12 Thursday
December 2024
2024 December 12
1446 Joumada II 10

വഖ്ഫ്: സാമൂഹിക വളര്‍ച്ചക്ക് അനശ്വര ദാനം

ഹാസില്‍ മുട്ടില്‍


സാമൂഹിക ജീവിതത്തിന്റെ ഭദ്രതയ്ക്കും കെട്ടുറപ്പിനും ഏറെ പ്രാധാന്യം കല്‍പിച്ച മതമാണ് ഇസ്‌ലാം. സമൂഹത്തിന്റെ നന്മയിലും ക്ഷേമത്തിലും അഭിവൃദ്ധിയിലും ശ്രദ്ധ പുലര്‍ത്തേണ്ടതും ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ടതും വിശ്വാസിയുടെ ബാധ്യതയായാണ് മതം കാണുന്നത്. പുണ്യത്തിലും ധര്‍മത്തിലും പരസ്പരം സഹകരിച്ച് സമൂഹത്തിന്റെ സുസ്ഥിതി ഉറപ്പുവരുത്താന്‍ വിശ്വാസികള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. സത്യവിശ്വാസി കള്‍ പരസ്പരം ശക്തിപ്പെടുത്തുന്ന ഒരു കെട്ടിടം പോലെയാണെന്ന പ്രവാചകന്റെ ഉപമയും, സമൂഹത്തിലെ അംഗങ്ങള്‍ പരസ്പരം വെച്ചുപുലര്‍ത്തേണ്ട പരസ്പര ബന്ധത്തിന്റെ ആഴവും വ്യാപ്തിയും വിളിച്ചോതുന്നുണ്ട്. സമൂഹത്തിന്റെ സുരക്ഷിതത്വത്തിനും പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളെ സമൂഹത്തോട് ചേര്‍ത്തുനിര്‍ത്തുന്നതിനും അനുഗുണമായ നിയമ നിര്‍ദേശങ്ങളാണ് ഇസ്‌ലാമിക ശരീഅത്ത് മുന്നോട്ടുവെക്കുന്നത്. സഹജീവികളോട് കാണിക്കേണ്ട ബാധ്യതാ നിര്‍വഹണത്തെക്കുറിച്ച് ഖുര്‍ആനും പ്രവാചകനും വിശ്വാസികളെ ധാരാളമായി ഓര്‍മപ്പെടുത്തുന്നുണ്ട്.
വഖ്ഫിന്റെ പ്രാധാന്യം
ധനസമ്പാദനത്തിന്റെയും വിനിയോഗത്തിന്റെയും രീതിശാസ്ത്രത്തെക്കുറിച്ച് ഇസ്ലാം കൃത്യമായി വിശദീകരിക്കുന്നുണ്ട്. പടച്ചവന്റെ അനുഗ്രഹം (ഫദ്‌ലുല്ലാഹ്), നിലനില്‍പ് (ഖിയാം), നന്മ (ഖൈര്‍) എന്നീ നിലകളിലാണ് ഖുര്‍ആന്‍ സമ്പത്തിനെ പരിചയപ്പെടുത്തുന്നത്. നല്ല വഴിയിലൂടെ ധനം സമ്പാദിച്ച് ഗുണകരമായ മാര്‍ഗത്തില്‍ ധനം ചെലവഴിക്കാനാണ് ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്. സമൂഹത്തിലെ ദുര്‍ബലരെയും അശരണരെയും ചേര്‍ത്തുപിടിക്കുന്ന സാമ്പത്തിക വ്യവസ്ഥയാണ് സകാത്തിലൂടെയും സദഖയിലൂടെയും മതം നിര്‍ദേശിക്കുന്നത്. സമൂഹത്തിന്റെ സാമ്പത്തിക സുസ്ഥിതിയെ തകിടം മറിക്കുകയും അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന പലിശ പോലുള്ള തെറ്റായ സാമ്പത്തിക വ്യവസ്ഥയെ മതം നിഷിദ്ധമാക്കിയതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ച് ദൈവിക മാര്‍ഗത്തില്‍ സമ്പത്ത് ജനോപകാരപ്രദമായി വിനിയോഗിക്കാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് വഖ്ഫ്. ‘വഖഫ’ എന്ന മൂലപദത്തില്‍ നിന്നാണ് വഖ്ഫ് നിഷ്പന്നമാകുന്നത്. തടഞ്ഞുവെക്കുക, ബന്ധിച്ചുനിര്‍ത്തുക എന്നൊക്കെയാണ് ഈ പദത്തിന്റെ അര്‍ഥം. നിശ്ചിതമായ ഒരു സ്വത്തിന്റെ വരുമാനവും പ്രയോജനവും പുണ്യകരമായ കാര്യത്തിന് ചെലവഴിക്കാനായി ആ സ്വത്ത് ശാശ്വതമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കുന്നതിനാണ് സാങ്കേതിക ഭാഷയില്‍ ‘വഖ്ഫ്’ കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. വഖ്ഫ് എന്ന പദപ്രയോഗം ഖുര്‍ആനിലോ പ്രവാചക വചനങ്ങളിലോ കാണാവതല്ല. ഒരാളുടെ മരണാനന്തരവും മരിക്കാത്ത നന്മയായി പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്നതിന് സ്വദഖത്തുന്‍ ജാരിയ (അനശ്വര ദാനം) എന്നാണ് ഹദീസില്‍ പ്രയോഗിച്ചത്. പില്‍ക്കാലത്ത് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലൂടെയാണ് വഖ്ഫ് എന്ന സാങ്കേതിക ശബ്ദം പ്രചാരം നേടിയത്.
തലമുറകളിലേക്ക് നന്മയും ഗുണവും പ്രവഹിക്കുന്ന അനശ്വര ദാനത്തിന്റെ ശ്രേഷ്ഠതയെപ്പറ്റി പ്രവാചകന്‍(സ) പറയുന്നത് ഇപ്രകാരമാണ്: ”മനുഷ്യന്റെ മരണാനന്തരം അവന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന ധര്‍മം, ഉപകാരപ്രദമായ വിജ്ഞാനം, തനിക്കു വേണ്ടി പ്രാര്‍ഥിക്കുന്ന നല്ല സന്താനങ്ങള്‍ എന്നീ മൂന്നു കാര്യങ്ങള്‍ നിലച്ചുപോകുന്നില്ല” (മുസ്‌ലിം). ഒരു വിശ്വാസിയുടെ മരണാനന്തരവും അയാളിലേക്ക് എത്തിച്ചേരുന്ന ഏഴു നന്മകളുടെ കൂട്ടത്തിലൊന്നായി പ്രവാചകന്‍ എണ്ണിയത് ‘ആരോഗ്യത്തോടുകൂടിയ ജീവിതകാലത്ത് സ്വന്തം സമ്പത്തില്‍ നിന്ന് ദാനമായി ചെലവഴിച്ചത്’ എന്നതാണ് (ഇബ്‌നുമാജ).
പടച്ചവന്റെ പ്രതിഫലം ആഗ്രഹിച്ച് ദീര്‍ഘകാലം നിലനില്‍ക്കുന്ന ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവാന്‍ സന്നദ്ധരാകുന്ന ആളുകള്‍ക്ക് വലിയൊരു അവസരമാണ് വഖ്ഫ് തുറന്നുതരുന്നത്. മതം, വിദ്യാഭ്യാസം, ആരോഗ്യം, ആതുരസേവനം, അഗതി-അനാഥ സംരക്ഷണം, മതപ്രബോധനം തുടങ്ങി വിപുലമായ മേഖലകള്‍ വഖ്ഫിനുണ്ട്. ചുരുക്കത്തില്‍, അല്ലാഹുവിന്റെ പ്രീതി നേടുക എന്ന ആത്യന്തിക ലക്ഷ്യം മുന്‍നിര്‍ത്തി തലമുറകളിലേക്ക് പ്രവഹിക്കുന്ന ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള വിപുലമായ സാധ്യതയാണ് വഖ്ഫ് തുറന്നുതരുന്നത്.
ചരിത്രമാതൃകകള്‍
വഖ്ഫ് ചെയ്യാനുള്ള പ്രേരണയും അതിന്റെ മികച്ച മാതൃകകളും പ്രവാചകന്റെ(സ) കാലഘട്ടത്തില്‍ നമുക്ക് ദര്‍ശിക്കാവുന്നതാണ്. റസൂല്‍(സ) മദീനയില്‍ എത്തിയപ്പോള്‍ പള്ളി നിര്‍മിക്കാന്‍ ഉത്തരവിട്ടുകൊണ്ട് ബനൂനജ്ജാര്‍ ഗോത്രത്തോട് ഇപ്രകാരം ചോദിച്ചു: ”നജ്ജാര്‍ ഗോത്രമേ, നിങ്ങളുടെ ഈ തോട്ടത്തിന്റെ വിലയില്‍ നിന്ന് എന്നെ ഒഴിവാകുന്നുവോ?” അവരുടെ മറുപടി ഇങ്ങനെയായിരുന്നു: ”ഞങ്ങള്‍ അതിന്റെ വില അല്ലാഹുവിങ്കല്‍ നിന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.” പ്രവാചകന്‍ ആ തോട്ടം സ്വീകരിച്ച് അവിടെ പള്ളി നിര്‍മിച്ചു. ഗിഫാര്‍ ഗോത്രത്തിലെ ഒരാളുടെ കൈവശമുണ്ടായിരുന്ന റൂമ കിണര്‍ 35,000 ദിര്‍ഹം വില കൊടുത്ത് വാങ്ങി ഉസ്മാന്‍(റ) മുസ്‌ലിംകളുടെ പൊതു ആവശ്യത്തിനായി സമര്‍പ്പിച്ച സംഭവം ഏറെ സുപരിചിതമാണ്. ”നിങ്ങള്‍ക്ക് പ്രിയങ്കരമായ വസ്തുക്കള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതെ നിങ്ങള്‍ക്ക് പുണ്യം നേടാന്‍ സാധ്യമല്ല. നിങ്ങള്‍ ചെലവഴിക്കുന്നതെന്തും സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു” (ആലുഇംറാന്‍ 92).
ഈ ആയത്ത് ഇറങ്ങിയ പശ്ചാത്തലത്തില്‍ വഖ്ഫ് ചെയ്യാന്‍ മുന്നോട്ടുവന്ന സഹാബിമാരുടെ ചരിത്രം തഫ്‌സീറുകളില്‍ കാണാം. ഉമര്‍(റ) ഖൈബറില്‍ തനിക്ക് ലഭിച്ച വിലയേറിയ ഭൂമിയെക്കുറിച്ച് പ്രവാചകനോട് നിര്‍ദേശം ആരാഞ്ഞു. അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വഖ്ഫ് ചെയ്യാനാണ് പ്രവാചകന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചത്. ആ ഭൂമി വില്‍ക്കാനോ അനന്തരമായി എടുക്കാനോ ദാനമായി നല്‍കാനോ പാടില്ലെന്ന ഉപാധികളോടെ ഉമര്‍(റ) അത് ദാനം ചെയ്തു. അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം സാധുക്കള്‍, അടുത്ത കുടുംബാംഗങ്ങള്‍, അടിമമോചനം, ദൈവിക മാര്‍ഗം, വഴിയാത്രക്കാര്‍, അതിഥികള്‍ എന്നീ മാര്‍ഗത്തിലുള്ള ധര്‍മമായി നിശ്ചയിച്ചു. അതിന്റെ മേല്‍നോട്ടം വഹിക്കുന്നവര്‍ക്ക് അതില്‍ നിന്ന് ന്യായമായി ഭക്ഷിക്കുന്നതിന് വിരോധമില്ലെന്നു വ്യവസ്ഥയുണ്ടാക്കുകയും ചെയ്തു.

വഖ്ഫിന്റെ ഇനങ്ങള്‍
രണ്ട് ഇനങ്ങളാണ് വഖ്ഫിനുള്ളത്. വഖ്ഫുല്‍ അഹ്‌ലിയ്യ്/ വഖ്ഫുദ്ദുരിയ്യ് (കുടുംബ വഖ്ഫ്), വഖ്ഫുല്‍ ഖൈരിയ്യ് (ജനക്ഷേമ വഖ്ഫ്) എന്നിവ.
കുടുംബ വഖ്ഫ്
ഒരാള്‍ തന്റെ കുടുംബങ്ങളുടെയോ അവരിലെ അവശരുടെയോ സംരക്ഷണത്തിനായി ചെയ്യുന്ന വഖ്ഫാണ് കുടുംബ വഖ്ഫ്. മദീനയിലെ വലിയ ധനികനായിരുന്ന അബൂത്വല്‍ഹ(റ)യുടെ സംഭവം കുടുംബ വഖ്ഫിന് ഉദാഹരണമാണ്. സൂറഃ ആലുഇംറാനിലെ 92ാം സൂക്തം അവതരിച്ചപ്പോള്‍ പ്രവാചക സന്നിധിയിലെത്തിയ അബൂത്വല്‍ഹ പറഞ്ഞു:
”നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതില്‍ നിന്ന് ചെലവഴിക്കുന്നതുവരെ പുണ്യം നേടുകയില്ല എന്നാണല്ലോ അല്ലാഹു പറയുന്നത്. എന്റെ സമ്പത്തില്‍ എനിക്ക് ഏറ്റവും പ്രിയങ്കരം ‘ബൈറുഹാ’ എന്ന എന്റെ തോട്ടമാണ്. അത് ഞാന്‍ അല്ലാഹുവിനു വേണ്ടി ദാനം ചെയ്യുന്നു. അത് പുണ്യമാകണമെന്നും അല്ലാഹുവിങ്കല്‍ നിക്ഷേപമാകണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. നബിയേ, താങ്കള്‍ അത് ഇഷ്ടമുള്ള രീതിയില്‍ നിശ്ചയിച്ചുകൊള്ളുക.’ റസൂല്‍(സ) മറുപടി പറഞ്ഞു: ‘തീര്‍ച്ചയായും അത് ലാഭമുണ്ടാക്കുന്ന ഒരു സമ്പത്താണ്. താങ്കളത് അടുത്ത ബന്ധുക്കള്‍ക്ക് നല്‍കണമെന്നാണ് ഞാന്‍ അഭിപ്രായപ്പെടുന്നത്.’ തുടര്‍ന്ന് അബൂത്വല്‍ഹ(റ) അത് അടുത്ത കുടുംബാംഗങ്ങള്‍ക്കും പിതൃവ്യപുത്രന്മാര്‍ക്കും വീതിച്ചുകൊടുത്തു” (ബുഖാരി).
ജനക്ഷേമ വഖ്ഫ്
ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതും സാമൂഹിക ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനുമായി നല്‍കുന്ന വഖ്ഫുകളാണ് ഈ ഇനത്തില്‍ ഉള്‍പ്പെടുന്നത്. ജനങ്ങളുടെ ക്ഷേമത്തിന് ആവശ്യമായ, മതം വിലക്കിയിട്ടില്ലാത്ത എല്ലാ പൊതു ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ളതുമാണ് ഈ വഖ്ഫ്. പ്രവാചകന്‍(സ) ഏറെ പ്രോല്‍സാഹിപ്പിച്ചതും മുസ്‌ലിം ലോകത്ത് വലിയ പ്രചാരം ലഭിച്ചതും ഈ വഖ്ഫിനാണ്. പില്‍ക്കാല ഇസ്‌ലാമിക ചരിത്രം പരിശോധിച്ചാല്‍ ജനോപകാരപ്രദമായ ധാരാളം വഖ്ഫുകളുടെ സംഭവങ്ങള്‍ കാണാവുന്നതാണ്. ദാരിദ്ര്യ നിര്‍മാര്‍ജനം, കുടിവെള്ളം, വസ്ത്രം, വീടുനിര്‍മാണം, ആതുരശുശ്രൂഷ, അനാഥ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങി മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലേക്കും പില്‍ക്കാല മുസ്‌ലിംകളുടെ വഖ്ഫ് കടന്നുചെന്നതായി യൂസുഫുല്‍ ഖറദാവി പറയുന്നുണ്ട് (അല്‍ഈമാനു വല്‍ഹയാത്ത്). നമ്മുടെ നാട്ടിലെയും പല പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം നിലനില്‍ക്കുന്നതും നടത്തിക്കൊണ്ടുപോകുന്നതും വഖ്ഫ് സ്വത്തുക്കള്‍ വഴിയാണ്. ഒരാള്‍ തന്റെ ജീവിതകാലത്തു തന്നെ വഖ്ഫ് ചെയ്ത് സ്വത്ത് നീക്കിവെക്കുന്നതുപോലെ മരണശേഷം പ്രാബല്യത്തില്‍ വരുന്ന വിധത്തിലും വഖ്ഫ് ചെയ്യാവുന്നതാണ്. ആകെ സ്വത്തിന്റെ മൂന്നിലൊരു ഭാഗത്തില്‍ കൂടുതല്‍ വഖ്ഫ് ചെയ്യാന്‍ പാടില്ലെന്നാണ് ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്നത്.

Back to Top