27 Wednesday
September 2023
2023 September 27
1445 Rabie Al-Awwal 12

മൗലികാവകാശം ലംഘിക്കപ്പെടുന്നു

ഇന്ത്യയുടെ ബഹുസ്വരതയ്ക്കും വൈവിധ്യത്തിനും വിരുദ്ധമായ ആശയങ്ങള്‍ നടപ്പാക്കാനാണ് സംഘപരിവാരം ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഏകീകൃത പൗരനിയമം നടപ്പാക്കാന്‍ ഇവരൊരുങ്ങുന്നത്. രാജ്യത്തിനാകമാനം ബാധകമായ ഒരു ഏകീകൃത സിവില്‍ കോഡ് രൂപപ്പെടുത്താന്‍ ഭരണകൂടം ശ്രമിക്കണമെന്നു ഭരണഘടന പറയുന്നുണ്ട്. ഏകീകൃത സിവില്‍ നിയമം മൗലികാവകാശമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്താനുള്ള ഒരു പൊതുതീരുമാനത്തില്‍ ഭരണഘടനാ നിര്‍മാതാക്കള്‍ക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് നിര്‍ദേശക തത്വങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് സംബന്ധിക്കുന്ന പരാമര്‍ശം ഉള്‍പ്പെടുത്തിയത്.
2018ല്‍ നിയമ കമ്മീഷന്‍ പറഞ്ഞത്, ‘ഈ ഘട്ടത്തില്‍ ഏകീകൃത സിവില്‍ നിയമം അനിവാര്യമോ അഭികാമ്യമോ അല്ല’ എന്നാണ്. ആ ഘട്ടത്തിന് ഇപ്പോള്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഭരണഘടനയുടെ നാലാം ഭാഗത്ത് (പാര്‍ട്ട് 4) അനുച്ഛേദം 36 മുതല്‍ 51 (ആര്‍ട്ടിക്കിള്‍ 36 -51) വരെയാണ് രാജ്യത്തിന്റെ നയരൂപീകരണവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ എന്ന നിലയില്‍ നിര്‍ദേശക തത്വങ്ങള്‍ (ഡയറക്റ്റീവ് പ്രിന്‍സിപ്പിള്‍സ് ഓഫ് സ്റ്റേറ്റ് പോളിസി) ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ അനുച്ഛേദം 44ലാണ് ഏകീകൃത സിവില്‍ നിയമം സംബന്ധിച്ച് പറയുന്നത്.
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കുമായി ഒരു പൊതു സിവില്‍ നിയമം വേണമെന്നാണ് അവിടെ പരാമര്‍ശിക്കുന്നത്. ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം, നിര്‍ബന്ധമായും പാലിക്കണമെന്ന കാര്യങ്ങളല്ല നിര്‍ദേശക തത്വങ്ങളില്‍ പറയുന്നത് എന്നതാണ്. അവ അനുയോജ്യമായ തത്വങ്ങള്‍ മാത്രമാണ്. സാഹചര്യത്തിനും സന്ദര്‍ഭത്തിനും അനുസൃതമായി സ്വീകരിക്കേണ്ടവയാണ്. നിര്‍ദേശക തത്വങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാനോ നിര്‍ബന്ധിക്കാനോ കോടതിക്ക് അധികാരമില്ല. കൂടാതെ, ചില സന്ദര്‍ഭങ്ങളില്‍ നിര്‍ദേശക തത്വങ്ങളും ഭരണഘടന പറയുന്ന മൗലികാവകാശങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന സാഹചര്യവുമുണ്ട്. മൗലികാവകാശങ്ങളും നിര്‍ദേശക തത്വങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് മറ്റൊരു ഉദാഹരണമാണ് ഏകീകൃത സിവില്‍ നിയമം സംബന്ധിക്കുന്ന അഭിപ്രായങ്ങള്‍. ഏകീകൃത സിവില്‍ നിയമം നടപ്പാക്കുമ്പോള്‍ മൗലികാവകാശങ്ങളില്‍ പറയുന്ന മതപരമായ സ്വാതന്ത്ര്യത്തിനു തടസ്സമുണ്ടാവും. മൗലികാവകാശങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗത്ത് 25 മുതല്‍ 28 വരെയുള്ള അനുച്ഛേദങ്ങളിലാണ് മതസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നത്.
അതായത്, മതസ്വാതന്ത്ര്യം ഇന്ത്യയില്‍ മൗലികാവകാശമാണ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അവര്‍ വിശ്വസിക്കുന്ന മതത്തിന്റെ ഭാഗമായ ആചാരങ്ങളും നിര്‍ദേശങ്ങളും അനുസരിക്കാനും മതം പ്രചരിപ്പിക്കാനും ഈ അനുച്ഛേദങ്ങള്‍ അവകാശം നല്‍കുന്നു. അപ്പോള്‍, മതത്തിന്റെ ഭാഗമായി നില്‍ക്കുന്ന വ്യക്തിനിയമങ്ങള്‍ക്കു പകരം ഏകീകൃത സിവില്‍ നിയമം വരുന്നത്, മൗലികാവകാശത്തിന്റെ ലംഘനമാണെന്ന വ്യാഖ്യാനം അപ്രസക്തമെന്നു തള്ളിക്കളയാനാവില്ല. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് ഏകീകൃത സിവില്‍ നിയമത്തെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്താതെ നിര്‍ദേശക തത്വങ്ങളില്‍ പെടുത്താന്‍ ഭരണഘടനാ നിര്‍മാതാക്കള്‍ തയ്യാറായത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x