2 Saturday
March 2024
2024 March 2
1445 Chabân 21

മുഹമ്മദ് നബിക്ക് സിഹ്‌റ് ബാധിച്ചുവെന്നോ? പി കെ മൊയ്തീന്‍ സുല്ലമി

മുഹമ്മദ് നബി(സ)ക്ക് സിഹ്‌റു ബാധിച്ചു എന്ന കഥ വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ല. കാരണം പ്രബോധന രംഗത്ത് എല്ലാ പിശാചുക്കളുടെ ശര്‍റില്‍ നിന്നും അല്ലാഹു നബി(സ)ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ട് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സിഹ്‌റാകട്ടെ അതിന്റെ പ്രവര്‍ത്തനവും പൂര്‍ത്തീകരണവും പിശാചിന്റെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ടു മാത്രമേ സാധിക്കൂ എന്നാണ് സകല സാഹിറുകളും വാദിച്ചുപോന്നിട്ടുള്ളത്.
സിഹ്‌റിന്റെ നിര്‍വചനം തന്നെ അക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു. ”പിശാചിന്റെ സഹായം കൊണ്ടും സാമീപ്യം കൊണ്ടും നടത്തപ്പെടുന്ന ഒരു കര്‍മമാണ് സിഹ്ര്‍” (ലിസാനുല്‍ അറബി 6:190). ഇബ്‌നുഹജര്‍(റ) പറയുന്നു: ”പിശാചിന്റെ സഹായത്തോടു കൂടി മാത്രമേ സിഹ്‌റിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ” (ഫത്ഹുല്‍ബാരി 8:91). അഭൗതികവും അദൃശ്യവും കാര്യകാരണ ബന്ധങ്ങള്‍ക്കതീതവുമായ നിലയില്‍ ഖൈറും ശര്‍റും വരുത്തിവെക്കാന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ എന്നത് ഈമാനിന്റെ ആറു കാര്യങ്ങളില്‍ പെട്ട ഒരു കാര്യമാണ്. സിഹ്‌റിലൂടെ ഒരു സാഹിര്‍ തന്റെ എതിരാളിക്ക് ദോഷം വരുത്താന്‍ ശ്രമം നടത്തുന്നത് അജ്ഞാതവും ഗൂഢവും കാര്യകാരണ ബന്ധങ്ങള്‍ക്കതീതവുമായതിനാല്‍ അത്തരം സിഹ്ര്‍ ഫലം ചെയ്യുമെന്ന് വിശ്വസിക്കല്‍ ശിര്‍ക്കു തന്നെയാണ്.
അല്ലാഹു പറയുന്നു: ”താങ്കള്‍ക്ക് അല്ലാഹു വല്ല ദോഷവും ഏല്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല നന്മയും ഉദ്ദേശിക്കുന്നപക്ഷം അവന്റെ അനുഗ്രഹം തടുത്തുനിര്‍ത്താന്‍ ഒരാളുമില്ല” (യൂനുസ് 107). നബി(സ) പറയുന്നു: ”അല്ലാഹുവേ, നീ നല്‍കിയതിനെ തടയുന്നവനായി ഒരാളുമില്ല. തീ തടഞ്ഞതിനെ നല്‍കുന്നവനായി ഒരാളുമില്ല” (ബുഖാരി, മുസ്‌ലിം). അപ്പോള്‍ അദൃശ്യമായ നിലയില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഒരു നന്‍മയോ തിന്‍മയോ ചെയ്യാന്‍ അല്ലാഹു ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അത് അല്ലാഹുവിങ്കല്‍ മാത്രം നിക്ഷിപ്തമാകുന്ന കാര്യമാണെന്ന് മേല്‍ വചനങ്ങള്‍ സൂചിപ്പിക്കുന്നു.
പൈശാചിക സേവയോടെ നടത്തിക്കൊണ്ടിരിക്കുന്ന ഒരു സിഹ്‌റും നബി (സ)ക്ക് ബാധിക്കുന്നതല്ല. കാരണം ജിന്നു പിശാചുക്കള്‍ക്കോ മനുഷ്യപ്പിശാചുക്കള്‍ക്കോ നബി(സ)യുടെ പ്രബോധനം തടസ്സപ്പെടുത്താന്‍ ഒരിക്കലും സാധ്യമല്ല. അതില്‍ നിന്ന് നബി(സ)ക്ക് അല്ലാഹു സംരക്ഷണം നല്‍കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ”ഹേ, പ്രവാചകരേ, താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്ന് താങ്കള്‍ക്ക് അവതരിപ്പിക്കപ്പെട്ടത് താങ്കള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്തപക്ഷം താങ്കള്‍ അല്ലാഹുവിന്റെ ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു താങ്കളെ സംരക്ഷിക്കുന്നതാണ്” (മാഇദ 67).
ഈ വചനം നബി(സ) വിശദീകരിക്കുന്നുണ്ട്: ”യഅ്ഖൂബ്ബ്‌നു ഗൈലാന്‍ പറയുന്നു: നബി(സ) ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു ജിന്നുകളുടെയും മനുഷ്യരുടെയും ശര്‍റില്‍ നിന്ന് എനിക്ക് സംരക്ഷണം നല്‍കിയിരിക്കുന്നു” (ത്വബ്‌റാനി, ഇബ്‌നുകസീര്‍ 3:79). മറ്റൊരു നബിവചനം ഇപ്രകാരമാണ്: ”ജനങ്ങളേ, നിങ്ങള്‍ (എന്നെ സംരക്ഷിക്കുന്നതില്‍ നിന്ന്) പിരിഞ്ഞുപോകണം. തീര്‍ച്ചയായും അല്ലാഹു എനിക്ക് സംരക്ഷണം നല്‍കിയിരിക്കുന്നു” (തിര്‍മിദി). നബി(സ)ക്ക് പിശാചിന്റെ ദുര്‍ബോധനം പോലും ബാധിക്കുന്നതല്ല. പിന്നെ എങ്ങനെയാണ് പിശാചിന്റെ സേവയോടെ നടത്തുന്ന സിഹ്‌റു ബാധിക്കുക! അല്ലാഹു പറയുന്നു: ”നബിയേ പറയുക: ആരുടെ മേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ? കളവ് പറയുന്നവരും പാപികളുമായ എല്ലാവരുടെ മേലും പിശാചുക്കള്‍ ഇറങ്ങുന്നു” (ശുഅറാ 221-222). നബി(സ) മേല്‍ പറഞ്ഞ രണ്ടു വിഭാഗങ്ങളിലും പെട്ട വ്യക്തിയല്ലല്ലോ.
നബി(സ) പറയുന്നു: ”പിഴപ്പിക്കുന്ന ഒരു ഖരീന്‍ (ജിന്നുപിശാചിനെ) ചുമതലപ്പെടുത്തപ്പെടാത്ത ഒരാളും തന്നെയില്ല. അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ക്കുമുണ്ടോ അപ്രകാരം ഒരു ഖരീന്‍? നബി(സ) പറഞ്ഞു: അതേ, എനിക്കുമുണ്ട്. പക്ഷേ, അല്ലാഹു ആ ഖരീനിന്നെതിരില്‍ എന്നെ സഹായിക്കുന്നതാണ്. എന്റെ ഖരീന്‍ (കൂട്ടുകാരന്‍) എന്നോട് നന്മ മാത്രമേ കല്പിക്കൂ” (അഹ്മദ്, മുസ്‌ലിം). നബി(സ)ക്ക് പിശാചു ബാധിക്കുകയില്ല എന്ന വിഷയത്തില്‍ ഇജ്മാഅ് ഉണ്ട് എന്നാണ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പിന്നെ എങ്ങനെയാണ് നബി(സ)ക്ക് സിഹ്‌റു ബാധിക്കുക. ഇമാം നവവി(റ) പറയുന്നു: ”ഖാളി (ഇയാള്) പ്രസ്താവിച്ചിരിക്കുന്നു: നബി(സ)യുടെ ശരീരത്തിനും മനസ്സിനും നാക്കിനും പിശാചില്‍ നിന്നു സംരക്ഷണം നല്‍കപ്പെട്ടിരിക്കുന്നു എന്നതില്‍ സമുദായം ഏകോപിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ മനസ്സിലാക്കണം (ശറഹുമുസ്‌ലിം 9:173). ഇബ്‌നുല്‍ഖയ്യിം(റ) പറയുന്നു: ”ഇക്കാര്യത്തില്‍ (പിശാചിന്റെ ശര്‍റില്‍ നിന്ന്) നബി(സ)ക്ക് സംരക്ഷണമുണ്ടെന്ന കാര്യത്തില്‍ ഇജ്മാഅ് ഉണ്ട്” (ജാമിഉല്‍ ആദാബ് 2:202)
നബി(സ)ക്ക് സിഹ്‌റു ബാധിച്ചു എന്ന് പ്രചരിപ്പിച്ചവര്‍ മുശ്‌രിക്കുകളായിരുന്നു എന്ന് ഖുര്‍ആന്‍ പറയുന്നു. ”അക്രമികള്‍ പറഞ്ഞു: സിഹ്‌റു ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്. അവര്‍ താങ്കളെ എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് നോക്കൂ. അവര്‍ വഴിപിഴച്ചുപോയിരിക്കുന്നു. അതിനാല്‍ യാതൊരു (നേര്‍വഴിയും) കണ്ടെത്താന്‍ അവര്‍ക്കു സാധിക്കുന്നതല്ല” (ഫുര്‍ഖാന്‍ 8-9). ”സിഹ്‌റു ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നതെന്ന് അക്രമികള്‍ പറഞ്ഞ സന്ദര്‍ഭം. അവര്‍ താങ്കളെ എങ്ങനെയാണ് ചിത്രീകരിച്ചതെന്നു നോക്കൂ. അവര്‍ വഴി പിഴച്ചുപോയിരിക്കുന്നു. അതിനാല്‍ യാതൊരു (നേര്‍വഴിയും) കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുന്നതല്ല” (ഇസ്‌റാഅ് 47-48). വിശുദ്ധ ഖുര്‍ആനില്‍ രണ്ടുതവണ ആവര്‍ത്തിച്ചു പറഞ്ഞ കാര്യം: ‘നബി(സ)ക്ക് സിഹ്‌റു ബാധിച്ചു’ എന്ന് പ്രചരിപ്പിക്കുന്നവര്‍ നേര്‍വഴി പ്രാപിക്കുകയില്ല. ആരാണവര്‍ എന്നതിനെ സംബന്ധിച്ച് ഇബ്‌നുകസീര്‍(റ) പറയുന്നു: ”ഖുറൈശി കുഫ് ഫാറുകളുടെ നേതാക്കളാണവര്‍” (ഇബ്‌നുകസീര്‍, ഇസ്‌റാഅ് 47). ഇമാം ഖുര്‍തുബി രേഖപ്പെടുത്തുന്നു: ”അബൂജഹ്‌ലും വലീദുബ്‌നുല്‍ മുഗീറയും അവരെപ്പോലെയുള്ളവരുമാണവര്‍” (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍: ഇസ്‌റാഅ് 47). അതിനാല്‍ അത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ ആരായിരുന്നാലും അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടേണ്ടതുണ്ട്.
നബി(സ)ക്ക് സിഹ്‌റു ബാധിച്ചു എന്ന ബുഖാരിയിലെ ഹദീസാണ് ഇനി പരിശോധിക്കാനുള്ളത്. പ്രമാണങ്ങളുടെ കൂട്ടത്തില്‍ സ്വഹീഹുല്‍ ബുഖാരിക്ക് മൂന്നാം സ്ഥാനമാണ്. ഒന്ന്: ഖുര്‍ആന്‍, രണ്ട്: ബുഖാരിയും മുസ്‌ലിമും സംയുക്തമായി റിപ്പോര്‍ട്ടു ചെയ്ത ഹദീസുകള്‍, മൂന്ന്: സ്വഹീഹുല്‍ ബുഖാരി. സ്വഹീഹുല്‍ ബുഖാരിയില്‍ വിമര്‍ശന വിധേയമായ ഹദീസുകളുണ്ടെന്ന് ഫത്ഹുല്‍ ബാരിയിലെ മുഖദ്ദിമയില്‍ (മുഖവുര) അസ്ഖലാനി വിശദീകരിക്കുന്നുണ്ട്. കുരങ്ങന്‍ വ്യഭിചരിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട റിപ്പോര്‍ട്ടും മുഅവ്വദതൈനി ഖുര്‍ആനില്‍ പെട്ടതല്ല എന്ന ബുഖാരിയിലെ റിപ്പോര്‍ട്ടും അതിന്നുദാഹരണങ്ങളാണ്.
നബി(സ)ക്ക് ആറു മാസം ബുദ്ധിഭ്രമം ബാധിച്ചത് ഒരു സ്വഹാബിയും അറിഞ്ഞില്ല. നബി(സ) മരണപ്പെട്ട് 50 വര്‍ഷം കഴിഞ്ഞതിനു ശേഷം ജനിച്ച ഹിശാമുബ്‌നു ഉര്‍വക്ക് മാത്രമാണ് നബി(സ)ക്ക് സിഹ്‌റു ബാധിച്ചിരുന്നു എന്ന അറിവു ലഭിച്ചത് എന്നത് അവിശ്വസനീയമാണ്. പ്രസ്തുത ഹദീസിന്റെ സനദും മത്‌നും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സനദ് തുടങ്ങുന്നതു തന്നെ ഹിശാമുബ്‌നു ഉര്‍വയുടെ പേരിലാണ്. അദ്ദേഹം വിമര്‍ശന വിധേയനാണ്. ഇബ്‌നു ഹജര്‍(റ) വിശദീകരിക്കുന്നു: ”യഅ്ഖൂബിബ്‌നു ശൈബ പറയുന്നു: ഹിശാമുബ്‌നു ഉര്‍വയുടെ വിശ്വാസ്യത അംഗീകരിക്കപ്പെട്ടതായിരുന്നു. എന്നാല്‍ ഇറാഖില്‍ എത്തിയതിനു ശേഷം അദ്ദേഹം തന്റെ പിതാവ് പറയാത്ത കാര്യങ്ങള്‍ പിതാവിന്റെ പേരില്‍ പറയാന്‍ തുടങ്ങി. അതിനാല്‍ ആ നാട്ടുകാര്‍ അദ്ദേഹത്തെ വെറുത്തു. അങ്ങനെ അദ്ദേഹം സംസാരത്തില്‍ വീഴ്ച വരുത്തുകയും പിതാവില്‍ നിന്ന് കേള്‍ക്കാത്ത കാര്യങ്ങള്‍ പിതാവിന്റെ പേരില്‍ പറഞ്ഞു പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനാണ് (സാങ്കേതികമായി) തദ്‌ലീസ് എന്ന് പറയുന്നത്. (മുഖദ്ദിമ, ഫത്ഹുല്‍ ബാരി, പേജ് 702).
അപ്പോള്‍ ഹിശാമുബ്‌നു ഉര്‍വയുടെ ഹദീസ് മുദല്ലസ് ആണ്. അഥവാ തെളിവിനു കൊള്ളുന്നതല്ല. ഇമാം നവവി(റ) പറയുന്നു: ”ഒരു വിഭാഗം പണ്ഡിതന്മാര്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: വല്ലവനില്‍ നിന്നും (ഹദീസിന്റെ) വിഷയത്തില്‍ തദ്‌ലീസ് ബോധ്യപ്പെടുന്ന പക്ഷം അത്തരക്കാര്‍ ഹദീസുകളുടെ വിഷയത്തില്‍ വിശ്വാസയോഗ്യരല്ല. യാതൊരു കാര്യത്തിലും അത്തരക്കാരുടെ റിപ്പോര്‍ട്ടുകള്‍ സ്വീകാരയോഗ്യവുമല്ല” (ശറഹു മുസ്‌ലിം 1:58). അതേ കാരണത്താല്‍ ഇമാം മാലിക്(റ) അദ്ദേഹത്തെ അംഗീകരിക്കുന്നില്ല. ഇമാം മാലിക് അദ്ദേഹത്തെ (ഹിശാമുബ്‌നു ഉര്‍വ) തൃപ്തിപ്പെട്ടിരുന്നില്ല” (മുഖദ്ദിമ, ഫത്ഹുല്‍ബാരി, പേജ് 702).
സ്വഹീഹുല്‍ ബുഖാരിയില്‍ 2563-ാം നമ്പര്‍ ഹദീസ് അടിമമോചനത്തിന് നിബന്ധന വെക്കുന്നതാണ്. പ്രസ്തുത ഹദീസിനെ ഇമാം ശാഫിഈ (റ) അല്‍ഉമ്മില്‍ എതിര്‍ത്തതായി ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ കാരണം, പ്രസ്തുത ഹദീസ് റിപ്പോര്‍ട്ടു ചെയ്യുന്നത് ഹിശാമുബ്‌നു ഉര്‍വയില്‍ നിന്നായതുകൊണ്ടാണ്. ”ഈ റിപ്പോര്‍ട്ട് ഹിശാമുബ്‌നു ഉര്‍വയുടെ റിപ്പോര്‍ട്ട് ദുര്‍ബലമാണ് എന്നതിന്റെ സൂചയാണ്” (ഫത്ഹുല്‍ ബാരി 6:707). അതുപോലെ ഇമാം നവവിയും (റ) ഹിശാമുബ്‌നു ഉര്‍വയെ വിശ്വാസത്തിലെടുത്തിട്ടില്ല. ”ഇസ്മാഈലിബ്‌നു ഇയാശിന്റെ(റ) വിശ്വാസ്യതയെക്കുറിച്ച് ശാമുകാര്‍ വല്ലതും പറയുന്നപക്ഷം അത് ഏറ്റവും ശരിയായിരിക്കും. അദ്ദേഹത്തിന്റെ നാട്ടുകാര്‍ പറയുന്നതും ശരിയായിരിക്കും. എന്നാല്‍ മദീനക്കാരായ ഹിശാമുബ്‌നു ഉര്‍വ, യഹ്‌യബ്‌നു സഈദ്, സുഹൈലുബ്‌നു, അബീസ്വാലിഹ് പോലെയുള്ളവര്‍ പറയുന്ന പക്ഷം അവര്‍ ഒന്നുമല്ല” (ശറഹുമുസ്‌ലിം 1:154).
ഇമാം ദഹബിയും അദ്ദേഹത്തെ നിരാകരിച്ചതായി കാണാം. ”അദ്ദേഹം മരിക്കുന്നതിന് മുമ്പായി അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നിരുന്നു” (മീസാനുല്‍ ഇഅ്തിദാല്‍ 11:46). അപ്പോള്‍ ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം നവവി, ഇമാം ദഹബി, യഅ്ഖൂബിബ്‌നു ശൈബ എന്നിവരുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ വ്യക്തിയാണ് ഹിശാമുബ്‌നു ഉര്‍വ. അതിനാല്‍ ഈ ഹദീസിന്റെ സനദ് ദുര്‍ബലമാണ്.
അതുപോലെ ഒരു ഹദീസില്‍ മത്‌നിലോ സനദിലോ ഒരു ഇള്ത്വിറാബ് (ആശയക്കുഴപ്പം) വന്നാല്‍ പ്രസ്തുത ഹദീസ് അസ്വീകാര്യമാണെന്നാണ് ഹദീസ് നിദാന ശാസ്ത്ര നിയമം. ഹിശാമുബ്‌നു ഉര്‍വയില്‍ നിന്ന് ഉദ്ധരിക്കുന്ന സിഹ്‌റിന്റെ ഹദീസില്‍ നാല് ഇള്ത്വിറാബുകള്‍ ഉണ്ട്.
ഒന്ന്: ബുഖാരി 5763-ാം നമ്പര്‍ ഹദീസില്‍ നബി(സ)ക്ക് സിഹ്‌റു ചെയ്തത് ലബീദുബ്‌നുല്‍ അഅ്‌സ്വമുല്‍ യഹൂദിയാണെന്നു പറയുന്നു. ഇമാം ഖുര്‍ത്വുബി അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആനില്‍ (20:177) പറയുന്നത് സിഹ്‌റു ചെയ്തത് ലബീദുബ്‌നുല്‍ അഅ്‌സ്വമിന്റെ പെണ്‍മക്കളാണെന്നാണ്.
രണ്ട്: ബുഖാരി 5763-ാം നമ്പര്‍ ഹദീസില്‍ ലബീദ് യഹൂദിയാണെന്നു പറയുന്നു. ഇബ്‌നുകസീര്‍(റ) തന്റെ തഫ്‌സീറല്‍ (4:574) ലബീദ് മുസ്‌ലിമായ മുനാഫിഖാണെന്നു പറയുന്നു.
മൂന്ന്: ഫത്ഹുല്‍ ബാരി (13:150) ബുഖാരിയുടെ റിപ്പോര്‍ട്ടില്‍ നബി(സ)ക്ക് സിഹ്‌റു ബാധിച്ചത് 40 ദിവസമാണെന്നും അതേ 13:150 ല്‍ അഹ്മദിന്റെ റിപ്പോര്‍ട്ടില്‍ ആറ് മാസമാണെന്നും പറയുന്നു.
നാല്: ബുഖാരി 3175, 5763 ഹദീസുകളില്‍ സിഹ്‌റു ചെയ്ത വസ്തുക്കളിട്ട കിണര്‍ കുഴിച്ചുമൂടാന്‍ കല്പിക്കുന്നു. 6063-ാം നമ്പര്‍ ഹദീസില്‍ വസ്തു പുറത്തെടുക്കാന്‍ കല്പിക്കുന്നു.
ഇത്തരത്തില്‍ ആശയക്കുഴപ്പമുള്ള ഹദീസ് സ്വീകാര്യയോഗ്യമല്ല എന്നാണ് ഹദീസ് നിദാന ശാസ്ത്ര പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുള്ളത്. അതില്‍ ബുഖാരിയും മറ്റുള്ള മുഹദ്ദിസുകളും തുല്യരാണ്. ഇമാം സഖാവി പറയുന്നു: ”ഒരു ഹദീസിന്റെ പരമ്പരയിലോ ഉള്ളടക്കത്തിലോ ആശയക്കുഴപ്പം (ഇദ്ത്വിറാബ്) ഉണ്ടാകുന്ന പക്ഷം തീര്‍ച്ച യായും ആ ഹദീസ് ദുര്‍ബലമായിത്തീരും.” (ഫത്ഹുല്‍മുഗീസ് 1:225)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x