രാഹുലും ഇടതുപക്ഷവും – എ പി അഹമ്മദ്
ഒടുവില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തി. നമുക്ക് ആ ദേശീയ നേതാവിനെ സ്വാഗതം ചെയ്യാം. തിരഞ്ഞെടുപ്പ് ഉത്സവത്തിന് നേരത്തേ എത്തി മണ്ഡലത്തിന്റെ വീട്ടകങ്ങള്‍ കീഴടക്കിയ ഇടതുപക്ഷം തന്നെയാണ് പടിപ്പുരയില്‍ നിന്ന് ഈ വിരുന്നുകാരനെ ആദ്യം വരവേല്‍ക്കേണ്ടത്. പഴശ്ശി രാജന് ബ്രിട്ടീഷുകാരെ പഠിപ്പിച്ച പഴയ പാഠം നാം കൂപ്പുകൈയോടെ രാഹുലിന് സമര്‍പ്പിക്കുന്നു: ”അതിഥി ദേവോ ഭവഃ”…
കേരളത്തില്‍ വന്ന് യു ഡി എഫിനു വേണ്ടി മത്സരിച്ചതു കൊണ്ട് രാഹുല്‍ ഒട്ടും ചെറുതാകുന്നില്ല. എന്നാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി, എന്റെ പ്രിയ സ്നേഹിതന് പി പി സുനീര്‍, ദേശത്തോളം വലുതാവുകയാണ്. വയനാട് ഈ തിരഞ്ഞെടുപ്പില്‍ ആഗോള ശ്രദ്ധ പതിയുന്ന മണ്ഡലമായി മാറുകയാണ്. തുഷാര്‍ വെള്ളാപ്പള്ളി മുതല്‍ സോളാര്‍ സരിത വരെ ചുരം കയറിയെത്തുന്നത് അക്കാരണം കൊണ്ടു തന്നെയാണല്ലോ.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ അനൗചിത്യവും ക്രമക്കേടും ആരോപിക്കുന്നതില്‍ കഴമ്പില്ല. കാരണം ഇന്ത്യയുടെ ഭരണഘടന പോലെ രാഷ്ട്രീയ ഘടനയും ഫെഡറല്‍ ആണ്. മെയ് 23 വരെ ഈ ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാനപ്പട്ടികയിലാണ്. അന്നുമുതല്‍ മാത്രമേ കേന്ദ്രപ്പട്ടിക പരിഗണനക്കെടുക്കാന്‍ സാധിക്കൂ. അന്നുവരെ ഓരോ സംസ്ഥാനവും അവരവരുടെ മുന്‍ഗണനകള്‍ക്കായി പൊരുതും.
കേന്ദ്ര ഭരണം ലക്ഷ്യമിട്ടുള്ള ആദര്‍ശാധിഷ്ഠിതമായ ഒരു ദേശീയ മുന്നണി ഇന്ത്യയില്‍ ഒരു തിരഞ്ഞെടുപ്പിലും ഉണ്ടായിട്ടില്ല. ഒറ്റക്കക്ഷി ഭരണം സാധ്യമായ കാലത്തു പോലും സംസ്ഥാന ചിത്രങ്ങള്‍ വിചിത്രവും വ്യത്യസ്തവുമായിരുന്നു.
കേരളത്തിന് കോണ്‍ഗ്രസ് മുന്നണിയേക്കാള്‍ എന്തുകൊണ്ടും സ്വീകാര്യമാവേണ്ടത് ഇടതുപക്ഷം തന്നെയാണ്. അതുകൊണ്ട് മറ്റുചില സംസ്ഥാനങ്ങളില്‍ രാഹുലിന്റെ പാര്‍ട്ടിയെ പിന്തുണക്കുന്ന ഇടതുകക്ഷികള്‍ തന്നെ ഇവിടെ രാഹുലിനെ തോല്‍പ്പിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങും. അത് ദേശീയ രാഷ്ട്രീയത്തിലെ വൈരുധ്യമല്ല. ജനാധിപത്യത്തിന്റെ വൈവിധ്യമാണ്.
ഫാസിസത്തിന്റെ ജനിതകമുള്ള സംഘപരിവാറിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്ത്തുകയാവണം ഈ തിരഞ്ഞെടുപ്പിന്റെ ദേശീയ ലക്ഷ്യമെന്ന് മറക്കുന്നില്ല. ആ തിരഞ്ഞെടുപ്പ് മെയ് 23 ന് ആരംഭിക്കുമ്പോള്‍ ഏറ്റവും വിശ്വസ്തരായ കൂട്ടാളികള്‍ ഇടതുപക്ഷമായിരിക്കുമെന്ന് രാഹുല്‍ തന്നെ പറഞ്ഞു കഴിഞ്ഞു. ദേശീയ രാഷ്ട്രീയത്തിന്റെ ഗ്രേസ് മാര്‍ക്ക് ഇടതുപക്ഷത്തിന് കിട്ടിക്കഴിഞ്ഞു എന്നര്‍ഥം. ബാലറ്റ് യുദ്ധാനന്തര രാഷ്ട്രീയ ധാരണകളുടെ ദൂഷ്യങ്ങള്‍ രാജ്യം പലകുറി അനുഭവിച്ചതാണ്. ധനമോഹികള്ക്കും അധികാരക്കൊതിയന്മാര്ക്കും ഫാസിസവും ജനാധിപത്യവുമൊന്നും തിരിച്ചറിയാനാവാത്ത ഉന്മത്തകാലമാവും അത്. ഒടുവില്‍ കോര്‍പ്പറേറ്റ് കാര്‍മികത്വത്തില്‍ എന്‍ ഡി എ തന്നെ തട്ടിക്കൂട്ടി ഭരിക്കുന്ന ഇരുണ്ട കാലം വീണ്ടും വന്നാല്‍, പൊരുതാനുള്ള വീര്യം കാത്തുവെക്കുക തന്നെ…
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് ബി ജെ പി ക്കെതിരേയുള്ള പോരാട്ടത്തിന്റെ രൂക്ഷത കുറക്കുകയില്ല. ഇത് ഫൈനല്‍ മത്സരത്തിനുള്ള ടീം സെലക്ഷന് ആണ്. ഇതില്‍ ആര് ജയിച്ചാലും അന്തിമ പോരാട്ടം ബി ജെ പി യോടാണ്. എന്നു വെച്ച് സെലക്ഷന് മത്സരം ഒഴിവാക്കാനുമാവില്ല. കാരണം കേരളത്തിന്റെ കളിക്കാര്‍ക്ക് കേരളത്തിന്റെ നിലവാരം വേണം. യു പി ക്കോ രാജസ്ഥാനോ കേരളമാവുക എളുപ്പമല്ല.
സാമൂഹിക പുരോഗതിയിലും രാഷ്ട്രീയ ബോധത്തിലും കേരളത്തിന്റെ നിലവാരത്തിലേക്ക് ഇന്ത്യയെ എത്തിക്കുകയാണ് ജനാധിപത്യത്തിന്റെ ഗുണപരമായ ദൗത്യം. അല്ലാതെ ഗുജറാത്തിന്റെയോ മഹാരാഷ്ട്രയുടെയോ മാതൃക കേരളത്തിന് സമ്മാനിക്കുകയല്ല.
രാഹുലിന്റെ വരവില്‍ ഒരു ഗതികേടുണ്ടായിരിക്കാം. അമേത്തി സുരക്ഷിതമല്ല എന്ന യാഥാര്‍ഥ്യ ബോധം മാത്രമല്ല അത്, കേരളത്തില്‍ തന്റെ പാര്‍ട്ടിയിലെ വിഭാഗീയത പരിഹരിക്കാന്‍ നേരിട്ട് ഗോദയില്‍ ഇറങ്ങേണ്ടി വന്നതും ഗതികേടു തന്നെ. രാഹുല്‍ വന്നാല്‍ ദക്ഷിണേന്ത്യയില്‍ തരംഗമുണ്ടാക്കാമെന്ന കണക്കുകൂട്ടലും അദ്ദേഹത്തെ നയിച്ചിട്ടുണ്ടാവാം. ഒപ്പം നിലവാരമുള്ള ഒരു ടീമിനോട് ഏറ്റുമുട്ടാനുള്ള ശേഷി ടീം കോണ്‍ഗ്രസ്സില്‍ വളര്‍ത്തിയെടുക്കാനുള്ള കളരിയായും അദ്ദേഹം കേരളത്തെ കണ്ടിരിക്കാം.
എന്തായാലും കേരളത്തിന് കണ്ഫ്യൂഷന് വേണ്ട. യു ഡി എഫിനെ തോല്‍പ്പിച്ച് രാഹുലിനെ യാത്രയാക്കുന്നതാണ് നന്നാവുക. അല്ലാത്ത പക്ഷം കേരളത്തിന്റെ സാംസ്കാരിക മാതൃക കളഞ്ഞുകുളിക്കുകയാവും ഫലം. മാത്രമല്ല, ബി ജെ പി ക്കെതിരായ ദേശീയ പോരാട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുമെന്ന് വിശ്വസിക്കാനുമാവില്ല. അതേസമയം, ഇടതുപക്ഷ വിജയം ആശങ്കയിലാക്കുന്ന ചിലരെങ്കിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥി പട്ടികയിലുണ്ട് എന്ന യഥാര്‍ഥ്യം ഞാന്‍ മറക്കുന്നില്ല.
ചുരുക്കത്തില്‍ ഫാസിസത്തെ തോല്പിച്ച് രാജ്യത്തെ രക്ഷിക്കാനുള്ള ചരിത്ര ദൗത്യത്തില്‍ രാഹുലിന് ഇടതു പക്ഷത്തെക്കാള്‍ വലിയ ധര്‍മം നിര്‍വഹിക്കാന്‍ കഴിയും. എന്നാല്‍ ആ പോരാട്ടത്തില്‍ സ്വന്തം അണികളെക്കാള്‍ രാഹുലിന് ആശ്രയിക്കാന്‍ സാധിക്കുക ഇടതുപക്ഷത്തെയാണ്. അതു കൊണ്ട് ഏപ്രില്‍ 23ന്റ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ചും മെയ് 23 ന് ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങളില്‍ രാഹുലിനെ സഹായിച്ചുമാണ് കേരളത്തെയും രാജ്യത്തെയും രക്ഷിക്കേണ്ടത്. അന്തിമ പോരാട്ടത്തില്‍ ജയിച്ചു വന്നാല്‍ രാഹുലിനെ കേരളം ആവേശപൂര്‍വം അഭിവാദ്യം ചെയ്യുക തന്നെ വേണം.