24 Thursday
October 2024
2024 October 24
1446 Rabie Al-Âkher 20

യുദ്ധ സംബന്ധിയായ മദനീ ആയത്തുകള്‍ മക്കീ ആയത്തുകളെ റദ്ദുചെയ്‌തോ? ഗുലാം ഗൗസ് സിദ്ദീഖി

താലിബാന്‍, ഐസിസ് തുടങ്ങിയ സംഘങ്ങളെ നിങ്ങളെന്തുകൊണ്ടാണ് ഭീകരരെന്നു വിളിക്കുന്നതെന്ന് ചിലയാളുകള്‍ ചോദിക്കുന്നു. മുസ്‌ലിംകളെ പോരാട്ടത്തില്‍ നിന്നും വിലക്കിയിരുന്ന മക്കീ ആയത്തുകളെ റദ്ദു ചെയ്തുകൊണ്ട് യുദ്ധം അനുവദനീയമാക്കി ഇറങ്ങിയ മദനീ ആയത്തുകള്‍ എടുത്തുകാട്ടിയാണ് ഇവര്‍ ഈ ചോദ്യം ഉന്നയിക്കുന്നത്.
എന്റെ ഉത്തരമിതാണ്: പ്രമാണ ഗ്രന്ഥങ്ങളുടെ ശരിയായ പഠനത്തിനു ശേഷം ഈ റദ്ദാക്കലിനെ എനിക്കംഗീകരിക്കാനാവുന്നില്ല. ഈ വിഷയത്തില്‍ നിരവധി അഭിപ്രായങ്ങളുണ്ട്. ഓരോന്നും അനുയോജ്യ പശ്ചാത്തലത്തില്‍ വിശദീകരിക്കേണ്ടതുണ്ട്. എന്റെ ഉത്തരം നാല് മറുചോദ്യങ്ങളായി സംഗ്രഹിക്കാം. (1) ഖുര്‍ആനിലെ 9-ാം അധ്യായത്തിലെ 5-ാമത്തെ ആയത്ത് യഥാര്‍ഥത്തില്‍ സമാധാനത്തിന്റെയും സഹനത്തിന്റെയും ആയത്തുകളെ റദ്ദു ചെയ്‌തോ? (2) 9-ാം അധ്യായത്തിലെ അഞ്ചാമത്തെ ആയത്തില്‍ പരാമര്‍ശിക്കുന്ന മുശ്‌രിക്കുകള്‍ ആരാണ്? (3) 9-ാം അധ്യായത്തിലെ 5-ാമത്തെ ആയത്ത് സമാധാനത്തിന്റെയും സഹനത്തിന്റെയും ആയത്തുകളെ റദ്ദു ചെയ്തുവെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നതിന്റെ യഥാര്‍ഥ അര്‍ഥമെന്താണ്? (4) പ്രതിരോധത്തില്‍ നിന്നുപോലും മുസ്‌ലിംകളെ തടഞ്ഞ മക്കീ ആയത്തുകള്‍ ഏതൊക്കെയാണ്?
യുദ്ധ സംബന്ധിയായ ആയത്തുകള്‍ യുദ്ധം അനുവദിക്കാത്ത ആയത്തുകളെ റദ്ദു ചെയ്തു എന്ന വിഷയത്തില്‍ പ്രാമാണിക പണ്ഡിതന്മാര്‍ക്കിടയില്‍ സുപ്രധാന അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഒരു സര്‍വ സമ്മത അഭിപ്രായത്തിലെത്താന്‍ പ്രയാസമാണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പ്രാമാണിക ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയിലും റദ്ദാക്കലിന്റെ (നസ്ഖ്) പ്രയോഗമേഖലയെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. അല്ലാമാ അബ്ദുല്‍അലിം സിദ്ദീഖീ മറാത്തിയുടെ ശിഷ്യനായിരുന്ന ഡോ. മൗലാനാ മുഹമ്മദ് ഫസ്‌ലുര്‍റഹ്മാന്‍ അന്‍വാരിയുടെ മത ചിന്തയെക്കുറിച്ച് ആധുനിക ഇസ്‌ലാമിക പണ്ഡിതനും തത്ത്വചിന്തകനുമായ ഇംറാന്‍ നാസര്‍ ഹുസൈന്‍ പറയുന്നു: ഖുര്‍ആനിന്റെ സത്യസന്ധതയോട് യോജിച്ചു വരാത്ത എന്തിനെയും മൗലാനാ ഫസ്‌ലുര്‍റഹ്മാന്‍ അന്‍സാരി നിരാകരിച്ചു. അതുകൊണ്ടുതന്നെ ഖുര്‍ആനിലെ ഏതെങ്കിലും ആയത്ത് റദ്ദ് ചെയ്യുന്നതിനെയും (നസ്ഖ്) അദ്ദേഹം നിരാകരിച്ചു.
ഞാന്‍ ഒരു തഫ്‌സീര്‍ ക്ലാസിലിരിക്കെ ഒരു കാലത്ത് ഖുര്‍ആനിലുണ്ടായിരുന്ന കല്ലെറിഞ്ഞു കൊല്ലലിനെപ്പറ്റി(റജ്മ്)യുള്ള ആയത്തിനെക്കുറിച്ചുള്ള ഒരു ഹദീസ് അധ്യാപകന്‍ ഉദ്ധരിച്ചു. തീര്‍ത്തും അബദ്ധമെന്ന് എനിക്ക് തോന്നിയ അക്കാര്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ക്ലാസ് കഴിഞ്ഞയുടനെ ഞാന്‍ ഖുര്‍ആനിന്റെ സമഗ്രതയെയും സത്യസന്ധതയെയും കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി മൗലാനയെ സമീപിച്ചു. ”ഒരു കാലത്ത് ഖുര്‍ആനിലുണ്ടായിരിക്കുകയും പിന്നീട് മറയ്ക്കപ്പെടുകയും ചെയ്ത ആയത്തുകള്‍ ഉണ്ട് എന്നത് സത്യമാണോ?” -ഞാനദ്ദേഹത്തോടന്വേഷിച്ചു.
അത്തരം സാധ്യതയെ നിരാകരിക്കുകയും മറയ്ക്കപ്പെട്ട ആയത്തിനെക്കുറിച്ചുള്ള ഹദീസ് തള്ളിക്കളയുകയുമാണദ്ദേഹം ചെയ്തത്. ആ ഹദീസ് കെട്ടിച്ചമച്ചതാണെന്നദ്ദേഹം പ്രസ്താവിച്ചു. അതുവഴി അദ്ദേഹം ഖുര്‍ആനിന്റെ സമഗ്രതയെയും സത്യസന്ധതയെയും ഉയര്‍ത്തിപ്പിടിച്ചു. ഖുര്‍ആനിലെ ഏതെങ്കിലും വചനം എപ്പോഴെങ്കിലും റദ്ദാക്കപ്പെടുകയോ മറക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. നസ്ഖി (റദ്ദാക്കലിനെ) ക്കുറിച്ചുള്ള സൂറതുല്‍ ബഖറയിലെ വചനം മുന്‍വേദങ്ങളിലെ നിയമങ്ങള്‍ റദ്ദ് ചെയ്യുന്നതിനെക്കുറിച്ചാണെന്നും ഖുര്‍ആനിലെ ഏതെങ്കിലും വചനത്തെക്കുറിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു.
”വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞുകൂടേ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന്.”(വി.ഖു 2:100)
ഖുര്‍ആന്‍ അവതീര്‍ണമായപ്പോള്‍ റജ്മി (വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലല്‍) നെക്കുറിച്ചുള്ള വചനം അതിലുണ്ടായിരുന്നതായി ഉമര്‍(റ) പറഞ്ഞതായി സ്വഹീഹ് ബുഖാരിയിലുണ്ട്. ഇപ്പോള്‍ ആ വചനം ഖുര്‍ആനിലില്ല എന്നതില്‍ നിന്ന് ഖുര്‍ആന്‍ വചനങ്ങള്‍ റദ്ദു ചെയ്യപ്പെടാം എന്ന് വാദിക്കുന്നവര്‍ മഹോന്നതനായ അല്ലാഹു ആ വചനം റദ്ദാക്കി എന്നോ മറക്കപ്പെട്ടതാക്കി എന്നോ ആണ് വിവക്ഷിക്കുന്നത്.
”… ഗ്രന്ഥം (ഖുര്‍ആന്‍) അദ്ദേഹത്തിലേക്ക് അവതരിക്കപ്പെട്ടു. അവയില്‍ റജ്മിനെക്കുറിച്ചുള്ള വാക്യവുമുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ അത് പാരായണം ചെയ്തു മനസ്സിലാക്കി, പ്രയോഗവല്‍ക്കരിച്ചു…”(ബുഖാരി, ഹദീസ് നമ്പര്‍ 6829)
അല്ലാഹു ഒരു വചനം റദ്ദാക്കുകയോ മറക്കപ്പെട്ടതാക്കുകയോ ചെയ്തുവെങ്കില്‍ പിന്നെയെന്തുകൊണ്ടാണ് ഉമര്‍(റ) അതു വീണ്ടെടുക്കാന്‍ ശ്രമിച്ചത്? അതിനുള്ള അധികാരം അദ്ദേഹത്തിനുണ്ടായിരുന്നോ? ഖുര്‍ആനിലെ ഒരു വചനം റദ്ദാക്കിയെന്നോ മറക്കപ്പെട്ടെന്നോ പ്രഖ്യാപിക്കേണ്ടത് ദൈവിക നിയുക്തനായ അധ്യാപകന്‍ മുഹമ്മദ് നബി(സ) ആയിരുന്നെന്ന് കൃത്യമായിത്തന്നെ മൗലാനാ ചൂണ്ടിക്കാട്ടി. നബി അങ്ങനെ ചെയ്തില്ല. ദൈവിക നിയുക്തനായ ഖുര്‍ആന്‍ അധ്യാപകനായ നബി(സ)ക്കൊഴികെ മറ്റാര്‍ക്കും അതു ചെയ്യാനുള്ള അധികാരവുമില്ല. ഖുര്‍ആനിലെ വചനങ്ങളല്ല യഥാര്‍ഥത്തില്‍ നസ്ഖ്(റദ്ദ്) ചെയ്യപ്പെട്ടത്. മുന്‍കാല വേദങ്ങളായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.
ഉദാഹരണമിതാ: പ്രവാചന്റെ അനുയായികള്‍ക്ക് നമസ്‌കാരത്തില്‍ അഭിമുഖീകരിക്കേണ്ട ഖിബ്‌ല ജറൂസലേം എന്നത് റദ്ദ് ചെയ്ത് മക്കയിലെ കഅ്ബ പുതിയ ഖിബ്‌ലയാക്കിയത്.
-വ്രതാനുഷ്ഠാന രാവുകളില്‍ കുടിയും ലൈംഗിക വേഴ്ചയും നിരോധിച്ചിരുന്ന തോറയിലെ നിയമം റദ്ദു ചെയ്ത് അവയെല്ലാം അനുവദനീയമാക്കി പുതിയ നിയമം കൊണ്ടുവന്നത്.
-വ്യഭിചാരികളെ കല്ലെറിഞ്ഞുകൊല്ലല്‍ എന്ന തോറയിലെ നിയമം റദ്ദു ചെയ്ത് പരസ്യമായി ചാട്ടവാറുകൊണ്ടടിക്കല്‍ എന്ന പുതിയ നിയമം കൊണ്ടുവന്നത്.
– ദാവൂദ് നബി(അ), സുലൈമാന്‍ നബി(സ) എന്നിവര്‍ക്കനുവദിച്ചിരുന്നതുപോലെ ഇഷ്ടമുള്ള അത്രയും സ്ത്രീകളെ വിവാഹം ചെയ്യുന്നത് വിലക്കി വിവാഹം കഴിക്കാവുന്ന സ്ത്രീകളുടെ എണ്ണം നാല് ആയി പരിമിതപ്പെടുത്തിയത്.
– ജനക്കൂട്ടത്തില്‍ നിന്നകന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആത്മീയ ധ്യാനത്തിലിരിക്കുന്നത് റദ്ദു ചെയ്ത് മസ്ജിദിനകത്തത് ഇഅ്തികാഫ് (ആത്മീയ ധ്യാനം) ഇരിക്കാന്‍ ആവശ്യപ്പെടുന്ന പുതിയ നിയമം ആഗതമായത്.
– പ്രവാചകന്‍ മുഹമ്മദ്(സ) യെ പിന്തുടരുന്നവര്‍ക്ക് മദ്യപാനം വിലക്കുന്ന നിയമം നിലവില്‍ വന്നത്.
ഖുര്‍ആനിലെ ചില വചനങ്ങള്‍ മറ്റു ചില വചനങ്ങളെ റദ്ദു ചെയ്‌തെന്നും ചില വചനങ്ങള്‍ മറക്കപ്പെട്ടെന്നുമുള്ള ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായത്തോട് വിയോജിക്കുന്നതായിരുന്നു മൗലാനയുടെ നിലപാട്. ഇങ്ങനെ ഏതാണ്ട് പൂര്‍ണമായിത്തന്നെ വിയോജിക്കുന്നതിന് അസാമാന്യ ധീരതയും ബൗദ്ധിക സത്യസന്ധതയമുള്ള പണ്ഡിതനേ കഴിയൂ.
പ്രവാചകന് ഇറക്കപ്പെട്ടതിന്റെ ‘ഭാഗം’ മാത്രമേ ഖുര്‍ആനായി ലഭിച്ചതിലുള്ളൂ. ഖുര്‍ആനിന്റെ ഭാഗമാവാത്ത കാര്യങ്ങളും പ്രവാചകന് ഇറക്കപ്പെട്ടിട്ടുണ്ട്. ഖുദ്‌സിയായ ഹദീസുകളും പ്രവാചകരോട് നേരിട്ടുള്ള ദൈവിക സംസാരമാണെന്ന് മുസ്‌ലിംകള്‍ക്ക് ബോധ്യമുണ്ട്. ”നിനക്ക് നാം ഓതിത്തരും, നീയത് മറക്കുകയില്ല”(ഖുര്‍ആന്‍ 87:6)
”അല്ലാഹു ഇച്ഛിച്ചതൊഴികെ പരസ്യവും രഹസ്യവും അവനറിയുന്നു”(87:7)
ഈ ‘മറക്കല്‍’ ഖുര്‍ആനിക വചനങ്ങളെക്കുറിച്ചേ അല്ല. പ്രവാചകന് അവതരിപ്പിച്ച ശേഷം മറപ്പിച്ചുകളഞ്ഞ, ഖുര്‍ആനിന്റെ ഭാഗമല്ലാതിരുന്ന, ഒരറിവിനെക്കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. സൂറ: കഹ്ഫിന്റെ 23, 24 ആയത്തുകളുടെ വ്യാഖ്യാനത്തില്‍ അത് വായനക്കാര്‍ക്ക് കണ്ടെത്താം. അല്ലാഹു പ്രത്യേകമായി തെരഞ്ഞെടുത്ത ഒരു ദാസന് ഒരു കാര്യം പഠിപ്പിക്കുക. പിന്നീടത് മറപ്പിക്കുക എന്നത് സാധ്യമാണ്. അല്ലാഹുവിന്റെ അനന്തമായ യുക്തിയില്‍ പുതിയ സാഹചര്യത്തിനനുസരിച്ച് പുതിയ രീതിയില്‍ ആ അറിവ് കൈമാറുന്നതാവാം അനുയോജ്യം എന്നതാവാം കാരണം.  അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍. (ഇംറാന്‍ നാസര്‍ ഹുസൈന്‍ ആന്‍ ഇന്‍സ്ട്രക്ഷന്‍ റ്റു ദ മെതഡോളജി ഓഫ് സ്റ്റഡി ഓഫ് ദ ഖുര്‍ആന്‍, പേ 233-239)
മൗലാനാ ഫസ്‌ലുര്‍റഹ്മാന്റെ വീക്ഷണം, പല ആധുനികരും പൗരാണികരുമായ പണ്ഡിതന്മാരില്‍ നിന്നും ഭിന്നമായിരുന്നു. ഖുര്‍ആന്‍ വചനത്തിന്റെ റദ്ദാക്കല്‍ എന്ന വിഷയത്തില്‍ പൗരാണിക പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ വലിയ അഭിപ്രായ വ്യത്യാസമുണ്ട്. ഇബ്‌നു അറബി, ജലാലുദ്ദീന്‍ സുയൂത്വി, ഇബ്‌നു കഥീര്‍, ഷാ വലിയുല്ലാഹ്, അല്ലാമ മക്കി എന്നിവര്‍ക്കിടയില്‍ ഈ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
(തുടരും)
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x