13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

ലജ്ജ ഇല്ലാതായാല്‍

എം ടി അബ്ദുല്‍ഗഫൂര്‍


അബൂ മസ്ഊദ് ഉഖ്ബതുബ്‌നു അംറ് അല്‍അന്‍സാരി പറഞ്ഞു: നബി(സ) പറഞ്ഞിരിക്കുന്നു. ആദ്യകാല പ്രവാചകവചനങ്ങളില്‍ നിന്ന് ജനങ്ങള്‍ മനസ്സിലാക്കിയതാണ്. നിനക്ക് ലജ്ജയില്ലെങ്കില്‍ നീ ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കും എന്ന്. (ബുഖാരി)

ഇസ്‌ലാമിക അധ്യാപനങ്ങളുടെ ആകെത്തുകയായ അതിമഹത്തായ ഒരു സദുപദേശമാണ് ഈ വചനത്തിലൂടെ നബിതിരുമേനി നമുക്ക് നല്‍കുന്നത്. മനുഷ്യന്റെ സ്വഭാവ ഗുണത്തിന്റെ മഹത്വവും അത് അവനില്‍ ഉണ്ടാക്കുന്ന സ്വാധീനവുമാണ് ഈ തിരുവചനത്തിലൂടെ വ്യക്തമാക്കുന്നത്.
മനുഷ്യ മനസ്സിന്റെ മനോഹാരിത പ്രകടമാക്കുന്ന സ്വഭാവ ഗുണമാണ് ലജ്ജ. ഒരാള്‍ക്ക് തന്റെ പ്രവര്‍ത്തനങ്ങളെ എത്രത്തോളം ഭംഗിയാക്കുവാന്‍ സാധിക്കുമോ അത്രത്തോളം നന്നാക്കിത്തീര്‍ക്കുവാന്‍ അവനെ സഹായിക്കുന്ന ഒരു സദ്ഗുണമാണ് ലജ്ജ. കാരണം തന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മനോഹരമാക്കാനും എല്ലാ ന്യൂനതകളില്‍ നിന്നും മുക്തമാക്കി മാറ്റാനും ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്ന ഘടകമാണത്. മനുഷ്യപ്രകൃതിയുടെ ഭാഗമായ ലജ്ജ മനുഷ്യനെ തിന്മകളില്‍ നിന്ന് – അതെത്ര ചെറുതായാലും അകന്നു നില്‍ക്കാന്‍ സഹായകമാവുന്നത് ലജ്ജ മനുഷ്യനിലുണ്ടാക്കുന്ന സ്വാധീനമത്രെ.
മറ്റു ജീവജാലങ്ങളില്‍ നിന്ന് മനുഷ്യനെ വേര്‍തിരിച്ച് നിര്‍ത്തുന്നത് ഈ വിശിഷ്ട ഗുണമാണ്. മനുഷ്യ സമൂഹത്തിന് സന്മാര്‍ഗം കാണിച്ചുകൊടുത്ത മുഴുവന്‍ പ്രവാചകന്മാരുടെയും അധ്യാപനങ്ങളില്‍ ലജ്ജയെന്ന മഹദ്ഗുണം ഉള്‍ക്കൊള്ളുന്നുണ്ട് എന്നത്രെ ഈ വചനത്തിന്റെ പൊരുള്‍. സദാചാരനിഷ്ഠയോടെ ജീവിതം മുന്നോട്ട് നയിക്കുന്നതില്‍ ലജ്ജയെന്ന സദ്ഗുണത്തിന്റെ സ്വാധീനം വളരെ വലുതാണ്. കാരണം ലജ്ജയില്ലെങ്കില്‍ തോന്നിയതുപോലെ പ്രവര്‍ത്തിക്കാന്‍ ഒരു പ്രയാസവും അനുഭവപ്പെടുകയില്ല. ജനങ്ങള്‍ കാണുന്നുവെന്നോ അവരറിയുമെന്നോ ഉള്ള തോന്നല്‍ തിന്മകളില്‍ നിന്ന് മാറിനില്‍ക്കാന്‍ വ്യക്തിയെ പ്രേരിപ്പിക്കുന്നു. എന്നാല്‍ ലജ്ജയില്ലെങ്കില്‍ സ്ഥലകാലബോധമില്ലാതെ എന്തു വൃത്തികേടുകളും ചെയ്യാമെന്ന ദുരവസ്ഥയിലേക്ക് വ്യക്തികള്‍ മാറിപ്പോകുന്നു.
ലജ്ജ ഒരു മനുഷ്യനെ സംസ്‌കാരസമ്പന്നനാക്കുന്നു. തിന്മകളുടെ കവാടങ്ങള്‍ അവനു മുന്നില്‍ അടയ്ക്കപ്പെടുന്ന ഒരു സദ്‌സ്വഭാവമാണത്. ഈ സദ്ഗുണം നഷ്ടമാവുമ്പോള്‍ അവനില്‍ നിന്ന് പുറത്തുവരുന്ന വാക്കുകളും പ്രവൃത്തികളും അസഭ്യവും അസാന്മാര്‍ഗവുമായിത്തീരുക സ്വാഭാവികമത്രെ. വിശ്വാസവുമായി ഈ മഹദ് ഗുണത്തെ ഇസ്‌ലാം ബന്ധിപ്പിച്ചിരിക്കുന്നു. വിശ്വാസത്തില്‍ എഴുപതില്‍പരം ശാഖകളുണ്ടെന്ന് പറഞ്ഞ നബിതിരുമേനി അതിലെ ഉയര്‍ന്നതും താഴ്ന്നതുമായ കാര്യങ്ങള്‍ പറഞ്ഞതോടൊപ്പം ലജ്ജയെ പ്രത്യേകമായി എടുത്തു പറഞ്ഞതില്‍ നിന്നു അതിന്റെ പ്രാധാന്യം മനസ്സിലാക്കാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x