2 Wednesday
July 2025
2025 July 2
1447 Mouharrem 6

വയനാട്ടില്‍ രാഹുലിന്റെ ധീരമായ നീക്കം – വി ആര്‍ അനൂപ്

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെയുള്ള വിമര്‍ശനങ്ങളുടെ ഒരു പൊതു സ്വഭാവം, സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ നിന്ന് ഉത്തരേന്ത്യയില്‍ നിന്ന് ഒളിച്ചോടി വയനാട്ടിലേക്ക് വരുന്നു എന്നുള്ള തരത്തിലാണ്. സത്യത്തില്‍ രാഹുല്‍ ഗാന്ധി രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്നു എന്നതിനെ അപ്രസക്തമാക്കുന്ന വിധത്തില്‍ ബി ജെ പി വ്യാപകമായി പ്രചരിപ്പിക്കുന്നത് അമേഠിയില്‍ നിന്ന് പേടിച്ച് ഒളിച്ചോടുന്നു എന്ന തരത്തിലാണ്. നരേന്ദ്ര മോദിയെ 56 ഇഞ്ച് നെഞ്ചളവിന്റെ നായകനായി ചിത്രീകരിക്കുകയും രാഹുല്‍ ഗാന്ധിയെ ഭീരുവായി പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ആണത്ത രാഷ്ട്രീയ ആലോചനകളുടെ ഭാഗമായിട്ടു തന്നെയാണ് അമേഠിയില്‍ നിന്ന് വയനാട്ടിലേക്ക് പേടിച്ചോടുന്ന രാഹുല്‍ ഗാന്ധി എന്ന രൂപകത്തെ മുന്നോട്ടു വെക്കുന്നത്. അറിഞ്ഞോ അറിയാതെയോ കേരളത്തിലെ ഇടതുപക്ഷവും പ്രത്യേകിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ അത്തരത്തില്‍ പ്രചരണം ആരംഭിക്കും മുന്‍പേ സി പി എമ്മിന്റെ സംസ്ഥാന ജന. സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അതു തന്നെയാണ് പറയുന്നത്.
രണ്ടാമതായി, ഫാസിസവുമായുള്ള പോരാട്ടം നയിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ്  കേരളത്തിലെ ഇടതുപക്ഷവുമായി മത്സരിക്കാന്‍ കഴിയുക എന്ന ചോദ്യമാണ് വയനാട്ടില്‍ നിന്നും ഉയര്‍ന്നു വരുന്നത്. നിങ്ങള്‍ ഇടതുപക്ഷത്തോട് മത്സരിക്കുമ്പോള്‍, രാഷ്ട്രീയമായി എതിര്‍ക്കുമ്പോള്‍ ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തില്‍ നിന്ന് നിങ്ങള്‍ സ്വയം പുറന്തള്ളപ്പെടുന്നു എന്നുള്ളത് ഇടതു പക്ഷം തന്നെ സൃഷ്ടിച്ചു വെച്ചിട്ടുള്ള ഒരു ആഖ്യാനമാണ്. തീര്‍ച്ചയായും കോണ്‍ഗ്രസ് ദേശീയ തലത്തില്‍ മത്സരിക്കുന്നത് സംഘപരിവാറിനോട് മാത്രമല്ല, കോണ്‍ഗ്രസല്ല, തങ്ങളാണ് യഥാര്‍ഥ ബദല്‍ എന്ന് പറയുന്ന ചില കാല്പനികതകളോട് കൂടിയാണ്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണമായി ഞാന്‍ കാണുന്നത് അദ്ദേഹത്തിനെതിരില്‍ ഉയര്‍ന്നു വരുന്ന പുതിയ ആരോപണങ്ങള്‍ തന്നെയാണ്. അത് ഒരു മുസ്‌ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ പ്രധാന മന്ത്രി സ്ഥാനാര്‍ഥി മത്സരിക്കുന്നു എന്നുള്ളതാണ്. വയനാട് എന്ന മണ്ഡലം എത്ര മാത്രം മുസ്‌ലിം ഭൂരിപക്ഷമാണ് എന്നതിന്റെ ഡാറ്റകള്‍ അവിടെ നില്ക്കുമ്പോള്‍ തന്നെ, സത്യത്തില്‍ ഇതുന്നയിക്കുന്നവരെ പ്രകോപിപ്പിക്കുന്നത് പശ്ചിമബംഗാളിലെ മിട്‌നാപൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ക്കു ഭൂരിപക്ഷമുള്ള ജില്ലയിലെ പ്രധാനപ്പെട്ട മൂന്നു മണ്ഡലങ്ങള്‍ വയനാട്ടില്‍ ഉള്‍ക്കൊള്ളുന്നു എന്നുള്ളതു തന്നെയാണ്. അവിടത്തെ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ സാന്നിധ്യവും. അത്തരമൊരാരോപണം സംഘപരിവാര്‍ ഉന്നയിക്കുന്നതിനു മുന്‍പേ സംസ്ഥാനത്തിനകത്തു നിന്ന് സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയും കെ ടി ജലീലിനെപ്പോലെയുള്ള സംസ്ഥാന മന്ത്രി സഭയിലെ ഒരംഗവും ഉന്നയിക്കുമ്പോള്‍ മലപ്പുറത്തിനോട് അവര്‍ ഇതുവരെ സ്വീകരിച്ച സമീപനം വെച്ചു നോക്കുമ്പോള്‍ അത്ഭുതത്തിന് അവകാശമില്ല. പലപ്പോഴും മലപ്പുറത്തെ ഒരു വെറുപ്പിന്റെ കേന്ദ്രമാക്കി ആവര്‍ത്തിക്കുന്നത് പതിവാക്കിയ(പച്ച ബോര്‍ഡ്, പച്ച ബ്ലൗസ് വിവാദങ്ങള്‍), മലപ്പുറത്തെ പ്രതി ചേര്‍ത്ത മതേതര വ്യവഹാരങ്ങള്‍ സൃഷ്ടിച്ച രാഷ്ട്രീയ പ്രസ്ഥാനം എന്നുള്ള നിലക്ക്, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ സംഘപരിവാറിന് അഖിലേന്ത്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്ന ഒരു മരുന്ന് ഇവിടെ സി പി എം ഉല്പാദിപ്പിച്ചു കൊടുക്കുകയാണ് ചെയ്തത്.
പലപ്പോഴും ലീഗിന്റെ പച്ചക്കൊടിയെ പാകിസ്ഥാന്‍ പതാകയായി ചിത്രീകരിക്കുന്ന ഒരു പതിവ് രീതി നിലനില്ക്കുമ്പോള്‍ തന്നെ ലീഗിന്റെ സാന്നിധ്യം ഉത്തരേന്ത്യയിലടക്കം കോണ്‍ഗ്രസ് എങ്ങനെ നേരിടും എന്ന തരത്തിലുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ കോണ്‍ഗ്രസ് തയാറായി എന്നുള്ളത് വളരെ പ്രസക്തമായിത്തന്നെ കാണേണ്ടതാണ്. സാധാരണ ഗതിയില്‍ ഇത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ അതില്‍ നിന്ന് പിന്‍വാങ്ങാനുള്ള ഒരു രാഷ്ട്രീയ സന്നദ്ധതക്ക് പകരം വളരെ കൃത്യമായിത്തന്നെ അതിനെ അഭിമുഖീകരിക്കാനും കൊടി പിടിച്ച ലീഗ് പ്രവര്‍ത്തകരുടെ രാഷ്ട്രീയ സാന്നിധ്യം അത്തരം പ്രകടനങ്ങളിലുണ്ടായി എന്നു മാത്രമല്ല ഒരു ഘട്ടത്തില്‍ അത്തരം പച്ചത്തൊപ്പിയും പച്ചക്കൊടിയുമുള്‍പ്പെടെ പ്രവര്‍ത്തകരില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വാങ്ങി അവരെ അഭിവാദ്യം ചെയ്യുകയും തലയില്‍ വെക്കുകയും ചെയ്തു എന്നു പറയുന്നത് സര്‍ഗാത്മകമായ രാഷ്ട്രീയ ദൃശ്യമാണ് എന്നത് പറയാതിരിക്കാനാവില്ല.
ഒരു പക്ഷേ, ഈ മത്സരം കോണ്‍ഗ്രസ് പോലും ആഗ്രഹിക്കാത്ത വിധത്തില്‍ വേറൊരു തലത്തിലേക്ക് മാറുന്നു എന്ന് പറയേണ്ടി വരും. കാരണം, ബി ജെ പി അടിസ്ഥാന പരമായി ഒരു ഹിന്ദി ഹിന്ദുത്വ ദേശീയതയില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുമ്പോള്‍ അതിനു ബദലായി മുഖ്യ ദേശീയതക്കു പുറത്ത് മറ്റ് ദക്ഷിണേന്ത്യന്‍ ദേശീയതയെയും മതന്യൂനപക്ഷങ്ങളേയും കോണ്‍ഗ്രസ് പോലും പരിഗണിക്കേണ്ട ഒരവസ്ഥയിലേക്ക് ഇത് വഴി തുറക്കുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയുടെ റോള്‍ രണ്ടു തരം രാഷ്ട്രീയ സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഒരു താരതമ്യം എന്ന രീതിയിലാണ് പഠിക്കപ്പെടേണ്ടത്. നരേന്ദ്ര മോദി ആണത്തത്തിന്റേയും അഗ്രസീവ് ദേശീയതയുടേയും മന്‍ കീ ബാത്ത് പ്രഭാഷണങ്ങളുടെയും പ്രതിരൂപമായി മാറുമ്പോള്‍ രാഹുല്‍ ഗാന്ധി അതേ സമയം ഒരു സ്‌ത്രൈണമായ സ്‌നേഹത്തിന്റെയും ഒരു സംവാദ പരിസരത്തിന്റേയും സഹിഷ്ണുതയുടേയും വിവിധ ഘടകങ്ങളോടുള്ള സംവാദ സന്നദ്ധതയുടേയും പ്രതീകമായി മാറുന്നു എന്നുള്ളതാണ്. രാഹുല്‍ ഗാന്ധി തന്നെ നരേന്ദ്രമോദിയെ ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത് ആലിംഗനം ചെയ്തപ്പോള്‍ അതിനോടുയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച ഒരു രീതി തന്നെ അത് വിളിച്ചു പറയുന്നുണ്ട്. നരേന്ദ്ര മോദിയെ മാത്രമല്ല തന്റെ പിതാവിന്റെ ഘാതകരെപ്പോലും താന്‍ ആലിംഗനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്. അപ്പോള്‍ അതിനിടയിലൂടെ അദ്ദേഹം പറയാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ സന്ദേശം നരേന്ദ്രമോദി ഒരു കൊലപാതകിയാണ് എന്നു തന്നെയാണ്. തീര്‍ച്ചയായും അത്തരമൊരു വയലന്‍സിന്റെ രാഷ്ട്രീയത്തെ എങ്ങനെയാണ് നേരിടേണ്ടത് എന്ന ഒരു രാഷ്ട്രീയ സന്ദേശമാണ് രാഹുല്‍ ഗാന്ധി പറയാന്‍ ശ്രമിക്കുന്നത്. വയനാട്ടില്‍ സി പി എമ്മിന്റെ പ്രതികരണത്തോടുള്ള പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം നല്കുന്ന മറുപടിയിലും അത് കാണാം. സി പി എമ്മിന് തന്നെ എങ്ങനെ വേണമെങ്കിലും ആക്രമിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. പപ്പുമോന്‍ പോലുള്ള ഒരു ആക്ഷേപം വന്നത് സി പി എം മുഖപത്രത്തിലാണ്. അതിനെ അതേ രീതിയില്‍ നേരിടില്ല എന്നാണ് അദ്ദേഹം സൂചന നല്കുന്നത്. അക്രമണപരമായ, അധിക്ഷേപകരമായ നീക്കങ്ങള്‍ക്ക് പകരം സഹിഷ്ണുതയുടേയും യോജിപ്പിന്റെയും സ്‌നേഹത്തിന്റെയും രാഷ്ട്രീയ സന്ദേശമാണ് അദ്ദേഹം നല്കാന്‍ ശ്രമിച്ചിരിക്കുന്നത്.
രാഹുവിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം കൃത്ടമായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.
Back to Top