29 Wednesday
November 2023
2023 November 29
1445 Joumada I 16

യോഗിയുടെ ഭരണവും തുടരുന്ന മരണങ്ങളും ഉമര്‍ ഖാലിദ്

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഒരു ആപ്പിള്‍ കമ്പനി ജീവനക്കാരന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നിരുന്നു. പൗരന്‍മാരെ കൊന്നുതള്ളാന്‍ യോഗി ആദിത്യനാഥ് നല്‍കിയ പൂര്‍ണാനുവാദ നയത്തിന്റെ ബലത്തിലാണ് യു പി പോലീസ് ആ മനുഷ്യജീവനു നേര്‍ക്ക് നിഷ്‌കരുണം നിറയൊഴിച്ചത്. നിയമവാഴ്ച്ച നോക്കുകുത്തിയായി നില്‍ക്കുന്ന യോഗി സര്‍ക്കാറിനോട് ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടത് ഇന്ത്യന്‍ പൗരന്‍മാര്‍ എന്ന നിലയില്‍ ഓരോരുത്തരുടെയും നിര്‍ബന്ധ ബാധ്യതയാണ്.
വിവേകിന്റെ കൊലപാതകത്തിന് ശേഷം വ്യാജ ഏറ്റുമുട്ടലുകളുടെ യാഥാര്‍ഥ്യത്തിലേക്ക് മാധ്യമങ്ങള്‍ കണ്‍തുറന്നിട്ടുണ്ടെങ്കിലും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം ഉത്തര്‍പ്രദേശില്‍ നടന്ന 1400ലധികം ഏറ്റുമുട്ടലുകളെ കുറിച്ച് അവരാരും തന്നെ സംസാരിക്കുന്നതായി കാണുന്നില്ല. യോഗി ആദിത്യനാഥ് മുഖ്യമന്ത്രി കസേരയില്‍ ഉപവിഷ്ടനായതിന് ശേഷം യു പി പോലിസിന്റെ തോക്കിന് ഇരയാവുന്ന 68ാമത്തെ ആളാണ് വിവേക് തിവാരി.
വിവേകിന്റെ കൊലപാതകത്തിന് തൊട്ടുമുന്‍പ് വരെ നടന്ന ഓരോ ഏറ്റുമുട്ടല്‍ കൊലപാതകത്തെയും കുറ്റവാളികളെയാണ് തങ്ങള്‍ കൊന്നത് എന്ന രീതിയിലാണ് പോലീസ് ന്യായീകരിച്ചിട്ടുള്ളത്. 2000 മുതല്‍ 2500 രൂപ മാത്രം മാസവരുമാനുള്ള, ദരിദ്ര സാഹചര്യങ്ങളില്‍ നിന്നും വരുന്ന നൗഷാദിനെയും മുസ്തഖീമിനെയും അവരുടെ വീടുകളില്‍ നിന്നും പിടിച്ചു കൊണ്ടുപോയതിന് ശേഷം കുറ്റവാളികളെന്ന് മുദ്രകുത്തി വെടിവെച്ചു കൊല്ലുകയാണ് പോലിസ് ചെയ്തത്. യാതൊരുവിധ ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്തവരാണ് അവരെന്ന് പോലീസ് രേഖകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരാളെ കൊല്ലുകയും എന്നിട്ട് കുറ്റവാളിയെന്ന് മുദ്രകുത്തുകയും ചെയ്യുന്നത് വളരെ എളുപ്പം സാധ്യമാവുന്ന ഒന്നായി മാറിയിട്ടുണ്ട്.
ഇതേ യു പി പോലീസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, ഒരു മുസ്‌ലിം ചെറുപ്പക്കാരനുമായി സൗഹൃദബന്ധത്തിലേര്‍പ്പെട്ടതിന് ഒരു ഹിന്ദു യുവതിയെ പോലീസ് ജീപ്പില്‍ വെച്ച് അടിക്കുന്ന ദൃശ്യങ്ങള്‍ നാം എല്ലാവരും കണ്ടതാണ്. ഇതേ യു പി പോലീസാണ് ഹപൂരില്‍ ഖാസിം എന്ന മുസ്‌ലിം ചെറുപ്പക്കാരനെ സംഘ്പരിവാര്‍ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്നതിന് കാവല്‍ നിന്നത്. സമ്പൂര്‍ണ നിയമരാഹിത്യമാണ് യോഗിയുടെ നേതൃത്വത്തില്‍ യു പിയില്‍ നടന്നു കൊണ്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ നടന്ന എല്ലാ ഏറ്റുമുട്ടല്‍ കേസുകളെ കുറിച്ചും സ്വതന്ത്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. ബി ജെ പി ഭരിക്കുന്ന ഇടങ്ങളില്‍ സുതാര്യമായ അന്വേഷണം നടക്കുമെന്ന് കരുതാന്‍ നിര്‍വാഹമില്ലാത്ത ഒരു അന്തരീക്ഷമാണ് ഇന്ത്യയിലുടനീളം നിലനില്‍ക്കുന്നത് എന്ന് പറയാതെ നിര്‍വാഹമില്ല. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് പിന്നിലെ സത്യം പുറത്തുവരുന്നതിന് ഒരു സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള സുതാര്യമായ അന്വേഷണമാണ് നടക്കേണ്ടത്. സ്വയം പ്രതിരോധാര്‍ഥമാണ് തങ്ങള്‍ വെടിവെച്ചത് എന്ന് തെളിയിക്കാനുള്ള ബാധ്യത പോലിസിനിനാണുള്ളത്. മരിച്ചവര്‍ തിരിച്ചുവന്ന് നിരപരാധിത്വം തെളിയിക്കാത്തിടത്തോളം യോഗി ഭരിക്കുന്ന യു പിയില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കും.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x