ലക്ഷം റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ദ്വീപിലേക്ക് മാറ്റുന്നു
ബംഗ്ലാദേശിലെ ക്യാമ്പില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തെ ചെറുദ്വീപിലേക്ക് മാറ്റാന്‍ തീരുമാനമായി. വെള്ളപ്പൊക്ക ഭീഷണിയുള്ള ദ്വീപാണിത്. ഇതവഗണിച്ചാണ് ഒരുലക്ഷം അഭയാര്‍ഥികളെ ഇവിടേക്ക് മാറ്റുന്നത്.
ബംഗ്ലാദേശ് അതിര്‍ത്തിയിലെ ക്യാമ്പുകളില്‍ 10 ലക്ഷത്തോളം അഭയാര്‍ഥികളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ആളുകളുടെ ബാഹുല്യം മൂലമാണ് കുറച്ചുപേരെ മറ്റിടങ്ങളിലേക്ക് മാറ്റാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്. 2017ലെ സൈനിക അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് എട്ടുലക്ഷത്തോളം റോഹിങ്ക്യകളാണ് മ്യാന്മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഇവരില്‍ 7000 അഭയാര്‍ഥികള്‍ ബശാന്‍ ചാര്‍ എന്നറിയപ്പെടുന്ന ദ്വീപിലേക്ക് പുനരധിവാസത്തിന് സമ്മതം അറിയിച്ചതായി ബംഗ്ലാദേശ് അഭയാര്‍ഥി മന്ത്രി മഹ്ബൂബ് ആലം പറഞ്ഞു. ഡിസംബറോടെ ദിനേന 500 അഭയാര്‍ഥികള്‍ എന്ന നിലക്ക് ഇവരെ ദ്വീപിലേക്ക് മാറ്റാനാണ് സര്‍ക്കാറിന്റെ പദ്ധതി. 20 കൊല്ലം മുമ്പ് കടലില്‍ രൂപംകൊണ്ട ദ്വീപാണിത്. അതിനാല്‍ റോഹിങ്ക്യകളുടെ പുനരധിവാസത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു.