24 Friday
May 2024
2024 May 24
1445 Dhoul-Qida 16

രാജ്യത്തിനു പടപൊരുതിയ ജവാന് ‘വിദേശി’ മുദ്ര ചാര്‍ത്തപ്പെടുമ്പോള്‍ – അപൂര്‍വാനന്ദ്

മുഹമ്മദ് സനാഉല്ല മുപ്പത് വര്‍ഷം സൈന്യത്തില്‍ സേവനം ചെയ്തില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു? ഷാഫി മുഹമ്മദ് അബ്ബാസിയുടെ കുടുംബം ധീരയായ ഒരു ഹിന്ദു വനിതയോടൊപ്പം യാത്ര ചെയ്തില്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഇന്ത്യയില്‍ മുസ്‍ലിം കളുടെയും ഇതര ന്യൂനപക്ഷങ്ങളുടെയും സുരക്ഷിതത്വവും ആദരവും ഹിന്ദുക്കളുടെ സൗഹൃദ സമീപനത്തെ ആശ്രയിച്ചാകാമോ?
മുഹമ്മദ് സനാഉല്ല തടവില്‍ നിന്ന് മോചിതനായതില്‍ നമുക്ക് സന്തോഷിക്കാം. പക്ഷേ, അദ്ദേഹം ഇടക്കാല ജാമ്യത്തില്‍ മാത്രമാണ്. അദ്ദേഹത്തിന്റെ ബയോമെട്രിക് വിവരങ്ങള്‍ ആസാം അധികാരികള്‍ എടുത്തിട്ടുണ്ട്. കാംരുപിന് പുറത്തേക്ക് അദ്ദേഹം യാത്ര ചെയ്തുകൂടാ. തന്റെ ഭൂതകാലം കുറച്ചെങ്കിലും വ്യത്യസ്തമായിരുന്നെങ്കില്‍ സനാഉല്ലക്ക് ഈ താല്‍ക്കാലിക സ്വാതന്ത്ര്യം പോലും ലഭിക്കില്ലായിരുന്നു. സൈന്യത്തില്‍ സേവനം ചെയ്തിരുന്ന അദ്ദേഹം ഇലക്ട്രോണിക് & മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് വിഭാഗത്തിന്റെ സുബേദാര്‍ പദവിയില്‍ നിന്ന് 2017 ലാണ് വിരമിച്ചത്. സൈന്യത്തിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ പദവിയില്‍ നിന്ന് നാഇബ് സുബേദാര്‍ ആയി പ്രമോഷന്‍ ലഭിച്ചതിന് പ്രസിഡന്റിന്റെ സര്‍ട്ടിഫിക്കറ്റും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
എന്നിട്ടും അദ്ദേഹം നിയമം ലംഘിച്ച് കഴിയുന്ന വിദേശിയായി മുദ്ര കുത്തപ്പെടുകയും മുതിര്‍ന്ന സഹപ്രവര്‍ത്തകരാല്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.  സൈനികനെന്ന നിലയില്‍ നിയമങ്ങളുടെ പ്രാധാന്യമറിയുന്ന സനാഉല്ലക്ക് അവര്‍ക്കെതിരെ പരാതിയില്ല. ഫോറിനേഴ്‌സ് ട്രിബ്യൂണലിന്റെ ഓര്‍ഡര്‍ ലഭിച്ചതുപ്രകാരം ‘വേണ്ട നടപടിക്രമങ്ങളില്‍ ഏര്‍പ്പെടുക മാത്ര’മാണല്ലോ അവര്‍ ചെയ്യുന്നത്.
ഈ മുന്‍ സുബേദാര്‍ തന്റെ അനുഭവം വേദനയോടെ വിവരിക്കുന്നു: ”ജയില്‍ കവാടത്തിലൂടെ കടന്നുചെന്നപ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല. ഞാന്‍ സ്വയം ചോദിച്ചു: ‘ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖ സ്ഥിതി ചെയ്യുന്ന കുപ്‌വാര ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ വരെ മൂന്നു പതിറ്റാണ്ടുകളോളം എന്റെ മാതൃഭൂമിയെ സേവിച്ചതിനുശേഷം ഒരു വിദേശിയായി തടവിലിടപ്പെടാന്‍ ഞാനെന്ത് തെറ്റാണ് ചെയ്തത്?’ ജമ്മുകാശ്മീര്‍ കൂടാതെ മധ്യപ്രദേശ്, ആസാം, മണിപ്പൂര്‍ എന്നിവിടങ്ങളിലും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അതിര്‍ത്തിയില്‍ ധീരതയോടെ നിന്നുകൊണ്ട് എന്റെ രാജ്യത്തെ ഞാന്‍ പ്രതിരോധിച്ചു. എന്റെ രാജ്യത്തെ ഞാന്‍ സ്‌നേഹിക്കുന്നു. ഞാനൊരിന്ത്യക്കാരനാണ്. എന്റെ കേസിന്റെ കാര്യത്തില്‍ നീതി നടപ്പാവുമെന്ന് എനിക്കുറപ്പുണ്ട്’ അദ്ദേഹം പറയുന്നു.
‘ഇന്ത്യക്കാരനാണ്’ എന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നത് നമ്മെ ഞെട്ടിക്കും. സനാഉല്ലയെപ്പോലെയുള്ള പേരുള്ളവര്‍ക്ക് ഈ ആവര്‍ത്തിച്ചു പറയല്‍ ഇപ്പോള്‍ അനിവാര്യമാവുകയാണോ? ഇപ്പോള്‍ വിലക്കുകളോടെയുള്ള ജീവിതമാണെങ്കിലും സനാഉല്ലാ ഭാഗ്യവാനാണ്.
ഉത്തര്‍ പ്രദേശിലെ അലീഗഡ് ജില്ലയില്‍ ധീരയായ പൂജാ ചൗഹാന്റെ സമയോചിത ഇടപെടല്‍ കൊണ്ട് സുരക്ഷിതരായ ഷാഫി മുഹമ്മദ് അബ്ബാസിയും കുടുംബവും ഭാഗ്യമുള്ളവരാണ്. ഹരിയാനയിലെ ബല്ലഭ്ഗറില്‍ നിന്ന് യാത്ര ചെയ്തുകൊണ്ടിരുന്ന കുടുംബത്തെ മോട്ടോര്‍ സൈക്കിളില്‍ വന്ന അക്രമികളില്‍ നിന്ന് രക്ഷിച്ചത് ചൗഹാനാണ്. അലിഗഡിനടുത്ത് തപ്പാലില്‍ രണ്ടു വയസ്സുകാരി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഈ സംഭവം. ബുര്‍ഖ ധരിച്ചിരുന്നതിനാല്‍ യാത്രക്കാര്‍ മുസ്‍ലിം കുടുംബമാണെന്ന് അക്രമികള്‍ക്ക് മനസ്സിലായി.
‘വാനില്‍ നിന്ന് പുറത്തിറങ്ങി സ്വന്തം മകളെപ്പോലെ പൂജ അക്രമികള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ധീരതയോടെ നിന്നില്ലായിരുന്നെങ്കില്‍ അവര്‍ തങ്ങളെ കൊന്നേനെ’ അബ്ബാസി റിപ്പോര്‍ട്ടമാരോട് പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് ഒരു സുഹൃത്തെഴുതിയത് അബ്ബാസിയുടെ വിധിയെന്നാണ്. സനാഉല്ലയെപ്പോലുള്ള പേരുള്ളവരും അബ്ബാസിയുടെ കുടുംബത്തിലെ സ്ത്രീകളെപ്പോലെ വേഷം ധരിച്ചവരും തീര്‍ത്തും അപകടത്തിലായ ഒരു ലോകത്ത് മുസ്‍ലിം കളെ വിധിയ്ക്കു വിട്ടു കൊടുക്കുക എന്നത് മാത്രമാണോ നാം ചെയ്യേണ്ടത്.
മുപ്പതു വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ഒരു സൈനികനായിരുന്നില്ല സനാഉല്ല എങ്കില്‍? സ്വജീവന്‍ അപകടത്തിലാവുന്നതുപോലും ഗൗനിക്കാതെ ധീരതയോടെ നില കൊണ്ട പൂജയെപ്പോലൊരാള്‍ അബ്ബാസിയുടെ കുടുംബത്തോടൊപ്പം സഹയാത്രികരുമായുണ്ടായിരുന്നില്ലെങ്കില്‍? അലിഗഡില്‍ രണ്ടു വയസ്സുകാരി കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള വസ്തുതകള്‍ വെളിപ്പെടുത്താന്‍ അതീവ ശ്രദ്ധ കൊടുത്ത ആകാശ് കുല്‍ഹരിയെപ്പോലൊരു പോലീസുദ്യോഗസ്ഥനുണ്ടായിരുന്നില്ലെങ്കില്‍? തപ്പാലിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഹിന്ദു നേതാവ് പ്രാച്ചിയെ തടയാന്‍ ഉറച്ചു നിലകൊണ്ട പോലീസുകാരുണ്ടായിരുന്നില്ലെങ്കില്‍? ദാദ്രിയിലേതുപോലെ ജനങ്ങളുടെ രോഷം ശമിപ്പിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍? ഈ ‘എങ്കിലു’കളുടെ ലിസ്റ്റ് നീണ്ടതാണ്.
പൂജയുടെ ധീരമായ ഇടപെടലിനെക്കുറിച്ച് വായിച്ച ശേഷം മുസ്‌ലിംകള്‍ക്ക് ഇങ്ങനെയൊരു യാത്രാനിര്‍ദേശം നല്‍കണമെന്ന് ഞാനെന്റെ സുഹൃത്തുക്കളോട് പറഞ്ഞു. അവരുടെ യാത്ര കുറഞ്ഞത് ധീരതായ ഒരു ഹിന്ദു സ്ത്രീയോടെങ്കിലും ഒപ്പമായിരിക്കണം. അപ്പോള്‍ ഒരു സുഹൃത്ത് എതിര്‍ത്തു: അപ്പോള് മുസ്‌ലിമിന്റെ മേല്‍ ‘ലൗ ജിഹാദ്’ എന്ന ആരോപണമുയരും.
ഹിന്ദു – മുസ്‍ലിം വിവാഹങ്ങളെ സംശയത്തോടെ വീക്ഷിക്കുകയും അവയെ ‘ലൗ ജിഹാദെ’ ന്ന് വിളിക്കുകയുമാണ് ആളുകള്‍ ചെയ്യുന്നതെന്ന് ഹാദിയ കേസില്‍ നിന്ന് വ്യക്തമായതാണ്. ക്രൂരമായ ഈ തമാശ പോലും യാഥാര്‍ഥ്യമാവാനുള്ള സാധ്യതയുണ്ട്. ഇതര മതസ്ഥര്‍ തമ്മിലുള്ള വിവാഹങ്ങളെ സംശത്തോടെയാണ് വിവാഹ രജിസ്ട്രാറുകള്‍ കാണുക എന്ന് നമുക്കറിയാം. ഹിന്ദുവായിരുന്ന ഹാദിയ ഒരു മുസ്‌ലിമിനെ വിവാഹം കഴിച്ചതിനെയും ഇസ്‌ലാമാശ്ലേഷിച്ചതിനെയും ഹാദിയക്കെന്തോ കുഴപ്പമുണ്ട് എന്ന രീതിയിലായിരുന്നല്ലോ രാജ്യത്തെ കോടതികള്‍ പോലും കണ്ടത്.
മുസ്‌ലിം സ്ത്രീകളുടെ സാന്നിധ്യം സംഘര്‍ഷം കുറയ്ക്കുന്ന ഒന്നായി പ്രവര്‍ത്തിക്കുമോ എന്ന് ഞാനും സുഹൃത്തുക്കളും ആശ്ചര്യപ്പെട്ടു. ഒരു സമുദായമെന്ന നിലയില്‍ അംഗസംഖ്യ പെരുപ്പിക്കുക എന്ന വലിയ നിഗൂഢ പദ്ധതിയുടെ വക്താക്കളാണ് മുസ്‌ലിംകള്‍ എന്ന് എതിര്‍വാദം ഞങ്ങളെ പിന്തിരിപ്പിച്ചു. അതായത് ഒരു മുന്‍കരുതലും പ്രയോജനപ്പെടില്ല, വിധിയെ ആശ്രയിക്കുകയേ ‘മുസ്‌ലിംകള്‍ക്ക്’ വഴിയുള്ളൂ.
സനാഉല്ലയുടെ വാര്‍ത്ത വായിച്ച വായനക്കാര്‍ മറ്റൊരു ‘എങ്കില്‍’ ഉയര്‍ത്തി. വേനല്‍ക്കാലത്ത് അക്രമം നടത്താന്‍ അനുകൂല സാഹചര്യത്തിനായി കാത്തിരുന്ന, ശത്രുരാജ്യത്തിന്റെ സ്പീക്കര്‍ സെല്ലില്‍ പെട്ട ആളായിരുന്നുവെങ്കിലോ സനാഉല്ല? അവര്‍ ചോദിക്കുന്നു. മാനവികതയേക്കാള്‍ കര്‍ശനമായ നിരീക്ഷണമാണ് വായനക്കാര്‍ക്കിഷ്ടം. നിരവധി ‘എങ്കിലുകള്‍’ നിങ്ങള്‍ക്കുയര്‍ത്താം. എന്നാലിത് രാജ്യത്തെ മുസ്‌ലിം കള്‍ക്ക് സഹായകമാവില്ല.
ഇന്ത്യയില്‍ മുസ്‌ലിംകളുടെയും ഇതര ന്യൂപനക്ഷങ്ങളുടെയും സുരക്ഷിതത്വവും ആദരവും ഹിന്ദുക്കളുടെ സൗഹൃദ സമീപനത്തെ ആശ്രയിച്ചാവരുതെന്ന് ഒരു ചര്‍ച്ചയില്‍ ഒരു പത്രപ്രവര്‍ത്തകനായ സുഹൃത്ത് പറഞ്ഞിരുന്നു. മുസ്‌ലിംകള്‍ക്കെതിരായ മുന്‍ധാരണകള്‍ എല്ലാ ഹി്ന്ദുക്കളില്‍ നിന്നും മാറുന്നതുവരെ മുസ്‌ലിംകള്‍ കാത്തുനില്‍ക്കണമോ? വലിയൊരു വിഭാഗം ഹിന്ദുക്കള്‍ സജീവമായ മുസ്‌ലിം വിരുദ്ധതയുമായി കഴിയുമ്പോള്‍ മുസ്‌ലിംകള്‍ എന്തു ചെയ്യണം.
തുല്യ പൗരത്വം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ വാഗ്ദാനത്തില്‍ നിന്നാണ് മുസ്‌ലിംകള്‍ക്ക് സുരക്ഷിതത്വവും ആദരവും ലഭിക്കേണ്ടത്, ഹിന്ദുക്കളുടെ സൗഹൃദ സമീപനത്തെ ആശ്രയിച്ചല്ല എന്ന് പറയേണ്ടതില്ല. ഭരണഘടന തന്നെയും അപ്രസക്തമായിത്തീര്‍ന്നോ? നാം ആ ഘട്ടത്തിലെത്തിയോ അതോ അങ്ങോട്ടെത്താന്‍ കുറച്ചുനാള്‍ കൂടിയുണ്ടോ?
(ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍
അധ്യാപകനാണ് അപൂര്‍വ്വാനന്ദ്)
വിവ. സിദ്ദീഖ് സൈനുദ്ദീന്‍
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x