22 Sunday
December 2024
2024 December 22
1446 Joumada II 20

മെസ്സഞ്ചര്‍ ഓഫ് ഗോഡും ആവിഷ്‌കാര സ്വാതന്ത്ര്യവും – അബു ആദില്‍

‘മുഹമ്മദ് ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്’ എന്ന സിനിമ ചര്‍ച്ചാ വിഷയമായിരിക്കുന്നു. അതിന്റെ ഇസ്‌ലാമിക വശങ്ങള്‍ നമുക്ക് വേറെ ചര്‍ച്ച ചെയ്യാം. പ്രവാചകനെ ചിത്രീകരിക്കാമോ ഇല്ലയോ എന്നത് മുസ്‌ലിം ലോകത്തു നടക്കുന്ന ചര്‍ച്ചയാണ്. അത് മറ്റൊരു വിഷയം. അതേസമയത്ത് നമ്മുടെ നാട്ടില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചര്‍ച്ചകള്‍ പൊടി പൊടിക്കുന്നു. അവിചാരിതമായാണ് കിതാബും മെസഞ്ചറും ഒന്നിച്ചു വന്നത്. രണ്ടും ഒരേ മതത്തെ പ്രതിനിധാനം ചെയ്യുന്നു. ഒന്നിന്റെ സംവിധായകന്‍ ഉദ്ദേശിച്ചത് ഇസ്‌ലാമിനെ തീര്‍ത്തും അവഹേളിക്കലും അപഹസിക്കലും. ലോകത്ത് ഒരു പെണ്ണും ആവശ്യപ്പെടാത്ത കാര്യമാണ് മുസ്‌ലിം സ്ത്രീ നേരിടുന്ന മുഖ്യ വിഷയമായി നാടകത്തില്‍ പറയുന്നത്. കഥാകൃത്തും നാടകം നിരോധിച്ചതിന്റെ പേരില്‍ പരാതി പെട്ട സാഹിത്യ സാംസ്‌കാരിക നായകരില്‍ പലരും മാറ്റി പറഞ്ഞിട്ടും എന്ത് വില കൊടുത്തും കിതാബിനെ സംരക്ഷിക്കും എന്നതായിരുന്നു കേരളത്തിലെ ഇടതു ലിബറല്‍ യുക്തിവാദി നിലപാട്. അതായത് മതത്തിനു അനുകൂലമായി ആ നാടകത്തില്‍ ഒന്നുമില്ല എന്ന ഉറപ്പാണ് നാടകത്തെ പിന്തുണക്കാന്‍ അവരെ പ്രേരിപ്പിച്ചത്.
ദി മെസ്സഞ്ചറില്‍ ഇസ്‌ലാമിന് വിരുദ്ധമായി കാര്യമായി ഒന്നും കാണില്ല എന്നതാകും പലരുടെയും ഈ നിശ്ശബ്ദതയുടെ കാരണം. പ്രവാചകന്റെ പതിമൂന്നു വയസ്സുവരെയുള്ള കാലമാണ് സിനിമയില്‍ പറയുന്നത്. സിനിമക്കെതിരെ സുന്നി ലോകത്തു നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. അത് മറ്റൊരു വിഷയമായി തന്നെ ചര്‍ച്ച ചെയ്യണം. സിനിമയും നാടകവും ആശയങ്ങളെ ജനങ്ങളില്‍ എത്തിക്കാന്‍ പര്യാപ്തമായ മേഖലകള്‍ എന്നത് അംഗീകരിക്കപ്പെട്ടിരിക്കെ അതിന്റെ അതിരുകള്‍ എന്തൊക്കെ എന്ന് ഇസ്‌ലാമിനുള്ളില്‍ നടക്കേണ്ട ചര്‍ച്ചകളാണ്. പ്രവാചകന്റെ എന്നല്ല അന്ന് ജീവിച്ച ഒരാളുടെയും യഥാര്‍ത്ഥത്തിലുള്ള ഫോട്ടോകളും രൂപവും നമുക്ക് ലഭ്യമല്ല. യേശുവിന്റെ മുഖത്തെക്കുറിച്ച് വരെ ഇപ്പോഴും ചര്‍ച്ച നടക്കുന്നു എന്നത് നാമറിയുന്ന കാര്യമാണ്. പ്രവാചകന്‍ വിശ്വാസികളുടെ മനസ്സില്‍ നിശ്ചിത രൂപമില്ലാത്ത ഇടം പിടിച്ച വ്യക്തിത്വമാണ്, അതിനു കഥാപാത്രങ്ങളിലൂടെ ജീവന്‍ നല്‍കുന്നത് ഇസ്‌ലാം എത്ര കണ്ടു അംഗീകരിക്കും എന്നത് വിശാലമായ ചര്‍ച്ചയുടെ സാധ്യതയുള്ള മേഖലയാണ്.
പ്രവാചകനും ഇസ്‌ലാമും നല്ല രീതിയില്‍ ചര്‍ച്ചയായി പോകുമോ എന്നതാകും ആവിഷ്‌കാര കാര്യത്തില്‍ ഇരട്ടതാപ്പു കാണിക്കുന്നവരുടെ വിഷയം. പ്രവാചകനെയും ഇസ്‌ലാമിനെയും മോശമാക്കാന്‍ കിട്ടുന്ന ഒരവസരവും അവര്‍ വേണ്ടെന്നു വെക്കില്ല. ഫിലിം ഫെസ്റ്റിവലില്‍ നിന്നും പ്രസ്തുത സിനിമ എന്ത് കൊണ്ട് നീക്കി എന്നത് അവര്‍ക്കു തന്നെ അറിയില്ല. ഒരു സ്‌കൂള്‍ നാടകത്തിന്റെ പേരില്‍ ജീവന്‍ കൊടുക്കാന്‍ രംഗത്തു വന്ന യുവജന പ്രസ്ഥാനങ്ങളും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ഈ വിഷയത്തില്‍ പ്രതികരിച്ചു കണ്ടില്ല. ശരീരത്തിലെ സുന്ദരമായ സ്ഥലത്തേക്കാള്‍ ഈച്ചക്കു താല്പര്യം ശരീരത്തിലെ മുറിവുകളാണ്.
നമ്മുടെ പല സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അവസ്ഥ അത് തന്നെയാണ്. ഒരുപാട് സുന്നി ഷിയാ പണ്ഡിതര്‍ ചര്‍ച്ച നടത്തിയാണ് പ്രസ്തുത സിനിമ ഇറക്കിയത് എന്ന് സംവിധായകന്‍ പറയുന്നു. സംവിധായകന്‍ ഒരു ഷിയ എന്നത് കൊണ്ട് തന്നെ ചരിത്ര വിശകലനത്തില്‍ നാം കേട്ട് പോന്ന പലതും തിരുത്താന്‍ സാധ്യത കൂടുതലാണ്. അതൊന്നും കപട ആവിഷ്‌കാര സ്വാതന്ത്ര്യവാദികളുടെ വിഷയമല്ല. കലയുടെ പേരില്‍ എന്തൊക്കെ ആവാം എന്ന് ചോദിച്ചാല്‍ അതിന്റെ സത്യസന്ധത എന്നതിലപ്പുറം ചില വിഭാഗങ്ങളോടുള്ള വിദ്വേഷമാണ് അടിസ്ഥാനം എന്ന് പറയേണ്ടി വരും.
Back to Top