23 Thursday
October 2025
2025 October 23
1447 Joumada I 1

റോഡില്‍ പൊലിയുന്ന  ജീവനുകള്‍ – നവാസ് അന്‍വാരി

നാം അറിയുന്ന, കേള്‍ക്കുന്ന  ഓരോ വാഹനാപകടങ്ങളും നമ്മെ ഏറെ വേദനിപ്പിക്കുന്നതാണ്. ഒരു നെടുവീര്‍പ്പോടുകൂടിയാണ് ഓരോ മനുഷ്യനും വാഹനാപകടങ്ങളുടെ വാര്‍ത്തകള്‍ സ്വീകരിക്കുന്നത്. രാജ്യത്ത് റോഡപകടങ്ങള്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുകയാണ്. നിയമങ്ങളെ നടപ്പിലാക്കേണ്ട ഐ എ എസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിടിച്ച് തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകന്‍ ദാരുണമായി മരണമടഞ്ഞ വാര്‍ത്ത നമ്മുടെ നിയമങ്ങള്‍ക്കു മുമ്പില്‍ ഒരു ചോദ്യചിഹ്നമാണ്. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷവും നഷ്ടപരിഹാരമായി നിര്‍ദേശിക്കുന്ന മോട്ടോര്‍ വാഹന (ഭേദഗതി) ബില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കി എന്നതും മദ്യപിച്ചും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും വാഹനമോടിക്കുന്നതിന് പിഴ വര്‍ധിപ്പിച്ചതും വലിയൊരു ആശ്വാസമാണെങ്കിലും ശാശ്വതമായ പരിഹാരത്തിന് വഴിയൊരുക്കുന്നില്ല.
താന്‍ പുറപ്പെട്ട വീട്ടിലേക്കും തന്നെ യാത്രയയച്ച പ്രിയപ്പെട്ടവരിലേക്കും തിരികെ എത്തിച്ചേരാനുള്ളതാണല്ലോ എല്ലാ യാത്രകളും. എന്നാല്‍ നമ്മുടെ റോഡുകളില്‍ ഓരോ ദിവസവും പൊലിയുന്ന ജീവനുകള്‍ ഏറെയാണ്. വാഹനമോടിക്കുന്ന ഓരോരുത്തരും നിയമങ്ങള്‍ പാലിക്കുന്നതോടൊപ്പം ഒരു ഗതാഗത സംസ്‌കാരത്തെ രൂപപ്പെടുത്താനും അത് സംരക്ഷിക്കാനും ശ്രദ്ധിക്കേണ്ടതാണ്. തന്റെ അരികിലൂടെ സഞ്ചരിക്കുന്നവനോടുള്ള സമീപനത്തിലും അവനെ ഒരു പിഴവ് കൊണ്ടുപോലും അപകടപ്പെടുത്തരുത് എന്ന ശ്രദ്ധയും സൂക്ഷ്മതയുമാണ് ഗതാഗത സംസ്‌കരണം എന്നത്.  ‘ധൃതി പൈശാചികമാണ്’ എന്ന പ്രവാചക വചനത്തെ ഏറെ കൗതുകത്തോടെ നമുക്ക് മറ്റുള്ളവര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്താം. ഏതായാലും ആഗസ്ത് 5 മുതല്‍ 31 വരെ റോഡ് സുരക്ഷ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാനത്ത് മോട്ടോര്‍ വാഹന  വകുപ്പും പോലീസും ചേര്‍ന്ന് നടത്തുന്ന വാഹന പരിശോധന ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു. ഇനിയൊരു ജീവനും അപായപ്പെടാതിരിക്കാന്‍ നാം ഏറെ ജാഗ്രതയുള്ളവരാകുക.
Back to Top