29 Friday
November 2024
2024 November 29
1446 Joumada I 27

മൗലികവാദങ്ങളും ഇസ്‌ലാമിന്റെ സൈദ്ധാന്തിക സമീപനങ്ങളും – എം എസ് ഷൈജു

സ്വര്‍വാംഗീകൃതമായ ഒരു നിര്‍വചനം കൊണ്ട് വിശദീകരിക്കാന്‍ സാധിക്കാത്ത ഒരു ആശയമാണ് മൗലികവാദം. അത് എപ്പോഴും തുറന്ന് വെക്കുന്നത് ഓരോ യുദ്ധ മുഖങ്ങളെയായിരിക്കുമെന്നത് കൊണ്ട് ഇവയ്ക്ക് സ്ഥായിയായ ഘടനകള്‍ ഉണ്ടാകാതെ പോകും. അതുകൊണ്ട് തന്നെ പൊതുവായ പ്രതലങ്ങളില്‍ നിന്ന് കൊണ്ടുള്ള വിമര്‍ശങ്ങളെ മൗലികവാദങ്ങള്‍ എപ്പോഴും കൗശലപരമായി പ്രതിരോധിച്ചുകൊണ്ടിരിക്കും. ആശയപരമായ ഒരു ശത്രുവിനെ/ പല ശത്രുക്കളെ മുമ്പില്‍ പ്രതിഷ്ഠിക്കാതെയും അവയ്ക്ക് മേല്‍ നിരന്തരമായ ആക്രമണങ്ങള്‍ നടത്താതെയും നില നില്‍ക്കാന്‍ സാധിക്കാത്ത ഒരു പ്രത്യയശാസ്ത്രമാണ് എല്ലാ മൗലികവാദങ്ങള്‍ക്കുമുള്ളത്. സ്വന്തമായി ആദര്‍ശങ്ങളെ സൃഷ്ടിക്കാന്‍ സാധിക്കാത്ത ഒരു നിര്‍ദോഷിയെപ്പോലെയും എതിര്‍പക്ഷത്തെ കശക്കിയെറിയാന്‍ അത്യാവേശം കാണിക്കുന്ന അപകടകാരിയായ ഒരു പോരാളിയെ പോലെയും ഒരേ സമയം നില നില്‍ക്കാന്‍ സാധിക്കുന്നുവെന്നതാണ് എല്ലാ മൗലികവാദങ്ങളുടേയും പൊതുസ്വഭാവം.
ആശയങ്ങളെ അപഹരിച്ച് അവയെ തെറ്റായി പ്രതിനിധീകരിക്കുകയാണ് മൗലികവാദികള്‍ എപ്പോഴും ചെയ്യുന്നത്. ചരിത്രത്തില്‍ ഇന്നോളം സംഭവിച്ചിട്ടുള്ളതും അങ്ങനെ തന്നെയാണ്. സിദ്ധാന്തങ്ങളുടെ സമീകരണങ്ങള്‍ക്കും ന്യായീകരണങ്ങള്‍ക്കുമായി നിലപാടുകളില്‍ അപഹരണങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തുന്ന മൗലികവാദത്തിന് ഇന്ന് പരക്കെ എല്ലാ ആശയങ്ങള്‍ക്ക് മീതേയും സ്വാധീനമുണ്ട്. മതം, രാഷ്ട്രീയം, സാഹിത്യം, കല, ആരോഗ്യശാസ്ത്രം, പ്രകൃതി വാദങ്ങള്‍, നിരീശ്വരവാദം തുടങ്ങി പ്രത്യയശാസ്ത്രപരമായ പിന്തുണയുള്ളതും ഇല്ലാത്തതുമായ അനേകം നിലപാടുകളില്‍ മൗലികവാദങ്ങള്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.  പൊതുവായിപ്പറഞ്ഞാല്‍, തങ്ങളുടെ പക്കലുള്ള ഒരു കൂട്ടം ആശയങ്ങളും സിദ്ധാന്തങ്ങളും മാത്രമാണ് നിലനില്‍ക്കേണ്ടതെന്നും യാതൊരു പുനര്‍വിചിന്തനങ്ങള്‍ക്കും വിധേയമാക്കുവാന്‍ സാധിക്കാത്ത വിധം വിശുദ്ധമായവയാണ് അവകളെന്നും, എല്ലാവരും അവ കര്‍ശനമായി പാലിക്കുക തന്നെ വേണമെന്നുമുള്ള നിലപാടുകളില്‍ നിന്നാണ് ലോകത്തെ എല്ലാ മൗലികവാദങ്ങളും ജനിക്കുന്നത്. തീര്‍പ്പുകളെ സൃഷ്ടിച്ചുകൊണ്ടാണ് മൗലികവാദം ഒരു ആശയത്തെ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നത്. ലോകത്തെ എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കും മൗലികവാദത്തിലേക്ക് ചെരിയുവാന്‍ സാധിക്കും. അപ്പോള്‍ മൗലികവാദം ഒരു ആശയത്തെ കവര്‍ന്നെടുക്കാന്‍ ആരംഭിക്കുന്നു എന്ന് നമുക്ക് പറയാം.
മൗലികം എന്ന ആശയത്തിന് ഒരു സൃഷ്ടിപരതയുണ്ട്. ഈ സൃഷ്ടിപരതയുടെ ഭാഷാപരമായ സകല ആനുകൂല്യങ്ങളും പറ്റിയാണ് മൗലികവാദങ്ങള്‍ വളര്‍ന്നിട്ടുള്ളത്. മൗലികവാദങ്ങളെ വീണ്ടും വര്‍ഗീകരണങ്ങള്‍ക്ക് വിധേയമാക്കി അവയില്‍ നിന്ന് ആധികാരികതാ വാദങ്ങളെ വേര്‍തിരിച്ച് കൊണ്ടുള്ള പുതിയ പഠനങ്ങളും ഇന്ന് നടക്കുന്നുണ്ട്. മൗലികതയിലേക്കുള്ള മടക്കമാണ് മൗലികവാദമെന്ന ചില തെറ്റിദ്ധാരണകളും ചിലരെങ്കിലും സൂക്ഷിക്കുന്നുണ്ട്. മൗലികത എന്നത് ജൈവികമായ സ്രോതസുകളുടെ പ്രതിനിധാനമാണ്. മൗലികത എന്ന ആശയത്തിന്റെ സൃഷ്ടിപരമായ യാതൊരു ഗുണവും മൗലികവാദങ്ങള്‍ക്കില്ല. ഒരു ആദര്‍ശത്തിന്റെ ജൈവിക സ്രോതസുകളെ വ്യാജമായി സ്വന്തമാക്കി വെക്കുകയും അവയെ തങ്ങളുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വിട്ട് നല്‍കാതെ പുറം ലോകത്തിന് നിഷേധിക്കുകയും ചെയ്യുന്ന പ്രതിലോമതയെയാണ് മൗലികവാദികള്‍ ഉത്പാദിപ്പിച്ച് കൊണ്ടേയിരിക്കുന്നത്. ഒരര്‍ഥത്തില്‍ മാനുഷികതയുടെ എതിര്‍ സ്ഥാനത്ത് നില്‍ക്കുന്ന അതിവാദങ്ങളാണ് മൗലികവാദത്തിന്റെ ആദര്‍ശമെന്ന് ചുരുക്കിപ്പറയാം. ഈ മൗലികവാദ സമീപനങ്ങളോട് ഇസ്‌ലാമിന് അതിന്റെ ലക്ഷ്യപരമായും സിദ്ധാന്തപരമായും എന്താണ് പറയാനുള്ളതെന്ന് പരിശോധിക്കേണ്ടതുണ്ട്.
തീവ്രതയെ പൂര്‍ണമായും വെടിഞ്ഞുള്ള മധ്യമമായ ഒരു നിലപാടാണ് ഇസ്‌ലാമിന്റെ ലോക വീക്ഷണമെന്നാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടേതായ ഒരു വചനം ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നത്. നിങ്ങള്‍ തീവ്രരാകരുത്; അത് നിങ്ങളെ പരാജയപ്പെടുത്തും എന്ന ഒരു നിര്‍ദേശവും അദ്ദേഹത്തിന്റേതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. തീവ്രതയുടെ ഉല്‍പ്പന്നങ്ങളായാണ് ലോകത്തെ എല്ലാ മത മൗലികവാദങ്ങളും രൂപപ്പെട്ട് വന്നിട്ടുള്ളത്. തീവ്രത എന്ന ആശയത്തിന്റെ സാധ്യതയെത്തന്നെ അടച്ച് കളയുന്ന ഒരു സമീപനമാണ് അടിസ്ഥാനപരമായി ഇസ്‌ലാം പുലര്‍ത്തുന്നത്. എന്നാല്‍ ഈ തീവ്രതാ വിരുദ്ധത എന്ത്‌കൊണ്ട് മുസ്‌ലിം സമൂഹങ്ങളുടെ ഇടപെടലുകളില്‍ പ്രകടമായി അനുഭവവേദ്യമാകുന്നില്ല എന്ന അന്വേഷണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരേണ്ടത്. ഈയൊരന്വേഷണം കൂടി നടക്കാതെ ഇസ്‌ലാമിന്റെയും മത മൗലികവാദങ്ങളോടുള്ള അതിന്റെ സമീപനങ്ങളുടെയും ചര്‍ച്ച സമ്പൂര്‍ണമാകില്ല.
ഇനി മതവും വ്യക്തിയും തമ്മിലുള്ള ബന്ധങ്ങളെ സംബന്ധിച്ച് പറഞ്ഞാല്‍, ഒരു വ്യക്തിയെ സംബന്ധിച്ചേടത്തോളം മതം ഒരു അവകാശത്തിന്റെ പ്രശ്‌നമാണെന്നും അത് പുലര്‍ത്തുവാനും അതിനെ വെടിഞ്ഞ് ജീവിക്കുവാനുമുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കുമുണ്ട് എന്നുമുള്ള നിലപാടാണ് ഖുര്‍ആന്‍ ശക്തമായി ഉയര്‍ത്തുന്നത്. ഈ ആഹ്വാനം ഖുര്‍ആന്‍ ഉയര്‍ത്തുന്നത് എല്ലാവരോടുമാണ്. എന്റെ ആദര്‍ശവും മതവും എന്റേത് മാത്രമാണെന്നത് പോലെ ഇതരരുടെ ആദര്‍ശവും മതവും അവരുടേതാണെന്നും അതിനെ ചോദ്യം ചെയ്യുവാന്‍ മനുഷ്യര്‍ക്കാര്‍ക്കും അവകാശമില്ല എന്നും മറ്റൊരിടത്ത് ഖുര്‍ആന്‍ താക്കീത് നല്‍കുകയും ചെയ്യുന്നു. മറ്റൊരു പ്രധാനപ്പെട്ട സംഗതി,  ഇസ്‌ലാം മതത്തെ വെടിഞ്ഞ് മറ്റൊരാദര്‍ശം സ്വീകരിച്ച ഒരു വ്യക്തിയോടുള്ള നിലപാടിനെ വ്യക്തമാക്കിക്കൊണ്ടാണ് ഈ വചനം അവതരിച്ചതെന്നതാണ്.
ഒരു വ്യക്തി എന്ന നിലയില്‍ ഒരാള്‍ക്ക് പുലര്‍ത്താവുന്ന വീക്ഷണ സ്വാതന്ത്ര്യത്തെയാണ് ഈ മത കല്പനകളെല്ലാം അംഗീകരിച്ച് നല്‍കുന്നത്. മതത്തിലേക്ക് കടന്ന് വരാവുന്നത് പോലെ തന്നെ അതിനെ വിട്ട് പോകുവാനും ഒരേ വഴിതന്നെയാണുള്ളതെന്നാണ് ഇസ്‌ലാം വിശ്വസിക്കുന്നത്. ഇത് വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപിതമായ ഒരു നിലപാടാണ്. മതത്തില്‍ ബലാല്‍ക്കാരമില്ല എന്നും അത് ഒരു ബോധ്യത്തിന്റെ വിഷയമാണ് എന്നുമാണ് ഖുര്‍ആന്‍ പറയുന്നത്. എന്നാല്‍ മൗലികവാദങ്ങള്‍ എപ്പോഴും ഒറ്റ വഴിയില്‍ മാത്രമാണ് വിശ്വസിക്കുന്നത്. തങ്ങളിലേക്കുള്ള കടന്ന് വരവുകളെ വിശുദ്ധമാക്കുകയും വിട്ട് പോകലുകളെ വെറുക്കുകയും ചെയ്യുന്ന ഒറ്റവഴിയെ മാത്രമേ ഇവര്‍ക്ക് അംഗീകരിക്കുവാന്‍ സാധിക്കുകയുള്ളൂ.  എല്ലാത്തരം മൗലികവാദങ്ങളോടുമുള്ള ഇസ്‌ലാമിന്റെ നിലപാട് പ്രതിലോമപരമായതാണ്. ഇവയെ പരിപോഷിപ്പിക്കുന്ന അനേകക്കണക്കിന് വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും മുഹമ്മദ് നബിയുടെ ചരിത്രത്തിലും വായിക്കുവാനും സാധിക്കും. പ്രാമാണികമായി ഇതിനെ എതിര്‍ക്കുവാനോ ചോദ്യം ചെയ്യുവാനോ സാധിക്കുന്നതല്ല.
എന്നാല്‍, ചരിത്രത്തേയും സാമൂഹിക സാഹചര്യങ്ങളെയും തെറ്റിച്ച് വായിച്ചും അവയെ പശ്ചാത്തല നിരപേക്ഷമായി പരിഗണിച്ചും ഈ ആശയങ്ങളെ മറി കടക്കുവാനും ഇവയോട് നീതി പുലര്‍ത്താത്ത മൗലികവാദപരമായ ചില നിലപാടുകളില്‍ മതത്തെ പ്രതിഷ്ഠിക്കുവാനുമുള്ള നീക്കം കാലങ്ങളായി നടന്ന് വരുന്നുണ്ട്. ബാഹ്യമായി രൂപപ്പെടുന്ന മൗലികവാദങ്ങളെ മുഴുവന്‍ വ്യക്തി സ്വാതന്ത്ര്യം, മാനവികാവകാശങ്ങള്‍, സാമൂഹ്യമായ സുരക്ഷിതത്വം എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി എതിര്‍ക്കാന്‍ പഠിപ്പിക്കുന്ന ഒരു ആശയത്തിന്റെ പേരില്‍ ആഭ്യന്തരമായ മൗലികവാദങ്ങള്‍ ഉയര്‍ന്ന് വരുന്നു എന്നത് ഒരു വൈപരീത്യമാണ്. ഇസ്‌ലാമിക മൗലികവാദം എന്ന ആശയത്തെ  വിമര്‍ശനാത്മകമായി സമീപിക്കേണ്ടി വരുന്നതും ഇത്തരം ചില പ്രതിസന്ധികള്‍ മതത്തിന്റെ പേരില്‍ ഉയരാന്‍ തുടങ്ങുമ്പോഴാണ്. പാശ്ചാത്യ മാധ്യമങ്ങള്‍ വഴി പ്രചാരം സിദ്ധിച്ച ഒരു വാക്കാണ് ഇസ്‌ലാമിക മൗലികവാദം. നേരത്തെ സൂചിപ്പിച്ചത് പോലെ എല്ലാ പ്രത്യയശാസ്ത്രങ്ങളിലും മൗലികവാദികള്‍ ഉണ്ടെങ്കിലും അത് മതത്തിന്റെ പേരിലാകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ആഘാതങ്ങള്‍ക്ക് കാലത്തിനപ്പുറം നിലനില്‍ക്കാനുള്ള ഒരു ത്വരയുണ്ടാകും. ചരിത്രവും വര്‍ത്തമാനവും അതിന്റെ തെളിവുകളെ എമ്പാടും നമ്മുടെ മുമ്പിലേക്ക് നിരത്തി വെക്കുന്നുണ്ട്. ലോകത്തെ എല്ലാ മൗലികവാദികളും സാമൂഹികമായ പ്രത്യുത്പാദനപരതക്ക് വിഘാതം സൃഷ്ടിക്കുന്നവരും പുറത്തേക്കുള്ള കാഴ്ചകളെ തിരസ്‌കരിക്കുന്നവരുമാണ്. അവര്‍ തീര്‍ക്കുന്ന ഒരു ലോകത്തിന്റെ ഭംഗിയില്‍ മാത്രമേ അവര്‍ വിശ്വസിക്കുന്നുള്ളൂ. ഈ വീക്ഷണം മതത്തിന്റെ പേരില്‍ രൂപം കൊള്ളുമ്പോള്‍ അത് മതത്തിന്റെ എല്ലാ അധികാരങ്ങളെയും എടുത്ത് പ്രയോഗിക്കാന്‍ തുടങ്ങും. സിദ്ധാന്തങ്ങളെ ചലിപ്പിക്കാന്‍ മതവിശ്വാസത്തിനുള്ള ശക്തിയില്‍ മൗലികവാദികള്‍ വിജ്ഞരാണ് എന്നത് തന്നെ പ്രധാന കാരണം.
ലോക പ്രശസ്തരായ അനേകം ഇസ്‌ലാമിക ചിന്തകരും പണ്ഡിതരും ഇസ്‌ലാമിക മൗലികവാദത്തിന്റെ ലക്ഷണങ്ങളെ വര്‍ഗീകരിക്കുവാനും വിശദമാക്കുവാനും ശ്രമിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനുമായ ഫരീദ് ഇസാക്ക് ഇസ്‌ലാമിക മൗലിക വാദത്തെ ഏഴ് ലക്ഷണങ്ങളിലായി വര്‍ഗീകരിച്ചിട്ടുണ്ട്. ആ വര്‍ഗീകരണങ്ങളെ മുന്‍ നിര്‍ത്തിയുള്ള ഒരു വിശകലനമാണ് ഇവിടെ നടത്തുന്നത്. ഈ ഏഴ് ലക്ഷണങ്ങളെ പൂര്‍ത്തിയാക്കുന്നതോടെ മൂര്‍ത്തമാകുന്ന ഇസ്‌ലാമിക മൗലികവാദത്തെ ചെറുക്കേണ്ട ചുമതല അടിസ്ഥാനപരമായി മുസ്‌ലിം സമൂഹത്തിനുണ്ട് എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അവര്‍ അതില്‍ പരാജയപ്പെടുമ്പോള്‍ പൊതുസമൂഹത്തിന് ആ ചുമതലകള്‍ കൂടി നിര്‍വഹിക്കേണ്ടി വരും. ആ നിര്‍വഹണങ്ങള്‍ക്കിടയിലാണ് മതത്തിന്റെ പൊതുഭാവങ്ങളില്‍ പലതും വിമര്‍ശന വിധേയമാകുന്നതും മതവും പൊതുസമൂഹവും തമ്മില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങള്‍ മിക്കതും രൂപപ്പെടൂന്നതും.
മത ദര്‍ശനങ്ങള്‍ വിയോജിപ്പുകളെ നേരിടുന്ന സാഹചര്യങ്ങളെ വിശകലനം ചെയ്താല്‍, പൊതു സമൂഹത്തിന്റെ മത വിമര്‍ശനങ്ങളെ രണ്ടായി വര്‍ഗീകരിക്കുവാന്‍ സാധിക്കും. ഒന്ന്, മത ദര്‍ശനങ്ങളോടുള്ള സ്ഥായിയായ എതിര്‍പ്പുകളും സാമുദായികവും വംശീയവുമായ വിയോജിപ്പുകളും കൊണ്ടുണ്ടാകുന്ന വിമര്‍ശനങ്ങള്‍. രണ്ടാമത്തേത് മതത്തിന്റെ മൗലികവാദപരമായ നിലപാടുകളോടുള്ള വിയോജിപ്പുകളും മൗലികവാദത്തെ പ്രതിരോധിക്കുന്നത് വഴി സംഭവിക്കുന്ന നിരാകരണങ്ങളും. ഒന്നാമത്തേത് ഒട്ടും ദാര്‍ശനികമല്ലാത്ത കേവലമായ അജ്ഞതയുടെ എതിര്‍പ്പുകളും ഫാഷിസത്തിന്റെ ഉല്‍പ്പന്നങ്ങളും മാത്രമായി നില നില്‍ക്കുമ്പോള്‍ രണ്ടാമത്തെ വിമര്‍ശനങ്ങള്‍ക്ക് മാനവികാശയങ്ങളുടെ പിന്തുണയുണ്ടാകും. അത് ഉടലെടുക്കുന്നത് സാമൂഹ്യശാസ്ത്രപരമായ ഒരു ആവശ്യമായിട്ടാകും.
വ്യക്തി സ്വാതന്ത്ര്യത്തിന്റെ തെരഞ്ഞെടുപ്പുകളോടും മനുഷ്യാവകാശപരമായ സ്വാതന്ത്ര്യങ്ങളോടുമുള്ള സമീപനങ്ങളില്‍ നിന്നും, മാനവികത, ബഹുസ്വരത, സഹകരണം, സഹിഷ്ണുത, സഹവര്‍ത്തനം, സ്വതന്ത്ര ചിന്ത, ശാസ്ത്രബോധം തുടങ്ങിയ ഗുണങ്ങളില്‍ നിന്നും ഉടലെടുക്കുന്നവയാകും ഇത്തരം വിമര്‍ശനങ്ങള്‍ മിക്കപ്പോഴും. എന്നാല്‍ ഇവ രണ്ടിനെയും വെവ്വേറെ വിശകലനം ചെയ്യുന്നതില്‍ പരാജയപ്പെടുകയും മത വിമര്‍ശനങ്ങളെ മുഴുവന്‍ ഒറ്റ വാര്‍പ്പില്‍ കണ്ട് കൊണ്ട് പ്രതിരോധങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യലാണ് സംഘടിത മതങ്ങളുടെ ഭാഗത്ത് നിന്ന് കാലങ്ങളായി കണ്ട് വരുന്നത്. ഇത് വഴി ഉത്പാദനപരമായ ഒരു സംവാദം മതങ്ങളുമായി സാധ്യമാകാതെ പോകുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ ഇസ്‌ലാമിക മൗലികവാദമെന്ന ആരോപണത്തെ വിശകലനം ചെയ്യുമ്പോള്‍  മതത്തിന്റെ സാമൂഹികവും, ചരിത്രപരവും, മതാധ്യാപനങ്ങളുടെ ലക്ഷ്യപരവുമായ പരിശോധനകള്‍ കൂടി ആവശ്യമായി വന്നേക്കും.
(തുടരും)
Back to Top