6 Friday
December 2024
2024 December 6
1446 Joumada II 4

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഭാഗധേയം – എ പി അന്‍ഷിദ്

രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആദ്യ മൂന്നുഘട്ട ജനവിധി പൂര്‍ത്തിയായിക്കഴിഞ്ഞു. മെയ് 19 വരെ നീളുന്ന ശേഷിക്കുന്ന ജനവിധി കൂടി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്റെ ഭാവി ഭാഗധേയം നിശ്ചയിക്കുന്ന ജനാധിപത്യ പോരിന് തിരശ്ശീല വീഴും. മെയ് 23-ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഇന്ത്യ ഇനി ആരുടെ കൈകളിലെന്ന ചിത്രവും തെളിയും. അതുവരെ കൂട്ടിയും കിഴിച്ചും പ്രതീക്ഷകള്‍ നെയ്തും തള്ളി നീക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല, രാഷ്ട്രീയത്തെ ഗൗരവമായി കാണുന്ന, ജനാധിപത്യത്തെ ഇഷ്ടപ്പെടുന്ന, തെരഞ്ഞെടുപ്പുകളെയും അതിന്റെ ശക്തിയെയും കുറിച്ച് അവബോധമുള്ള ഏതൊരു പൗരനെയും സംബന്ധിച്ച് ഈ കാത്തിരിപ്പിന് വലിയ പ്രസക്തിയുണ്ട്.
ഇന്ത്യന്‍ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്്‌ലിംകളെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിന് പതിവില്‍ കവിഞ്ഞ പ്രസക്തിയാണുള്ളത്. മതപരമായും വിശ്വാസപരമായും ന്യൂനപക്ഷങ്ങളെന്ന നിലയിലും സ്വന്തം അസ്തിത്വം ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ജനത ഭരണഘടന നല്‍കുന്ന വിശാലമായ ക്യാന്‍വാസിന്റെ തണലിലാണ് ഇത്രയെങ്കിലും സുരക്ഷിതരായിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ തെരഞ്ഞെടുപ്പ് അവരെ സംബന്ധിച്ചിടത്തോളം അതിജീവന പോരാട്ടമാണ്. രാജ്യഭരണം ഒരിക്കല്‍കൂടി ഇപ്പോഴത്തെ ശക്തികളുടെ കൈകളില്‍ എത്തിപ്പെട്ടാല്‍ ഭരണഘടന നല്‍കുന്ന സുരക്ഷിതത്വത്തിന്റെ ആയുസ്സ് എത്രയെന്നത് ചോദ്യചിഹ്നമായി മാറിയേക്കാം. അത് എല്ലാവര്‍ക്കും അറിയാം. മറ്റുവരെക്കാളും നന്നായി ഭരണത്തിലിരിക്കുന്നവര്‍ക്കും അറിയാം. അവരെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷ വിരുദ്ധത എന്നത് ആശയപരമായ അടിത്തറ മാത്രമല്ല, അധികാരത്തിലേക്കുള്ള സുരക്ഷിതവും എളുപ്പത്തിലുള്ളതുമായ കുറുക്കുവഴി കൂടിയാണ്. അതുകൊണ്ടുതന്നെയാണ് ന്യൂനപക്ഷ വിരുദ്ധത പ്രത്യക്ഷ ആയുധമാക്കി ഭൂരിപക്ഷ വോട്ടുബാങ്കിന്റെ ഏകീകരണത്തിനായി ആവനാഴിയിലെ സര്‍വ അസ്ത്രങ്ങളും അവര്‍ പുറത്തെടുക്കുന്നത്.
2019-ല്‍ രാജ്യം ആരെ പുല്‍കും എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല. അഭിപ്രായ സര്‍വേകള്‍ പോലും അവ്യക്തമായ ചില രൂപങ്ങള്‍ മാത്രമാണ് നല്‍കുന്നത്. ബി ജെ പി വലിയ ഒറ്റകക്ഷിയായ തൂക്കുസഭ നിലവില്‍ വരുമെന്ന് പ്രവചിക്കുന്നവരും ബി ജെ പി തന്നെ അധികാരത്തില്‍ വരുമെന്ന് പ്രവചിക്കുന്നവരും പ്രതിപക്ഷ സഖ്യത്തിന് നേരിയ സാധ്യത കല്‍പ്പിക്കുന്നവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഒരു കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ന്യൂനപക്ഷ വോട്ടുബാങ്ക് രാജ്യത്തിന്റെ രാഷ്ട്രീയഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന കാര്യത്തില്‍. പക്ഷേ അത് ഇന്ത്യന്‍ ജനാധിപത്യത്തിനോ ന്യൂനപക്ഷങ്ങള്‍ക്കോ പോലും ഗുണമായി ഭവിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ഒരു ഉറപ്പും പറയാനാകില്ല. ഭൂരിപക്ഷ വോട്ടുബാങ്കില്‍ ബി ജെ പി സൃഷ്ടിച്ചെടുക്കുന്ന ഏകീകരണം (കണ്‍സോളിഡേഷന്‍) ന്യൂനപക്ഷ വോട്ടുബാങ്കില്‍ ഉണ്ടാവുന്നില്ല എന്നതു തന്നെയാണ് അതിനു കാരണം. പല ചേരികളിലായി, പല കക്ഷികളിലായി മുസ്്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വോട്ടുബാങ്ക് ഇപ്പോഴും ചിതറിക്കിടക്കുകയാണ്.
2014-ല്‍ നിന്ന് 2019-ലേക്ക് എത്തുമ്പോള്‍ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പോരില്‍ പ്രകടമായ ഒരു വ്യത്യാസമുണ്ട്. 2014-ല്‍ നരേന്ദ്രമോദി എന്ന (ഗുജറാത്ത് കലാപം സമ്മാനിച്ച) തീവ്രഹിന്ദുത്വ മുഖമുള്ള നേതാവും രാഹുല്‍ ഗാന്ധി എന്ന പരിചയക്കുറവുള്ള രാഷ്ട്രീയനേതാവും തമ്മിലായിരുന്നു പോരെങ്കില്‍ 2019-ല്‍ രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമായി അത് മാറിക്കഴിഞ്ഞിട്ടുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയില്‍ അധിഷ്ടിതമായ വെറുപ്പിന്റെ ആശയവും എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന വിശാല കാഴ്ചപ്പാടുള്ള നന്മയുടെ ആശയവും തമ്മിലാണ് പോരാട്ടം നടക്കുന്നത്. ദേശീയ തലത്തില്‍ തന്നെ ബി ജെ പി പക്ഷമെന്നും ബി ജെ പിയിതര- സംഘപരിവാര്‍ ഇതര പക്ഷമെന്നും കൃത്യമായ ഒരു വിഭജനം നടന്നു കഴിഞ്ഞിട്ടുണ്ട്. മിക്ക കക്ഷികളും ഇതില്‍ ഏതെങ്കിലുമൊരു ചേരിയില്‍ നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് മതം, ഭാഷ, വേഷം, വര്‍ഗം, വര്‍ണം, ദേശീയത, സൈന്യം, രാജ്യരക്ഷ തുടങ്ങിയ വിഷയങ്ങളെല്ലാം ഏറിയും കുറഞ്ഞുമുള്ള അളവില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാകുന്നത്. ദേശീയത പോലും ഒരു പ്രത്യേക വിഭാഗത്തിന്റെ കുത്തകയായി ചിത്രീകരിക്കുകയും മറ്റുള്ളവരെയെല്ലാം ദേശവിരുദ്ധരായി മാറ്റുകയും ചെയ്യുന്നതിനു പിന്നില്‍ രഹസ്യ അജണ്ടയാകുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. ഇന്ത്യയുടെ പൊതുമനസ്സ് ഈ വിഭാഗീയ രാഷ്ട്രീയത്തിന് കീഴ്‌പ്പെട്ടിട്ടുണ്ടോ എന്ന് മാത്രമാണ് അറിയാനുള്ളത്.
545 അംഗ ലോക്‌സഭയിലെ 543 പ്രതിനിധികളെയാണ് പൊതുതെരഞ്ഞെടുപ്പ് വഴി ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്നത്. രണ്ടുപേരെ രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ 272 സീറ്റു നേടുന്ന കക്ഷിയോ മുന്നണിയോ വീണ്ടും അധികാരത്തില്‍ വരും. ഈയൊരു മാന്ത്രിക സംഖ്യക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന പരിശോധന അനിവാര്യമാണ്. കഴുത്തിനു മീതെ വെള്ളമെത്തിയിട്ടും ആയുസ്സിനു വേണ്ടിയുള്ള നിലവിളി എന്നതിനപ്പുറത്ത് രക്ഷപ്പെടലിനു വേണ്ടിയുള്ള എന്തു പരിശ്രമം ന്യൂനപക്ഷങ്ങള്‍ നടത്തുന്നു എന്ന് തിരിച്ചറിയുന്നതിന് ഈ പരിശോധന ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ 79.8 ശതമാനം ഹൈന്ദവരാണ്. ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ 14.2 ശതമാനവും. ക്രിസ്ത്യന്‍ 2.3 ശതമാനം, സിഖ് 1.7 ശതമാനം, മറ്റുള്ളവര്‍ -രണ്ടു ശതമാനം എന്നിങ്ങനെയാണ് മതാടിസ്ഥാനത്തിലുള്ള മറ്റു വിഭാഗങ്ങളുടെ ജനസംഖ്യാ കണക്ക്. രാജ്യത്തിന്റെ ഭാവി ഭരണകൂടത്തെ നിശ്ചയിക്കുന്നതില്‍ 14.2 ശതമാനം മാത്രം വരുന്ന ജനവിഭാഗത്തിന് എന്തു പങ്കുവഹിക്കാന്‍ കഴിയും എന്ന് ചോദിച്ചാല്‍ ഒന്നുമില്ല എന്നായിരിക്കും ഒരു പക്ഷേ മറുപടി. എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ല. ദേശീയാടിസ്ഥാനത്തില്‍ ന്യൂനപക്ഷമാണെങ്കിലും മുസ്്‌ലിംകള്‍ക്ക് ജനവിധിയെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തില്‍ സംസ്ഥാനങ്ങളും മേഖലകളും ലോക്‌സഭാ മണ്ഡലങ്ങളും ഇന്ത്യയില്‍ ധാരാളമുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ പോലും മുസ്്‌ലിംകളോ അവരുടെ താല്‍പര്യങ്ങളോ പ്രതിനിധീകരിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത.
28 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളുമുള്ള ഇന്ത്യയില്‍ 13 സംസ്ഥാനങ്ങളില്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ മുസ്‌ലിംകളുണ്ട്. 96.2 ശതമാനം മുസ്‌ലിംകള്‍ ഉള്ള ലക്ഷദ്വീപും 68.3 ശതമാനം മുസ്്‌ലിംകള്‍ ഉള്ള ജമ്മുകശ്മീരും ഇതില്‍ വരും എന്ന് ഓര്‍ക്കണം. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനമായ അസം ആണ് മൂന്നാം സ്ഥാനത്ത് – 34.2 ശതമാനം മുസ്‌ലിംകള്‍. 27.5 ശതമാനം മുസ്്‌ലിംകളുള്ള പശ്ചിമബംഗാളും 26.6 ശതമാനം മുസ്്‌ലിംകള്‍ ഉള്ള കേരളവുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. ബിഹാര്‍ 16.9 ശതമാനം, ഡല്‍ഹി 12.9, ഝാര്‍ഖണ്ഡ് 14.5, കര്‍ണാടക 12.92, മഹാരാഷ്ട്ര 13.4, തെലുങ്കാന 13, ഉത്തര്‍പ്രദേശ് 19.3, ഉത്തരാഖണ്ഡ് 13.95 എന്നീ സംസ്ഥാനങ്ങളിലെല്ലാം മുസ്്‌ലിംകള്‍ നിര്‍ണായക ശക്തികളാണ്. ബി ജെ പി- സംഘപരിവാര്‍ വിരുദ്ധ ചേരിയിലാണ് ഈ സംസ്ഥാനങ്ങളിലെല്ലാം മുസ്്‌ലിം വോട്ടുബാങ്ക് എന്നത് സമ്മതിക്കാമെങ്കിലും ഒരു പൊതുസഖ്യത്തിന്റെ ഭാഗമല്ല ഈ വോട്ടുബാങ്ക് എന്നതാണ് ഏറ്റവും വലിയ പ്രശ്‌നവും പ്രതിസന്ധിയും.
മെയ് 23-ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷി ആര്, അല്ലെങ്കില്‍ ഏറ്റവും വലിയ മുന്നണി ആര് എന്നത് നോക്കി അവരെയായിരിക്കും രാഷ്ട്രപതി സര്‍ക്കാര്‍ രൂപീകരണത്തിനായി ക്ഷണിക്കുക. രണ്ട് ശക്തികളാണ് ഈയൊരു ലക്ഷ്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നിട്ടു നില്‍ക്കുന്നതെന്നത് അവിതര്‍ക്കിതമാണ് – ബി ജെ പിയും കോണ്‍ഗ്രസും. ഇവരില്‍ ആര് വലിയ ഒറ്റകക്ഷിയാവുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും പുതിയ സര്‍ക്കാര്‍ രൂപീകരണം. വിഭാഗീയ അജണ്ട പുലര്‍ത്തുന്ന ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറംതള്ളണമെങ്കില്‍ സ്വാഭാവികമായും കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായി മാറേണ്ടതുണ്ട്. അതിനുള്ള സാധ്യത പലപ്പോഴും തട്ടിത്തകരുന്നത് ഭിന്നിച്ചുകിടക്കുന്ന ന്യൂനപക്ഷ വോട്ടുബാങ്കിലാണ് എന്നതാണ് യാഥാര്‍ഥ്യം. ഉദാഹരണത്തിന് ഉത്തര്‍പ്രദേശ്. മൊത്തം ജനസംഖ്യയുടെ അഞ്ചില്‍ ഒന്ന് മുസ്്‌ലിംകള്‍ ഉള്ള നാടാണ്, രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ്. എന്നാല്‍ 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 80-ല്‍ 71 മണ്ഡലങ്ങളിലും വിജയിച്ചത് ബി ജെ പിയാണ്. രണ്ട് സീറ്റില്‍ ബി ജെ പി ഘടകക്ഷിയും. ഒരു മുസ്‌ലിം സ്ഥാനാര്‍ഥി പോലും ഉത്തര്‍പ്രദേശില്‍ നിന്ന് ജയിച്ചുകയറിയില്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം. ബി ജെ പിയോ സഖ്യകക്ഷികളോ ഒരു സീറ്റില്‍ പോലും മുസ്‌ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ പോലും തയ്യാറായിരുന്നില്ല എന്നതാണ് വസ്തുത. എന്നിട്ടും മുസ്‌ലിംകള്‍ നിര്‍ണായക ശക്തിയായ മണ്ഡലങ്ങളില്‍ പോലും ബി ജെ പി ജയിച്ചുകയറി. അതിന്റെ പ്രധാന കാരണം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ എസ് പി, ബി എസ് പി, കോണ്‍ഗ്രസ് എന്നീ മൂന്ന് ശക്തികള്‍ക്കിടയില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കപ്പെട്ടുപോയി എന്നതായിരുന്നു.
മറുപക്ഷത്ത് ഹിന്ദു വോട്ടുബാങ്കിന്റെ ഏകീകരണത്തിലൂടെ ബി ജെ പി ലക്ഷ്യം നേടുകയും ചെയ്തു. 2019-ല്‍ ഇതില്‍ നിന്ന് എത്രത്തോളം മാറ്റമുണ്ടാകും എന്നാണ് ഇനി അറിയാനുള്ളത്. എസ് പി- ബി എസ് പി കക്ഷികള്‍ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമ്പോഴും കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുന്നത് ആത്യന്തികമായി ബി ജെ പിക്ക് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ ബി ജെ പി എങ്ങനെ പ്രചാരണ ആയുധമാക്കുന്നു എന്നതു മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ‘ഹിന്ദുക്കളെ ഭയന്ന് ന്യൂനപക്ഷം ഭൂരിപക്ഷമായ സ്ഥലത്തേക്ക് രാഹുല്‍ ഗാന്ധി ഒളിച്ചോടി’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ തന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചത്. മുസ്‌ലിംലീഗിനെതിരെ യോഗി ആദിത്യനാഥ് നടത്തിയ വൈറസ് പരാമര്‍ശവും കേരളത്തിലെ തന്നെ ബി ജെ പി നേതാക്കളുടെ പരാമര്‍ശങ്ങളുമെല്ലാം ഹിന്ദു വോട്ടുബാങ്കിനെ സ്വാധീനിക്കാന്‍ ഉന്നമിട്ടു കൊണ്ടുതന്നെയാണ്. മറുപക്ഷത്ത് എസ് പി- ബി എസ് പി സഖ്യവും കോണ്‍ഗ്രസും ഒരുപോലെ ഉന്നം വെക്കുന്നത് ന്യൂനപക്ഷ വോട്ടുബാങ്കിലാണ്. ഫലത്തില്‍ ബി ജെ പിക്കു മുന്നില്‍ കാര്യങ്ങള്‍ എളുപ്പമാവുകയാണ് ചെയ്യുന്നത്.
2014-ല്‍ നിന്ന് ഭിന്നമായി ന്യൂനപക്ഷങ്ങള്‍ക്കൊപ്പം ഹിന്ദു വോട്ടുബാങ്കില്‍ കൂടി കോണ്‍ഗ്രസ് കണ്ണുവെക്കാന്‍ ശ്രമിക്കുന്നുവെന്ന യാഥാര്‍ഥ്യം നിഷേധിക്കുന്നില്ല. രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന നിരന്തര ക്ഷേത്ര ദര്‍ശനങ്ങളും റായ്ബറേലിയിലെ പത്രികാ സമര്‍പ്പണത്തോടനുബന്ധിച്ച് സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും പങ്കെടുത്ത പൂജയുമെല്ലാം ഈ ദിശയിലുള്ള ചില ശ്രമങ്ങള്‍ മാത്രമാണ്. എന്നാല്‍ ഉപരിപ്ലവമായ പ്രകടനങ്ങള്‍ എന്നതിനപ്പുറത്തേക്ക് ഹിന്ദു മനസ്സിനെ എത്രത്തോളം സ്വാധീനിക്കാന്‍ കഴിയുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇതിലൂടെ കോണ്‍ഗ്രസിനുണ്ടാകുന്ന രാഷ്ട്രീയ നേട്ടം. എങ്കിലും ബി ജെ പിയുടെ ഹിന്ദു പ്രീണന ശ്രമങ്ങളെ ഒരു പരിധി വരെയെങ്കിലും ചെറുക്കാന്‍ കോണ്‍ഗ്രസിന്റെ ക്ഷേത്ര ദര്‍ശന തന്ത്രത്തിന് കഴിയുമെങ്കില്‍ അത്രയും ആശ്വാസം.
ന്യൂനപക്ഷ വോട്ടുബാങ്കിനെ പൂര്‍ണമായി അവഗണിക്കുക എന്നതാണ് ബി ജെ പി 2014-ല്‍ പുറത്തെടുത്ത തന്ത്രം. 25 ശതമാനത്തിനു മുകളില്‍ വോട്ടുവിഹിതം സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ അനായാസേന അധികാരത്തില്‍ എത്താന്‍ കഴിയുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. 80 ശതമാനം വരുന്ന ഹിന്ദു വോട്ടുബാങ്കില്‍ നാലില്‍ ഒന്നിനെ കൂടെനിര്‍ത്താന്‍ കഴിഞ്ഞാല്‍ പോലും ഈ ലക്ഷ്യം എളുപ്പത്തില്‍ കൈവരിക്കാം. ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന, സൗരാഷ്ട്രിയന്‍ തുടങ്ങി മെറ്റെല്ലാ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും കൂടി അഞ്ചു ശതമാനത്തിന്റെ പിന്തുണ ലഭിച്ചാല്‍ മതിയാകും. വര്‍ഗീയത ഇളക്കിവിട്ടും മറ്റു തരത്തിലുള്ള ഭൂരിപക്ഷ പ്രീണനത്തിലൂടെയും ന്യൂനപക്ഷ വിരുദ്ധത ആയുധമാക്കിയും ഭൂരിഭാഗത്തിലെ നാലില്‍ ഒന്നിനെ കൂടെ നിര്‍ത്തുക എന്ന തന്ത്രം തന്നെയാണ് അവര്‍ ഇത്തവണയും പുറത്തെടുക്കുന്നത്.
ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അടക്കം മോദി ഭരണത്തിലെ അഞ്ചു വര്‍ഷം അവര്‍ സൃഷ്ടിച്ചെടുത്ത പ്രതിബിംബങ്ങള്‍ക്കൊപ്പം സാമ്പത്തിക സംവരണം, മുത്തലാഖ് നിരോധനം, ശബരിമല സ്ത്രീ പ്രവേശം തുടങ്ങി പുതിയ ചേരുവകള്‍ കൂടി ചേര്‍ത്താണ് അതിനുള്ള രസക്കൂട്ട് അവര്‍ തയ്യാറാക്കുന്നത്. സൈനിക നടപടി ഉള്‍പ്പെടെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്നതിലെ ബി ജെ പി താല്‍പര്യവും മറിച്ചല്ല. ഹിന്ദു ഭൂരിപക്ഷ വോട്ടുബാങ്കിന്റെ നാലില്‍ മൂന്നും മറുപക്ഷത്തുണ്ടായിട്ടും ബി ജെ പി തെരഞ്ഞെടുപ്പ് ജയം നേടുന്നതിന്റെ യാഥാര്‍ഥ്യം ന്യൂനപക്ഷ വോട്ടുബാങ്ക് മാത്രമല്ല, ഭൂരിപക്ഷ വോട്ടുബാങ്കും ബി ജെ പിയിതര കക്ഷികള്‍ക്കിടയില്‍ ഭിന്നിക്കപ്പെട്ടു പോകുന്നു എന്നതാണ്. എസ് പി, ബി എസ് പി, ടി ഡി പി, ടി ആര്‍ എസ്, തൃണമൂല്‍, എന്‍ സി പി, ഇടതുപക്ഷം, ഡി എം കെ തുടങ്ങി ബഹുഭൂരിഭാഗം കക്ഷികള്‍ക്കും സ്ഥായിയായ ഒരു ഹിന്ദു വോട്ടുബാങ്കുണ്ട്. ആ വോട്ടുബാങ്കിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം, സാധ്യമായത്ര ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കുക എന്ന തന്ത്രത്തിലേക്ക് ഈ കക്ഷികളെല്ലാം ഒതുങ്ങിപ്പോകുന്നതുകൊണ്ടു കൂടിയാണ് ബി ജെ പി രാഷ്ട്രീയമായി നേട്ടമുണ്ടാക്കുന്നത്.
ഏകീകൃത ഹിന്ദു വോട്ടുബാങ്കിന്റെയും ചെറിയൊരു ന്യൂനപക്ഷത്തിന്റെയും തണലില്‍ ബി ജെ പി അനായാസേന ജയിച്ചുകയറുമ്പോള്‍ ഹിന്ദു വോട്ടുബാങ്കും മുസ്്‌ലിം വോട്ടുബാങ്കും ഒരുപോലെ ചിതറിത്തെറിച്ചുകിടക്കുന്ന മറ്റ് കക്ഷികള്‍ ദയനീയ തോല്‍വി ഇരന്നുവാങ്ങുകയാണ് ചെയ്യുന്നത്. ബി ജെ പി തനിച്ചു കേവല ഭൂരിപക്ഷം നേടുകയും ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ മുന്നണി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരികയും ചെയ്ത തെരഞ്ഞെടുപ്പാണ് 2014-ലേത്. എന്നിട്ടുപോലും ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വോട്ടുവിഹിതം 31 ശതമാനം മാത്രമായിരുന്നു എന്ന വസ്തുത വിസ്മരിച്ചുകൂടാ. എന്‍ ഡി എ കക്ഷികള്‍ എല്ലാംകൂടി നേടിയത് 38.5 ശതമാനം വോട്ടുവിഹിതം. അതായത് നൂറു കോടി വോട്ടര്‍മാരുണ്ടെങ്കില്‍ 38.5 കോടി പേര്‍ മാത്രമാണ് ബി ജെ പിയെ പിന്തുണച്ചത്. ശേഷിക്കുന്ന 61.5 കോടി വോട്ടര്‍മാരും ബി ജെ പിയെ എതിര്‍ക്കുകയാണ് ചെയ്തത്.
ഭിന്നിച്ചുനിന്നതിനാല്‍ ആ എതിര്‍പ്പിന് ഫലമുണ്ടായില്ലെന്നു മാത്രം. ഇത്തവണയും അതേ വഴികളില്‍ കൂടി തന്നെയാണ് ഇന്ത്യന്‍ ജനാധിപത്യം സഞ്ചരിക്കുന്നതെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ ബോധ്യമാകും. ബി ജെ പിക്കെതിരെ രൂപംകൊണ്ട മഹാസഖ്യ ശ്രമങ്ങള്‍ പല സംസ്ഥാനങ്ങളിലും പല കാരണങ്ങളില്‍ തട്ടി പാതിവഴിയില്‍ വീണത് ദുരന്ത കാരണമാവുമോ എന്നത് കാത്തിരുന്ന് കാണണം. ബി ജെ പിക്കെതിരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട നേതാക്കളും പാര്‍ട്ടികളുമെല്ലാം ഇന്ന് പല വേദിയില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. ഡല്‍ഹിയില്‍ എ എ പിയും കോണ്‍ഗ്രസും. ഉത്തര്‍പ്രേദശില്‍ എസ് പി-ബി എസ് പി സഖ്യവും കോണ്‍ഗ്രസും. അതുകൊണ്ടുതന്നെ ബി ജെ പിയിതര എന്‍ ഡി എ ഇതര കക്ഷികള്‍ രാജ്യത്ത് അധികാരത്തില്‍ വരികയെന്നത് ന്യൂനപക്ഷത്തിന്റെ വലിയ സ്വപ്‌നമാണെങ്കിലും ആ സ്വപ്‌നയാഥാര്‍ഥ്യം ഏറെ വിദൂരതയിലാണെന്ന വസ്തുത അംഗീകരിച്ചേ മതിയാകൂ.
എന്നാല്‍ പ്രതീക്ഷകളെ പൂര്‍ണമായി തള്ളിക്കളയാന്‍ ആയിട്ടില്ല. പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമീപ കാലത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ശുഭസൂചന നല്‍കുന്നതാണ്. പഞ്ചാബിലെ സിഖ്, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഒന്നടങ്കം കോണ്‍ഗ്രസിനു പിന്നില്‍ അണിനിരന്നതിന്റെ ഫലമായിരുന്നു അമരീന്ദര്‍ സര്‍ക്കാറിന്റെ സ്ഥാനാരോഹണം. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ഉയര്‍ത്തിയ ജീവല്‍ പ്രശ്‌നങ്ങളോട് രാജ്യത്തെ വലിയൊരു വിഭാഗം വരുന്ന ബഹുസ്വര സമൂഹം അനുഭാവ സമീപനം പുലര്‍ത്തിയതിന്റെ പ്രത്യക്ഷമായ തെളിവായിരുന്നു മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഈ സംസ്ഥാനങ്ങളിലെല്ലാം പുതിയ സര്‍ക്കാറുകള്‍ അധികാരത്തിലേറി ഭരണവിരുദ്ധ വികാരത്തിന് സാവകാശം വന്നിട്ടില്ലാത്തതിനാല്‍ തന്നെ കോണ്‍ഗ്രസ് വലിയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് ലോക്‌സഭയില്‍ കൂടുതല്‍ പ്രാതിനിധ്യമുള്ള വലിയ സംസ്ഥാനങ്ങളാണ് ഇവയെന്നതും കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് വെളിച്ചം നല്‍കുന്നു. ഉത്തരേന്ത്യയില്‍ നഷ്ടപ്പെടുന്നത് ദക്ഷിണേന്ത്യയില്‍ നിന്ന് പിടിക്കാം എന്നായിരുന്നു ബി ജെ പിയുടെ കണക്കുകൂട്ടല്‍. രാഹുല്‍ ഗാന്ധിയുടെ വയനാടന്‍ മലകയറ്റത്തോടെ ഈ പ്രതീക്ഷകള്‍ക്കും നേരിയ മങ്ങലേറ്റിട്ടുണ്ട്. മാത്രമല്ല, രാഹുലിന്റെ വയനാടന്‍ സ്ഥാനാര്‍ഥിത്വവും ഇതിനോടുള്ള മോദിയുടെ പ്രതികരണവും ബി ജെ പി ലക്ഷ്യംവെക്കുന്നതിന്റെ മറുദിശയില്‍ ഒരു ചലനം സൃഷ്ടിക്കുമെന്ന കണക്കുകൂട്ടല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. അതായത് ന്യൂനപക്ഷ വോട്ടുകള്‍ കൂടുതലായി കോണ്‍ഗ്രസ് ക്യാമ്പിലേക്ക് ഏകീകരിക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. പക്ഷേ അവിടെയും ഉത്തര്‍പ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങളില്‍ എസ് പി- ബി എസ് പി സഖ്യത്തിനും കോണ്‍ഗ്രസിനും ഇടയില്‍ ഭിന്നിക്കപ്പെട്ടു പോകുന്ന ന്യൂനപക്ഷ വോട്ടുബാങ്ക് ആത്യന്തികമായി നഷ്ടക്കണക്ക് തന്നെയായിരിക്കും സമ്മാനിക്കുക.
നരസിംഹറാവു സര്‍ക്കാറിന്റെ ഭരണ പരാജയത്തെക്കാള്‍ ഉപരി 1992-ലുണ്ടായ ബാബരി മസ്ജിദ് ധ്വംസനത്തിലൂടെ സംഘ്പരിവാര്‍ സൃഷ്ടിച്ചെടുത്ത വര്‍ഗീയ ധ്രുവീകരണത്തിലൂടെയായിരുന്നു അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാറിന് അധികാരത്തിലേക്ക് വഴിവെട്ടിയത്. സമാനമായ തന്ത്രം തന്നെയാണ് 2014-ല്‍ മോദിയും സംഘ്പരിവാറും പുറത്തെടുത്തത്. മുസ്‌ലിംവിരുദ്ധതയുടെ ഏറ്റവും മികച്ച പ്രതിബിംബമായിരുന്ന മോദിയെ കളത്തിലിറക്കിയാണ് അന്നത് അവര്‍ സാധിച്ചത്. 2019-ല്‍ അവര്‍ ആവര്‍ത്തിക്കുന്നതും അതേ തന്ത്രങ്ങള്‍ തന്നെയാണ്. ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലത്തിലേക്ക് ഒളിച്ചോടി എന്ന മോദിയുടെ പരാമര്‍ശം പോലും ഈ ലക്ഷ്യത്തോടെയുള്ളതാണ്.
ഒരു പ്രധാനമന്ത്രി തന്നെ ഏറ്റവും തരംതാഴ്ന്ന രീതിയില്‍ വര്‍ഗീയതയുടെ പ്രചാരകനാകുന്നത് മതേതര രാജ്യത്തിന്റെ ഏറ്റവും വലിയ ദുരന്തമാണെന്നത് പറയാതെ വയ്യ. മോദിയുടെ പരാമര്‍ശത്തിന്റെ മറുപക്ഷം കൂടി പരിശോധിക്കേണ്ടതുണ്ട്. അപ്പോഴേ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ യഥാര്‍ഥ ചിത്രം തെളിയൂ. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പോലെ സാമൂഹികവും വിദ്യാഭ്യാസപരവുമായി മാത്രമല്ല, രാഷ്ട്രീയമായും ഇന്ത്യന്‍ മുസ്‌ലിംകള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയാണെന്ന് ഇതിലൂടെ വ്യക്തമാകും. ന്യൂനപക്ഷം ഭൂരിപക്ഷമായ എത്ര മണ്ഡലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ശബ്ദം ഇന്ത്യന്‍ നിയമ നിര്‍മാണ സഭയില്‍ എത്തിക്കാന്‍ സാധിക്കുന്നുണ്ട് എന്നതാണത്. 50 ശതമാനത്തിനു മുകളില്‍ (പകുതിയില്‍ കൂടുതല്‍) മുസ്്‌ലിം ജനസംഖ്യയുള്ള 15 മണ്ഡലങ്ങളുണ്ട് ഇന്ത്യയില്‍. ഇതില്‍ ആറിടത്താണ് ബി ജെ പി മുസ്്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. 2014-ല്‍ നാലിടത്തായിരുന്നു. ശേഷിക്കുന്ന ഒമ്പത് മണ്ഡലങ്ങളിലും ഹിന്ദുക്കളെയാണ് മത്സര രംഗത്തിറക്കിയിരിക്കുന്നത്. 15-ല്‍ ഒമ്പത് മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മുസ്്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. 2014-ല്‍ ഇത് ആറ് മണ്ഡലങ്ങളിലായിരുന്നു. ശേഷിക്കുന്ന ആറ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ഹിന്ദുക്കളെയാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. പകുതിയിലധികം ജനസംഖ്യയുള്ള മണ്ഡലങ്ങളില്‍ പോലും ആ ജനവിഭാഗത്തില്‍ നിന്നു തന്നെ ഒരു പ്രതിനിധിയെ നിര്‍ത്താന്‍ രാഷ്ട്രീയ കക്ഷികള്‍ മടിക്കുന്നു എന്നതാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ന്യൂനപക്ഷങ്ങള്‍ അവഗണിക്കപ്പെടേണ്ടവരാണ് എന്നതാണ് 2014 മുതല്‍ ബി ജെ പി സ്വീകരിച്ചുവരുന്ന രാഷ്ട്രീയതന്ത്രം. ഇതേ ആശയം തന്നെയാണ് മറ്റു കക്ഷികളും സ്വീകരിക്കുന്നതെന്ന് ചുരുക്കം.
95 ശതമാനത്തിനു മുകളില്‍ മുസ്‌ലിം ജനസംഖ്യയുള്ള നാല് ലോക്‌സഭാ മണ്ഡലങ്ങളാണ് രാജ്യത്തുള്ളത്. ഇവിടെ മാത്രമാണ് മുസ്‌ലിം സ്ഥാനാര്‍ഥികളെ മാത്രം നിര്‍ത്തുന്ന പാരമ്പര്യം പിന്തുടരുന്നത്. ജമ്മുകശ്മീരിലെ ബാരാമുള്ള, ശ്രീനഗര്‍, അനന്ത്‌നാഗ് മണ്ഡലങ്ങളും ലക്ഷദ്വീപിലെ ഏക ലോക്‌സഭാ മണ്ഡലവുമാണിത്. കേരളത്തിലെ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലും പതിവായി മുസ്‌ലിം പ്രതിനിധികളുണ്ടെങ്കിലും അത് മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രത്യേക പശ്ചാത്തലത്തില്‍ നിന്ന് രൂപപ്പെട്ടുവരുന്ന പ്രാതിനിധ്യ സ്വഭാവമാണ്. അതിനപ്പുറത്ത് മതേതരമെന്ന് സ്വയം മേനി നടിക്കുന്ന എത്ര കക്ഷികള്‍ സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. 60-75 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 2004-ലും 2009-ലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുസ്‌ലിമായിരുന്നു. എന്നാല്‍ 2014-ല്‍ ഹിന്ദു മതക്കാരനായിരുന്നു ബി ജെ പി സ്ഥാനാര്‍ത്ഥി. 2019-ലെ സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 60-65 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള പശ്ചിമബംഗാളിലെ ജംഗല്‍പൂരിലും ഇതുതന്നെയാണ് സ്ഥിതി. ഹൈദരാബാദിലും അസമിലെ കരീംഗഞ്ചിലും പശ്ചിമബംഗാളിലെ ബര്‍ഹാംപൂരിലുമെല്ലാം 50 ശതമാനത്തിനു മുകളില്‍ മുസ്‌ലിംകളുണ്ടെങ്കിലും ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികള്‍ ഹിന്ദുക്കളാണ്. പൗരത്വ ബില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമായ മേഖല കൂടിയാണ് ഇവ രണ്ടുമെന്നത് ഓര്‍ക്കണം. ബംഗാളി സംസാരിക്കുന്ന ന്യൂനപക്ഷങ്ങളെ ഒന്നാകെ ഇന്ത്യക്കാരല്ലെന്ന് മുദ്രകുത്തി നാടു കടത്താന്‍ കൊണ്ടുപിടിച്ചു നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ ന്യൂനപക്ഷ ജനതക്കിടയില്‍ ജനവികാരം ശക്തമാണെങ്കിലും അതിനെ എത്രത്തോളം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
അതേസമയം അസമില്‍ ബദറുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള എ ഐ യു ഡി എഫുമായി രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെട്ടത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അസമിലെ 14 മണ്ഡലങ്ങളില്‍ നാലെണ്ണം മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളാണ്. 2014-ല്‍ ഇവിടെ മൂന്ന് സീറ്റില്‍ എ ഐ യു ഡി എഫും ഒരിടത്ത് ബി ജെ പിയുമാണ് വിജയിച്ചിരുന്നത്. ഇത്തവണ കോണ്‍ഗ്രസ്- എ ഐ യു ഡി എഫ് സഖ്യം നാലിടത്തും വിജയപ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. മാത്രമല്ല അസമിലെ മറ്റു പത്തു മണ്ഡലങ്ങളിലും ഇതിന്റെ സ്വാധീനം പ്രകടമാകുമെന്നും അത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നുമാണ് കണക്കുകൂട്ടല്‍.
ബിഹാറില്‍ മുസ്്‌ലിം വോട്ടുബാങ്കില്‍ വലിയൊരു വിഭാഗം ആര്‍ ജെ ഡിക്കൊപ്പമാണ്. ആര്‍ ജെ ഡിയും കോണ്‍ഗ്രസും സഖ്യമായാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നതിനാല്‍ കോണ്‍ഗ്രസിനും ഇത് ഗുണം ചെയ്‌തേക്കും. അതേസമയം 27 ശമതാനത്തിലധികമുള്ള പശ്ചിമബംഗാളില്‍ മുസ്്‌ലിം വോട്ടുബാങ്ക് ഏതാണ്ട് പൂര്‍ണമായി തന്നെ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പമാണ്. വിശാല മതേതര സഖ്യമെന്ന ലക്ഷ്യത്തോടെ ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ബംഗാളില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിയും ഇടതുപക്ഷവും ചേര്‍ന്നുള്ള ചതുഷ്‌കോണ മത്സരത്തിനാണ് വേദിയൊരുങ്ങുന്നത്. തത്വത്തില്‍ മുസ്്‌ലിം വോട്ടുകള്‍ ഇവിടെ കോണ്‍ഗ്രസിന് കാര്യമായ ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്ല. തെലുങ്കാനയിലും സ്ഥിതി ഇതുതന്നയൊണ്. ടി ആര്‍ എസിനാണ് ഇവിടെ മൂന്‍തൂക്കം.
കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ മുസ്‌ലിം വോട്ടുബാങ്ക് പൊതുവെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് വിലയിരുത്തല്‍. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരുപോലെ കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുന്ന മുസ്‌ലിംലീഗിന്റെ സാന്നിധ്യവും മുസ്്‌ലിം കേന്ദ്രീകൃത മേഖലയിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും വലിയ തോതിലുള്ള സ്വാധീന ഘടകമായി മാറും. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള രാഷ്ട്രീയ ചിത്രത്തെയും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം മാറ്റിമറിച്ചിട്ടുണ്ട്.
ദേശീയ രാഷ്ട്രീയം മൊത്തത്തില്‍ കണക്കിലെടുക്കുമ്പോള്‍ 2019-ലെ തെരഞ്ഞെടുപ്പിനെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ എങ്ങനെ സ്വാധീനിക്കും എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം കണ്ടെത്തുക എളുപ്പമാവില്ല. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ന്യൂനപക്ഷങ്ങള്‍ കൂടുതലായി കോണ്‍ഗ്രസുമായി അടുക്കുന്നു എന്ന പ്രതീതി ദേശീയ തലത്തില്‍ നിലനില്‍ക്കുന്നുണ്ട്. ബി ജെ പി പിന്തുടരുന്ന വിഭാഗീയ, വിധ്വംസക രാഷ്ട്രീയത്തെ ചെറുക്കാന്‍ തെല്ലെങ്കിലും പ്രാപ്തി കോണ്‍ഗ്രസിനു മാത്രമേയുള്ളൂവെന്ന ചിന്തയില്‍നിന്നാണ് ഈയൊരു മാറ്റം. എന്നാല്‍ അത് ഫലപ്രാപ്തിയില്‍ എത്തണമെങ്കില്‍ ന്യൂനപക്ഷങ്ങള്‍ മാത്രം വിചാരിച്ചാല്‍ പോരാ. ഭൂരിപക്ഷം കൂടി കരുതണം. രാജ്യത്തിന്റെ മതേതര മനസ്സ് കളങ്കമില്ലാതെ നിലനില്‍ക്കണമെന്നും എല്ലാ വിഭാഗം ജനങ്ങള്‍ക്കും നിര്‍ഭയം ജീവിക്കാവുന്ന മണ്ണായി ഇന്ത്യ തുടരണമെന്നും ന്യൂനപക്ഷത്തെക്കാള്‍ ഉപരി ഭൂരിപക്ഷത്തിന്റെ മനസ്സില്‍ ചിന്ത ഉയര്‍ന്നെങ്കില്‍ മാത്രമേ രാജ്യഭരണം സുരക്ഷിത കരങ്ങളില്‍ എത്തൂ. ബി ജെ പിയുടെ കാര്യത്തില്‍ നേരത്തെ പറഞ്ഞതുപോലെ, ഹിന്ദു വോട്ടുബാങ്കിലെ നാലില്‍ ഒന്നും ന്യൂനപക്ഷത്തിന്റെ പകുതിയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നൊരു സാഹചര്യമുണ്ടായാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു ചിത്രം തെളിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിദൂരസാധ്യതയാണെങ്കിലും ആ സ്വപ്‌നം സഫലമാവട്ടെയെന്ന് പ്രാര്‍ഥിക്കാം.
Back to Top