5 Friday
December 2025
2025 December 5
1447 Joumada II 14

റോഹിങ്ക്യകള്‍ക്കെതിരായ അക്രമം അപലപിച്ച് – യു എന്‍ പ്രമേയം

മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ പ്രമേയം. ഒമ്പതിനെതിരെ 134 വോട്ടിനാണ് യു.എന്‍ പൊതുസഭ പ്രമേയം പാസാക്കിയത്. 28 അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
രാഖൈന്‍, കച്ചിന്‍, ഷാന്‍ സംസ്ഥാനങ്ങളില്‍ റോഹിങ്ക്യകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമവും വിദ്വേഷവും തടയാന്‍ മ്യാന്മര്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. റോഹിങ്ക്യകള്‍ക്കു നേരെയുള്ള ഏകപക്ഷീയമായ അറസ്റ്റ്, പീഡനം, ബലാത്സംഗം, തടങ്കലിലെ മരണങ്ങള്‍ എന്നിവയെ പ്രമേയം അപലപിച്ചു.
ബുദ്ധ ഭൂരിപക്ഷ രാജ്യമായ മ്യാന്മര്‍, റോഹിങ്ക്യകളെ നൂറ്റാണ്ടുകളായി അവിടെ വസിച്ചിട്ടും ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റക്കാരെന്നാണ് ആരോപിക്കുന്നത്. 1982 മുതല്‍ ഏറക്കുറെ മുഴുവന്‍ റോഹിങ്ക്യകള്‍ക്കും മ്യാന്മര്‍ പൗരത്വം നിഷേധിച്ചിട്ടുണ്ട്. രാജ്യമില്ലാത്തവരാക്കി മാറ്റി സഞ്ചാര സ്വാതന്ത്ര്യമടക്കമുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്.2017 ആഗസ്റ്റ് 25ന് റോഹിങ്ക്യന്‍ തീവ്രവാദികളുടെ ആക്രമണത്തെ ചെറുക്കാനെന്ന പേരില്‍ സൈന്യം ആരംഭിച്ച വേട്ടയില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും സ്ത്രീകള്‍ ബലാത്സംഗത്തിനിരയാവുകയും ചെയ്തു. ഇതേതുടര്‍ന്ന് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് റോഹിങ്ക്യകള്‍ കൂട്ടപ്പലായനം നടത്തി. എട്ടു ലക്ഷത്തോളം പേര്‍ ഇതുവരെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
റോഹിങ്ക്യന്‍ മുസ്‌ലിം വംശഹത്യയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ) മ്യാന്മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ്‌സാന്‍ സൂചി ആഴ്ചകള്‍ക്കു മുമ്പ് വിചാരണ നേരിട്ടിരുന്നു. മ്യാന്മറിനെതിരെ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ സമര്‍പ്പിച്ച ഹരജിയിലാണ് സൂചിക്ക് കോടതി കയറേണ്ടിവന്നത്.
അതേസമയം, ഇരട്ടത്താപ്പിന്റെ മികച്ച ഉദാഹരണമാണ് പ്രമേയമെന്നും മനുഷ്യാവകാശ നിയമങ്ങളില്‍ തങ്ങളോടുള്ള വിവേചനമാണെന്നും മ്യാന്മറിന്റെ യു.എന്‍ അംബാസഡര്‍ ഹവു ഡൊ സുവന്‍ പറഞ്ഞു.
മ്യാന്മറിനുമേല്‍ അനാവശ്യ രാഷ്ട്രീയ സമ്മര്‍ദമുണ്ടാക്കുന്നതാണ് പ്രമേയമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, പ്രമേയം ഐക്യരാഷ്ട്രസഭയില്‍ പാസായെങ്കിലും അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദമുണ്ടാക്കുമെന്നതല്ലാതെ മ്യാന്മറിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാവില്ല.

Back to Top