതും അദ്ദേഹമായിരുന്നു. പാണമ്പ്ര സലഫി സെന്റര്‍ യാഥാര്‍ഥ്യമായതിനു പിന്നിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. യൂനിവേഴ്‌സിറ്റി മണ്ഡലത്തിലെ പള്ളികളുടെയെല്ലാം സാക്ഷാത്കാരത്തിനു പിന്നിലും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. വൈജ്ഞാനികവും സരളവുമായിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പതിവായി പരിസര പ്രദേശങ്ങളില്‍ നടന്നിരുന്നു. ഔദ്യോഗികമായി ഉന്നത സ്ഥാനത്തിരിക്കുമ്പോള്‍ പോലും ഒരു പള്ളിയില്‍ ജുമുഅ ഖുതുബ നിര്‍വഹിക്കാറുണ്ടായിരുന്നു. തറാവീഹ് നമസ്‌കാരത്തിന് പ്രത്യേക ഇമാമിനെ നിശ്ചയിക്കുന്ന പതിവ് ആരംഭിക്കുന്നതിനു മുമ്പ് ഇമാമത്ത് നിര്‍വഹിക്കാറുണ്ടായിരുന്നു അദ്ദേഹം.
മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പില്‍ അതീവ ദുഖിതനായിരുന്നെങ്കിലും സത്യത്തിന്റെ പാതയില്‍ ആരെയും കൂസാതെ ഉറച്ച് നില്‍ക്കാനുളള അദ്ദേഹത്തിന്റെ സ്വത സിദ്ധമായ നിലപാട് ആ ഘട്ടത്തിലും പ്രകടമായി. മര്‍കസുദ്ദഅവ പക്ഷത്തോടൊപ്പം ഉറച്ച് നില്‍ക്കുകയും വര്‍ഷങ്ങളോളം അതിന്റെ സംസ്ഥാന ഭാരവാഹിത്വം അലങ്കരിക്കുകയും ചെയ്തു. 2016-ലെ പുനരൈക്യത്തില്‍ സന്തോഷവാനായിരുന്നു. പക്ഷെ കെ എന്‍ എം പക്ഷത്ത് നിന്നും കരാര്‍ ലംഘനവും മറ്റു പ്രയാസങ്ങളും ഉണ്ടായിക്കൊണ്ടിരുന്നതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. പിന്നീട് മര്‍ക്കസുദ്ദഅവ ആസ്ഥാനമായുള്ള സംവിധാനം പുനസ്സംഘടിപ്പിച്ചപ്പോള്‍ അതിനോട് അനുഭാവം പുലര്‍ത്തുകയും ചേളാരിയില്‍ നടന്ന മണ്ഡലം കെ എന്‍ എം (മര്‍കസുദ്ദഅവ) പരിപാടി ഉദ്ഘാടനം ചെയ്യാന്‍ അനാരോഗ്യം വകവെക്കാതെ എത്തുകയും ചെയ്തു.
മത, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുകളില്‍ ഉറച്ച് നില്‍ക്കുമ്പോഴും എല്ലാവരോടുമുള്ള ബന്ധങ്ങള്‍ വളരെ നല്ലനിലക്ക് പുലര്‍ത്തിപ്പോന്നു. ഇസ്‌ലാഹി നേതാക്കളോടും പണ്ഡിതന്മാരോടും വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം. സാമ്പത്തിക, തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ മത വിഷയങ്ങളില്‍ നിപുണനായിരുന്ന അദ്ദേഹം അത്തരം വിഷയങ്ങളില്‍ നടത്തിയിട്ടുള്ള പ്രഭാഷണങ്ങളും രചനകളും ഏറെ ശ്രദ്ധേയമായിരുന്നു.
ഭാര്യ: ഉമ്മു ആയിശ മുണ്ടോളി. മക്കള്‍: പി എം അമീര്‍ അലി, പി എം മന്‍സൂര്‍, പി എം ആസ്യ സത്താര്‍, പി എം മറിയം കുഞ്ഞുമുഹമ്മദ്. മരുമക്കള്‍: ഹമീദ കളപ്പാടന്‍, എന്‍ ടി സലീന, പരേതനായ അബ്ദുസ്സത്താര്‍ (കണ്ണൂര്‍), ഡോ. കുഞ്ഞുമുഹമ്മദ്(വേങ്ങര). സഹോദരങ്ങള്‍: പി എം ശറഫുദ്ദീന്‍, പി എം അഹമ്മദ് കുട്ടി, തിത്താച്ചുട്ടി (പുത്തൂര്‍പ്പള്ളിക്കല്‍), കുഞ്ഞാത്തുട്ടി (ചേളാരി), എറമാത്ത (ചേളാരി), കുഞ്ഞീമ (കണ്ണമംഗലം), ആയിശുമ്മ (പറമ്പില്‍പ്പീടിക), ബീഫാത്തിമ (ചേറൂര്‍), സുബൈദ (വലിയപറമ്പ), ഹഫ്‌സ (വാളക്കുളം), റുഖ്ഖിയ്യ (പടിക്കല്‍). അല്ലാഹു അദ്ദേഹത്തിനു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാവട്ടെ.
അബ്ദുല്‍കലാം ചേളാരി
