21 Saturday
December 2024
2024 December 21
1446 Joumada II 19

മൂസാനബിയുടെ തര്‍ബിയത്ത് യാത്ര- എ ജമീല ടീച്ചര്‍

വിജ്ഞാനം എന്നത് പഞ്ചേന്ദ്രിയങ്ങള്‍ക്കതീതം മാത്രമല്ല. മനുഷ്യന്റെ കേള്‍വിക്കും കാഴ്ചക്കും ചിന്തക്കുമപ്പുറം മറ്റെന്ത് അറിവ് എന്ന് ശഠിക്കുന്നതും ശരിയല്ല. വളരെ കുറഞ്ഞ ജ്ഞാനോപാധികള്‍ മാത്രമേ മനുഷ്യനുള്ളൂ. അജ്ഞേയവും നിഗൂഢവുമായ സഞ്ചാരപഥങ്ങളായിരിക്കും പലപ്പോഴും ദൈവിക വിധിക്കുണ്ടാവുക. അല്ലാഹുവിന്റെ നിയമങ്ങളുടെയും നടപടികളുടെയും യുക്തിയും ന്യായവും പൂര്‍ണമായി ഗ്രഹിക്കാന്‍ മനുഷ്യന് കഴിഞ്ഞു എന്നു വരില്ല. പരലോകത്ത് വെച്ചായിരിക്കും അത് സമ്പൂര്‍ണമായി വെളിവാകല്‍. അവന്റെ തീരുമാനങ്ങളില്‍ ക്ഷമാലുവും കൃതജ്ഞതയുമുള്ളവനുമായി വഴങ്ങിക്കൊടുക്കുക എന്നതേ മനുഷ്യനാകൂ.
ഏത് തിന്മക്ക് പിന്നിലുമുണ്ടായിരിക്കും ഒളിപ്പിച്ചു വെച്ച ഒരു നന്മ. നോക്കൂ… അത്യുഷ്ണമെന്നത് മനുഷ്യന് അസഹനീയമാണ്. എങ്കില്‍ അതേ അത്യുഷ്ണം തന്നെയാണ് സമുദ്രജലം നീരാവിയായി മുകളിലേക്കുയര്‍ത്തി മഴ പെയ്യിക്കുന്നത്. ഗര്‍ഭത്തിന്റെ ആലസ്യവും പ്രസവത്തിന്റെ നോവും വേവുമറിയുമ്പോഴാണല്ലോ ഒരു കുഞ്ഞ് പിറക്കുന്നത്. എല്ലാറ്റിനും വേണം ക്ഷമ എന്നുള്ള നല്ല ഗുണം. അറിവ് നേടിയെടുക്കാനും അതു തന്നെയാണ് വേണ്ടത്. ജ്ഞാനം എന്നത് വില കൊടുത്ത് വാങ്ങാവുന്ന അങ്ങാടി മരുന്നല്ല. ഒന്നുകില്‍ അച്ചടക്കമുള്ള ഒരു ശിഷ്യനായി ഗുരുമുഖത്ത് നിന്ന്. അല്ലെങ്കില്‍ സൂക്ഷ്മതയും ശ്രദ്ധയുമുള്ള വായനയിലൂടെ പുസ്തകത്താളുകളില്‍ നിന്ന്. അതോടൊപ്പം ചിലതെല്ലാം അനുഭവ പാഠങ്ങളില്‍ നിന്ന്. ഇതൊക്കെയാണല്ലോ മനുഷ്യന്റെ അറിവിന്റെ സ്രോതസ്സുകള്‍. അതിലപ്പുറവും അറിവുകളുണ്ട്. അതാണ് ദൈവിക നടപടിക്രമങ്ങളിലെ രഹസ്യങ്ങള്‍.
ഇത്തരം ചില അറിവിന്റെ ഉറവിടങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഒരു തര്‍ബിയത്തീ യാത്രയുടെ വിവരണം പരിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. കേള്‍വിക്കാരനെ ഇന്ദ്രിയ പരിമിതിക്കുള്ളില്‍ അത്ഭുത പരതന്ത്രനാക്കിക്കൊണ്ടാണ് യാത്രയുടെ ഓരോ രംഗവും കടന്നുപോകുന്നതും. ഏറെ ശങ്കിപ്പിച്ചും ആശങ്കപ്പെടുത്തിയും തന്നെ. സൂറത്തുല്‍ കഹ്ഫിലെ 60 മുതല്‍ 82  വരെയുള്ള വചനങ്ങളിലായിരുന്നു യാത്രാവിവരണം. യാത്രികന്‍ മറ്റാരുമല്ല. മൂസാ പ്രവാചകന്‍. കേവലം ഒരു സാധാരണക്കാരനുമല്ല. ദൈവത്തിങ്കല്‍ നിന്ന് വെളിപാടും വേദഗ്രന്ഥവും നല്‍കപ്പെട്ട ഒരു പ്രവാചക ശ്രേഷ്ഠന്‍ മൂസാനബി(അ). തര്‍ബിയ്യത്ത് യാത്രയില്‍ അദ്ദേഹത്തിന് കൂട്ടായിട്ടുള്ളത് അദ്ദേഹത്തിന്റെ സേവകനായ ഒരു യുവാവും. ‘ഫതാ’ എന്നാണ് ഖുര്‍ആന്‍ ആ യുവാവിനെ പരിചയപ്പെടുത്തുന്നത്. തികച്ചും ദുര്‍ബലരും അധസ്ഥിതരുമായ ഒരു ജനതയിലേക്കാണ് മൂസാ പ്രവാചകന്‍ പ്രബോധനം നടത്തേണ്ടിയിരുന്നത്. അവരെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കാന്‍ അദ്ദേഹം പൊരുതേണ്ടിയിരുന്നതോ തികഞ്ഞ ധിക്കാരിയും സ്വേച്ഛാധിപതിയുമായ ഫറോവയോടും.
ഇത്തരം പ്രതികൂല സാഹചര്യത്തില്‍ അസാമാന്യമായ സഹനശേഷി അദ്ദേഹത്തിനാവശ്യമായിരുന്നു. എങ്കിലേ പ്രതിയോഗിയെ നേരിടാനാകുമായിരുന്നുള്ളൂ. അതിനുവേണ്ടി അല്ലാഹു അദ്ദേഹത്തിന് ഒരു ഗുരുവിനെ പ്രദാനം ചെയ്തു. സവിശേഷമായ ജ്ഞാനവും അനുഗ്രഹങ്ങളും നല്കപ്പെട്ട അല്ലാഹുവിന്റെ മറ്റൊരു ഇഷ്ടദാസന്‍. ആ ഗുരുവര്യന്‍ ദൈവാജ്ഞ പ്രകാരമുള്ള ചില നടപടികളും അതുള്‍ക്കൊള്ളുന്ന രഹസ്യ ജ്ഞാനങ്ങളും മൂസാ(അ) ന്റെ മുമ്പില്‍ വെളിപ്പെടുത്തിക്കൊടുത്തു. ക്ഷമയുടെയും സംതൃപ്തിയുടെയും പാഠങ്ങളായിരുന്നു അതില്‍ മുഴച്ച് നിന്നിരുന്നത്. മൂസാ നബിയുടെ ഈ യാത്രയെക്കുറിച്ച് ബൈബിള്‍ കഥകള്‍ ഒന്നും പറഞ്ഞുകാണുന്നില്ല. യാത്രയിലെ സഹയാത്രികന്‍ മൂസാനബി(അ)യുടെ ശിഷ്യപ്രമുഖനും പിന്‍ഗാമിയുമായിരുന്ന യൂശഅ്ബ്‌നുല്‍ ആണെന്നുള്ളതില്‍ പണ്ഡിതന്മാര്‍ ഏകോപിപ്പിച്ചിരിക്കുന്നു. ”മൂസാ തന്റെ സേവകനോടോതിയതോര്‍ക്കുക, സമുദ്ര സംഗമത്തിലെത്തുവോളം ഞാനീ യാത്ര നിര്‍ത്തുകയില്ല. അല്ലെങ്കില്‍ അതി ദീര്‍ഘമായ കാലം സഞ്ചരിച്ചുകൊണ്ടേയിരിക്കും. (സൂറതു കഹ്ഫ് 60)
ഇവിടം മുതലാണ് ഈ സൂറയിലെ മൂന്നാമത്തെ കഥയായ പ്രസ്തുത യാത്രാ വിവരണം തുടങ്ങുന്നത്. മൂസാ പ്രവാചകന്‍ ദൈവത്തിന്റെ നിര്‍ദേശ പ്രകാരം നടത്തിയ ഒരു തര്‍ബിയത്ത് യാത്ര. ക്ഷമ ആര്‍ക്കും ഒരു ദൗര്‍ബല്യമല്ല. നിഷേധാത്മക നിലപാടുമല്ല. നിര്‍മാണാത്മകമായ ഒരു യാഥാര്‍ഥ്യമാണത്. സത്യത്തിന്റെ സംസ്ഥാപനം അതിനെ ആശ്രയിച്ചാണിരിക്കുന്നത്. ക്ഷമയും സഹിഷ്ണുതയുമില്ലാതെ അടിമകള്‍ക്ക് അല്ലാഹുവിനോടുള്ള കടപ്പാട് നിറവേറ്റാനാവുകയില്ല. വിശ്വാസരൂഢമായ മനസ്സുകളിലേ ക്ഷമ നിലനില്‍ക്കുകയുള്ളൂ. ഈ ലോകത്തു സംഭവിക്കുന്നതെന്തും അല്ലാഹുവിന്റെ ഇച്ഛയ്ക്കും അറിവിനും വിധേയമായേ നടക്കുന്നുള്ളൂ. ഇത്തരം ഗുണവിശേഷങ്ങളാണ് മൂസ പ്രവാചകന്റെ തര്‍ബിയത്ത് യാത്ര ഉള്‍ക്കൊള്ളിക്കുന്നത്. യാത്രയുടെ തുടക്കം തന്നെ ഇന്ദ്രിയാതീതമായ അറിവുകള്‍ വിളംബരം ചെയ്തുകൊണ്ടായിരുന്നു. ഒരു ചത്ത മത്സ്യത്തെ കൈയില്‍ വെച്ചുകൊണ്ട് യാത്ര തുടങ്ങാനായിരുന്നു ദൈവിക നിര്‍ദേശം. 61-ാം വചനം ചൂണ്ടിക്കാണിക്കുന്നത് കാണുക.
‘അങ്ങനെ ആ സമാഗമത്തിലെത്തിയപ്പോള്‍ കൈവശമുണ്ടായിരുന്ന മത്സ്യത്തെ അവര്‍ മറന്നുപോയി. അതാവട്ടെ വെള്ളത്തില്‍ ചാടി ഒരു തുരങ്കത്തിലൂടെയെന്ന വണ്ണം ഊളിയിട്ട് പാഞ്ഞുപോയി.’
കടല്‍ത്തീരത്തുകൂടെയാണ് യാത്ര. മത്സ്യം നഷ്ടപ്പെടുന്ന സ്ഥാനമാണ് ലക്ഷ്യസ്ഥലം. മത്സ്യം കടലിലൂടെ ഊളിയിട്ട് പോകുന്നത് കൂടെയുള്ള സേവകന്‍ കണ്ടിരുന്നു. പക്ഷേ, അത് മൂസാനബിയെ അറിയിക്കാന്‍ അദ്ദേഹം മറന്നുപോയി. തുടര്‍ന്ന് ഇരുവരും വന്ന വഴിക്ക്തന്നെ തിരിച്ചുനടന്നു. ഉദ്ദിഷ്ട സ്ഥലത്തെത്തിയപ്പോള്‍ അവര്‍ ഒരാളെ കണ്ടു. നമ്മുടെ ദാസന്മാരിലൊരു ദാസന്‍ എന്നാണ് അല്ലാഹു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത് (വചനം 65). അഥവാ അല്ലാഹുവിന്റെ നിഷ്‌കളങ്കനായ ഒരു ഭക്തന്‍.
അദ്ദേഹമായിരുന്നു മൂസാ നബിക്ക് അറിവു പകര്‍ന്ന് കൊടുക്കാനായി അല്ലാഹു നിശ്ചയിച്ച ഗുരുവര്യന്‍. യഥാര്‍ഥ പേര് ഖുര്‍ആനില്‍ പറയുന്നില്ല. ‘ഖിദ്ര്‍’ എന്നതാണ് ചില നിവേദനങ്ങളില്‍ കാണുന്നത്. ഖിദ്‌റിനെക്കുറിച്ച് പ്രബലമെന്ന് പറയാനാവാത്ത ഒരുപാട് വിശേഷണങ്ങളാണ് നിലവിലുള്ളത്. അദ്ദേഹം ഒരു പ്രവാചകനാണെന്നും അതല്ല പുണ്യാത്മാവാണെന്നും ആദം നബിയുടെ നേര്‍ പുത്രനാണെന്നും. അതൊന്നുമല്ല അനുഗൃഹീതനായ ഒരു വലിയ്യാണെന്നും ഇങ്ങനെ പോകുന്നു ഖിദ്‌റ് നബിയെ ചുറ്റിപ്പറ്റിയുള്ള കഥ പറച്ചിലുകള്‍. ഔലിയാക്കളുടെ കറാമത്തുകള്‍ക്ക് സ്ഥിരീകരണമുണ്ടാക്കാന്‍ മുസ്‌ലിം യാഥാസ്ഥിതിക വിഭാഗം ഖിദ്‌റിനെ ഒരു വലിയ്യാക്കി ചിത്രീകരിക്കുന്നുമുണ്ട്.
ഏതായാലും മൂസനബിക്ക് ലഭിച്ചിട്ടില്ലാത്ത ഒരുപാട് അറിവിന്റെ ഉടമയായിരുന്നു ഖിദ്ര്‍ എന്ന ആ മഹാ പണ്ഡിതന്‍. ഖിദ്ര്‍ നബിയില്‍ നിന്ന് തനിക്ക് കിട്ടിയിട്ടില്ലാത്ത അറിവ് നേടിയെടുക്കലായിരുന്നു ലക്ഷ്യം. അതാകട്ടെ അല്ലാഹുവിന്റെ ഒരു നിര്‍ദേശവുമായിരുന്നു. പ്രത്യേകിച്ച് വേദവും ശരീഅത്തുമൊന്നും ഖിദ്‌റ് നബിക്ക് നല്‍കിയിരുന്നതായി പറയുന്നുമില്ല. മൂസാനബിയുടെ ശിഷ്യത്വാഭ്യര്‍ഥന സ്വീകരിക്കണമെങ്കില്‍ ഖിദ്ര്‍ നബിക്ക് ചില ഉപാധികള്‍ വെക്കേണ്ടതുണ്ടായിരുന്നു. അതേക്കുറിച്ച് 66 മുതല്‍ 70 വരെയുള്ള വചനങ്ങളില്‍ ഇപ്രകാരം കാണാം.
‘മൂസാ അദ്ദേഹത്തോട് ചോദിച്ചു. ഞാന്‍ അങ്ങയെ അനുഗമിക്കട്ടെയോ’ അങ്ങ് പഠിപ്പിക്കപ്പെട്ടിട്ടുള്ള ജ്ഞാനം എന്നെ പഠിപ്പിക്കാന്‍. അദ്ദേഹം പറ ഞ്ഞു: നിങ്ങള്‍ക്ക് എന്റെ കൂടെ ക്ഷമിച്ചുകഴിയാന്‍ സാധിക്കുകയില്ല. നിങ്ങളുടെ ജ്ഞാനത്തിന് ഉള്‍ക്കൊള്ളാനാവാത്ത സംഗതികള്‍ ക്ഷമിക്കുന്നതെങ്ങനെ! മൂസാ ബോധിപ്പിച്ചു: ‘ഇന്‍ശാ അല്ലാഹ് (ദൈവേച്ഛയുണ്ടെങ്കില്‍) എന്നെ അങ്ങേക്ക് ക്ഷമാശീലനായിത്തന്നെ കാണാം. ഒരു കാര്യത്തിലും ഞാന്‍ അങ്ങയുടെ കല്പന ധിക്കരിക്കുകയില്ല. അദ്ദേഹം പറഞ്ഞു. എന്നെ അനുഗമിക്കുകയാണെങ്കില്‍ എന്റെ ഒരു നടപടിയെക്കുറിച്ചും അങ്ങ് എന്നോട് ചോദിക്കരുത്. അതിന്റെ പാഠം ഞാനായിട്ട് വിശദീകരിച്ചു തരുന്നതുവരെ.”
ഇതായിരുന്നു ഖിദ്ര്‍ നബി എന്ന അനുഗൃഹീത ഗുരുവും മൂസാ പ്രവാചകന്‍ എന്ന വിജ്ഞാന ദാഹിയും തമ്മിലുണ്ടാക്കി വെച്ചിരുന്ന യാത്ര കരാര്‍. ‘റുശ്ദ്’ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് പ്രപഞ്ച പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അഗോചര ജ്ഞാനമാണ്. ഖിദ്ര്‍ പ്രത്യേകം പഠിപ്പിക്കപ്പെട്ടത് അതായിരിക്കും. പ്രവാചകന്മാര്‍ തന്നെ ജ്ഞാനത്തിലും സിദ്ധിയിലുമെല്ലാം വ്യത്യസ്തരാണല്ലോ. മൂസാനബിക്ക് പഠിപ്പിക്കപ്പെട്ടിട്ടില്ലാത്ത അറിവുകളായിരുന്നു അതെല്ലാം. ഖിദ്ര്‍ പ്രവാചകന്റെ ഉപാധി അംഗീകരിച്ചുകൊണ്ട് അവര്‍ യാത്ര തുടരുകയാണ്. 71-ാം വചനം മുതല്‍ ആ യാത്രയുടെ വര്‍ണന തുടങ്ങുകയാണ്. ഈ ഉടമ്പടിയില്‍ ഇരുവരും സഞ്ചരിച്ചുതുടങ്ങി.
അങ്ങനെയിരിക്കെ അവര്‍ ഒരു കപ്പലില്‍ കയറി. അദ്ദേഹം ആ കപ്പല്‍ ഓട്ടപ്പെടുത്തിക്കളഞ്ഞു. മൂസാ ചോദിച്ചു. അങ്ങ് കപ്പല്‍ ഓട്ടപ്പെടുത്തിയതെന്ത്. ഇതിലെ യാത്രക്കാരെ മുക്കിക്കൊല്ലാന്‍! ഇച്ചെയ്തത് ഗുരുതരമായ വിക്രിയയാണല്ലോ? അപകട സാധ്യത മുന്നില്‍ കണ്ട മൂസാ പ്രവാചകന് സഹികെട്ടു. ആദ്യത്തെ കരാര്‍ ലംഘനം അവിടെത്തന്നെ നടക്കുകയാണ്. അച്ചടക്കമുള്ള ഒരു ശിഷ്യന്‍ എന്നത് വിട്ട് അദ്ദേഹം ഗുരുവിന്റെ പ്രവര്‍ത്തനത്തിലെ അപ്രായോഗികത ചോദ്യം ചെയ്തു. ഗുരുവും വെറുതെ വിടുന്നില്ല. കരാര്‍ ലംഘനത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച് ഗുരു ഓര്‍മിപ്പിച്ചു.
”അദ്ദേഹം പറഞ്ഞു. എന്നെ ക്ഷമിച്ച് കഴിയാന്‍ നിങ്ങള്‍ക്കാവില്ലെന്ന് നേരത്തെ പറഞ്ഞിരുന്നില്ലയോ? മൂസാ ബോധിപ്പിച്ചു: മറന്നുപോയതിന്റെ പേരില്‍ എന്നെ ശിക്ഷിക്കരുതേ. എന്റെ ദൗത്യത്തില്‍ എന്നെ ഞെരുക്കാതിരുന്നാലും”(വചനം 72-73). ഖദ്ര്‍ മൂസാ നബിയുടെ ക്ഷമാപണം സ്വീകരിച്ചു. കുറെ ചെന്നപ്പോള്‍ വഴിയില്‍ ഒരു ബാലനെ കണ്ടുമുട്ടി. ഒരു പ്രകോപനവുമില്ലാതെ ഖദ്ര്‍ ആ കുട്ടിയെ പിടിച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു. മൂസാ ചോദിച്ചു: നിരപരാധിയായ ആ കുട്ടിയെ കൊന്നു കളഞ്ഞതെന്തിന്? ഒരാളെ കൊല്ലാനുള്ള ന്യായം അയാള്‍ മറ്റൊരാളെ കൊന്നുകളയലാണല്ലോ. ഈ പാവം കുട്ടിയാകട്ടെ ആരെയും കൊന്നിട്ടില്ല. അങ്ങ് ഇച്ചെയ്തത് വലിയ ക്രൂരകൃത്യം തന്നെയായിപ്പോയി. മൂസാ(അ) ഖിദ്‌റിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്തു. രണ്ടാമത്തെ കരാര്‍ ലംഘനവും നടന്നു. ഇപ്രാവശ്യം ഗുരു അക്ഷോഭ്യനായി. തുടക്കത്തിലേയുള്ള കരാര്‍ ഓര്‍മിപ്പിച്ചു. പക്ഷേ ഒരു പിരിച്ചുവിടല്‍ നടന്നില്ല.
ശിഷ്യനെ ആക്ഷേപിച്ചതുമില്ല. അച്ചടക്ക ലംഘനം നടത്തുന്ന ശിഷ്യനെ ആട്ടിപ്പായിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യപ്രാപ്തിക്ക് ചേര്‍ന്നതല്ലല്ലോ. ഒരു മാപ്പ് കൊടുക്കല്‍ തന്നെയാണ് അവിടെയും കണ്ടത്. യാത്ര വീണ്ടും തുടര്‍ന്നു. 77-78 വചനങ്ങള്‍ കാണുക. ”അവര്‍ പിന്നെയും യാത്ര തുടര്‍ന്നു. അങ്ങനെ ഒരു പട്ടണത്തിലെത്തിച്ചേര്‍ന്നു. അവര്‍ ആ നാട്ടുകാരോട് ആഹാരം ആവശ്യപ്പെട്ടു. അവര്‍ക്ക് ആതിഥ്യം നല്‍കാന്‍ നാട്ടുകാര്‍ കൂട്ടാക്കിയില്ല. അദ്ദേഹവും മൂസായും അവിടെ പൊളിഞ്ഞുവീഴാറായ ഒരു മതില്‍ കണ്ടെത്തി. അദ്ദേഹം അത് നേരെയാക്കി സ്ഥാപിച്ചു. മൂസാ പറഞ്ഞു. അങ്ങ് വിചാരിച്ചിരുന്നുവെങ്കില്‍ ഈ അധ്വാനത്തിന് വേതനം വാങ്ങാമായിരുന്നു. അദ്ദേഹം പറഞ്ഞു: മതി. നമ്മുടെ സഹയാത്ര ഇവിടെ അവസാനിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ക്ഷമിക്കാന്‍ കഴിയാതെ പോയ സംഗതികളുടെ യാഥാര്‍ഥ്യം ഇനി ഞാന്‍ വിശദീകരിച്ചുതരാം.” ഇനി വല്ലതും ചോദിച്ചാല്‍ എന്നെ സഹയാത്രികനാക്കേണ്ടതില്ലെന്ന് മൂസാനബി തന്നെ നേരത്തെ ഉപാധി വെച്ചിരുന്നു. അതനുസരിച്ച് തുടര്‍ യാത്രക്കുള്ള അവസരം അതോടെ അദ്ദേഹം തന്നെ നഷ്ടപ്പെടുത്തിക്കളഞ്ഞു.
ഇനി ഹസ്രത്ത് ഖിദ്ര്‍(അ) അല്ലാഹു തന്നെക്കൊണ്ട് ചെയ്യിപ്പിച്ച ഓരോ നടപടിയുടെയും യുക്തി മൂസാനബി(അ)യെ ബോധ്യപ്പെടുത്താന്‍ സയമവുമായി. എല്ലാറ്റിന്റെയും യുക്തി പഞ്ചേന്ദ്രിയ ജ്ഞാനങ്ങള്‍ക്കപ്പുറമുള്ളതായിരുന്നു. അദ്ദേഹം തന്റെ ദൗത്യം തുടര്‍ന്നു. പ്രസ്തുത കപ്പല്‍ പാവപ്പെട്ട ചില കപ്പല്‍ തൊഴിലാളിയുടേതായിരുന്നു. അതായിരുന്നു ആ സാധുക്കളുടെ ഉപജീവനമാര്‍ഗം. പിറകില്‍ എല്ലാ നല്ല കപ്പലുകളെയും കൊള്ളയടിക്കുന്ന ഒരു രാജാവിന്റെ സാന്നിധ്യമുണ്ടായിരുന്നു. അയാളില്‍ നിന്നു രക്ഷപ്പെടേണ്ടതിനു വേണ്ടിയാണ് കപ്പലിന് ചെറിയ കേടുപാടുകള്‍ വരുത്തണമെന്ന് ഖിദ്ര്‍(അ)ന്റെ തീരുമാനത്തിലുണ്ടായിരുന്നത്.
കേടുപാടുള്ള കപ്പലുകളെ രാജാവ് വെറുതെ വിടുമായിരുന്നു. കപ്പലിന് ദ്വാരമുണ്ടാക്കിയതിലെ യുക്തി ഇപ്രകാരമാണ് ഖിദ്ര്‍(റ) ബോധ്യപ്പെടുത്തിയത്. രണ്ടാമത് നടത്തിയ ബാലവധം അവന്റെ മാതാപിതാക്കളുടെ രക്ഷയ്ക്കുവേണ്ടിയായിരുന്നു. സത്യവിശ്വാസികള്‍ക്കുണ്ടാകുന്ന താല്‍ക്കാലിക വിഷമം ചിലപ്പോള്‍ അവരുടെ ശാശ്വത സമാധാനത്തിന് വേണ്ടിയായിരിക്കുമെന്നതിന്റെ ഉദാഹരണമാണിത്.
”ഇനി ആ ബാലന്റെ കാര്യം, അവന്റെ മാതാപിതാക്കള്‍ സത്യധര്‍മങ്ങളില്‍ വിശ്വസിക്കുന്നവരാണ്. അവന്‍ ധര്‍മ ധിക്കാരത്താലും സത്യനിഷേധത്താലും അവരെ ഞെരുക്കുമെന്ന് നാം ഭയപ്പെട്ടു. അതിനാല്‍ അവന്നുപകരം അവനേക്കാള്‍ സ്വഭാവ ശുദ്ധിയുള്ളവരും കുടുംബസ്‌നേഹം പ്രതീക്ഷിക്കുന്നവരുമായ സന്തതികളെ വിധാതാവ് അവര്‍ക്ക് പ്രദാനം ചെയ്യണമെന്ന് ആഗ്രഹിച്ചു.” (വചനം 80-81)
ധാര്‍ഷ്ഠ്യവും ധിക്കാരവും നിറഞ്ഞ അതിക്രമം കൊണ്ട് പ്രസ്തുത ബാലന്‍ മാതാപിതാക്കളെ പീഡിപ്പിക്കുമെന്ന് ഖിദ്‌റ് തനിക്ക് ലഭിച്ച വെളിപാടിലൂടെ കണ്ടെത്തിയതാവാം. മൂന്നാമത്തേത് മര്യാദ കെട്ട ആ നാട്ടുകാരുടെ മതില്‍ പ്രതിഫലേച്ഛ കൂടാതെ നന്നാക്കിക്കൊടുത്തു എന്നതായിരുന്നു. 8-ാം വചനത്തിലൂടെ അതിലടങ്ങിയ യുക്തിയും ഖിദ്ര്‍ (അ) ബോധ്യപ്പെടുത്തുകയുണ്ടായി.
”എന്നാല്‍ ആ മതിലിന്റെ കഥ. ഈ പട്ടണത്തിലുള്ള രണ്ട് അനാഥ കുട്ടികളുടേതാണത്. അതിനു ചുവട്ടില്‍ ആ കുട്ടികള്‍ക്കുള്ള ഒരു നിധി ഇരിപ്പുണ്ട്. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ ആ കുട്ടികള്‍ പ്രായപൂര്‍ത്തിയെത്തി തങ്ങളുടെ നിധി കണ്ടെടുക്കണമെന്ന് നിങ്ങളുടെ നാഥന്‍ തീരുമാനിച്ചു. ഇതെല്ലാം സ്രഷ് ടാവിന്റെ കാരുണ്യമാകുന്നു. ഞാനിതൊന്നും സ്വാധികാരത്താല്‍ ചെയ്തിട്ടുള്ളതല്ല. ഇതാകുന്നു നിങ്ങള്‍ക്ക് ക്ഷമിക്കാന്‍ ആവാതെ പോയതിന്റെ യാഥാര്‍ഥ്യം.”
ഒന്നും ഖിദ്ര്‍(അ) സ്വാഭിപ്രായം ചെയ്തതായിരുന്നില്ല. എല്ലാം അല്ലാഹുവിന്റെ കല്പനയനുസരിച്ച് മാത്രം. തനിക്ക് പറ്റിയ തെറ്റല്ല എന്നായിരുന്നു ഖിദ്ര്‍(അ)ന്റെ വിശദീകരണം. മൂസ(അ)ന്റെ സംശയം നീക്കാനായിരുന്നു ഈ വെളിപ്പെടുത്തല്‍. അല്പം കൂടി ക്ഷമിക്കാന്‍ മൂസാപ്രവാചകന് ആ യാത്രയില്‍ സാധിച്ചിരുന്നെങ്കില്‍ അല്ലാഹുവിന്റെ നടപടിക്രമങ്ങളുടെ നിഗൂഢ രഹസ്യങ്ങളിലൂടെ അദ്ദേഹത്തിന് ഒരുപാട് വഴി ദൂരം പിന്നിടാമായിരുന്നു.
Back to Top