8 Friday
November 2024
2024 November 8
1446 Joumada I 6

ലോക വിജ്ഞാന ഭൂപടത്തിലെ മുസ്‌ലിം പൈതൃകം

ഡോ. യു പി യഹ്‌യാഖാന്‍


ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇസ്‌ലാം ലോകത്ത് അവതരിപ്പിച്ച നയസമീപനങ്ങളുടെ പ്രായോഗിക മാതൃകകള്‍ ഇസ്‌ലാമിക പൈതൃക ചരിത്രത്തില്‍ വിളങ്ങി നില്ക്കുകയാണ്. ഇത്തരം മാതൃകകള്‍ ലോകനാഗരികതയക്ക് നല്കിയ അമൂല്യ സംഭാവനകള്‍ ഇന്നും പ്രസക്തമാണ്.. ഈ പൈതൃകപ്പട്ടികയില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ വിശകലനം ചെയ്യുന്നതോടെ ലോക വിജ്ഞാന ഭൂപടത്തിലെ മുസ്‌ലിം പൈതൃകം വ്യക്തമാവും.
ബൈതുല്‍ഹിക്മ
ആദ്യകാല ഇസ്‌ലാമിക വൈജ്ഞാനിക ചലനങ്ങള്‍ക്ക് ശരവേഗം പ്രാപിച്ച കാലഘട്ടമായിരുന്നു അബ്ബാസീ ഭരണകാലം. അബ്ബാസി ഭരണാധികാരികള്‍ കൊട്ടാരങ്ങളില്‍ ശേഖരിച്ചിരുന്ന ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സ്ഥലപരിമിതി അനുഭവപ്പെട്ടപ്പോള്‍, ഇവയുടെ സൂക്ഷിപ്പും പൊതുജനപ്രയോജനവും ലക്ഷ്യമാക്കി ഹാറൂന്‍ റശീദ് സ്ഥാപിച്ച കേന്ദ്രമാണ് ബൈതുല്‍ഹിക്മ. അറബിഭാഷയില്‍ രചിക്കപ്പെട്ടതും ഇതരഭാഷകളില്‍നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടതുമായ ആയിരക്കണക്കിന് ഗ്രന്ഥങ്ങളാണ് ബൈതുല്‍ഹിക്മയില്‍ ശേഖരിച്ചിരുന്നത്. വൈദ്യം, ഗോളശാസ്ത്രം, ഗണിതം, തത്വചിന്ത, കര്‍മശാസ്ത്രം, വാസ്തുകല, സാഹിത്യം തുടങ്ങി വൈവിധ്യമാര്‍ന്ന വിജ്ഞാനങ്ങള്‍ക്കുള്ള ഒരു ഗവേഷണകേന്ദ്രമായി ബൈതുല്‍ഹിക്മ രൂപപ്പെട്ടു. ഈ പശ്ചാത്തലമാണ് ബഗ്ദാദിനെ അറിയപ്പെടുന്ന വൈജ്ഞാനിക കേന്ദ്രമാക്കി മാറ്റിയത്. പിന്നീട് സ്‌പെയിനിലൂടെ പ്രസ്തുത വിജ്ഞാനങ്ങള്‍ യൂറോപ്പിലേക്ക് പ്രസരിച്ചതാണ് യൂറോപ്പിലെ നവോത്ഥാനത്തിന്റെ മുഖ്യഹേതു.
ഇബ്‌നു ഹൈഥം
ഉന്നത വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ഇസ്‌ലാമിക കാഴ്ചപ്പാടിന്റെ ഉത്തമനിദര്‍ശനമായിരുന്നു അഹവമ്വലി എന്ന പേരില്‍ ആധുനികകാലത്ത് അറിയപ്പെടുന്ന അബുല്‍അലി അല്‍ഹസനുബ്‌നുല്‍ ഹസന്‍ ഇബ്‌നുല്‍ഹൈഥം (ഇബ്‌നുഹൈഥം). എ ഡി 965-ല്‍ ബസ്വറയില്‍ ജനിച്ച് ബസ്വറയിലും ബാഗ്ദാദിലുമായി വിദ്യാഭ്യാസം നേടിയ അദ്ദേഹം ഒരു കാലത്ത് ബസ്വറയില്‍ ഖാദിയായി (ജഡ്ജി) നിയമിതനായിരുന്നു. പിന്നീട് ഉന്നത വിദ്യാഭ്യാസ സാക്ഷാത്കാരത്തിനായി ജോലി ഒഴിവാക്കുകയാണുണ്ടായത്.
സ്‌പെയിന്‍, ഈജിപ്ത് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ പാണ്ഡിത്യം നേടിയശേഷം ഭരണാധികാരിയുടെ ആവശ്യപ്രകാരം വീണ്ടും അദ്ദേഹം ബസ്വറയിലേക്ക് മടങ്ങി. നൈല്‍ നദിയില്‍ നിന്നുണ്ടാകുന്ന പ്രളയത്തിന് പരിഹാരം കണ്ടെത്താനുള്ള ചുമതലയാണ് ഫാത്വിമീ ഖലീഫ ഹാകിംബി അംറില്ല ഇബ്‌നുഹൈഥമിനെ ഏല്പിച്ചത്. ഭൗതിക വിജ്ഞാനീയങ്ങളില്‍ അദ്ദേഹത്തിന്റെ അഗാധജ്ഞാനം എത്രയായിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഖലീഫയുടെ വിയോഗശേഷം കയ്‌റോവിലേക്ക് നീങ്ങിയ അദ്ദേഹം അല്‍അസ്ഹര്‍ പള്ളിയില്‍ ഗണിതം, ഭൗതികശാസ്ത്രം എന്നിവയില്‍ അധ്യാപകനായിരുന്നു. എ ഡി 1040-ല്‍ അദ്ദേഹം മരണപ്പെടുന്നതുവരെ ഈ ജോലി തുടര്‍ന്നു.
പ്രകാശത്തെ സംബന്ധിച്ചും ദര്‍ശനികളെക്കുറിച്ചും ആധുനികശാസ്ത്രം എത്തിനില്ക്കുന്ന ഒട്ടുമിക്ക കണ്ടെത്തലുകളും ഇബ്‌നുഹൈഥമിന്റെ പഠനങ്ങളെ ആധാരമാക്കിയുള്ളതാണ്. ഇവ്വിഷയകമായി ഏഴ് ഗവേഷണപ്രബന്ധങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിതാബുല്‍ മനാളിര്‍ എന്ന രചനയുടെ 1000 വര്‍ഷം പൂര്‍ത്തിയായ 2015 അന്താരാഷ്ട്ര പ്രകാശവര്‍ഷമായി യുനെസ്‌കോ ആചരിച്ചത് ഈ മഹാപ്രതിഭയുടെ മഹത്വം വിളിച്ചോതുന്നതായിരുന്നു. ഗണിതശാസ്ത്രം, ഗോളശാസ്ത്രം, വൈദ്യശാസ്ത്രം, മനശ്ശാസ്ത്രം, തത്വശാസ്ത്രം തുടങ്ങി വൈവിധ്യമാര്‍ന്ന വൈജ്ഞാനിക മേഖലകളിലെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അദ്ദേഹത്തിന് സാധിച്ചു. മേല്‍പറഞ്ഞ മേഖലകളില്‍ ഇരുന്നൂറിലേറെ കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതില്‍ 95 കൃതികള്‍ വളരെ പ്രശസ്തമായ വൈജ്ഞാനിക ഗ്രന്ഥങ്ങളാണ്.
അബൂബക്കര്‍ റാസി
ഉന്നതവിദ്യാഭ്യാസത്തില്‍ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ പ്രകാശഗോപുരം തന്നെയാണ് അല്‍റാസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അബൂബക്കര്‍ മുഹമ്മദ് ബിന്‍ യഹ് യാ ബിന്‍ സകരിയ്യാ അല്‍റാസീ (എ ഡി 864-923). ഭൗതികശാസ്ത്രം, വൈദ്യം, തത്വചിന്ത, രസതന്ത്രം, ഗണിതം തുടങ്ങിയ വിവിധ മേഖലകളില്‍ മഹത്തായ സംഭാവനകളര്‍പ്പിച്ച അതുല്യപ്രതിഭയാണ് അദ്ദേഹം. പേര്‍ഷ്യയില്‍ നിന്ന് ബഗ്ദാദിലേക്ക് കുടിയേറിപ്പാര്‍ത്ത അദ്ദേഹം ആദ്യകാലത്ത് കവിതയിലും സാഹിത്യത്തിലും തല്പരനായിരുന്നു. പിന്നീട് ശാസ്ത്ര വിഷയങ്ങളില്‍ അവഗാഹം നേടിയ അദ്ദഹം അറബ് വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്ന പേരിന് അര്‍ഹനായി. വൈദ്യശാസ്ത്രത്തില്‍ ശസ്ത്രക്രിയ അടക്കമുള്ള മേഖലകളില്‍ നൂതനമായ ആശയങ്ങള്‍ അദ്ദേഹം നടപ്പാക്കിയിട്ടുണ്ട്. രസതന്ത്രത്തെ വൈദ്യശാസ്ത്രവുമായി ബന്ധപ്പെടുത്തിയ ചികിത്സാരീതിയില്‍ അദ്ദേഹത്തിന്റെ സംഭാവനകളുണ്ട്. വിവിധ ശാസ്ത്ര മേഖലഖില്‍ ഇരുന്നൂറിലധികം കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇതില്‍ അല്‍ഹാവീ എന്ന ഗ്രന്ഥം ഇന്നും ലോകപ്രശസ്തമാണ്. ചികിത്സാരംഗത്തെ പ്രഥമചികിത്സ (ഫസ്റ്റ് എയ്ഡ്) എന്ന രീതിക്ക് തുടക്കം കുറിച്ചത് റാസിയായിരുന്നു.
ഖവാറസ്മി
എ ഡി 780-ല്‍ ജനിച്ച മുഹമ്മദ് ബ്‌നു മൂസാ അല്‍ഖവാറസ്മി ബഗ്ദാദില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. വൈജ്ഞാനികരംഗത്തുള്ള അദ്ദേഹത്തിന്റെ മികവിനാല്‍ ബൈതുല്‍ഹിക്മയില്‍ ജോലി ലഭിച്ചു. ഈ കാലത്താണ് വിവിധ വിഷയങ്ങളില്‍ സമഗ്രമായ അറിവ് കരസ്ഥമാക്കാന്‍ ഖാവാറസ്മിക്ക് അവസരം ലഭിച്ചത്. ഗണിതം, ഗോളശാസ്ത്രം, അള്‍ജിബ്ര, ഭൗമശാസ്ത്രം തുടങ്ങിയ മേഖലകളിലെ അഗാധപാണ്ഡിത്യത്തിലൂടെ വൈജ്ഞാനികലോകത്തിന് നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ച മാഹാനായിരുന്നു ഖവാറസ്മി. ഗണിതശാസ്ത്രത്തെയും അള്‍ജിബ്രയെയും പ്രത്യേക ശാസ്ത്രങ്ങളായി വേര്‍തിരിച്ചതടക്കം പൂജ്യം എന്ന അക്കം കണ്ടുപിടിച്ചത് വരെയുള്ള എണ്ണമറ്റ നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുള്ളതാണ്. വാട്ടര്‍ക്ലോക്ക് പോലെ നിരവധി സാങ്കേതിക വിദ്യകളുടെ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹം. കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളില്‍പെട്ട ലോഗരിതം അദ്ദേഹത്തിന്റെ സംഭാവനയായതിനാല്‍ ‘ഖവാറസമിയ്യാത്’ എന്ന പേരിലും അതറിയപ്പെടുന്നുണ്ട്.
മുന്‍പ് പ്രതിപാദിച്ച മഹാപ്രതിഭകളുടെ ഗണത്തില്‍വരുന്ന അനേകം പേരുകള്‍ ഇസ്‌ലാമിക ലോകചരിത്രത്തില്‍നിന്ന് ഉദാഹരിക്കുവാന്‍ സാധിക്കും. വൈമാനിക വിദ്യയുടെ (aviation) പിതാവെന്ന് വിശേഷിപ്പിക്കാവുന്ന അബ്ബാസ് ബിന്‍ ഫര്‍നാസ് (810 എ ഡി), രസതന്ത്രത്തില്‍ അഗാധജ്ഞാനം നേടിയ ജാബിര്‍ ബിന്‍ ഹയ്യാന്‍ (എ ഡി 721), അല്‍ഖാനൂന്‍ എന്ന വിഖ്യാത ഗ്രന്ഥത്തിലൂടെ വൈദ്യശാസ്ത്രത്തിന് അനശ്വരസംഭാവനകളര്‍പ്പിച്ച ഇബ്‌നുസീന (എ ഡി 980), പത്താം നൂറ്റാണ്ടില്‍ ഇസ്തര്‍ലാബിന്റെ (astrolabe) കണ്ടുപിടുത്തത്തിലൂടെ ശാസ്ത്രലോകത്തിന് ദിശകാണിച്ച വനിതാരത്‌നം മര്‍യം ഇസ്തര്‍ലാബി, ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ സഞ്ചരിച്ച് വിദ്യ നേടിയ അല്‍ബിറൂനി (എ ഡി 973-1047) എന്‍ജിനീയറിംഗ് രംഗത്തെ വിസ്മയമായിരുന്ന അബൂബക്കര്‍ അല്‍ജസരീ (എ ഡി 1116-1206) എന്നിവരെപ്പോലെ അനേകം നാമങ്ങള്‍ ഈ പട്ടികയില്‍ കാണാന്‍ സാധിക്കും.
സര്‍വകലാശാലകള്‍
ആധുനിക ലോകത്ത് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായി പൊതുവില്‍ അംഗീകരിക്കപ്പെട്ടവയാണ് സര്‍വകലാശാലകള്‍. വൈവിധ്യമാര്‍ന്ന വൈജ്ഞാനിക മേഖലകളില്‍ ഉന്നത പഠനത്തിനുള്ള അവസരങ്ങളൊരുക്കുക എന്നതാണ് സര്‍വകലാശാകളുടെ പൊതുരീതി. ഏതെങ്കിലും പ്രത്യേക വിജ്ഞാന മേഖലയിലോ വിവിധങ്ങളായ മേഖലകളിലോ ഗഹനവും ഗവേഷണാത്മകവുമായ പഠനത്തിനുള്ള കേന്ദ്രങ്ങളാണ് സര്‍വകലാശാലകള്‍. സര്‍വകലാശാലയെന്ന പ്രസ്തുത ആശയം ആദ്യമായി നടപ്പിലാക്കുന്നത് ഇസ്‌ലാമിക ലോകത്താണ്.
അല്‍ഖുറവിയ്യീന്‍ സര്‍വകലാശാല
യുനെസ്‌കോയുടെ രേഖയിലും ലോകഗിന്നസ് റെക്കോര്‍ഡ് പ്രകാരവും ഇതുവരെ പ്രവര്‍ത്തനം നിലച്ചുപോകാത്ത ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയായി അറിയപ്പെടുന്നത്, മൊറോക്കോയിലെ അല്‍ഖുറവിയ്യീന്‍ സര്‍വകലാശാലയാണ്. ലോകത്ത് തന്നെ വൈദ്യശാസ്ത്രത്തില്‍ ആദ്യമായി ഉന്നത പഠനം (ബിരുദം) നല്‍കിയത് ഈ യൂനിവേഴ്‌സിറ്റിയാണ്. എ ഡി 859-ല്‍ ഫാത്വിമ ഫിഹ്‌രിയ്യ എന്ന അഭ്യസ്ത വിദ്യയായ മുസ്‌ലിം വനിതയാണ് ഖുറവിയ്യീന്‍ യൂനിവേഴ്‌സിറ്റിയുടെ സ്ഥാപക. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പാരമ്പര്യമനുസരിച്ച് ആരാധനാലയങ്ങള്‍ തന്നെ വിദ്യാഭ്യാസ കേന്ദ്രങ്ങളായും ഉപയോഗിക്കുന്ന പതിവാണ് അന്നുണ്ടായിരുന്നത്. ജാമിഉല്‍ ഖുറവിയ്യീന്‍ (ഖുറവിയ്യീന്‍ മസ്ജിദ്) എന്ന പേരില്‍ അറിയപ്പെട്ട കേന്ദ്രം, വിവിധ ഘട്ട നവീകരണങ്ങളിലൂടെയാണ് ഇന്ന് അറിയപ്പെടുന്ന, അല്‍ഖുറവിയ്യീന്‍ യൂനിവേഴ്‌സിറ്റിയായി മാറിയത്.

അല്‍അസ്ഹര്‍ സര്‍വകലാശാല
ഇസ്‌ലാമിക ലോകത്തെ ഏറ്റവും വലിയതും പഴക്കത്തില്‍ ലോകത്തു രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതുമായ സര്‍വകലാശാലയാണ് അല്‍അസ്ഹര്‍. ഈജിപ്തിലെ കയ്‌റോയില്‍ എ ഡി 970-ല്‍ ഫാത്വിമി ഭരണകാലത്താണ് ജാമിഅ അല്‍അസ്ഹര്‍ ആരംഭിക്കുന്നത്. ഒരേസമയം തന്നെ ആരാധനാലയവും വിജ്ഞാനകേന്ദ്രവുമായി ആരംഭിച്ച കേന്ദ്രത്തില്‍ മികച്ച പണ്ഡിതരായിരുന്നു വിദ്യാഭ്യാസത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഖുര്‍ആന്‍, ഭാഷ എന്നിവയ്ക്ക് പുറമെ യുക്തിശാസ്ത്രവും ഗോളശാസ്ത്രവുമൊക്കെ പാഠ്യവിഷയങ്ങളായിരുന്നു. വികാസ പരിണാമങ്ങളുടെ വിവിധ ഘട്ടങ്ങള്‍ കടന്നുവന്ന അല്‍അസ്ഹര്‍ 1961-ല്‍ സമൂലമായ ആധുനികവത്കരണത്തിന് വിധേയമായി. ലോകത്ത് അറിയപ്പെട്ട അനേകം ഇസ്‌ലാമിക പ്രതിഭകള്‍ക്ക് ജന്മം നല്‍കാന്‍ അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റിക്ക് സാധ്യമായിട്ടുണ്ട്.
സമകാലിക പ്രസക്തി
തുടരെത്തുടരെയുള്ള കുരിശുയുദ്ധങ്ങളിലൂടെ 15-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഇസ്‌ലാമിക ലോകത്തിന്റെ ആധിപത്യം പാശ്ചാത്യകരങ്ങളില്‍ അമര്‍ന്നുകഴിഞ്ഞിരുന്നു. സ്‌പെയിനിലെ അവസാനത്തെ ഇസ്‌ലാമിക പ്രവിശ്യയായിരുന്ന ഗ്രനാഡയും 1492-ല്‍ ക്രിസ്തീയ അധീനതയിലായതോടെ, ലോകത്ത് എട്ട് നൂറ്റാണ്ടോളം നീണ്ടുനിന്ന ഇസ്‌ലാമിക മേധാവിത്വത്തിന് അന്ത്യം കുറിച്ചു. മുസ്‌ലിം ഭരണാധികാരികളുടെയും ഭൗതികജ്വരം ബാധിച്ച മുസ്‌ലിം സമൂഹത്തിന്റെ അലസമായ ജീവിതരീതികൊണ്ട് ഇത്തരമൊരു പതനത്തിന് മുസ്‌ലിം ലോകം നേരത്തെ തന്നെ അര്‍ഹതനേടിയിരുന്നു. അബ്ബാസീ ഖിലാഫത്തിന്റെ അവസാനത്തോടെ പിറകോട്ട് സഞ്ചരിക്കാന്‍ തുടങ്ങിയ ഇസ്‌ലാമിക നാഗരികത, ഇസ്‌ലാമിക സ്‌പെയിനിന്റെ പതനത്തോടെ അതിന്റെ അവസാനശ്വാസവും വലിച്ചു.
ഇതേസമയം, സ്‌പെയിനിലൂടെ പാശ്ചാത്യലോകത്തേക്ക് കൈമാറ്റം ചെയ്യപ്പെട്ട വൈജ്ഞാനിക നാഗരിക സമ്പത്തിലൂടെ യൂറോപ്പ് അതിന്റെ ഉണര്‍വിന് തുടക്കം കുറിച്ചിരുന്നു. ഈ മുന്നേറ്റത്തിന്റെ പിന്‍ബലത്തോടുകൂടി ലോകത്ത് നേടിയെടുത്ത രാഷ്ട്രീയ മേധാവിത്വം കൂടെ വന്നുചേര്‍ന്നതോടെ ലോകത്തിന്റെ നായകത്വം സ്വാഭാവികമായി ഇസ്‌ലാമികേതര പാശ്ചാത്യ സമൂഹത്തിന്റെ കരങ്ങളിലായി. എന്നാല്‍ ഈയൊരു ലോകപശ്ചാത്തലം ദീര്‍ഘമായി തുടര്‍ന്നപ്പോള്‍ ലോകസമൂഹത്തിന്റെ സാംസ്‌കാരിക നിലവാരം തകര്‍ച്ചയിലേക്ക് നീങ്ങിത്തുടങ്ങി. (മാദാഖസിറല്‍ ആലം, അബുല്‍ഹസന്‍ നദ്‌വി). ആധുനിക വാര്‍ത്താവിനിമയ വിദ്യയുടെ വികാസവും അതുവഴി പ്രചരിപ്പിക്കപ്പെടുന്ന അതിഭൗതികതാ വാദങ്ങളും ജീര്‍ണമനോനിലയിലേക്ക് ക്ഷണിക്കുന്ന നിയോ ലിബറല്‍ നാസ്തിക ചിന്തകളും ലോകത്തെയും സമൂഹത്തെയും ചൂഷണക്കണ്ണിലൂടെ മാത്രം നോക്കിക്കാണുന്ന മുതലാളിത്ത സംസ്‌കാരവും ഇന്ന് ലോകത്തിന്റെ മാനവികതക്കും നാഗരികതക്കും കടുത്ത വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ആധുനിക വിദ്യാഭ്യാസരീതികളും മേല്‍പറഞ്ഞ ഒരു സംസ്‌കാരത്തിന്റെ ഉപകരണ നിര്‍മിതിക്ക് മാത്രമേ പ്രാപ്തമാകുന്നുള്ളൂ.
സങ്കീര്‍ണമായ ഈയൊരു ആഗോള സാഹചര്യത്തില്‍ മാനവരാശിയുടെ രക്ഷയ്ക്ക്, സാംസ്‌കാരികവും നാഗരികവുമായി ഉയര്‍ന്ന ഒരു സമൂഹത്തിന്റെ പുന:സൃഷ്ടിക്ക് ഉന്നതവിദ്യാഭ്യാസ മേഖല സമൂലമായി മാറ്റിപ്പണിയേണ്ടിയിരിക്കുന്നു. ലോകത്തിന്റെ സുസ്ഥിരമായ വികസനത്തിന് സംഭാവന ചെയ്യാന്‍ സാധിക്കുന്ന വ്യക്തികളെയും സമൂഹത്തെയും വാര്‍ത്തെടുക്കാന്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഉന്നതവിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ പ്രായോഗിക ആവിഷ്‌കരണത്തിലൂടെ മാത്രമേ സാധ്യമാവൂ.
ആഗോള വിദ്യാഭ്യാസരംഗത്തെ മുഴുവനായി ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ഉടച്ചുവാര്‍ക്കല്‍ അത്ര അനായാസകരമായ ഒരു പദ്ധതിയല്ല. എന്നാല്‍ നൂറ്റാണ്ടുകളായി ലോകത്തിന്റെ വൈജ്ഞാനിക അന്തരീക്ഷത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിക്കാതെ പരിഭ്രമിച്ചുനില്‍ക്കുന്ന മുസ്‌ലിം സമുദായത്തിന്, തങ്ങളുടെ ആഭ്യന്തര വിദ്യാഭ്യാസ മേഖലയെങ്കിലും പുതുക്കിപ്പണിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വിശേഷിച്ച്, രാഷ്ട്രീയവും സാംസ്‌കാരികവും സാമുദായികവുമായ കടുത്ത സ്വത്വപ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്, വൈജ്ഞാനിക നവോത്ഥാന മധ്യകാല ഇസ്‌ലാമിക പൈതൃകത്തില്‍നിന്ന് പാഠംപഠിച്ച് നഷ്ടപ്രതാപം തിരിച്ചുപിടിക്കേണ്ടതുണ്ട്.

Back to Top