വയനാട് പുനരധിവാസം ഫലപ്രദമായ ഏകോപനം അനിവാര്യമാണ്
ഡോ. കെ ജാഫര്‍
കേരളീയ സാഹചര്യത്തില്‍ ഒരു ദുരന്തം നടന്ന ഉടനെ നാം കേള്‍ക്കുന്ന ചില പദങ്ങളാണ് green kerala, build back better, rebuild kerala തുടങ്ങിയവ. വയനാട്ടില്‍ സംഭവിച്ചതുപോലുള്ള പ്രകൃതിദുരന്തങ്ങളെ പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്ന പൊതുവായ ഒരു സവിശേഷത, അത് ബാധിക്കുന്നത് മുഴുവന്‍ ആളുകളെയുമാണ് എന്നതാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ രോഗിയെന്നോ വേര്‍തിരിവില്ലാതെയാണ് ഇത്തരം അത്യാഹിതങ്ങള്‍ സംഭവിക്കുന്നത്. ഈ പ്രകൃതിദുരന്തങ്ങളുടെ പരിണിതഫലമായുള്ള കാര്യങ്ങളെ നാം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. മറ്റു തരത്തിലുള്ള സമ്പാദ്യങ്ങള്‍ സ്വന്തമായുള്ളവര്‍ അപകടമേഖലയില്‍ കുറവാണ് എന്നതാണ് വസ്തുത. ജീവിതത്തിന്റെ മുഴുവന്‍ പ്രയത്‌നവും ഒരുക്കൂട്ടിവെച്ച് സമ്പാദിച്ചതൊക്കെ ഒറ്റയടിക്ക് നഷ്ടപ്പെട്ട ആളുകളുടെ എണ്ണമാണ് കൂടുതല്‍. ഇവിടെയാണ് റശളളലൃലിശേമഹ ശാുമര േആണ് സംഭവിച്ചിരിക്കുന്നത് എന്നു കാണുന്നത്. ദുരന്തം ഒരേ രീതിയിലല്ല എല്ലാവരെയും ബാധിച്ചിരിക്കുന്നത്. അരികുവത്കരിക്കപ്പെട്ടവരെ പരിശോധിക്കുമ്പോള്‍ പല വിധത്തിലാണ് കാണപ്പെടുന്നത്. ജാതി, മതം, പ്രായം, ആരോഗ്യം തുടങ്ങി ഇവരെ പല ഭാഗങ്ങളിലായി കാണാം. ഇത്തരക്കാര്‍ക്ക് പുനരധിവാസ പ്രക്രിയയില്‍ പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട്.
ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പലതരം വെല്ലുവിളികള്‍ നേരിടാറുണ്ട്. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ അവിടെ പാടികളില്‍ (ഏലത്തിന്റെയും മറ്റും തോട്ടങ്ങള്‍) തൊഴിലാളികളായ ഒരുപാട് ആളുകള്‍ താമസിക്കുന്നുണ്ട്. പ്ലാന്റേഷന്‍ ആക്ടിന്റെ കീഴിയില്‍ വരുന്ന ഇത്തരം തോട്ടം തൊഴിലാളികള്‍ക്ക് പലപ്പോഴും സാധാരണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കേവലമായ സുരക്ഷിതത്വം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ എത്രത്തോളം മനുഷ്യര്‍ അവിടെ ഉണ്ടായിരുന്നു എന്നതിന്റെ കൃത്യമായ കണക്കുകള്‍ രേഖയിലില്ല. പരിധിക്കപ്പുറം തൊഴിലാളികള്‍ പാടികളില്‍ ഉണ്ടാവാനും സാധ്യതയുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനു ശേഷം അടിയന്തര സ്വഭാവത്തോടെ ചെയ്യുന്ന കാര്യങ്ങളാണ് നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എന്നത്. മനുഷ്യനഷ്ടവും വിഭവനഷ്ടവും ഇതില്‍ ഉള്‍പ്പെടുന്നു. സ്‌കൂളുകളും ആരോഗ്യകേന്ദ്രങ്ങളും മതസ്ഥാപനങ്ങളും തുടങ്ങി ആ പ്രദേശത്ത് നിലനിന്നിരുന്ന സ്ഥാപനങ്ങളുടെയും കണക്കുകള്‍ രേഖപ്പെടുത്തും. അതിനു ശേഷം ചെയ്യാനുള്ള കാര്യം റീബില്‍ഡിങ് പ്രോസസ് നടത്തുകയാണ്. അതിനായി വരുന്ന സാമ്പത്തിക ചെലവ്, പ്രദേശം പൂര്‍വസ്ഥിതിയിലാക്കാന്‍ എടുക്കുന്ന സമയം എന്നിവ കൃത്യമായി പരിശോധിച്ച് ആസൂത്രണം ചെയ്യേണ്ടതുണ്ട്.
പുനരധിവാസത്തിന്റെ കാര്യം പരിശോധിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം തന്നെ പൂര്‍ണമായി നടത്താന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും അവസാനത്തെ കാര്യമാണ് ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായി അമരാവതി മാറ്റിയപ്പോള്‍ സംഭവിച്ചത്. ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലൊന്നായ അമരാവതി കെട്ടിടങ്ങള്‍ ഉണ്ടാക്കാനും മറ്റുമായി ഉപയോഗിച്ചുതുടങ്ങിയപ്പോള്‍ അവിടത്തെ കര്‍ഷകരെയും ഭൂവുടമകളെയും പൂര്‍ണമായി പരിഗണിക്കാന്‍ സാധിച്ചിട്ടില്ല.
കൃഷിയിടങ്ങളെ സംബന്ധിച്ച്, ഉരുള്‍പൊട്ടല്‍ പോലുള്ള ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അവിടെ മുഴുവന്‍ കരിങ്കല്ലുകള്‍ കൂടിക്കിടക്കുന്ന തരത്തില്‍ ഭൂമി മാറുന്നു. കൃഷിനഷ്ടം കണക്കാക്കണമെങ്കില്‍ അഗ്രികള്‍ചറല്‍ ഓഫീസിന്റെ അനുമതി വേണം. രജിസ്‌ട്രേഷന്‍ ഇല്ലാത്തതും അത്തരം സാഹചര്യത്തില്‍ തടസ്സം സൃഷ്ടിക്കുന്നു. ആദിവാസികളുടെ കാര്യം പരിശോധിക്കുമ്പോള്‍, അവരുടെ സ്വാഭാവിക പ്രകൃതിയില്‍ നിന്ന് മാറ്റിയുള്ള പുനരധിവാസം അവരുടെ തനതായ ജീവിതത്തെ ബാധിക്കുന്നു.
വയനാടിന്റെ സാഹചര്യത്തില്‍ കാര്യങ്ങളെ പരിഗണിക്കുമ്പോള്‍ പുതിയ വീടു വെച്ച് താമസസൗകര്യം ശരിയാക്കുക എന്നതിനോടൊപ്പം പ്രധാന്യം കൊടുക്കേണ്ട ഒന്നാണ് നിലവിലെ അവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നത്. ഈയൊരു വിഷയത്തില്‍ സന്നദ്ധ സംഘടനകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ പരിഗണിച്ചാല്‍, ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികള്‍ക്ക് മാനസികപരമായി നേരിട്ട ആഘാതത്തെ തുടര്‍ന്ന് ഈ ഒരു വര്‍ഷം വിചാരിച്ച രീതിയില്‍ പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയണമെന്നില്ല. അവരെ പഴയതുപോലെ ഒരു പഠന സമ്പ്രദായത്തിലേക്ക് എത്തിക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കുക എന്നത് പ്രധാനപ്പെട്ടതാണ്. ആരോഗ്യരംഗത്ത് നല്‍കാന്‍ കഴിയുന്ന അടിസ്ഥാനപരമായ സാഹചര്യങ്ങള്‍, നഷ്ടപ്പെട്ടുപോയ രേഖകള്‍ തിരികെ എടുക്കാനുള്ള സഹായങ്ങള്‍ എന്നിവ നല്‍കാന്‍ സാധിക്കും.
പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുന്ന സമയത്തും അനേകം വെല്ലുവിളികള്‍ ഉയരുന്നുണ്ട്. പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുകൊണ്ടുവരേണ്ട സംസ്ഥാനം നിലവില്‍ ഇതുവരെ ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കിയിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഒരുപാട് പേര്‍ പങ്കാളികളാവുന്നുണ്ട്. കാര്യങ്ങള്‍ ക്രമപ്രകാരം ചെയ്യുന്നിടത്ത് ഉണ്ടാകുന്ന ധാരണക്കുറവു കാരണവും crisis management priority conflict കാരണവുമാവണം ഗവണ്‍മെന്റും സന്നദ്ധ സംഘടനകളും തമ്മിലെ പ്രശ്‌നങ്ങള്‍ക്ക്ഹേതുവായത് ഫലപ്രദമായ കോഡിനേഷനിലൂടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി വിജയിപ്പിച്ചെടുക്കണം.
(മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്‌മെന്റ് സ്റ്റഡീസിലെ അസി. പ്രഫസറാണ് ലേഖകന്‍)
തയ്യാറാക്കിയത്
ആയിശ ഹുദ എ വൈ