മോദി 3.0 യുഗത്തിലെ മതേതര ഭാവനകള്‍
ബി പി എ ഗഫൂര്‍
വിചാരധാര ഭരണഘടനയായും മനുസ്മൃതി ഭരണവ്യവസ്ഥയായും ഗോള്‍വാള്‍ക്കര്‍ രാഷ്ട്രപിതാവായും മാറുന്ന ഹിന്ദുത്വ രാഷ്ട്രം, ഓഫീസുകളിലും വീടുകളിലും നാഥുറാം ഗോഡ്‌സെയുടെ ചിത്രം തൂങ്ങിക്കിടക്കുന്ന, മുസല്‍മാനും ക്രൈസ്തവനും കമ്യൂണിസ്റ്റുകാരനും രണ്ടാംകിട പൗരന്‍മാരായി ഗണിക്കപ്പെടുന്ന ഹിന്ദു രാഷ്ട്രം. സ്വയംസേവക ആസ്ഥാനം നാഗ്പൂരില്‍ നിന്നു പുതിയ പാര്‍ലമെന്റിലേക്ക് മാറ്റപ്പെടുകയും പരമപൂജ്യനായി വിശ്വഗുരു മോദി വാഴുകയും ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പുവരെ സംഘ്പരിവാര്‍ സ്വപ്‌നം കണ്ട ഹിന്ദു രാഷ്ട്രം. കഴിഞ്ഞ നൂറു വര്‍ഷമായി ആര്‍എസ്എസ് പണിതുയര്‍ത്തിയ ഹിന്ദുരാഷ്ട്രത്തിന്റെ സ്വപ്‌ന സാക്ഷാത്കാര വര്‍ഷമാണ് 2025. എന്നാല്‍, സംഘ്പരിവാറിന്റെ എല്ലാ സ്വപ്‌നങ്ങളും തകര്‍ത്തെറിയുന്നതായിരുന്നു 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം. ജനാധിപത്യത്തിന്റെ അന്തകനായി ദേശീയത നിറഞ്ഞാടുന്ന സാഹചര്യത്തില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ എല്ലാവിധ പ്രതിസന്ധികളെയും അതിജയിച്ച് ജനാധിപത്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ദേശീയതയെന്നത് ആരെയും തല്ലിക്കൊല്ലാനുള്ള ലൈസന്‍സാക്കി മാറ്റിയ സംഘ് ഭീകരര്‍ക്ക് ജനാധിപത്യത്തിന്റെ ശക്തമായ തിരിച്ചടി ഏല്‍ക്കേണ്ടിവന്നു.
ഇറ്റലിയിലെ കരിങ്കുപ്പായക്കാരായ സൈന്യം പൗരന്‍മാരെ ഭീകരത ആരോപിച്ച് കൊന്നൊടുക്കി. അധികാരം കൈയാളിയ മുസോളിനിയും ഫാസിസവും ഹിറ്റ്‌ലറും സ്‌പെയിനിലെ ഫ്രാങ്കോയും അധികകാലം അരങ്ങു വാണിരുന്നില്ല എന്ന ചരിത്രത്തിന്റെ തനിയാവര്‍ത്തനം ഇന്ത്യയിലും നടക്കാന്‍ പോകുന്നു. ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും പ്രത്യുല്‍പന്നമായി വന്ന ജനാധിപത്യത്തെ അതിസങ്കുചിതമായ ദേശീയത കൊണ്ട് പിഴുതെറിയാമെന്ന സംഘ്പരിവാര്‍ വ്യാമോഹത്തെയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം തകര്‍ത്തെറിഞ്ഞത്. ജനാധിപത്യമെന്നാല്‍ കമ്മ്യൂണല്‍ മെജോറിറ്റിയല്ല സഹജീവനവും കരുതലുമാണെന്ന് ഇന്ത്യന്‍ ജനത ഒരിക്കല്‍ കൂടി കാണിച്ചുകൊടുത്തു.
1920ല്‍ ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യവുമായി പ്രയാണം തുടങ്ങി, 1925ല്‍ ആര്‍എസ്എസ് രൂപീകരിച്ച് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും രാജ്യത്തിന്റെ ശത്രുക്കളായി പ്രതിഷ്ഠിച്ച് വളര്‍ന്നു പന്തലിച്ച സംഘ്പരിവാര്‍ 2025ല്‍ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള എല്ലാവിധ നടപടിക്രമങ്ങളും രണ്ടാം മോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു.
മതേതരത്വമെന്ന മാനവിക തത്വത്തെ തകര്‍ത്തെറിഞ്ഞാലേ വെറുപ്പിന്റെ രാഷ്ട്രീയത്തിന് അധികാരം പ്രാപ്യമാകൂ എന്നതിനാല്‍ ഭരണഘടനയുടെ മതേതര വ്യക്തിത്വത്തെത്തന്നെ മാറ്റിയെഴുതി, ഹിന്ദുത്വ പ്രത്യയശാസ്ത്രം അംഗീകരിക്കാത്തവരെയൊക്കെ പൗരാവകാശങ്ങളില്ലാത്ത രണ്ടാംകിട പൗരന്‍മാരാക്കി മാറ്റുന്ന പൗരത്വ ഭേദഗതി നിയമം പാസാക്കി. ജനാധിപത്യത്തിന്റെ അടിസ്ഥാനം പൗരന്‍മാര്‍ക്ക് നീതി ലഭ്യമാക്കലാണെന്ന തത്വത്തെ മറികടന്ന് നിയമവ്യവസ്ഥയെ തങ്ങളുടെ വരുതിയിലാക്കി, ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം സംഘ്പരിവാറിന്റെ താല്‍പര്യ സംരക്ഷണം സാധ്യമാക്കും വിധം പരിവര്‍ത്തിപ്പിച്ചു.
ക്രിമിനല്‍ തെളിവ് നിയമങ്ങളുടെ എല്ലാവിധ അടിസ്ഥാന മൂല്യങ്ങളും വലിച്ചെറിഞ്ഞ് ഹിന്ദുത്വ പ്രത്യയശാസ്ത്രം ചുളുവില്‍ തിരുകിക്കയറ്റി പരിഷ്‌കരിച്ചു. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി യാതൊരു ചര്‍ച്ചയും കൂടാതെ സിആര്‍പിസി, ഐപിസി, എവിഡന്‍സ് ആക്ട് എന്നീ മൂന്നു നിയമങ്ങള്‍ പൊളിച്ചെഴുതി.
ഐപിസിയെ ഭാരതീയ ന്യായ് സംഹിതയെന്നും സിആര്‍പിസിയെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയെന്നും എവിഡന്റ്‌സ് നിയമത്തെ ഭാരതീയ സാക്ഷ്യ അധിനിയ എന്നും ഇംഗ്ലീഷില്‍ നിന്നു സംസ്‌കൃതത്തിലേക്ക് മാറ്റിയെഴുതി. ആകെക്കൂടി 24,000ല്‍ താഴെ ആളുകള്‍ മാത്രം സംസാരിക്കുന്ന സംസ്‌കൃതത്തിലേക്ക് പരിവര്‍ത്തിക്കുക വഴി നിയമം സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കി മാറ്റി. പ്രതിയെ 90 ദിവസം വരെ കസ്റ്റഡിയില്‍ വെക്കാമെന്നതും, കേസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനുള്ള വിവേചനാധികാരം പൊലീസിന് നല്‍കുക വഴിയും ഹിന്ദുത്വ രാജ്യത്തെ പൊലീസ് രാജിന് വഴിയൊരുക്കുകയാണ് നിയമ പരിഷ്‌കരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
തീര്‍പ്പാക്കാതെ ആറു കോടി കേസുകള്‍ കെട്ടിക്കിടക്കുന്ന രാജ്യത്ത് യാതൊരു മുന്നൊരുക്കവും കൂടാതെ നിയമ പരിഷ്‌കരണം നടത്തുക വഴി ഒരേ സമയം രണ്ടു നിയമസംഹിതയില്‍ കേസുകള്‍ കൈകാര്യം ചെയ്യേണ്ട ഗതികേടു കൂടി അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നു. ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിത്തറ പൗരനു ലഭിക്കേണ്ട നീതിയാണെന്നിരിക്കെ നിയമ സംവിധാനം പരിഷ്‌കരിക്കുമ്പോള്‍ അതായിരുന്നു ലക്ഷ്യമായി കാണേണ്ടിയിരുന്നത്. ഭരണകൂടം നീതിക്കെതിരായാല്‍ പൗരന് നീതി ലഭ്യമാക്കാന്‍ കോടതികള്‍ക്ക് ബാധ്യതയുണ്ട് എന്നതു മാത്രമാണ് പ്രത്യാശക്ക് വകനല്‍കുന്നത്.
2024ലെ പൊതുതിരഞ്ഞെടുപ്പ് രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ അന്തിമോപചാരമായി സ്വപ്‌നം കണ്ട മോദീ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ തന്നെ സ്വന്തമാക്കി മാറ്റി. ഒരു രാജ്യം, ഒരൊറ്റ തിരഞ്ഞെടുപ്പ്, ഒരേയൊരു നേതാവ് എന്ന ഫാസിസ്റ്റ് മുദ്രാവാക്യം സാധ്യമാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും മോദി നടത്തി. എന്നാല്‍ രാജ്യത്തെ പ്രബുദ്ധ ജനത എല്ലാം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു എന്നതിന്റെ പ്രകടമായ ഉദ്‌ഘോഷണമായി മാറി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം. നാനൂറ് സീറ്റിന്റെ മൃഗീയ ഭൂരിപക്ഷത്തില്‍ തങ്ങള്‍ ഇച്ഛിച്ചതെല്ലാം നിയമമാക്കി മാറ്റി ഹിന്ദു രാഷ്ട്രം സ്വപ്‌നം കണ്ട് കാത്തിരുന്ന സംഘ്പരിവാറിന്റെ കരണത്തടിക്കുന്ന വിധിയായി മാറി തിരഞ്ഞെടുപ്പു ഫലം. മോദിയെന്ന വിഗ്രഹം തകര്‍ന്നടിഞ്ഞത് സംഘ്പരിവാറിന്റെ അധികാര രാഷ്ട്രീയത്തിന്റെ അവസാനത്തിന്റെ ആരംഭം കുറിക്കുകയായിരുന്നു.
രാമനെ പ്രതിഷ്ഠിച്ച് അമ്പലം തുടങ്ങിയാല്‍ ഹൈന്ദവ സമൂഹം സംഘ്പരിവാറിന്റെ ജനദ്രോഹ നടപടികളെയും മനുഷ്യത്വവിരുദ്ധ നിലപാടുകളെയും പിന്തുണയ്ക്കുമെന്ന കണക്കുകൂട്ടലുകള്‍ പാടേ തെറ്റിപ്പോയി. പ്രാണപ്രതിഷ്ഠ നടന്ന അയോധ്യയെന്ന ജനറല്‍ മണ്ഡലത്തില്‍ ദലിതനായ എസ്പി സ്ഥാനാര്‍ഥി 55,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടത് സംഘ്പരിവാറിനെ തെല്ലൊന്നുമല്ല ഉള്‍ക്കിടിലം കൊള്ളിച്ചത്. വിദ്വേഷ രാഷ്ട്രീയത്തിന്റെ വളര്‍ത്തുഭൂമിയില്‍ തന്നെ വൈവിധ്യത്തെ ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യത്തിന്റെ വിജയം സംഘ്പരിവാറിന്റെ മരണമണിയായി മാറിയിരിക്കുന്നു.
ലോക്‌സഭയില്‍ മാത്രമല്ല രാജ്യസഭയിലും ബിജെപി ന്യൂനപക്ഷമായി മാറിക്കഴിഞ്ഞു. കേവല ഭൂരിപക്ഷത്തിന് 113 സീറ്റ് വേണമെന്നിരിക്കെ ബിജെപി 86ലേക്ക് കൂപ്പുകുത്തി. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ 20 മിനിറ്റില്‍ ഒമ്പത് ബില്ലുകള്‍ പാസാക്കി നിയമനിര്‍മാണ പ്രക്രിയയെ ദുര്‍ബലപ്പെടുത്തിയ സംഘ്പരിവാറിന് ഇനിയതങ്ങ് സാധ്യമല്ല. ഭരണഘടനയെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി മാറ്റിയെഴുതുക, ഏക സിവില്‍ കോഡ്, ഒരു രാജ്യം ഒരു ഇലക്ഷന്‍ തുടങ്ങിയ സ്വപ്‌നങ്ങളൊന്നും ഇനി നടക്കാന്‍ പോകുന്നില്ല.
ബഹുസ്വരതയെയും ജനാധിപത്യത്തെയും ഫെഡറലിസത്തെയും വെല്ലുവിളിക്കുന്ന ആഭ്യന്തര കൊളോണിയലിസമായ ജാതിവ്യവസ്ഥ പുനഃസ്ഥാപിക്കുന്നത് ഇനി നടക്കുന്ന കാര്യമല്ല. ഹിന്ദുത്വ പദ്ധതികള്‍ ഓരോന്നായി പരാജയപ്പെടുന്നതും ഉത്തര്‍പ്രദേശിലും ഹരിയാനയിലും രാജസ്ഥാനിലുമെല്ലാം പുതിയ ജാതിരാഷ്ട്രീയ സമവാക്യങ്ങള്‍ അവരുടെ വിശാല ഹിന്ദുത്വ പദ്ധതിക്കെതിരായി ഉയര്‍ന്നുവരുന്നതും സംഘ്പരിവാറിനെ വിറളിപിടിപ്പിക്കുന്നത് കാണാതിരിക്കുകയും അരുത്.
രാമനെ വിട്ട് കാവടിയെടുക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത് അതുകൊണ്ടുതന്നെയാണ്. നൂറ്റാണ്ടുകളായി കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടി ഗംഗാജലം ശേഖരിച്ച് സമാധാനപരമായി തിരിച്ചുനടന്നിരുന്ന ഹൈന്ദവ വിശ്വാസികള്‍ക്ക് ജാതി-മതഭേദമെന്യേ യുപിയിലെങ്ങും സഹകരണമുണ്ടായതാണ്. സഹകരണത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും സ്‌നേഹബന്ധങ്ങള്‍ തകര്‍ത്തെറിഞ്ഞ് വിദ്വേഷത്തിന്റെ വിഷവിത്ത് വിതച്ച് വിശ്വാസികളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയാധികാരം തിരിച്ചുപിടിക്കുകയെന്ന ഗൂഢപദ്ധതിയാണ് വഴിയരികിലെ കച്ചവടക്കാര്‍ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിലൂടെ ബിജെപി ലക്ഷ്യം വെച്ചത്.
എന്നാല്‍ അതും കോടതിവിധിയിലൂടെ തകര്‍ന്നടിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാനുള്ള നിരോധനം നീക്കിയും വഖ്ഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള നിയമനിര്‍മാണം നടത്തിയുമൊക്കെ മരണവെപ്രാളം കാണിക്കുന്ന സംഘ്പരിവാറിനെ പിടിച്ചുകെട്ടാന്‍ മതേതര ശക്തികള്‍ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ട സമയമാണിത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നടപടികളും നിലപാടുകളും സംഘ്പരിവാറിന്റെ ഹൃദയമിടിപ്പ് കൂട്ടുന്നുവെങ്കിലും മതേതര ശക്തികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. 1949 ഡിസംബര്‍ 21ന് ബാബരി മസ്ജിദില്‍ രാമവിഗ്രഹം പ്രതിഷ്ഠിച്ചപ്പോള്‍ യുപിയിലെ മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിനോട് വിഗ്രഹമെടുത്ത് സരയൂ നദിയില്‍ എറിയാന്‍ കല്‍പിച്ച അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മതേതര പ്രതിബദ്ധത നെഹ്‌റുവിന്റെ കൊച്ചു മകനായ രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിച്ചാല്‍ രാജ്യം രക്ഷപ്പെടും. 1951ല്‍ സോമനാഥ ക്ഷേത്രപുനരുദ്ധാരണത്തിനു ശേഷമുള്ള ഉദ്ഘാടനത്തിന് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ക്ഷണിക്കപ്പെട്ടപ്പോള്‍ ഒരു വ്യക്തിയെന്ന നിലയ്ക്ക് വേണമെങ്കില്‍ പങ്കെടുക്കാം. എന്നാല്‍ മതേതര ഇന്ത്യയുടെ രാഷ്ട്രപതിയെന്ന നിലയ്ക്ക് പങ്കെടുക്കാവതല്ലെന്ന് തുറന്നടിച്ച നെഹ്‌റുവിന്റെ പാരമ്പര്യം രാഹുല്‍ കാത്തുസൂക്ഷിച്ചാല്‍ അതായിരിക്കും മതേതര ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുക.