10 Tuesday
December 2024
2024 December 10
1446 Joumada II 8

വയനാടിനായി രണ്ടു കവിതകള്‍

01
ഹുദൈഫ അറജി
(സിറിയന്‍ യുവ കവി)

ഒരു പോംവഴിയും പ്രതീക്ഷിക്കേണ്ട
നല്ല റിപ്പോര്‍ട്ടുകളൊന്നുമില്ല
സീന്‍ മൊത്തം ഡാര്‍ക്കാ…
അതാണ് വിധിയെങ്കില്‍ പിന്നെ
എന്ത് പ്രതീക്ഷിക്കാന്‍, എവിടെപ്പോകാന്‍ എന്നൊക്കെ
ചെകുത്താന്‍ എന്നോട് പറഞ്ഞുകൊണ്ടിരിക്കുന്നു…
ശ്ശെ, അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍
സത്യമായും എല്ലാ പ്രയാസങ്ങളുടെയും
അപ്പുറം ആശ്വാസമുണ്ട്,
എല്ലാ ദുരിതവേദനയ്ക്കുമപ്പുറം ഒരു പെരുന്നാളുണ്ട്…
പ്രതീക്ഷ തന്‍ പാശങ്ങള്‍ മുഴുവന്‍ അറുത്തുപോയി
ജീവിതം കട്ടപ്പൊകയായാലും
നമ്മിലേക്ക് നീണ്ടുവരുന്നൊരു പാശമുണ്ടാകും…

02
അബ്ദുല്ല ബര്‍ദൂനി
(യമനി കവി)

ഭൂമി പേറു വറ്റി വന്ധ്യയായെന്ന്
നിനച്ചുപോകല്ലെ നീ,
ഓരോ അശ്മാംശത്തില്‍ നിന്നും
ആശ തന്‍ ശൈലങ്ങളുയര്‍ന്നുവരും.
ശിഖരങ്ങള്‍ അറ്റുപോകുമ്പോള്‍ തന്നെ
തരു പുതുനാമ്പുകള്‍ നീട്ടിടും,
രാവു പൂര്‍ണമാകിലോ വിഭാതത്തെ പെറ്റിടും,
എത്ര ലുബ്ധയാണെങ്കിലും
ധരണിയൊരു നാള്‍ പെയ്തിടും.
ദുരന്ത ഗര്‍ഭങ്ങളില്‍ നിന്നുതന്നെയല്ലോ
പ്രതീക്ഷ തന്‍ പിറവിയും.

Back to Top