വഖ്ഫ് സ്വത്തിനു നേരെ ബുള്‍ഡോസറുമായി കേന്ദ്ര സര്‍ക്കാര്‍
ഷഫിന്‍ അബൂബക്കര്‍
പടച്ചവന്റെ പ്രീതി കാംക്ഷിച്ച് ഒരു വിശ്വാസി ദാനം ചെയ്യുന്നതാണ് വഖ്ഫ്. പള്ളികളിലേക്കു വഖ്ഫ് ചെയ്യുക എന്നത് ധര്‍മിഷ്ഠരുടെ പതിവാണ്. അത്രയേറെ വഖ്ഫ് സ്വത്ത് കേരളത്തില്‍ ഉടനീളമുണ്ട്. ഈ വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണമാണ് വഖ്ഫ് ബോര്‍ഡുകളിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് ഏകദേശം 30 വഖ്ഫ് ബോര്‍ഡുകളിലായി 9 ലക്ഷം ഏക്കറിലധികം വരുന്ന ഭൂമിയാണ് വഖ്ഫ് ബോര്‍ഡിന്റെ ഭാഗമായുള്ളത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്നത് 1995ലെ വഖ്ഫ് നിയമമാണ്. ഇത് പരിഷ്‌കരിക്കാനാണ് 40ലധികം ഭേദഗതികളുമായി പുതിയ ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ മുന്നണിയായ ഇന്‍ഡ്യാ സഖ്യം അടക്കമുള്ളവര്‍ ബില്ലിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഏകീകൃത വഖ്ഫ് മാനേജ്‌മെന്റാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍ പുതിയ ബില്ലിലെ ചട്ടങ്ങളിലെ വിവേചനം അക്കമിട്ട് നിരത്തിയാണ് പ്രതിപക്ഷം ചോദ്യശരം ഉയര്‍ത്തുന്നത്. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ ഭേദഗതി ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)യുടെ പരിശോധനയ്ക്ക് വിട്ടിരിക്കുകയാണ്.
പുതിയ പരിഷ്‌കരണങ്ങള്‍ പ്രകാരം ഒരു കേന്ദ്രമന്ത്രി, മൂന്ന് എംപിമാര്‍, മൂന്ന് മുസ്ലിം നിയമ വിദഗ്ധര്‍, രണ്ടു മുന്‍ ജഡ്ജിമാര്‍, പൊതുസമ്മതരായ നാലു പേര്‍, കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൗണ്‍സിലിലെ ഭാഗമാകും. ഇവരില്‍ രണ്ടു സ്ത്രീകളുമുണ്ടാകും. അമുസ്‌ലിംകള്‍ക്കും ഇതുവഴി ബോര്‍ഡില്‍ പ്രാതിനിധ്യമുണ്ടാകും എന്നതാണ് വിവാദ നീക്കങ്ങളിലൊന്ന്. സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ 11 പേരില്‍ രണ്ട് അമുസ്‌ലിംകള്‍ ഉണ്ടാകണമെന്നും നിഷ്‌കര്‍ഷയുണ്ട്. കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ നിയോഗിച്ച ഓഡിറ്റര്‍മാരിലൂടെ വഖ്ഫ് സ്വത്തുക്കളുടെ ഓഡിറ്റ് ആരംഭിക്കും. അതായത് വഖ്ഫ് സ്വത്തുക്കള്‍ ഇനിയുള്ള കാലം കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഒരു വസ്തുവിനെ വഖ്ഫ് അല്ലെങ്കില്‍ സര്‍ക്കാര്‍ഭൂമിയായി തരംതിരിച്ചിട്ടുണ്ടോ എന്ന് നിര്‍ണയിക്കുന്നതിനുള്ള പ്രാഥമിക അധികാരി ജില്ലാ കലക്ടറായിരിക്കും. ഇതോടെ ഏതു ഭൂമിയും തരംതിരിക്കാനും വഖ്ഫായി പ്രഖ്യാപിക്കാനും അധികാരം നല്‍കുന്ന വകുപ്പ് 40 അസാധുവാകും. നേരത്തെ ഇത്തരം അധികാരം വഖ്ഫ് ട്രൈബ്യൂണലിനായിരുന്നു. കലക്ടര്‍ തന്നെയായിരിക്കും തര്‍ക്കഭൂമികള്‍ പരിശോധിക്കുക. ഭൂമിയുടെ രജിസ്‌ട്രേഷനായി പ്രത്യേക പോര്‍ട്ടല്‍ സജ്ജീകരിക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്.
നിര്‍ദിഷ്ട ഭേദഗതികള്‍ മുസ്‌ലിം പൗരന്മാരുടെ അവകാശങ്ങള്‍ മാത്രമല്ല, മതപരമായ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് സംരക്ഷിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26ന്റെയും ലംഘനമാണെന്നാണ് പ്രതിപക്ഷം അടക്കം വ്യക്തമാക്കുന്നത്. മുസ്‌ലിംകളുടെ സ്വകാര്യ സ്വത്തുക്കള്‍ പോലും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുകളയുന്ന കാലത്താണ് ഇത്തരമൊരു നിയമം കൂടി വരുന്നതെന്നത് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഏഴു പതിറ്റാണ്ടിലധികമായി നിലനിന്നിരുന്ന നിയമത്തിനു മേലുള്ള കടന്നുകയറ്റം അട്ടിമറിനീക്കമാണെന്നാണ് മുസ്‌ലിംലീഗ് അടക്കമുള്ളവര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ വഖ്ഫ് സ്വത്തുക്കളുടെ കൈകാര്യം നിയമവിധേയമാണ്. അവിടേക്ക് വീണ്ടും നിയന്ത്രണങ്ങളും വ്യവസ്ഥകളുമായി വരുന്നത് ആ സ്വത്തുക്കളില്‍ അമിത അധികാരം ലക്ഷ്യമിട്ടാണ്. ബില്‍ പാസാകുന്നതോടെ വഖ്ഫ് സ്വത്തുക്കള്‍ വളരെ എളുപ്പത്തില്‍ കൈയേറ്റക്കാര്‍ക്ക് സ്വന്തമാക്കാവുന്ന അവസ്ഥയാണ് വന്നുചേരുക. മതാടിസ്ഥാനത്തില്‍ ജനത്തെ ധ്രുവീകരിക്കാനുള്ള പുതിയ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.