10 Sunday
December 2023
2023 December 10
1445 Joumada I 27

ലോകസമാധാനവും ഇസ്‌ലാമിക രീതിശാസ്ത്രവും – ശാദി ശഫീഖ്

ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെട്ടുവെങ്കിലും, സമാധാനത്തെ ഇസ്‌ലാം എങ്ങനെ ദര്‍ശിക്കുന്നുവെന്നതും ലോകസമാധാനത്തിനുള്ള ഇസ്‌ലാമിക നിര്‍ദേശങ്ങളെന്തൊക്കെ എന്നതും പഠനവും വിശകലനവും അര്‍ഹിക്കുന്ന വിഷയമായി ഇന്നും നിലനില്‍ക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ ഈ വസ്തുത സ്ഥിരീകരിക്കുന്നു.
സപ്തംബര്‍ 11-നു ശേഷം ‘ഇസ്‌ലാമോഫോബിയ’ യൂറോപ്പില്‍ ആകമാനം പടര്‍ന്നുപന്തലിച്ചു കഴിഞ്ഞിരുന്നു. ഇതിന്റെ അനന്തര ഫലമെന്നോണമാണ് സ്‌പെയിനും ജര്‍മ്മനിയും അടക്കമുള്ള വികസിതരാജ്യങ്ങളില്‍ പോലും മുസ്‌ലിംകള്‍ നിര്‍ബാധം ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നത്. മനുഷ്യാവകാശ സംഘടനയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2017-ല്‍ അഞ്ഞൂറില്‍പരം ആക്രമണങ്ങള്‍ സ്‌പെയിനില്‍ മാത്രം മുസ്‌ലിംകള്‍ക്ക് നേരെ നടന്നിട്ടുണ്ട്. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ആരാധനയില്‍ മുഴുകിക്കൊണ്ടിരുന്ന മുസ്‌ലിം സഹോദരങ്ങള്‍ക്ക് നേരെ നിറയൊഴിക്കപ്പെട്ടതും ശ്രീലങ്കയിലെ മുസ്‌ലിം തെരുവുകള്‍ ആക്രമിക്കപ്പെട്ടതും മറ്റൊരു കഥയല്ല നമുക്ക് പറഞ്ഞു തരുന്നത്.
വാസ്തവത്തില്‍, ഇസ്‌ലാമിനെതിരായി പകയും വിദ്വേഷവും വെച്ചുപുലര്‍ത്താനും മുസ്‌ലിംകള്‍ക്കെതിരെ ആക്രമണങ്ങള്‍ സംഘടിപ്പിക്കാനും മറ്റുള്ളവരെ പൊതുവെ പ്രേരിപ്പിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇസ്‌ലാമിനെതിരായുള്ള ചില തെറ്റായ കാഴ്ചപ്പാടുകളും ചര്‍ച്ചകളുമാണ്. പൊതുസമൂഹത്തിന്റെ ഉപബോധമനസ്സിലേക്ക് ഇത്തരം തെറ്റിദ്ധാരണാജനകമായ ചിന്തകള്‍ സന്നിവേശിപ്പിക്കുക വഴി, ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ ശത്രുത ഉടലെടുക്കുകയും, മുസ്‌ലിം പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്തിലേക്കു അത് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. വ്യാപകമായിത്തീരുന്ന ഇത്തരം വിദ്വേഷപ്രചരണത്തിനും ഇസ്‌ലാമോഫോബിയയ്ക്കും എതിരായുള്ള ഒരു സമ്പൂര്‍ണ നിയമവ്യവസ്ഥയുടെ നിര്‍മാണത്തിനും, ലോകമാകെ സമാധാനവും സുരക്ഷയും പ്രദാനം ചെയ്യുവാന്‍ ശേഷിയുള്ള ഇസ്‌ലാമിന്റെ ഉന്നത ദര്‍ശനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങള്‍ക്കും സമയം അതിക്രമിച്ചിരിക്കുന്നു.

ഇസ്‌ലാമിലെ ഐക്യവും സമാധാനവും
മതം, നിറം, രാജ്യം എന്നീ വൈവിധ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ മനുഷ്യസമൂഹത്തെ ബന്ധിപ്പിക്കുന്ന ഒന്നാണ് ഐക്യം. ഇസ്‌ലാമിലെ ഐക്യ സമാധാനചിന്ത വളരെ ആഴമേറിയതാണ്. അതില്‍ മനുഷ്യനും പ്രകൃതിയും പ്രപഞ്ചവും എല്ലാം ഉള്‍ക്കൊള്ളുന്നു. ഇസ്‌ലാമിന്റെ മത നിയമങ്ങളും നിര്‍ദ്ദേശങ്ങളും അടിസ്ഥാന ആശയങ്ങളും നിയമവ്യവസ്ഥകളുമെല്ലാം സമാധാനത്തിലും ഐക്യത്തിലും അധിഷ്ഠിതമാണ്. ലോകത്ത് നിലനില്‍ക്കുന്ന സര്‍വ വൈവിധ്യങ്ങളെയും ഉള്‍ക്കൊണ്ടു, മനുഷ്യസമൂഹത്തെ ഐക്യത്തിന്റെയും സമാധാനത്തിന്റെയും മഹിതമായ ഭൂമികയിലേക്കെത്തിക്കുന്ന രീതിശാസ്ത്രമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്.
സമൂഹത്തില്‍ ഏകത്വം രൂഢമൂലമാകുന്നതിന്നായുള്ള ഒന്നാമത്തെ പടി സ്രഷ്ടാവായ ദൈവത്തെ ഏകനായി അംഗീകരിക്കലും അവന്റെ പങ്കാളികളെ നിഷേധിക്കലും അഥവാ അവനെ മാത്രം പരിശുദ്ധപ്പെടുത്തലുമാണെന്നു ഇസ്‌ലാം പരിചയപ്പെടുത്തുന്നു. കാരണം കൂടുതല്‍ ദൈവങ്ങള്‍ ഉണ്ടാകുന്നത് എതിര്‍പ്പുകളും ഭിന്നിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാന്‍ കാരണമായിത്തീരും. ”ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു, അവര് പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!” (21:22)
”അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന് സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്!” (23:91). എണ്ണമറ്റ രൂപങ്ങളും ചിന്നിച്ചിതറിയ ഭാഗങ്ങളുമുള്ള ഈ പ്രപഞ്ചത്തെ അള്ളാഹു ഒരു അടിസ്ഥാനപരമായ ഏകീകരണത്തിലേക്ക് കൊണ്ടുവന്നു. ആകാശഭൂമികള്‍ ഒട്ടിച്ചേര്‍ന്നതായിരുന്നു അങ്ങനെ അല്ലാഹു അതിനെ വേര്‍പ്പെടുത്തുകയുണ്ടായി. സൂര്യന്‍, ചന്ദ്രന്‍, ആകാശം, കാറ്റ്, പര്‍വതങ്ങള്‍ ഇങ്ങനെ അവ പ്രപഞ്ചത്തിലെ ഓരോ ഭാഗങ്ങളായി തീര്‍ന്നു. വ്യത്യസ്തമായ ഈ ഭാഗങ്ങള്‍ക്കിടയില്‍ കൂട്ടിമുട്ടലുകളോ സംഘട്ടനങ്ങളോ ഉണ്ടാകാതെ അവയെ കൃത്യമായ വ്യവസ്ഥിതിയിലേക്ക് കൊണ്ടുവന്നു. അതിനെ ഖുര്‍ആന്‍ ഇങ്ങനെ അടയാളപ്പെടുത്തുന്നു.
”സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്. ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.” (36:38,39). മനുഷ്യനെയും സസ്യലതാദികളെയും മൃഗങ്ങളുടെയും വംശവര്‍ധനവ് ഐക്യം എന്നിവയെ കുറിച്ചും സാക്ഷ്യം വഹിക്കുന്ന മഹത്തായ വചനമാണ്. വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?(21:30)
സര്‍വ ജീവജാലങ്ങളുടെയും വേര് ഒന്നിലേക്ക് ആണ് മടങ്ങുന്നത് എന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ എല്ലാ ജീവജാലങ്ങളും ഒരു സമൂഹമാണ് എന്നുകൂടി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ”ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു.”(6:38)
മനുഷ്യ സമൂഹത്തിന്റെ ഐക്യത്തിനു ഇസ്‌ലാം പ്രാധാന്യം നല്‍കിയ പോലെ വേറെ ഒരു തത്വചിന്തയും പ്രാധാന്യം നല്‍കിയിട്ടില്ല. എത്രയോ വചനങ്ങളിലൂടെ ഖുര്‍ആന്‍ മനുഷ്യപ്രകൃതിയെയും അതിന്റെ വളര്‍ച്ചയുടെയും അടിസ്ഥാനത്തേയും വരച്ചു കാണിക്കുന്നുണ്ട്.(23:12)
മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങല്‍ സൂക്ഷിക്കുവിന്‍. (4:1) ‘മനുഷ്യന്‍ ആദമില്‍ നിന്ന്, ആദം മണ്ണില്‍ നിന്ന്’ എന്ന പ്രവാചക തിരുമേനിയുടെ വാക്കുകള്‍ ഈ ആശയത്തെ ശക്തിപ്പെടുത്തുന്നു. പിന്നെ വിവിധങ്ങളായ ഗോത്രങ്ങളും വര്‍ഗങ്ങളും ആക്കി മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് പരസ്പരം ഹിംസയിലേര്‍പ്പെടാനും തര്‍ക്കിക്കാനും വേണ്ടിയല്ല മറിച്ച് സ്‌നേഹത്തോടെയും പരസ്പര സഹകരണത്തോടെയും ജീവിക്കാന്‍ വേണ്ടിയാണ് എന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു.
ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. (49:13). മതത്തിന്റെ അടിസ്ഥാനം അല്ലാഹുവിങ്കല്‍ നിന്നാണ് എന്നത് അംഗീകരിക്കുന്നതോടെ മതങ്ങള്‍ക്കിടയിലുള്ള വിഭാഗീയതകളും തര്‍ക്കങ്ങളും മാറിനില്‍ക്കുന്നു. ഈ ആശയം തന്നെയാണ് സകല പ്രവാചകന്മാരും പ്രതിനിധാനം ചെയ്തത്. നൂഹിനോട് കല്പിച്ചതും നിനക്ക് നാം ബോധനം നല്കിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്പിച്ചതുമായ കാര്യം നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില് നിങ്ങള് ഭിന്നിക്കാതിരിക്കുക.(42:13)

സമാധാനത്തിന്റെ ഇസ്‌ലാമിക രീതിശാസ്ത്രം
പ്രശ്‌നങ്ങള്‍ അവസാനിക്കുന്നിടത്താണ് സമാധാനം ഉടലെടുക്കുന്നത്. പ്രശ്‌നങ്ങളെ അതിന്റെ വേരില്‍ നിന്ന് തന്നെ പരിഹാരം കണ്ടെത്തുകയാണ് ഇസ്‌ലാമിന്റെ ശൈലി. അതായത് വ്യക്തിയില്‍ നിന്നാണ് സമാധാനം ആദ്യമായി ഉണ്ടാകേണ്ടത് അവിടെനിന്നും കുടുംബത്തിലേക്ക് വ്യാപിക്കുന്നു, പിന്നീട് സമൂഹത്തിലേക്ക്, പിന്നെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും. അപ്പോള്‍ ലോകസമാധാനം എന്നുള്ളത് വ്യക്തിയും സമൂഹവും സംസ്‌കരിക്കുന്നതിലൂടെ മാത്രം സാധ്യമാകുന്ന പ്രക്രിയയാണ്. ഓരോ വ്യക്തികളിലും സമാധാനത്തിനുള്ള വിത്ത് നട്ടുപിടിപ്പിക്കുകയാണ് ലോകസമാധാന നിര്‍മിതിയില്‍ ഇസ്‌ലാം അനുവര്‍ത്തിക്കുന്ന ഒന്നാമത്തെ പാഠം. ദൈവസ്മരണയിലൂടെ മാത്രമാണ് മനുഷ്യന് സമാധാനവും സുരക്ഷിതത്വവും ലഭിക്കുന്നതെന്നു അതവനെ ഓര്‍മപ്പെടുത്തുന്നു.
”അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മകൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.” (13:28). ഉത്തരം നല്‍കും എന്ന് അല്ലാഹു നമുക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.’നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്കാം.” (40:60)
അടിമയും ഉടമയും തമ്മിലുള്ള ഈ ബന്ധം ഓരോ വ്യക്തിയിലും തുല്യതയില്ലാത്ത ഒരു ശക്തി പകര്‍ന്നു നല്‍കുന്നുണ്ട്, അവന്റെ സമാധാന ജീവിതത്തിന് ഒരു ഉള്‍പ്രേരണ അതവനില്‍ സൃഷ്ടിക്കുന്നു. ഇലാഹായ ദൈവത്തിലേക്കുള്ള ആരാധനകളിലൂടെ, അനുഷ്ഠാനങ്ങളിലൂടെ, പ്രാര്‍ഥനയിലൂടെ മാനസികമായി അവന്‍ സമാധാനം ഉള്ളവന്‍ ആയിത്തീരുന്നു.
മറ്റൊന്ന് ജനങ്ങളുമായുള്ള സമ്പര്‍ക്കത്തിന്റെ ഇടമാണ്. ഇടപെടലുകളില്‍ സ്‌നേഹവും കരുണയും സഹവര്‍ത്തിത്വ മനോഭാവവും ഉള്ളവനായി മാറുവാന്‍ വിശ്വാസിയെ അത് തെര്യപ്പെടുത്തുന്നു. തിരുനബി(സ) പറഞ്ഞത് ഇപ്രകാരമാണ് ‘ഒരാള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടത് മറ്റുള്ളവര്‍ക്ക് കൂടി ഇഷ്ടപ്പെടാതെ അയാള്‍ വിശ്വാസിയാവുക ഇല്ല’.
ഓരോ വ്യക്തിയിലും സമാധാനവും സുരക്ഷിതത്വവും ദൃഢമാക്കിയതിനു ശേഷം ഇസ്‌ലാം, സമൂഹത്തിന്റെ കാര്യത്തില്‍ ശ്രദ്ധയൂന്നുന്നു. സമൂഹത്തില്‍ സ്‌നേഹവും കരുണയും സഹവര്‍ത്തിത്വ മനോഭാവവും നിലനില്‍ക്കുന്നതിനാവശ്യമായ സാമൂഹിക പാഠങ്ങളും, സംസ്‌കാരരൂപങ്ങളും പഠിപ്പിക്കുന്നു.
‘നിങ്ങള്‍ ജനങ്ങളോട് നല്ല വാക്ക് പറയണം'(2:83).മറ്റൊരു പാഠം ആളുകളെ കണ്ടുമുട്ടുമ്പോള്‍ അവരോട് സമാധാനത്തിന്റെ അഭിവാദ്യം ആയ സലാം പറയണം എന്നുള്ളതാണ്, അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക എന്നത്.
‘നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.'(41:34). ഇടപാടുകളില്‍ സൗഹൃദം നിലനിര്‍ത്തുക, തിന്മകളോട് രാജിയാവാതിരിക്കുക പോലുള്ള ഉന്നതമായ സ്വഭാവ സംസ്‌കാര പ്രവര്‍ത്തനങ്ങള്‍ ഇതില്‍പെടുന്നതാണ്. ആളുകളുടെ മനസ്സുകളില്‍ പകയും വിദ്വേഷവും ഉണ്ടാക്കാവുന്ന പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ തിന്മ പ്രചരിപ്പിക്കുന്ന പലിശ, ചൂത്, മദ്യം, പൂഴ്ത്തിവെപ്പ്, അസൂയ തുടങ്ങിയ നീചപ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നുനില്‍ക്കുവാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു.
മറ്റു മതങ്ങളില്‍ നിന്നും പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും ഇസ്‌ലാം വ്യതിരിക്തമാകുന്നതു , നന്മ നിറഞ്ഞ സമൂഹത്തിന്റെ നിലനില്‍പിന് വേണ്ട എമ്പാടും അധ്യാപനങ്ങള്‍ അതിന്റെ അധ്യാപനങ്ങളില്‍ ഉള്‍ക്കൊള്ളുന്നു എന്നുള്ളതാണ്. ഖുര്‍ആന്‍ പറയുന്നു. ‘പുണ്യത്തിലും ധര്മ്മനിഷ്ഠയിലും നിങ്ങള് അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്” (5:2).
ദുര്‍ബലരും പീഡിതരുമായ സമൂഹത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആളുകളെ സഹായിക്കാനും അവരെ സംരക്ഷിക്കുവാനും ഖുര്‍ആന്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നത് കാണുക: ”എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്, ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്.” (93:9,10). സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിന്റെ നന്മ ഉന്നം വെച്ച്‌കൊണ്ടാണ്, സകാത്ത്, സ്വദക, പാവങ്ങളെ ഭക്ഷിപ്പിക്കുന്ന പാപ പ്രായശ്ചിത്വം പോലുള്ള കര്‍മങ്ങള്‍ മതത്തില്‍ ഉള്‍പ്പെടുത്തിയത്.

ലോക സമാധാനം ഇസ്‌ലാമില്‍
പറവകള്‍ അവയുടെ കൂട്ടിലേക്ക് എത്രവേഗം തിരിച്ചെത്തണം എന്ന് ആഗ്രഹിക്കുന്നുവോ അതുപോലെ യുദ്ധത്തിന്റെ കെടുതിയില്‍ നിന്നും സമാധാനത്തിന്റെ തണലിലേക്ക് എത്തിച്ചേരുവാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നുണ്ട്. അതിഭീകരമായ നാശംവിതച്ച ലോക മഹാ യുദ്ധങ്ങളുടെ വിപത്തുകള്‍ കണ്ടറിഞ്ഞ രാജ്യങ്ങള്‍ ലോകസമാധാനത്തിനു വേണ്ടി വ്യത്യസ്തങ്ങളായ വീക്ഷണങ്ങള്‍ പങ്കുവെച്ചിരുന്നു.ഈ വീക്ഷണങ്ങളുടെ വലിയ ഒരു ന്യൂനത ഒരു ഭാഗത്തിന് പ്രാധാന്യം നല്‍കുകയും മറ്റൊരു ഭാഗത്തെ അവഗണിക്കുകയും ചെയ്യുന്നു എന്നതാണ്. ഉദാഹരണത്തിന് ജനാധിപത്യ മതേതരത്വ രാജ്യങ്ങളുടെ ഉത്ഭവം ആ രാജ്യങ്ങള്‍ക്കിടയില്‍ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടും എന്നുള്ള വീക്ഷണം. ലോകസമാധാനത്തിന്റെ സാക്ഷാത്കാരത്തിന് ലോകം മുമ്പോട്ട് വെച്ച ഇത്തരം അപൂര്‍ണ വീക്ഷണങ്ങളില്‍ നിന്നും ഇസ്‌ലാമിക കാഴ്ചപ്പാട് വ്യതിരിക്തമാവുന്നു.
ഹിംസയും യുദ്ധവും പൂര്‍ണ്ണമായും ഒഴിവാക്കുക എന്നതാണ് ഇസ്‌ലാമിന്റെ തത്വം.ലോകസമാധാനം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ഇസ്‌ലാം മുന്നോട്ടുവെക്കുന്ന പരിഹാരനിര്‍ദേശങ്ങള്‍ മുന്‍പ് സൂചിപ്പിച്ചതാണ്. സ്വാതന്ത്രം, സമത്വം,നീതി എന്നിവയിലധിഷ്ഠിതമായ ജീവിതസാഹചര്യങ്ങള്‍ ഒരുക്കുക, ആക്രമണങ്ങളെ ഇല്ലായ്മ ചെയ്യുക, സാമൂഹിക സന്തുലിതാവസ്ഥ ഉറപ്പാക്കുക തുടങ്ങിയ ഇസ്ലാമിക ദര്‍ശനങ്ങള്‍ ദേശ, വര്‍ണ്ണ, വര്‍ഗ വ്യത്യാസങ്ങള്‍ മാറ്റി നിര്‍ത്തി നടപ്പിലാക്കേണ്ടതുണ്ട്.
ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഈയൊരു സമാധാന ആശയം ഉട്ടോപ്പിയന്‍ ദര്‍ശനം അല്ല. മറിച്ച് വ്യക്തിയില്‍ നിന്നും ആരംഭിച്ച് കുടുംബത്തിലേക്ക് പകര്‍ന്നുനല്‍കി സമൂഹത്തിലേക്ക് കൈമാറ്റം ചെയ്ത് ലോകം മുഴുക്കെ സാധ്യമാകുന്ന ഒന്നാണ്. മനുഷ്യനെ ഒന്നായി കാണുവാനും പരസ്പരം സ്‌നേഹിക്കുവാനും സഹകരിക്കുവാനും ഉതകുന്നതാണ് ഇസ്ലാം മുന്നോട്ടുവെക്കുന്ന ആശയധാരയുടെ അകക്കാമ്പ്.

യുദ്ധവും സമാധാനവും
ഇസ്‌ലാമിക വീക്ഷണത്തില്‍ സമാധാന പാതയിലൂടെയുള്ള സമ്പൂര്‍ണ നിര്‍ഭയത്വം സാധ്യമാക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ചിലര്‍ നമ്മോട് ചോദിച്ചേക്കാം എങ്ങനെയാണ് സമാധാനവും ജിഹാദും യോജിക്കുക എന്ന്. കേവലം യുദ്ധമെന്ന അര്‍ഥത്തില്‍ നിന്നും ഏറെ വിശാലമാണ് ജിഹാദ് എന്ന പദത്തിന് ഇസ്‌ലാം നല്‍കുന്ന നിര്‍വചനം. പ്രത്യക്ഷവും പരോക്ഷവുമായ വിവിധങ്ങളായ ആരാധനാ കര്‍മ്മങ്ങളില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആശയമാണ് ജിഹാദ്. തിരുനബി(സ) പറയുന്നു ‘യഥാര്‍ത്ഥ പോരാളി ദേഹേഛകളോട് പൊരുതുന്നവന്‍ ആണ്’. ഇസ്‌ലാമിനെതിരില്‍ ശത്രുക്കള്‍ ആരോപിക്കാറുള്ള ജിഹാദ് എന്ന സൈനിക യുദ്ധം വിശാലമായി നിര്‍വചിക്കേണ്ട സമയം അനിവാര്യമായിരിക്കുന്നു.
ഇസ്‌ലാമിന് എതിരു നില്കുന്നവനോട് സായുധസമരത്തിലേര്‍പ്പെടല്‍ ഇസ്‌ലാമികമായ ഒരു നിര്‍ബന്ധ ബാധ്യതയേ അല്ല. യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ സന്ദേശങ്ങളും പ്രവാചക വചനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്ന മാര്‍ഗങ്ങളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിന് പ്രതിരോധവലയം തീര്‍ക്കുക എന്നതു മാത്രമാണ് അതുകൊണ്ട് ഉദ്ദേശം. ഒരാളെ ബലംപ്രയോഗിച്ച് മതത്തിലേക്ക് കൊണ്ടുവരുന്നത് അല്ലാഹു നിരോധിച്ചിട്ടുണ്ട്. ‘മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല.'(2:256). യുദ്ധം കൊണ്ട് ലക്ഷ്യം വെക്കുന്നത് അതിക്രമങ്ങള്‍ പ്രതിരോധിക്കുക എന്നത് മാത്രമാണ്. ഖുര്‍ആന്‍ പറയുന്നു ‘നിങ്ങള്‍ക്കെതിരെ ആര് അതിക്രമം കാണിച്ചാലും അവന് നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.'(2:194).
അതിനുമപ്പുറം, യുദ്ധം ചെയ്യുന്നതിലേറെ നിങ്ങള്‍ക്ക് ഉത്തമമായ മാര്‍ഗം ക്ഷമ ആണ് എന്നുകൂടി ഖുര്‍ആന്‍ കൂട്ടിച്ചേര്‍ക്കുന്നു. ”നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ (എതിരാളികളില്‍ നിന്ന്) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക് തുല്യമായ നടപടി നിങ്ങള്‍ സ്വീകരിച്ച് കൊള്ളുക. നിങ്ങള് ക്ഷമിക്കുകയാണെങ്കിലോ അതു തന്നെയാണ് ക്ഷമാശീലര്‍ക്ക് കൂടുതല്‍ ഉത്തമം.”(16:26).
ഇനി , പ്രതിരോധത്തിനായി അനിവാര്യമായി തീരുന്ന സാഹചര്യത്തില്‍ പോലും നിബന്ധനകളേതുമില്ലാതെ യുദ്ധം ഇസ്‌ലാം അനുവദിച്ചു കൊടുക്കുന്നില്ല. മുമ്പും പിമ്പും ഇടയിലുമൊക്കെയായി പാലിക്കപ്പെടേണ്ട കണിശമായ യുദ്ധനിയമങ്ങള്‍ ഇസ്ലാം നിര്‍ദേശിക്കുന്നുണ്ട്. കുട്ടികള്‍, വൃദ്ധര്‍, സ്ത്രീകള്‍ എന്നിവരോട് യുദ്ധം പാടില്ല, ഒരു അവശ്യവസ്തുവിനെയും നശിപ്പിക്കാതിരിക്കുക, ബന്ധനസ്ഥരോട് നല്ല രീതിയില്‍ പെരുമാറുക പോലുള്ള കാര്യങ്ങള്‍. ചുരുക്കത്തില്‍ ഇസ്‌ലാമിലെ യുദ്ധം എന്നത് ആധുനിക രാഷ്ട്രീയ , സാംസ്‌കാരിക സിദ്ധാന്തങ്ങളിലെ നീതിയുടെ നിര്‍വചന വൃത്തത്തിനു പുറത്തുള്ള ഒന്നല്ല.
ഇസ്‌ലാമോഫോബിയ
മുസ്‌ലിം ജീവിതരീതിയോടും ഇസ്‌ലാമിക സംസ്‌കാരത്തോടുമുള്ള പൊതുസമൂഹത്തിന്റെ പ്രതികൂലനിലപാടില്‍ നിന്നും നമുക്ക് ഇസ്‌ലാമോഫോബിയുടെ വ്യാപ്തി വ്യക്തമാവുന്നുണ്ട്. ഇസ്‌ലാമോഫോബിയ സൃഷ്ടിച്ചെടുത്ത ഭയം നിമിത്തം ലോകത്തു മുസ്‌ലിം ന്യൂനപക്ഷ രാജ്യങ്ങളില്‍ പ്രത്യേകിച്ചും ഇതര മതസ്ഥരുടെ മുസ്‌ലിംകളുമായുള്ള ബന്ധങ്ങളില്‍ ദുര്‍ബലത ഉണ്ടാക്കി തീര്‍ത്തിട്ടുണ്ട്. പൗരത്വത്തില്‍ സമത്വവും മുസ്‌ലിംകളോട് യാതൊരു നിലക്കുള്ള വിവേചനവും ഇല്ലാതിരുന്ന രാജ്യങ്ങളില്‍ പോലും അവരെ തീവ്രവാദികളായും ഭീകരവാദികളായും മുദ്രകുത്തുകയുണ്ടായി. ഓരോ പ്രശ്‌നങ്ങളിലും തങ്ങള്‍ നിരപരാധികളാണെന്ന് പേര്‍ത്തും പേര്‍ത്തും വിളിച്ചു പറയേണ്ട ഗതികേട് അവര്‍ക്ക് വന്നിരിക്കുന്നു. നവ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള ഇസ്‌ലാമിനെതിരായുള്ള വിദ്വേഷ ഭാഷണത്തിനും ഇസ്‌ലാമോഫോബിയയ്ക്കും പകരമായുള്ളൊരു സംയോജിത നീക്കത്തിനു സമയമായിരിക്കുന്നു. ഇസ്‌ലാം ഒരു മതവും, അതിന്റെ അനുയായികള്‍ ഒരു സമുദായവും, അവര്‍ക്കിടയിലുള്ള അഭിവാദ്യരീതി തന്നെ നിങ്ങള്‍ക്ക് ദൈവരക്ഷയുണ്ടാവട്ടെ എന്നുള്ളതായിരിക്കെ എങ്ങനെയാണ് അവര്‍ മറ്റു സമൂഹങ്ങള്‍ക്ക് ഒരു ഭീഷണിയായി തീരുന്നത്?
വിവ.
കെ നിഹാല്‍ ഫാറൂഖി

2.5 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x