റമദാന്‍ നാം ഉപയോഗപ്പെടുത്തിയോ?
മുര്‍ഷിദ് പാലത്ത്
ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍ക്കെല്ലാം കൃത്യമായ രൂപം ഉള്ളതുപോലെ ലക്ഷ്യവുമുണ്ട്. അടിസ്ഥാന ലക്ഷ്യമായ പരലോക മോക്ഷം എന്നതോടൊപ്പം വേറെയും മഹിതമായ ലക്ഷ്യങ്ങള്‍ അത് മുന്നോട്ടുവെക്കുന്നു. തനിക്ക് ജന്മവും ജീവിതവും നല്‍കുകയും എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും ചെയ്ത നാഥനോടുള്ള നന്ദിപ്രകടനമാണ് അതിലൊന്ന്. ആ കരുണാമയനോടുള്ള സ്‌നേഹവും ബഹുമാനവും വിധേയത്വവുമാണ് ആരാധനയുടെ മറ്റൊരു ലക്ഷ്യം. തീര്‍ത്തും ദുര്‍ബലനും നിസ്സഹായനുമായ തനിക്ക് ജീവിതമാര്‍ഗത്തില്‍ വിഘ്‌നങ്ങള്‍ നീങ്ങാനും പ്രപഞ്ചവിധാതാവിന്റെ അക്ഷയപാത്രത്തില്‍ നിന്ന് ഇനിയുമേറെ ഉപകാരങ്ങള്‍ കിട്ടാനുമുള്ള പ്രാര്‍ഥനയും ലക്ഷ്യമാണ്. ഇതിനെല്ലാം പുറമേ ജീവിതം മുച്ചൂടും നിറഞ്ഞുകിടക്കുന്ന ആരാധനാനുഷ്ഠാനങ്ങള്‍ ഭൗതികജീവിത പരിസരത്ത് പലവിധ ഗുണങ്ങളും ഉല്‍പാദിപ്പിക്കുമെന്നും വിശ്വാസി മനസ്സിലാക്കുന്നു. ജീവിതത്തിന്റെ ഏതവസ്ഥയിലും ഇസ്‌ലാം ആവശ്യപ്പെടുന്ന കര്‍മങ്ങളും ആചാരങ്ങളും അര്‍ഥമില്ലാത്തതോ ഉപകാരരഹിതമോ അപകടകരമോ ആയ പ്രത്യേക പൂജാമുറകളല്ല എന്നര്‍ഥം. അവയെല്ലാം വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ഒട്ടേറെ സദ്ഫലങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്.
നമസ്‌കാരം മനുഷ്യനെ മോശവും മ്ലേച്ഛവുമായ എല്ലാ കാര്യങ്ങളില്‍ നിന്നും തടയുന്നു. സകാത്ത് പദം തന്നെ സൂചിപ്പിക്കുന്നതുപോലെ ദാതാവിനെ മാനസികമായി സംസ്‌കരിക്കുന്നതോടൊപ്പം ജീവിതായോധനത്തിനുള്ള സമ്പത്ത് തടയപ്പെട്ടവര്‍ക്ക് ലഭിക്കാനും പൊതു-സാമൂഹിക സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനും സഹായിക്കുന്നു. ഹജ്ജാകട്ടെ സാമൂഹിക-മാനവിക ഐക്യമടക്കം ധാരാളം ഗുണങ്ങള്‍ സാധ്യമാക്കുന്നു.
റമദാനിലെ വ്രതത്തിനും ഇതുപോലെ മഹത്തായ ഇരുലോക ലക്ഷ്യങ്ങളുണ്ട്. റയ്യാന്‍ പ്രവേശം അഥവാ പരലോകരക്ഷയാണ് അതിന്റെ ആത്യന്തിക ലക്ഷ്യം.
നബി(സ) അരുളി: ”തീര്‍ച്ചയായും സ്വര്‍ഗത്തില്‍ റയ്യാന്‍ എന്നു പേരായ ഒരു കവാടമുണ്ട്. അന്ത്യദിനത്തില്‍ നോമ്പുകാര്‍ അതിലൂടെ പ്രവേശിക്കുന്നതാണ്. അവരുടെ കൂടെ മറ്റാരും അതിലൂടെ പ്രവേശിക്കുന്നതല്ല. നോമ്പുകാര്‍ എവിടെ എന്നു പറയപ്പെടും. ശേഷം അവര്‍ അതിലൂടെ പ്രവേശിക്കുന്നതാണ്. അവരിലെ അവസാനത്തെയാളും അതില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അത് അടയ്ക്കപ്പെടും. പിന്നീട് അതിലൂടെ ആരും പ്രവേശിക്കുന്നതല്ല” (ബുഖാരി 1797, മുസ്‌ലിം 1152).
നബി(സ) അരുളി: ”അല്ലാഹു പറയുന്നു: മനുഷ്യന്റെ കര്‍മങ്ങളെല്ലാം അവനു തന്നെ, എന്നാല്‍ വ്രതമൊഴികെ. അത് എനിക്കാണ്, ഞാന്‍ തന്നെ അതിന് പ്രതിഫലം നല്‍കും.’ നോമ്പ് ഒരു പരിചയാണ്. ആയതിനാല്‍ നോമ്പുകാരന്‍ നോമ്പുദിനം ചീത്ത പറയുകയോ തര്‍ക്കിക്കുകയോ ചെയ്യരുത്. ഇനി വല്ലവനും അവനെ ചീത്ത പറയുകയോ തര്‍ക്കിക്കുകയോ ചെയ്യുന്നെങ്കില്‍ ‘ഞാന്‍ നോമ്പുകാരനാണെ’ന്ന് അവന്‍ പറയട്ടെ. മുഹമ്മദിന്റെ ആത്മാവ് ഏതൊരുവന്റെ കൈയിലാണോ അവന്‍ തന്നെ സത്യം, നോമ്പുകാരന്റെ വായയുടെ വാസന അന്ത്യദിനത്തില്‍ അല്ലാഹുവിങ്കല്‍ കസ്തൂരിയുടെ വാസനയേക്കാള്‍ മെച്ചപ്പെട്ടതാണ്. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. നോമ്പു തുറക്കുമ്പോഴുള്ള സന്തോഷവും തന്റെ നാഥനെ കണ്ടുമുട്ടുമ്പോള്‍ നോമ്പു പിടിച്ചതിലുള്ള സന്തോഷവും” (ബുഖാരി 1771, മുസ്‌ലിം 1944).
ഇതിനു പുറമേ വേറെ പല ലക്ഷ്യങ്ങളുമുണ്ട്. ഇല്ലായ്മ മനസ്സിലാക്കുക, ഉപയോഗം ചുരുക്കി ആര്‍ത്തനു നല്‍കുക, ആരോഗ്യം സൂക്ഷിക്കുക, ഇച്ഛകളുടെ മൃഗീയത നിയന്ത്രിച്ച് മനുഷ്യനാവുക തുടങ്ങി പലതും അതില്‍ ഉള്‍പ്പെടുത്താം. ഇവയെല്ലാം നോമ്പ് നിര്‍ബന്ധമാക്കി അല്ലാഹു അവതരിപ്പിച്ച വിശുദ്ധ വചനത്തിന്റെ അവസാന വാക്കില്‍ അല്ലാഹു സംക്ഷേപിച്ചിരിക്കുന്നു. സൂക്ഷ്മത, ഭക്തി, ശ്രദ്ധ എന്നിങ്ങനെ വിശാല അര്‍ഥമുള്ള തഖ്‌വ എന്ന വാക്കാണ് അതിനായി അല്ലാഹു തിരഞ്ഞെടുത്തത്.
”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നതുപോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടിയത്രേ അത്” (2:183).
വിടപറയുന്ന റമദാനിനു മുമ്പിലിരുന്ന് വിശ്വാസി ആലോചിക്കേണ്ടതും ആകുലപ്പെടേണ്ടതും ഈ വിഷയത്തില്‍ തന്നെയാണ്. അഥവാ വ്രതചൈതന്യമായി അല്ലാഹു നിഷ്‌കര്‍ഷിച്ച സൂക്ഷ്മതാബോധം എത്രത്തോളം ഉള്‍ക്കൊള്ളാനായി? പട്ടിണിപ്പരിശീലനത്തിന്റെ കേവല ചടങ്ങായി മാറിയോ ഈ കൊടുംചൂടിലെ പൈദാഹസഹനം?
ക്ഷമയായി, പരിചയായി, തിന്മയുടെ വിപാടനമായി, നന്മയോടുള്ള ആര്‍ത്തിയായി, സ്വര്‍ഗപ്രവേശമായി, നരകമോചനമായി, പിശാചുബന്ധനമായി, ഉത്തരം ലഭിക്കുന്ന പ്രാര്‍ഥനയായി മുഹമ്മദ് നബി(സ) വിവരിച്ച് വിശദീകരിച്ച മഹത്തായ റമദാന്‍ വ്രതത്തെ എത്രത്തോളം ഉപയോഗപ്പെടുത്തി?
റമദാന്‍ വ്രതമൊരു കാലിസഞ്ചിയായിരുന്നു. നിരാഹാരത്തിന്റെയും നിര്‍മോഹത്തിന്റെയും പട്ടിണിസഞ്ചി. അതിനകത്ത് നന്മകള്‍ നിറയ്ക്കുമ്പോഴാണ് വ്രതം അപരിമേയ പ്രതിഫലത്തിന് അര്‍ഹമാകുന്ന അമൂല്യതയാകുന്നത്. ക്ഷമ, സഹനം, വിട്ടുവീഴ്ച പോലുള്ള സ്വഭാവങ്ങളും സുന്നത്ത് നമസ്‌കാരങ്ങള്‍, സ്‌തോത്ര കീര്‍ത്തനങ്ങള്‍, ദാനധര്‍മങ്ങള്‍ തുടങ്ങിയ കര്‍മങ്ങളും കൊണ്ട് അതിന്റെ ഉള്ള് നിറച്ചവനത്രേ എഴുപതു വര്‍ഷ വഴിദൂരം നരകത്തില്‍ നിന്ന് അകറ്റപ്പെടുന്ന നോമ്പുകാരന്‍. ഖുര്‍ആനിന്റെ മാസമായിരുന്നല്ലോ റമദാന്‍. അതിന്റെ പഠനത്തില്‍, മനഃപാഠത്തില്‍, ചിന്തയില്‍ എവിടെ എത്തി? പാരായണത്തില്‍ അടയാളക്കടലാസുകള്‍ പേജു മറിഞ്ഞ് ഓടുന്ന വേഗത്തില്‍ ആശയാനുധാവനം നടന്നുവോ?
റമദാനില്‍ പൈശാചികതകളോട്, സ്വാര്‍ഥ ഇച്ഛകളോട് അകലം പാലിക്കാനും അരുതെന്ന് പറയാനും കാണിച്ച ധൈര്യവും ആവേശവും ആത്മാര്‍ഥമായിരുന്നുവോ എന്ന് പറയേണ്ടത് ശവ്വാല്‍പിറയ്ക്കു പിറ്റേന്നും അധര്‍മങ്ങള്‍ക്കു നേരെ എടുക്കുന്ന നിലപാടുകളാണ്. റമദാന്‍ കഴിയട്ടെ എന്നു പറഞ്ഞുവെച്ച വാക്-കര്‍മ പ്രതികരണങ്ങളിലെ ക്രിയാത്മകതയായിരിക്കും വ്രതത്തിന്റെ തൂക്കം അളക്കുന്നത്. മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്ന മട്ടില്‍ നാം കഷ്ടപ്പെട്ടു കാത്തുവെച്ചതെല്ലാം കാക്ക കൊത്തിപ്പോകുന്ന നിസ്സഹായതയാണ് ഇവിടെ കാത്തിരിക്കുന്നത്. തുറവിയാഘോഷത്തിന്റെ തക്ബീര്‍ ഈണം ഹൃദയതാളമായിരുന്നോ നിര്‍മിതബുദ്ധിയുടെ ചുണ്ടനക്കങ്ങള്‍ മാത്രമായിരുന്നോ എന്നതും പെരുന്നാളിനു ശേഷവും നാഥനു മുന്നില്‍ കുനിയുന്ന ശിരസ്സാണ് പറയേണ്ടത്.
റമദാനിനായി പ്രത്യേകിച്ചൊരു നന്മയും നാഥന്‍ നിര്‍ദേശിച്ചിട്ടില്ല. മറ്റു കാലങ്ങളില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ മാത്രമേ നോമ്പുമാസത്തിലും ഉള്ളൂ. നമസ്‌കാര നിഷ്ഠയും സംഘടിത നമസ്‌കാരവും ഐഛിക നോമ്പും ഖിയാമുല്ലൈലും ഇഅ്തികാഫും ദാനവും ഖുര്‍ആന്‍ ബന്ധവുമെല്ലാം വരാനിരിക്കുന്ന 11 മാസത്തിലും നന്മകള്‍ തന്നെയാണ്. വെറുപ്പും വിദ്വേഷവും ദുരാരോപണങ്ങളും പ്രതികാരങ്ങളും മറ്റു സ്വഭാവദൂഷ്യങ്ങളും തോന്നിവാസങ്ങളും അതുപോലെ തന്നെ ആ മാസങ്ങളില്‍ നിഷിദ്ധങ്ങളുമാണ്. പിന്നെ ഈ ഒരു മാസത്തിന്റെ പ്രത്യേകത എന്തായിരുന്നു? ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം 11 മാസം നിര്‍വഹിക്കാനായി അല്ലാഹു നല്‍കിയ സേവനകാല പ്രായോഗിക തീവ്രപരിശീലനം. അതിന് കൂലിക്കു പുറമെ കരുണാമയനും അത്യുദാരനുമായവന്‍ അളവറ്റ ബത്ത വേറെ പ്രഖ്യാപിച്ചു എന്നു മാത്രം.
എക്കാലത്തെയും പോലെ ഏറെ പ്രതിസന്ധികള്‍ക്ക് നടുവിലാണ് ലോക ഇസ്‌ലാമിക സമൂഹം. ഏതുതരം പ്രതികൂലതകളെയും ആനുകൂല്യങ്ങളാക്കി മാറ്റാന്‍ അനിതരശേഷിയുള്ള ധര്‍മസംഹിതയാണ് ഇസ്‌ലാം. അതിനാല്‍ തന്നെയാണ് അത് ഇത്ര കാലം അതിജീവിച്ചത്; ഇനി ലോകാവസാനം വരെ അതിജീവിക്കുകയും ചെയ്യും. എന്നാല്‍ ഓരോ കാലഘട്ടത്തിലെയും വിശ്വാസിക്ക് ആലോചിക്കാനുള്ളത് ആ ആദര്‍ശം നിലനിര്‍ത്തുന്നതില്‍ തന്റെ പങ്ക് എത്രത്തോളമായിരുന്നു എന്നാണ്. ദിനേന നിര്‍ബന്ധിതവും ഐച്ഛികവുമായി പലവട്ടം ഉരുവിട്ടുറപ്പിക്കുന്ന ശഹാദത്ത് അര്‍ഥപൂര്‍ണമാക്കാന്‍ അധ്വാനിച്ചതെത്ര? അതിലേക്ക് ഈ നോമ്പും ഉപയോഗപ്പെട്ടുവോ?
പ്രാര്‍ഥിക്കാം: കാരുണികനായ അല്ലാഹുവേ. പഠിച്ചത് പ്രവര്‍ത്തിക്കാന്‍ നീ ഈമാനും സാഹചര്യവും തന്ന് അനുഗ്രഹിക്കേണമേ.
പിന്‍കുറി: സോഷ്യല്‍ മീഡിയയില്‍ ആലോചനാമൃതമായ ഒരു തമാശ കണ്ടു. പള്ളിയില്‍ ‘കണ്ടുകിട്ടി’ എന്ന തലവാചകത്തില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. അതില്‍ ചുവടെ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘കഴിഞ്ഞ റമദാനില്‍ അവസാന തറാവീഹും ജുമുഅഃയും കഴിഞ്ഞ് പോയ ചില വിശ്വാസികളെ നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഈ റമദാന്‍ ഒന്നിന് കണ്ടെത്തിയിരിക്കുന്നു എന്ന വിവരം എല്ലാവരെയും സന്തോഷപൂര്‍വം അറിയിക്കുന്നു, എന്ന് പള്ളി സെക്രട്ടറി.’