1 Friday
March 2024
2024 March 1
1445 Chabân 20

ലീഗ് പതാകയോട്  ആര്‍ക്കാണിത്ര  ചൊറിച്ചില്‍? – അബു ആദില്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായിട്ട് കാലമേറെയായി. ലീഗിന്റെ കൊടിയുടെ നിറം പച്ചയാണ്. മുസ്‌ലിം ലീഗില്‍ കൂടുതല്‍ മുസ്‌ലിം സമുദായ അംഗങ്ങളാണ് എന്നത് നേരാണ്. പാകിസ്ഥാന്‍ രൂപീകരണവുമായി ഇന്ന് നിലനില്‍ക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന് ബന്ധമൊന്നുമില്ല എന്നതും ഏവരും സമ്മതിക്കും. പാകിസ്താന്‍ എന്ന ആശയത്തിന് പിറകില്‍ പഴയ ലീഗായിരുന്നു എന്നത് കൊണ്ട് തന്നെയാണ് പുതിയ ലീഗും വടക്കന്‍ സംസ്ഥാനങ്ങളില്‍ പച്ച പിടിക്കാത്തതും.
ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധത്തിന് വളരെ പഴക്കമുണ്ട്. അതിലും പഴക്കമുണ്ട് ലീഗും ഇടതുപക്ഷവും തമ്മിലുള്ള ബന്ധത്തിന്. അതൊക്കെ നടന്നത് 1948 നു ശേഷമാണ് എന്നത് കൊണ്ട് തന്നെ ഇന്ന് ഇടതുപക്ഷം പറയുന്ന എല്ലാ ആരോപണവും എഴുതി തള്ളാം. അതെ സമയം കേരളത്തിനു പുറത്തു ലീഗ് ഒരു ശക്തിയല്ല എന്നതിനാല്‍ തന്നെ കോണ്‍ഗ്രസ്സിനു അവരെ ഒപ്പം കൂട്ടേണ്ട അവസ്ഥ വന്നിട്ടില്ല. ലീഗ് വര്‍ഗീയ കക്ഷിയാണ് എന്ന ധാരണ ദേശീയ കോണ്‍ഗ്രസിനില്ല എന്നുറപ്പാണ്. കോണ്‍ഗ്രസിന്റെ വോട്ടും വാങ്ങിയാണ് ലീഗ് പാര്‍ലിമെന്റില്‍ എത്തുന്നത് എന്നത് അറിയാത്ത ആരുമുണ്ടാവില്ല.
അതെ സമയം രാഹുല്‍ ഗാന്ധിയുടെ കേരള വരവുമായി ബന്ധപ്പെട്ട് പുതിയ വിവാദം ചിലര്‍ കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നു. സംഘ പരിവാര്‍ അത് പറയുന്നതില്‍ നമുക്ക് പരാതിയില്ല. സലിം കുമാര്‍ പങ്കെടുത്ത യോഗത്തില്‍ ഐ എസിനെ കണ്ടവരാണവര്‍. തിരൂര്‍, താനൂര്‍ കടപ്പുറങ്ങളില്‍ ഇടയ്ക്കിടയ്ക്ക് അവര്‍ പാകിസ്താന്‍ കപ്പല്‍ കാണാറുണ്ട്. കേരളത്തില്‍ നിന്നും അവര്‍ക്ക് മാത്രമായി പലരും പലപ്പോഴും സിറിയയിലേക്കും യമനിലേക്കും പോകാറുണ്ട്. അവരുടെ ഭാഷയില്‍ വടക്കന്‍ കേരളം ‘ജിഹാദി’കളുടെ നാടാണ്. കേരളത്തിലെ എല്ലാ ഹിന്ദു പെണ്‍കുട്ടികളെയും മുസ്‌ലിം ചെറുപ്പക്കാര്‍ പ്രേമിച്ചു മതം മാറ്റുന്നു. അങ്ങിനെ പലതും. ഇത്തരം പ്രചാരണങ്ങളെല്ലാം അവരുടെ ജനിതക തകരാറായി മനസ്സിലാക്കിയാല്‍ മതി.
അതെ സമയം ഇടതുപക്ഷ പ്രവര്‍ത്തകര്‍ സംഘ പരിവാര്‍ വക്താക്കളെ കടത്തി വെട്ടുന്ന പ്രവണത നല്ലതല്ല. ലീഗിന്റെ പച്ചക്കൊടി കോണ്‍ഗ്രസ് അധ്യക്ഷനും പാര്‍ട്ടിക്കും കുഴപ്പമില്ല എന്നിരിക്കെ അതൊരു ചര്‍ച്ചയാക്കുന്നതിന്റെ മന:ശാസ്ത്രം മനസ്സിലാവുന്നില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ പാകിസ്താന്‍ പതാകയുമായി പ്രകടനം നടത്തി എന്ന് സംഘ പരിവാര്‍ പറഞ്ഞാല്‍ അതിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ശ്രമിക്കാതെ അവരുടെ ആരോപണം ഏറ്റു പിടിക്കുന്നത് മോശം പ്രവണത എന്നെ പറയാന്‍ കഴിയൂ. പച്ച ഒരു സമുദായത്തിന്റെ വര്‍ണം എന്ന നിലയിലും ആളുകള്‍ പറയാറുണ്ട്. ആ വര്‍ണമാണ് സംഘ പരിവാര്‍ സ്വീകരിച്ചത്. ഒരു സമുദായേത്താടുള്ള വിദ്വേഷം ലീഗിലൂടെ മുതലാക്കാന്‍ സംഘ പരിവാര്‍ ശ്രമിക്കുമ്പോള്‍ ലീഗിനോടുള്ള വിരോധം ഒരു സമുദായത്തിന്റെ ചിലവില്‍ വിറ്റുതീര്‍ക്കാന്‍ ഇടതുപക്ഷവും പ്രയത്‌നിക്കുന്നു.
സംഘ പരിവാര്‍ മുതലെടുക്കാന്‍ കാത്തിരിക്കുന്നു. നാട്ടിലെ മതേതര പാര്‍ട്ടികളുടെ വീഴ്ചകള്‍ അവര്‍ക്ക് എന്നും വളമാണ്. പാര്‍ട്ടികള്‍ തമ്മില്‍ ആശയ പരമായി സംവദിക്കട്ടെ. അതില്‍ സാമുദായികതയും വര്‍ഗീയതയും കടന്നു വരുന്നത് നാം അറിയാതെ പോകരുത്. ഒരു ചെറു തീപ്പൊരി കൊണ്ട് കത്താന്‍ മാത്രം കലുഷിതമാണ് നമ്മുടെ ചുറ്റുപാടും. രാഹുല്‍ വയനാട്ടില്‍ വന്നു. ലീഗുകാര്‍ മതിവരോളം പച്ചക്കൊടി വീശി. അതും രാഹുലിന്റെ മുഖത്ത് നോക്കി തന്നെ. ആരും അവരെ തടഞ്ഞില്ല. വാസ്തവത്തില്‍ ഈ വര്‍ണ വര്‍ത്തമാനം അവിടെ അവസാനിക്കണം. സംഘപരിവാറിന്റെ ഭാഷയില്‍ വയനാട് മാവോ, ജിഹാദി കൂട്ടുകെട്ടിന്റെ വിളനിലമാണ്. അതല്ല എന്ന് മാലോകരെ ധരിപ്പിക്കാനുള്ള ഒന്നും നാം പാഴാക്കരുത് എന്നെ ഇപ്പോള്‍ പറയാന്‍ കഴിയൂ.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x