6 Wednesday
November 2024
2024 November 6
1446 Joumada I 4

മൗലിദാഘോഷം ബിദ്അത്ത് തന്നെ

പി കെ മൊയ്തീന്‍ സുല്ലമി


നബി(സ)യെ നമ്മുടെ ജീവനേക്കാള്‍ പ്രിയംവെക്കല്‍ ഓരോ മുസ്‌ലിമിനും നിര്‍ബന്ധമായ കാര്യമാണ്. അല്ലാഹു പറയുന്നു: ”നബിയേ പറയുക: നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സന്താനങ്ങളും നിങ്ങളുടെ സഹോദരന്മാരും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുക്കളും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സമ്പത്തും നഷ്ടം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല” (തൗബ 24).
”നബി(സ) സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളേക്കാളും അടുത്ത ആളാകുന്നു” (അഹ്്സാബ് 6). ”തന്റെ സന്താനങ്ങളെക്കാളും മാതാപിതാക്കളെക്കാളും ലോകത്തുള്ള സകല ജനങ്ങളെക്കാളും ഞാന്‍ പ്രിയപ്പെട്ടവനായിത്തീരുന്നതുവരെ നിങ്ങളില്‍ ഒരാളും തന്നെ സത്യവിശ്വാസിയായിത്തീരുന്നതല്ല” (ബുഖാരി, മുസ്‌ലിം).
നബി(സ)യെ പ്രിയം വെക്കുന്നത് അവിടുത്തെ ചര്യയെ പിന്തുടര്‍ന്നു കൊണ്ടായിരിക്കണമെന്നാണ് അല്ലാഹുവിന്റെ കല്‍പന. ”നബിയേ, പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്ന പക്ഷം എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യുന്നതാണ്” (ആലുഇംറാന്‍ 31). പ്രവാചകന്‍ പറയുന്നു: ”വല്ലവനും എന്റെ ചര്യ ഇഷ്ടപ്പെടുന്ന പക്ഷം തീര്‍ച്ചയായും അവന്‍ എന്നെ ഇഷ്ടപ്പെട്ടു. എന്നെ ഇഷ്ടപ്പെട്ടവന്‍ (സുന്നത്ത് അനുഷ്ഠിച്ചുകൊണ്ട്) എന്നോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്” (തിര്‍മിദി).
നബി(സ)യെ പുകഴ്ത്താനല്ല, അവിടുത്തെ ചര്യകള്‍ പിന്തുടരാനാണ് അല്ലാഹുവും റസൂലും പഠിപ്പിക്കുന്നത്. അനാവശ്യ പുകഴ്ത്തലുകള്‍ നബി(സ) വിരോധിക്കുകയും ചെയ്തിട്ടുണ്ട്. ”ക്രിസ്ത്യാനികള്‍ മര്‍യമിന്റെ മകന്‍ ഈസാ(അ)യെ പുകഴ്ത്തിയതുപോലെ എന്നെ നിങ്ങള്‍ പുകഴ്ത്തരുത്. ഞാന്‍ ഒരടിമ മാത്രമാണ്. നിങ്ങള്‍ എന്നെക്കുറിച്ച് അല്ലാഹുവിന്റെ അടിമ, അവന്റെ ദൂതന്‍ എന്നു മാത്രം പറയുക” (ബുഖാരി).
”മൗലിദ് മാത്രം ഓതിയാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും” എന്നാണ് സമസ്ത പഠിപ്പിക്കുന്നത്. (മുസ്തഫല്‍ ഫൈസി, മൗലിദാഘോഷം, പേജ് 41) നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, ഇവയൊന്നിന്റേയും ആവശ്യമില്ലായെന്നുമാണ്. പഴയ കാലത്ത് ഇരുവിഭാഗം സമസ്തക്കാരും മൗലിദാഘോഷം നബി(സ)യുടെ കാലത്ത് ഉണ്ടായിരുന്നില്ലെന്നും അത് പിന്നീടുണ്ടായതാണെന്നും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് അത് നബി(സ)യുടെ കാലഘട്ടത്തില്‍ തന്നെ ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കാന്‍ വൃഥാശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.
ആദ്യകാലത്തെ അവരുടെ പ്രസിദ്ധീകരണങ്ങള്‍ ശ്രദ്ധിക്കുക: ”പൂര്‍വിക പ്രവാചകന്മാരുടെ ജന്മദിനം കഴിഞ്ഞകാല മുസ്‌ലിംകള്‍ ആചരിച്ചതായി എവിടെയും കാണുന്നില്ല”. (സുന്നി വോയ്സ്, ആഗസ്ത് 2002). ”ഇമാം സുയൂഥിയുടെ അഭിപ്രായത്തില്‍ ഹിജ്റ 6ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ നബി ദിനാഘോഷങ്ങള്‍ നടന്നിട്ടുണ്ട്” (സുന്നത്ത് മാസിക, ജൂണ്‍ 2001). ”റബീഉല്‍ അവ്വലില്‍ ജന്മദിനം കൊണ്ടാടുന്ന രീതി സ്വഹാബത്തുകളുടെ കാലത്തോ ഉത്തമ നൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ലെന്നത് ശരിയാണ്” (തെളിച്ചം മാസിക, ഫെബ്രുവരി 2011). ”ഇമാം അബൂശാമ പറഞ്ഞത് ഇപ്രകാരം സംഗ്രഹിക്കാം: വര്‍ഷം തോറും നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്നു വരുന്ന ദാനധര്‍മങ്ങളും സല്‍ക്കര്‍മങ്ങളും സന്തോഷ പ്രകടനങ്ങളും അലങ്കാരങ്ങളുമെല്ലാം നമ്മുടെ കാലത്തുണ്ടായ ഏറ്റവും നല്ല പുത്തനാചാരങ്ങളാണ്” (സുന്നി അഫ്കാര്‍, ജൂണ്‍ 1999). ഇപ്പോള്‍ ഇവര്‍ പറയുന്നത് നബിദിനാഘോഷം നബി(സ)യുടെ കാലത്തു തന്നെയുണ്ട് എന്നാണ്. അതിനവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ശ്രദ്ധിക്കുക: ”മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്ക് വന്നു കിട്ടിയിരിക്കുന്നു. (അഥവാ) സത്യവിശ്വാസികള്‍ക്ക് കാരുണ്യവും മാര്‍ഗദര്‍ശനവും (വന്നുകൂടിയിരിക്കുന്നു). പറയുക: അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ” (യൂനുസ് 57, 58).
ഈ വചനങ്ങളും നബി(സ)യുടെ ജനനവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ഇവിടെ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും വന്നു കിട്ടിയതു കാരണം അവര്‍ സന്തോഷിച്ചു കൊള്ളട്ടെയെന്നാണ് അല്ലാഹു പറഞ്ഞത്. അത് ഇസ്‌ലാമും ഖുര്‍ആനുമാണ്. മുസ്‌ല്യാക്കള്‍ ദര്‍സില്‍ ചൊല്ലിപ്പഠിപ്പിക്കുന്ന ജലാലൈനി തഫ്‌സീര്‍ ഈ ആയത്തുകളെ വ്യാഖ്യാനിക്കുന്നത് നോക്കൂ: ”അല്ലാഹുവിന്റെ അനുഗ്രഹം എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഇസ്‌ലാമാണ്. അല്ലാഹുവിന്റെ കാരുണ്യം എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഖുര്‍ആനുമാണ്” (ജലാലൈനി 1:245).
ജന്മദിനാഘോഷം എന്ന ബിദ്അത്ത് ക്രിസ്ത്യാനികളെ അനുകരിച്ചുകൊണ്ട് നടത്തുന്നതാണ്. അത് അല്ലാഹു വിരോധിച്ചതുമാണ്. ”നിങ്ങള്‍ക്കു മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കാന്‍ (സത്യവിശ്വാസികള്‍ക്ക്) സമയമായില്ലേ?” (ഹദീദ് 16). ഇക്കാര്യം നബി(സ)യും ഗൗരവത്തില്‍ ഉണര്‍ത്തിയിട്ടുണ്ട്: ”നിങ്ങള്‍ നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞു പോയവരുടെ ചര്യകള്‍ ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്തുടരുക തന്നെ ചെയ്യുന്നതാണ്. അവര്‍ (പുണ്യമാണെന്നു കരുതി) ഒരു ഉടുമ്പിന്റെ മാളത്തില്‍ പ്രവേശിച്ചാല്‍ (അവരെ തുടര്‍ന്ന്) നിങ്ങളും പ്രവേശിക്കും. സ്വഹാബത്ത് ചോദിച്ചു: അങ്ങ് ഉദ്ദേശിക്കുന്നത് യഹൂദികളും നസ്വാറാക്കളുമാണോ? നബി(സ) പറഞ്ഞു: പിന്നെ ആരെയാണ്?” (ബുഖാരി)
നബി(സ) പറഞ്ഞു: ”വല്ലവനും മറ്റൊരു സമുദായത്തിന്റെ (വിശ്വാസമോ, ആചാരമോ) സാദൃശ്യമായി അംഗീകരിക്കുന്ന പക്ഷം അത്തരക്കാര്‍ അവരില്‍ പെട്ടവനാണ്” (അബൂദാവൂദ്).
നബി(സ)യുടെ ജനനം റബീഉല്‍ അവ്വല്‍ 12-നാണെന്നത് ഒരഭിപ്രായം മാത്രമാണ്. ഇബ്നുകസീര്‍(റ) പറയുന്നു: ‘റബീഉല്‍ അവ്വല്‍ 2-നു ശേഷമാണെന്നാണ് ഇബ്നു അബ്ദുല്‍ബര്‍റ് പറയുന്നത്. ഇമാം ഹുമൈദി ഇബ്നുഹസമില്‍ നിന്നു ഉദ്ധരിക്കുന്നത് റബീഉല്‍ അവ്വല്‍ 8-നു ശേഷമാണെന്നാണ്. ഇമാം മാലിക്കും അപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്. ഉവൈലിയും യൂനുസ്ബ്നു യസീദും മറ്റും ഇമാം സുഹ്രിയില്‍ നിന്നു അപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നുദഹ്യയുടെ അഭിപ്രായത്തില്‍ റബീഉല്‍ അവ്വല്‍ 10-ന് ശേഷമാണെന്നാണ്. റബീഉല്‍ അവ്വല്‍ 12-ന് ശേഷമാണെന്ന് ഇബ്നു ഇസ്ഹാഖ് ഉറപ്പിച്ചു പറയുന്നു. ജാബിര്‍(റ), ഇബ്നു അബ്ബാസ്(റ) എന്നിവരില്‍ നിന്നും ഇഹബ്നു അബീശൈബ റിപ്പോര്‍ട്ടു ചെയ്യുന്നത് നബി(സ)യുടെ ജനനം ആനക്കലഹവര്‍ഷം റബീഉല്‍ അവ്വല്‍ 18നാണ് എന്നാണ്” (അല്‍ബിദായത്തു വന്നിഹായ 2:338). ‘നബി(സ)യുടെ ജനനം റമദാന്‍ 12-നു ശേഷം മക്കയിലായിരുന്നു’ (അല്‍ ബിദായത്തു വന്നിഹായ 2:339).
മുഹര്‍റം പത്തിന്റെ പുണ്യം വിശദീകരിച്ചുകൊണ്ട് മുഹ്യിദ്ദീന്‍ ശൈഖ്(റ) പറയുന്നു: ”അന്നാണ് നബി(സ) ജനിച്ചത്.” (ഗുന്‍യ 2:55) മൗലിദു കിതാബുകളില്‍ പോലും നബി(സ)യുടെ ജനനം റബീഉല്‍ അവ്വല്‍ 12-നാണെന്ന് തീര്‍ത്തു പറയുന്നില്ല. ‘നബി(സ)യുടെ ജന്മവര്‍ഷത്തെ സംബന്ധിച്ചും മാസത്തെക്കുറിച്ചും ദിവസത്തെ സംബന്ധിച്ചും പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്’ (ബര്‍സഞ്ചി മൗലിദ് പേജ് 12).
നബി(സ)യുടെ ജന്മത്തിന് ഖുര്‍ആനിലോ സുന്നത്തിലോ യാതൊരു വിധ പ്രത്യേകതയും കല്‍പിച്ചിട്ടില്ല. നബി(സ)യുടെ ജന്മത്തോടനുബന്ധിച്ച് ഭൂമുഖത്തുള്ള വിഗ്രഹങ്ങളെല്ലാം തലകുത്തി വീണു. കിസ്റാ കൈസര്‍മാരുടെ കോട്ടകള്‍ വിറച്ചു. സാവാ തടാകം വറ്റി. പേര്‍ഷ്യക്കാര്‍ ആരാധിച്ചിരുന്ന തീ കെട്ടടങ്ങി തുടങ്ങിയ നിരവധി കഥകള്‍ ബൈഹഖിയിലും മറ്റും ഉദ്ധരിച്ചിട്ടുണ്ട്. അവ അടിസ്ഥാനരഹിതമാണ്. ഹദീസ് നിദാന ശാസ്ത്ര പണ്ഡിതനായ ഇമാം ദഹബി പറയുന്നു: ”ഇത്തരം ഹദീസുകള്‍ ഒറ്റപ്പെട്ടതും തള്ളിക്കളയേണ്ടതുമാണ്” (അസ്സീറത്തുന്നബവിയ്യ 1:42).
ഇമാം ഇബ്നു കസീര്‍(റ) പറയുന്നു: ”ഇത്തരം റിപ്പോര്‍ട്ടുകള്‍ സത്വീഹ് എന്ന വ്യക്തിയില്‍ നിന്നുള്ളതാണ്. അദ്ദേഹം ഒരു ജോത്സ്യനായിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനക്ക് യാതൊരു അടിത്തറയുമില്ല” (അല്‍ ബിദായത്തു വന്നിഹായ 2:351). ഇവയെല്ലാം വിശുദ്ധ ഖുര്‍ആനിനും സ്വഹീഹായ ഹദീസുകള്‍ക്കും വിരുദ്ധമാണ്.
പ്രവാചകന്മാരാകാന്‍ പോകുന്ന വ്യക്തികളെ അല്ലാഹു മാനസികമായി സംരക്ഷിക്കും. ശിര്‍ക്കോ കുഫ്റോ നിഫാഖോ ഹറാമുകളോ അവരില്‍ നിന്നുണ്ടാകുന്നതല്ല. അത്തരം കൃത്യങ്ങള്‍ അവരില്‍ നിന്നുണ്ടായാല്‍ അവര്‍ പ്രവാചകന്മാരായാലും ജനങ്ങള്‍ അവരെ അംഗീകരിക്കുകയില്ല. പ്രവാചകത്വത്തിന് മുമ്പ് മുഹമ്മദ് നബി(സ)യുടെ അവസ്ഥ ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്: ”താങ്കള്‍ക്ക് വേദഗ്രന്ഥം നല്‍കപ്പെടണമെന്ന് താങ്കള്‍ ആഗ്രഹിച്ചിരുന്നില്ല.” (ഖസസ് 86) ”താങ്കളെ അവന്‍ വഴിയറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് താങ്കള്‍ക്ക് മാര്‍ഗ ദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു” (ദുഹാ 7)
മൗലിദ് കഴിക്കല്‍ ഹറാമാണെന്ന് ആരാണ് പറഞ്ഞത് എന്നാണ് മുസ്‌ലിയാക്കളുടെ ചോദ്യം. ദീന്‍ പൂര്‍ത്തീകരിച്ചുകൊണ്ടാണ് നബി(സ) മരണപ്പെട്ടത്. ”ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു” (മാഇദ 3). ”നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്നു അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക” (ഹശ്ര്‍ 7).
നബി(സ) വിലക്കിയ കാര്യങ്ങള്‍ പ്രവര്‍ത്തിക്കല്‍ ഹറാമും ശിക്ഷാര്‍ഹവുമാണ്. അതില്‍ പെട്ടതാണ് ‘ബിദ്അത്തുകള്‍’. അത് നബി(സ) വിലക്കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: ”നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍) വല്ലവനും വല്ലതും പുതുതായി നിര്‍മിക്കുന്ന പക്ഷം അത് തള്ളിക്കളയേണ്ടതാകുന്നു”(ബുഖാരി).

Back to Top