രോഗാതുരതയും വിശ്വാസദൗര്‍ബല്യവും
ആരോഗ്യരംഗത്തെ ‘കേരള മോഡല്‍’ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചുവെന്നാണ് മാധ്യമങ്ങള്‍ നമുക്കു പറഞ്ഞുതരുന്നത്. ദമ്പതികളില്‍ അധികപേരും ഏതെങ്കിലും കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും പ്രസവം മിക്കവാറും പൂര്‍ണമായി ആശുപത്രികളില്‍ നടക്കുന്നതും തല്‍ഫലമായി ഗര്‍ഭിണികളുടെയും നവജാത ശിശുക്കളുടെയും മരണനിരക്ക് ഗണ്യമായി കുറയുന്നതും മിക്ക ശിശുക്കള്‍ക്കും പ്രതിരോധ മരുന്നുകള്‍ നല്കുന്നതും ജനങ്ങള്‍ ചികിത്സാവിഷയത്തില്‍ ഏറെ താല്പര്യം കാണിക്കുന്നതും ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതും മറ്റുമാണ് ശ്ലാഘിക്കപ്പെടുന്ന കേരള മോഡലിന്റെ ശ്രദ്ധേയമായ സൂചകങ്ങള്‍. ഇക്കാര്യങ്ങളില്‍ നമ്മുടെ സംസ്ഥാനം ഏറെക്കുറെ വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം എത്തിക്കഴിഞ്ഞതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതൊക്കെ പ്രഥമ ദൃഷ്ട്യാ സന്തോഷത്തിന് വക നല്കുന്ന കാര്യങ്ങള്‍ തന്നെ.
എന്നാല്‍ ഇതിന്റെ മറുവശത്ത് ഒട്ടും സന്തോഷകരമല്ലാത്ത ഒരു വസ്തുതയുണ്ട്. മലയാളികളുടെ രോഗാതുരതയുടെ നിരക്ക് അനുസ്യൂതം വര്‍ധിച്ചുവരുന്നു എന്നതാണത്. കുട്ടികളും യുവാക്കളും ഉള്‍പ്പെടെ ജനസംഖ്യയുടെ ഗണ്യമായ ഒരു ഭാഗം ഇപ്പോള്‍ പ്രമേഹത്തിന്റെ പിടിയിലാണ്. നാല്പത് വയസ്സ് പിന്നിട്ടവരില്‍ വളരെപ്പേര്‍ അമിത രക്തസമ്മര്‍ദത്തിന് പതിവായി മരുന്ന് കഴിക്കുന്നവരാണ്. കൂടിയ കൊളസ്‌ട്രോള്‍ നിരക്കും ധാരാളം പേരെ സ്ഥിരം ഔഷധ സേവകരാക്കി മാറ്റുന്നു. ഹൃദ്രോഗങ്ങള്‍ മൂര്‍ച്ഛിക്കാതിരിക്കാന്‍ പതിവായി മരുന്നുകഴിക്കുന്നവരും ഹൃദയശസ്ത്രക്രിയകളെത്തുടര്‍ന്ന് ആജീവനാന്തം മരുന്നു കഴിക്കാന്‍ വിധിക്കപ്പെട്ടവരും ഇപ്പോള്‍ മിക്ക കുടുംബങ്ങളിലുമുണ്ട്.
ചിലയിനം കാന്‍സര്‍ രോഗങ്ങളുടെ ശമനസാധ്യത അല്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കാന്‍സര്‍ബാധയുടെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കിഡ്‌നി പൂര്‍ണമായോ ഭാഗികമായോ പ്രവര്‍ത്തനരഹിതമായവരുടെ എണ്ണം കുറച്ചൊന്നുമല്ല. പലതരം ശ്വാസകോശരോഗങ്ങള്‍ക്ക് തുടര്‍ച്ചയായി ചികിത്സ ചെയ്തുകൊണ്ടിരിക്കുന്നവരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. കരള്‍ രോഗമാകട്ടെ അധിക പേരും അറിയുന്നതുതന്നെ ഗുരുതരാവസ്ഥയിലായ ശേഷമാണ്. അതും ഏറെ കഷ്ടനഷ്ടങ്ങള്‍ക്ക് ഇടവരുത്തുന്നു.
മുസ്‌ലിംകള്‍ രോഗാതുരതയില്‍ മുന്നിട്ടു നില്ക്കുന്നുവെന്നാണ് പല നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. മുസ്‌ലിംകള്‍ ന്യൂനപക്ഷമായിട്ടുള്ള ചില നഗരങ്ങളിലെ വലിയ ആശുപത്രികളില്‍ പോലും മുസ്‌ലിം രോഗികള്‍ ഏറെ അഡ്മിഷന്‍ തേടുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതെന്തുകൊണ്ട് എന്ന് കണ്ടെത്താന്‍ സമഗ്രമായ പഠനങ്ങള്‍ നടത്തപ്പെട്ടിട്ടില്ലെങ്കിലും മിക്ക ആരോഗ്യവിദഗ്ധരും മുസ്‌ലിംകളുടെ ജീവിതരീതി അനാരോഗ്യകരമായിത്തീരുന്ന കാര്യം പരോക്ഷമായെങ്കിലും ചൂണ്ടിക്കാണിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ആരോഗ്യകരമായ ഒരു ജീവിത വീക്ഷണം ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിക അധ്യാപനങ്ങള്‍ പിന്തുടരുന്ന മുസ്‌ലിംകള്‍ രോഗാതുരതയില്‍ ഏറെ പിന്നിലാവുകയാണ് വേണ്ടത്.
തികഞ്ഞ ആദര്‍ശ പ്രതിബദ്ധത പുലര്‍ത്തുന്നതായി സ്വയം കരുതുന്ന ആളുകള്‍ പോലും അനാരോഗ്യകരമായ ആഹാരപാനീയങ്ങള്‍ ഒഴിവാക്കുന്ന വിഷയത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. ഈ വിഷയകമായ ഖുര്‍ആനിക അനുശാസനം അവര്‍ ഗൗരവബുദ്ധ്യാ പരിഗണിക്കുന്നേയില്ല. ”നിങ്ങള്‍ക്ക് നാം നല്കിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അതില്‍ നിങ്ങള്‍ അതിരു കവിയരുത്. (നിങ്ങള്‍ അതിരുവിട്ടു നിന്നാല്‍) എന്റെ കോപം നിങ്ങളുടെ മേല്‍ വന്നിറങ്ങുന്നതാണ്. എന്റെ കോപം ആരുടെ മേല്‍ വന്നിറങ്ങുന്നുവോ അവന്‍ നാശത്തില്‍ പതിച്ചു”(വി.ഖു 20:81). ഈ നാശോന്മുഖതയുടെ വിവിധ മാനങ്ങളിലൊന്നാണ് വര്‍ധിച്ചുവരുന്ന രോഗാതുരത.
യൗവനം പിന്നിട്ട സ്ത്രീപുരുഷന്മാരില്‍ പകുതിയോളമോ അതിലധികമോ പലതരം രോഗങ്ങള്‍ക്ക് സ്ഥിരമായി ചികിത്സ വേണ്ടവരാവുക എന്നത് വല്ലാത്തൊരു ദുരവസ്ഥയാണ്. ശാരീരികവും മാനസികവുമായ കഷ്ടപ്പാടുകളും സാമ്പത്തിക ഞെരുക്കവും മാത്രമല്ല പരമകാരുണികനായ പടച്ച തമ്പുരാനെ സംബന്ധിച്ച് സദ്‌വിചാരം പുലര്‍ത്താന്‍ കഴിയാതിരിക്കലും രോഗാതുരതയുടെ കെടുതികളില്‍ പെടുന്നു. പടച്ചവന്‍ എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്തിന് എന്ന പരാതിയും പരിദേവനവുമായി കഴിച്ചുകൂട്ടുന്നു ചിലര്‍. പടച്ചവന്റെ അലംഘനീയമായ വിധിയെന്ന് കരുതി സമാധാനമടയാന്‍ ശ്രമിക്കുന്നു മറ്റു ചിലര്‍. പലതരം രോഗങ്ങള്‍ കൊണ്ട് മനുഷ്യരെ കഷ്ടപ്പെടുത്തുകയാണ് പടച്ചവന്റെ പദ്ധതി എന്ന് പോലും ചിലര്‍ തെറ്റിദ്ധരിക്കാനിടയാകുന്നു. ചില ദൈവനിഷേധികള്‍ ആ നിലയിലുള്ള നിഷേധാത്മക പ്രചാരണം നടത്തുകയും ചെയ്യുന്നു.
നമ്മുടെ ആദര്‍ശപിതാവായ ഇബ്‌റാഹീം നബി(അ)ക്ക് ഈ വിഷയകമായി തികച്ചും രചനാത്മകമായ കാഴ്ചപ്പാടാണുണ്ടായിരുന്നത്. പരമകാരുണികനായ ലോകരക്ഷിതാവിന്റെ പദ്ധതി ആളുകളെ രോഗികളാക്കലല്ല അവര്‍ക്ക് ശമനം നല്കലാണ് എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വത്തെ സംബന്ധിച്ച് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ”ഞാന്‍ രോഗിയായാല്‍ അവനാണ് എനിക്ക് ശമനം നല്കുന്നത്” (വി.ഖു 26:80). വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഇത് പരാമര്‍ശിച്ചത് എക്കാലത്തുമുള്ള മനുഷ്യര്‍ക്ക് പരമകാരുണികനായ അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വത്തെക്കുറിച്ച് രചനാത്മകമായ ധാരണ ഉണ്ടാകേണ്ടതിനു വേണ്ടിയാകുന്നു.
