22 Wednesday
October 2025
2025 October 22
1447 Joumada I 0

റോഹിങ്ക്യരുടെ വിലാപം – റഷീദ് മുക്കം

തങ്ങളെ മ്യാന്‍മറിലേക്കു അയക്കുന്നതിനേക്കാള്‍ നല്ലത് ഇന്ത്യയില്‍ വെച്ച് തന്നെ കൊന്നുകളയുന്നതാണെന്നാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ രോദനം. അവിടെ എത്തിയാലും അവര്‍ വീടുകളിലേക്ക് എത്തുമെന്നുറപ്പില്ല. സൈന്യം അവരെ കൊന്നുകളയുക എന്നതാണ് അവസാനമായി സംഭവിക്കുക. ഏതു സമയത്തും അതിര്‍ത്തിക്കപ്പുറത്തേക്ക് നാട് കടത്തപ്പെടാന്‍ സാധ്യതയുമായാണ് ഒരു ജനത ജീവിക്കുന്നത്.
എല്ലാം നഷ്ടമായപ്പോഴും ജീവന്‍ തിരിച്ചുകിട്ടിയ സമാധാനത്തിലായിരുന്നു ഇതുവരെ റോഹിങ്ക്യര്‍. തങ്ങള്‍ ഒരു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇടപെട്ടിട്ടില്ലെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു. പക്ഷെ പലരുടെയും പിറകെ പോലീസ് കൂടിയിരിക്കുകയാണ്. അവരുടെ രാജ്യം അവരെ സ്വീകരിക്കാന്‍ തയ്യാറായി എന്നതുകൊണ്ട് തന്നെ അവരെ മ്യാന്‍മറിലേക്ക് തിരിച്ചയക്കുന്നതില്‍ തടസ്സമില്ല എന്നാണു സുപ്രീം കോടതി പറഞ്ഞതും. പ്രസ്തുത വിധിക്കുശേഷം തിരിച്ചയക്കപ്പെട്ട ഏഴു പേരും ജയിലിലാണ്. ചരിത്രത്തിലെ ദുരന്തപൂര്‍ണമായ ഒരു പലായനമാണ് റോഹിങ്ക്യന്‍ ജനത നടത്തിയത്. അവര്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നു എന്നത് ലോകം അംഗീകരിച്ചതും.
ആവശ്യപ്പെടുമ്പോഴെല്ലാം സ്റ്റാറ്റസ് പുതുക്കിയാണ് റോഹിങ്ക്യന്‍ ജനത ജീവിക്കുന്നത്. അവര്‍ക്കു ശരിയായ കുടിയേറ്റ രേഖകളില്ല എന്നതാണ് തിരിച്ചയക്കാന്‍ കാരണമായി പറയുന്നത്. എന്തുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ വന്നത് എന്ന കാര്യം ഇന്ത്യന്‍ സര്‍ക്കാര്‍ മനസ്സിലാക്കണം എന്നാണ് റോഹിങ്ക്യ ന്‍ അഭയാര്‍ഥികള്‍ പറയുന്നതും.
പുറത്താക്കേണ്ട പുതിയ ലിസ്റ്റ് തയാറാക്കുന്ന തിരക്കിലാണ് അധികൃതര്‍. ലോകം കണ്ട വലിയ വംശഹത്യ എന്നാണു റോഹിങ്ക്യന്‍ വിഷയത്തെ വിലയിരുത്തുന്നത്. എന്തുകൊണ്ട് റോഹിങ്ക്യരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇത്രമാത്രം ഉത്സാഹം കാണിക്കുന്നു എന്നതിനുള്ള മറുപടി അവരുടെ മതവും വിശ്വാസവും തന്നെ. ഏതു സമയത്തും പുലിയുടെ മടയിലേക്കു വലിച്ചെറിയപ്പെടും എന്ന ഭീതിയിലാണ് റോഹിങ്ക്യന്‍ ജനത എന്നത് സത്യമാണ്. അതുകൊണ്ടാണ് തങ്ങളെ കൊല്ലാന്‍ കൊടുക്കുന്നെങ്കില്‍ നിങ്ങള്‍തന്നെ കൊന്നു കൊള്ളൂ എന്ന് റോഹിങ്ക്യന്‍ ജനത ഇന്ത്യ ന്‍ സര്‍ക്കാരിനോട് പറയുന്നതും.
Back to Top