7 Wednesday
June 2023
2023 June 7
1444 Dhoul-Qida 18

മുസ്‌ലിം സാമുദായിക ഐക്യം പൗരത്വ ഭേദഗതി  നിയമത്തിന്റെ  പശ്ചാത്തലത്തില്‍ – വി എസ് എം കബീര്‍

ബി ജെ പിയുടെ ചാണക്യവേഷമായ ആര്‍ എസ് എസിന്റെ ബുദ്ധിയില്‍ തെളിഞ്ഞ പൗരത്വ ഭേദഗതി ബില്‍ എന്ന അസ്ത്രം 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ അവരുടെ പ്രകടന പത്രികയില്‍ സ്ഥാനം പിടിച്ചപ്പോള്‍ അതിലെ വിപത്ത് അധികമാരും തെളിഞ്ഞു കണ്ടില്ല. ബംഗ്ലാദേശ്, പാക്കിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് പലായനംചെയ്‌തെത്തിയ ഹിന്ദുക്കള്‍ക്ക് അഭയവും പൗരത്വവും നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാ ബദ്ധരാണ് എന്നായിരുന്നു ബി ജെ പിയുടെ അന്നത്തെ പ്രഖ്യാപനം. തീവ്ര ഹൈന്ദവ വൈകാരികതയെ തൊട്ടുണര്‍ത്തിയാലുണ്ടാവുന്ന വോട്ട് വേലിയേറ്റമായിരുന്നു അവരുടെ സ്വപ്‌നം. എന്നാല്‍ കേവല ഭൂരിപക്ഷത്തോടെ കേന്ദ്രം പിടിച്ച അവര്‍ 2016-ല്‍ ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നു. പക്ഷെ, ബില്‍ പാസ്സാക്കാനാവാതെ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുകയായിരുന്നു. ഇത് പിന്നീട് 2019 ജനുവരിയില്‍ വീണ്ടും ലോക്‌സഭയില്‍ വരികയും ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ അന്ന് രാജ്യസഭയില്‍ വെക്കും മുമ്പ് കാലാവധി കഴിഞ്ഞതിനാല്‍ പാര്‍ലമെന്റ് പിരിച്ചു വിടുകയാണുണ്ടായത്.
2019-ലെ പൊതുതെരഞ്ഞെടുപ്പിലും ബി ജെ പി നേതാക്കള്‍ പൗരത്വ ബില്ലിനോടുള്ള അടങ്ങാത്ത പ്രണയം പ്രകടിപ്പിച്ചു. മറ്റു പല വൈകാരികതകളും ഒപ്പം ചില ക്രമക്കേടുകളും സമഞ്ജസമായി ചേര്‍ന്നതോടെ നരേന്ദ്ര മോദി കൂടുതല്‍ കരുത്തോടെ അധികാര പീഠമേറി. ഒപ്പം ആഭ്യന്തരത്തിന്റെ ചെങ്കോലുമായി അമിത് ഷായും വന്നു. ഇതിന് പിന്നാലെയാണ് പൗരത്വ ബില്ലിന് വീണ്ടും ജീവന്‍ വെച്ചത്. പിന്നീടങ്ങോട്ട് കാര്യങ്ങള്‍ക്ക് ശരവേഗമായിരുന്നു.
ജെ പി സിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ 2019 ഡിസംബര്‍ എട്ടിന് ‘പൗരത്വ ഭേദഗതി ബില്‍2019’ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഡിസംബര്‍ ഒമ്പതിന് ലോക്‌സഭയില്‍ വെച്ചു. 10-ന് ചര്‍ച്ച, അന്ന് തന്നെ അംഗീകാരവും. 11-ന് രാജ്യസഭയില്‍ ചര്‍ച്ച, അംഗീകാരം. 12-ന് പ്രസിഡന്റിന്റെ ഒപ്പ് വാങ്ങല്‍. കൃത്യം ഒരു മാസം 2020 ജനുവരി 10-ന് പൗരത്വ ഭേദഗതി ബില്‍ നിയമമാവുകയും പ്രാബല്യത്തില്‍ വരികയും ചെയ്തു.
ഒറ്റക്കെട്ടായി ഇന്ത്യന്‍ ജനത
ഇന്ത്യയെന്ന മഹാരാജ്യത്തിന് തണലും കാവലുമായി നില്‍ക്കുന്ന ഭരണഘടനയില്‍ തുള വീഴ്ത്തുംവിധം അമിത് ഷാ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്ത പൗരത്വഭേദഗതി നിയമത്തിന് സംഘപരിവാര്‍ സ്വപ്‌നത്തില്‍ പോലും കാണാനിടയില്ലാത്ത വിധമുള്ള പ്രതികരണങ്ങളാണ് ഉണ്ടായത്. മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ബുദ്ധ, ക്രൈസ്തവ മതക്കാര്‍ക്കെല്ലാം പൗരത്വത്തിന് അര്‍ഹത നല്‍കിയപ്പോള്‍ മുസ്‌ലിംകളെ മാത്രം ഒഴിവാക്കി.
നിയമത്തിനെതിരെ മുസ്‌ലിംകളില്‍ നിന്നുള്ള നേര്‍ത്ത പ്രതിഷേധം മാത്രം പ്രതീക്ഷിച്ച സംഘപരിവാര്‍ നേതൃത്വം, ഇന്ത്യന്‍ കാമ്പസുകളിലെ ക്ഷുഭിത കൗമാരങ്ങളുടെ പ്രതിഷേധ മുദ്രാവാക്യങ്ങളാണ് ആദ്യം കേട്ടത്. അത് പിന്നീട് നഗരങ്ങളെയും പട്ടണങ്ങളെയും ഗ്രാമ ഇടവഴികളെ പോലും രോഷമുഖരിതമാക്കി. ജനാധിപത്യ സമരങ്ങളെ വകവെക്കില്ലെന്ന മോദി-ഷാ മാരുടെ ഇടയ്ക്കിടെയുള്ള പ്രസ്താവനകള്‍ കൂടി വന്നതോടെ സമരാവേശം ജ്വലിക്കുന്നതാണ് ഇന്ത്യ കണ്ടത്.
പൗരത്വത്തിന് മതം മാനദണ്ഡമാക്കി ഭരണഘടനയുടെ ആത്മാവിനെ നോവിച്ചതിനെതിരെ മതം നോക്കാതെയാണ് ആബാലവൃദ്ധം വരുന്ന ഇന്ത്യന്‍ ജനത നിരത്തിലിറങ്ങിയത്. ഫാസിസത്തിന്റെ കഴുകനേത്രങ്ങളും ദ്രംഷ്ടകളും പ്രത്യക്ഷത്തില്‍ മുസ്‌ലിം സമൂഹത്തെയാണ് ഉന്നമാക്കുന്നതെങ്കിലും പിന്നാലെ തങ്ങള്‍ക്ക് നേരെയും അത് ചിറക് വിടര്‍ത്തി കുതിച്ചുവരുമെന്ന തിരിച്ചറിവിലാണ് മതവും ജാതിയും രാഷ്ട്രീയവും നോക്കാതെ ജനസഞ്ചയം തെരുവിലിറങ്ങിയത്. പ്രതിഷേധത്തിന്റെ ചക്രവാളങ്ങളിലെല്ലാം ഈ മഴവില്‍ കൂട്ടായ്മ ദൃശ്യമായിരുന്നു.
ലോക്‌സഭയില്‍ ബില്ലിനെതിരെ ഗര്‍ജിച്ചത് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭയില്‍ അമിത്ഷായെ നോക്കി ഗര്‍ജിച്ചത് കപില്‍ സിബല്‍, രാജ്യസഭയിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത് ശിവസേന, തെരുവില്‍ സമരം നടത്തിയതിന് അറസ്റ്റിലായത് ചന്ദ്രശേഖര്‍ ആസാദ്, നിയമത്തിനെതിരെ സമരം നയിച്ചതിന് ക്രൂരമായ മര്‍ദനത്തിനിരയായത് ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഐഷി ഘോഷ്, നിയമത്തെ ആദ്യമായി തള്ളിയത് പിണറായി വിജയനും മമത ബാനര്‍ജിയും, സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത് രമേശ് ചെന്നിത്തല, കേസ് വാദിച്ചത് മനു അഭിഷേക് സിങ്‌വി, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചത് ബി ജെ പിയുടെ എക്കാലത്തെയും സഖ്യകക്ഷി അകാലിദള്‍.
ജാമിഅ മില്ലിയയിലെയും അലീഗര്‍ സര്‍വകലാശാലയിലെയും കൗമാരങ്ങളെക്കാള്‍ കൂടുതല്‍ തെരുവിലേക്ക് ബാനറുകളേന്തി വന്നത് ജെ എന്‍ യുവിലെയും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളായിരുന്നു. ഇവരുടെ ആസാദി മുദ്രാവാക്യങ്ങളുടെ ചൂടിനെ തണുപ്പിക്കാന്‍ ഡല്‍ഹി പൊലീസിന്റെ ജലപീരങ്കികള്‍ക്ക് പോലും കഴിഞ്ഞില്ല. മതവും ജാതിയും രാഷ്ട്രീയവും നോക്കാതെയെത്തിയ തനി ഇന്ത്യക്കാര്‍ ഹൈദരാബാദിലും ബംഗളൂരുവിലും മുംബൈയിലും കൊച്ചിയിലും പ്രതിഷേധത്തിന്റെ മഹാസമുദ്രങ്ങള്‍ തീര്‍ത്തു.
നിയമത്തിനെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ തീരാരോഷം തിരിച്ചറിഞ്ഞതോടെ ബില്ലിനെ ഇരുസഭകളിലും പിന്തുണച്ച പാര്‍ട്ടികള്‍ പോലും നിലപാട് മാറ്റി ബി ജെ പിയെ തിരിഞ്ഞു കുത്താനും തുടങ്ങി. ഇവര്‍ക്കിടയില്‍ പ്രതിഷേധക്കാരെ തോക്ക് കൊണ്ട് നേരിട്ട് യോഗി കൂടിയായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് മാത്രം വേറിട്ട് നിന്നു.
നീരസവുമായി രാജ്യാന്തര സമൂഹവും
പൗരത്വഭേദഗതി നിയമം രാജ്യാന്തര തലത്തിലും വന്‍ പ്രതിഷേധത്തിനിടയാക്കി. ഇന്ത്യയുടെ മതേതര മുഖത്തിന് തന്നെ അത് മങ്ങലേല്പിച്ചു. മതവിവേചനമുണ്ടാക്കുന്നതും രാജ്യാന്തര സമൂഹത്തോട് ഇന്ത്യ നിയമപരമായി കാണിക്കേണ്ട പ്രതിബദ്ധതയുടെ ലംഘനവുമാണ് നിയമമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ നിരീക്ഷണ സമിതി വക്താവ് മീനാക്ഷി ഗാംഗുലി പറഞ്ഞു. നിയമം കൊണ്ടുവരാന്‍ തിടുക്കം കാട്ടിയ അമിത് ഷാക്ക് ഉപരോധമേര്‍പ്പെടുത്തണമെന്നാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള അമേരിക്കന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്. 57 മുസ്‌ലിം രാജ്യങ്ങളുടെ ഐക്യവേദിയായ ഒ ഐ സിയും നിയമത്തില്‍ ആശങ്ക അറിയിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനം റദ്ദാക്കിയാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബേ നിയമത്തിനെതിരെ പ്രതികരിച്ചത്. പാക്കിസ്താനും ബംഗ്ലാദേശും അടക്കമുള്ള അയല്‍രാജ്യങ്ങളും അനിഷ്ടം തുറന്നുപറഞ്ഞു. അന്താരാഷ്ട്ര സമൂഹവും നിയമത്തെ അപലപിച്ചു.
ഒരു വേദിയില്‍ ഒന്നിച്ച് സമുദായവും
പ്രഥമ ദൃഷ്ട്യാ തന്നെ മുസ്‌ലിം വിരുദ്ധമെന്ന് വ്യക്തമാവുന്ന ബില്ലിനെതിരെ പല കോണുകളില്‍ നിന്നായി പ്രതിഷേധം കനത്തു തുടങ്ങിയതോടെയാണ് സമുദായത്തിനകത്തെ വിവിധ സംഘടനകളും ഉണര്‍ന്നു തുടങ്ങിയത്. നിയമമാകുന്നത് വരെ സംഘടനാ ആസ്ഥാനത്തെ കോണ്‍ഫ്രന്‍സ് ഹാളിലെ യോഗത്തിലിരുന്ന് പ്രമേയം പാസാക്കുന്നതില്‍ മാത്രം പ്രതിഷേധമൊതുക്കുകയായിരുന്നു.
ആഹ്വാനങ്ങളോ ഒറ്റതിരിഞ്ഞുള്ള പ്രതിഷേധങ്ങളോ പോരെന്നും സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്നില്‍ സമുദായം ഒന്നിച്ചിറങ്ങിയില്ലെങ്കില്‍ കാര്യം കൈവിടുമെന്നും നേതാക്കള്‍ പിന്നീട് തിരിച്ചറിഞ്ഞു. അമിത് ഷായുടെ പൗരത്വ ഭേദഗതി നിയമം മുമ്പെങ്ങുമില്ലാത്ത വിധം സമുദായ സംഘടനാ നേതാക്കളെ ഒരു വേദിയില്‍ ഒരു ശബ്ദമായി മാറാന്‍ പ്രേരിപ്പിച്ചത് അങ്ങനെയാണ്. അഖിലേന്ത്യാ തലത്തില്‍ വ്യക്തിനിയമ ബോര്‍ഡും ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയും അഹ്‌ലെ ഹദീസും ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദുമൊക്കെ സമരമുഖത്ത് ഒന്നിച്ചു. നിയമപരമായും ജനാധിപത്യ മുന്നേറ്റങ്ങളിലൂടെയും അവര്‍ നിയമത്തെ നേരിടാന്‍ തുടങ്ങി. ഈ അവസരത്തിലാണ് കേരളത്തിലെ മുസ്‌ലിം സമുദായം കാണാന്‍ കൊതിച്ച കാഴ്ചകള്‍ കണ്ടുതുടങ്ങിയത്.
സമുദായത്തിന്റെ അസ്തിത്വത്തിനും നിലനില്പിനും വിരല്‍ചൂണ്ടുന്നവര്‍ക്കെതിരെ തര്‍ക്കവിതര്‍ക്കങ്ങള്‍ മാറ്റിവെച്ച് ഒരു ഇമാമിന് പിന്നില്‍ അണിയൊപ്പിച്ച് നില്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് പണ്ഡിത നേതാക്കള്‍ കാണിച്ചു കൊടുത്തു. പുതുവര്‍ഷദിനത്തില്‍ മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കൊച്ചിയില്‍ നടത്തിയ സമര പ്രഖ്യാപന സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയത്തെ കണ്ട് കൊച്ചി നഗരം തന്നെ വിസ്മയം കൊണ്ടു. സമുദായ ഐക്യത്തിന്റെ മഹാവിളംബരമായ ആ റാലിയില്‍ ഹൈദരലി ശിഹാബ് തങ്ങളും എ പി അബൂബക്കര്‍ മുസ്‌ലിയാരും ടി പി അബ്ദുല്ലക്കോയ മദനിയും സി പി ഉമര്‍ സുല്ലമിയും ബഹാഉദ്ദീന്‍ നദ്‌വിയും എം ഐ അബ്ദുല്‍അസീസും പൊന്നുരുന്നി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരും അടുത്തടുത്തിരിക്കുകയും പൗരത്വനിയമത്തിനെതിരെ ഒന്നിച്ച് വിരല്‍ചൂണ്ടുകയും ചെയ്തത് ചരിത്രം തന്നെയായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തലശ്ശേരി, മലപ്പുറം തുടങ്ങിയിടങ്ങളിലെ റാലികളിലും സമുദായ നേതൃത്വം ഒന്നിച്ചണിനിരന്നു. കോഴിക്കോട് കടപ്പുറത്ത് നടന്ന യു ഡി എഫ് മഹാസംഗമത്തിലും ഈ കാഴ്ച ആവര്‍ത്തിച്ചു. എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇമാമും പിന്നിലായി ഹുസൈന്‍ മടവൂരും ജിഫ്‌രി മുത്തുക്കോയ തങ്ങളും പിന്നെ ഹൈദരലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയുമൊക്കെ നമസ്‌കരിക്കുന്നത് മതപരമായി നോക്കുമ്പോള്‍ അത്ഭുതക്കാഴ്ചയൊന്നുമല്ല. എന്നിട്ടും സാമൂഹിക മാധ്യമങ്ങളില്‍ അത് പടര്‍ന്നു പിടിച്ചു. സാമുദായിക ഐക്യംകൊതിക്കുന്നവരാണ് അത് നെഞ്ചോട് ചേര്‍ത്തുവെച്ചതെന്ന് വ്യക്തം. ഇത്തരക്കാരുടെ വികാരങ്ങള്‍ക്കൊത്ത് ഉയരാന്‍ പലപ്പോഴും സമുദായ സംഘടനാ നേതാക്കള്‍ക്ക് കഴിയാതെ പോകുന്നു.
2019-ലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ നാഗ്പൂരില്‍ നിന്ന് വന്ന പ്രസ്താവന, ഇത് തങ്ങള്‍ മുന്നോട്ടു വെച്ച ആശയത്തിന്റെ വിജയമാണ് എന്നായിരുന്നു. ആര്‍ എസ് എസ് മുന്നോട്ട് വെക്കുന്ന ആശയം എന്താണെന്ന് അറിയാത്തവരല്ല നാം. 1955-ലെ പൗരത്വനിയമത്തിന് കൊണ്ടുവന്ന അഞ്ചാം ഭേദഗതിയില്‍ മതം പറയുകയും മുസ്‌ലിംകളെ ഒഴിവാക്കുകയും ചെയ്‌തെങ്കില്‍ അവരുടെ ‘ആശയം’ വ്യക്തമാണ്.
വ്യത്യസ്ത ബോഗികളിലിരുന്നാണ് നാം പ്രബോധന, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെങ്കിലും നാം ഇരിക്കുന്ന ബോഗികള്‍ പരസ്പര ബന്ധിതമാണ്. ഓടിക്കൊണ്ടിരിക്കുന്ന പാളങ്ങളും നമുക്കിറങ്ങാനുള്ള പ്ലാറ്റ്‌ഫോമും ഒന്നാണ്. അതാണ് ഇസ്‌ലാം. ശത്രുവിന്റെ ലക്ഷ്യം തീവണ്ടിയാണ്. ഏതെങ്കിലും ഒരു ബോഗിയല്ല. അവരെ ബാധിച്ചിരിക്കുന്നത് മുജാഹിദ്, സുന്നി, ജമാഅത്ത് ഭീതിയല്ല, ഇസ്‌ലാം ഭീതിയാണ്.
വൈദേശിക ശക്തികള്‍ക്ക് മുന്നില്‍
സ്വാതന്ത്ര്യത്തിനായി നെഞ്ച് പിളര്‍ന്നും കഴുത്ത് ഞെരിഞ്ഞും രക്തസാക്ഷിത്വം വരിച്ച പ്രപിതാമഹന്‍മാര്‍ക്ക് രണ്ടേ രണ്ടു വികാരങ്ങളേ ഉണ്ടായിട്ടുള്ളൂ. ഒന്ന് മുസ്‌ലിം, രണ്ട് ഇന്ത്യന്‍. പൗരത്വത്തിന് തെളിവ് ചോദിക്കുന്ന സ്വദേശികള്‍ക്ക് മുന്നില്‍ നമുക്ക് മൂന്നാമതൊരു വികാരം വേണോ? കൈകള്‍ കോര്‍ത്ത് പിടിച്ച്, നെഞ്ച് വിരിച്ച്, കണ്ണ് തുറന്നു പിടിച്ച് നമുക്ക് പറയാനാവണം ‘ജ്വലിക്കുന്ന ഈ ജീവിതം തന്നെയാണ് ഞങ്ങളുടെ പൗരത്വരേഖ’ എന്ന്. ഈ വാക്കിന് മുന്നില്‍ ഒരു ഭേദഗതിയും നിലനില്‍ക്കില്ല.
കേരള മുസ്‌ലിം ഐക്യം ചില വിചാരങ്ങള്‍
മുസ്‌ലിംകള്‍ കേരളത്തിലെത്തിയിട്ട് നൂറ്റാണ്ടുകളായെങ്കിലും വ്യവസ്ഥാപിത മുസ്‌ലിം സംഘടനകള്‍ ഉണ്ടായിട്ട്, കൃത്യമായിപ്പറഞ്ഞാല്‍ 99 വര്‍ഷമേ ആയിട്ടുള്ളൂ. 1922-ല്‍ രൂപീകൃതമായ നിഷ്പക്ഷ സംഘമാണ് കേരളത്തിലെ പ്രഥമ മുസ്‌ലിം സംഘടന. ഇതേ വര്‍ഷം തന്നെ ഈ സംഘം ഐക്യസംഘമായി മാറുകയും ചെയ്തു. 1924-ല്‍ കേരള ജംഇയ്യത്തുല്‍ ഉലമയും 1926-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും ജന്മമെടുത്തതോടെയാണ് സംഭവബഹുലമായ മുസ്‌ലിം സംഘടന ചരിത്രത്തിന് ആരംഭമാകുന്നത്.
തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത്, നൂരിഷ ഉള്‍പ്പെടെയുള്ള വിവിധ ത്വരീഖത്തുകള്‍ എന്നിവ രൂപം കൊണ്ടു. ഇതിന് പുറമെ മുസ്‌ലിം, ഇതര ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് ശബ്ദിക്കാനായി 1948-ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗും, മുസ്‌ലിം വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി 1964-ല്‍ എം ഇ എസും സ്ഥാപിതമായി.
1985-ലെ പ്രസിദ്ധമായ ശരീഅത്ത് വിവാദത്തിന്റെ കാറ്റും കോളും അവസാനിച്ചപ്പോള്‍ അതുണ്ടാക്കിയ അനുരണനങ്ങളില്‍ പെട്ട് കേരളത്തിലെ ഏറ്റവും വലിയ മതസംഘടനയായ സമസ്ത 1989-ല്‍ രണ്ടു കഷ്ണമായതോടെയാണ് കേരളത്തില്‍ മുസ്‌ലിം സംഘടനകളുടെ മറ്റൊരു ചരിത്രഘട്ടത്തിന് സമാരംഭമായത്. പിളര്‍പ്പ് പിന്നീട് പിടികൂടിയത് മുസ്‌ലിം സംഘടനകളുടെ പൊതു ഇടം എന്ന് പറയാവുന്ന ലീഗിനെയാണ്. 1992-ലെ ബാബരി മസ്ജിദ് ധ്വംസനത്തിലെ ലീഗ് നിലപാടാണ് 1994-ല്‍ ഇബ്‌റാഹീം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ പിറവിക്ക് കാരണമായത്. എം ഇ എസുമായുള്ള അഭിപ്രായ വ്യത്യാസത്തില്‍ 1980-ല്‍ എം എസ് എസുമുണ്ടായി.
2002-ലെ മുജാഹിദ് പിളര്‍പ്പാണ് മുസ്‌ലിം കേരളത്തെ ഏറെ സങ്കടപ്പെടുത്തിയത്. 2014-ല്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ എന്ന മറ്റൊരു വിഭാഗം കൂടി മുജാഹിദുകളില്‍ നിന്നുണ്ടായി. 2002-ല്‍ രണ്ടായി പിരിഞ്ഞവര്‍ 2016-ല്‍ ഒന്നിച്ചെങ്കിലും ഐക്യം പൂര്‍ണാര്‍ഥത്തില്‍ ഉണ്ടായില്ല. ഇതിനിടയില്‍ 2006-ല്‍ പോപ്പുലര്‍ ഫ്രണ്ടുണ്ടായി. ഇവരുടെ രാഷ്ട്രീയം മുന്നോട്ട് വെച്ച് 2009- ല്‍ എസ് ഡി പി ഐ, ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ വീക്ഷണങ്ങളുമായി 2011-ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ മുസ്‌ലിം രാഷ്ട്രീയ കക്ഷികളും രംഗത്ത് വന്നു.
ആശയാദര്‍ശങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട് തന്നെ പൊതുവിഷയങ്ങളില്‍ ഒന്നിച്ചു നില്‍ക്കുകയെന്ന നിലപാട് ആദ്യകാലത്ത് ഉണ്ടായിരുന്നു. മുജാഹിദ്, സുന്നി പണ്ഡിതര്‍ മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ഒരുമിച്ചുണ്ടായിരുന്നതാണ് ഈ ഐക്യത്തിന് നിമിത്തമായത്.
എന്നാല്‍ ഈ നിലപാടിന് ആദ്യമായി വിള്ളല്‍ വീണത് ശരീഅത്ത് വിവാദ കാലത്താണ്. ഷാബാനു കേസിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ മുഴുക്കെ ഇസ് ലാമിക ശരീഅത്ത് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായപ്പോള്‍ കേരള മുസ്‌ലിംകള്‍ അതിനെ പ്രതിരോധിച്ചത് ഒന്നിച്ച് ഒരു വേദിയിലിരുന്നുകൊണ്ടാണ്. മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അധ്യക്ഷന്‍ മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയെ കേരളത്തില്‍ കൊണ്ടുവരികയും സമസ്തയും നദ്‌വത്തുല്‍ മുജാഹിദീനും ജമാഅത്തെ ഇസ്‌ലാമിയും നദ്‌വിയുടെ വേദിയിലിരിക്കുകയും ചെയ്തപ്പോള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമസ്തയുമായി ഇടഞ്ഞു. നവീന വാദികളുമായി പൊതു വിഷയങ്ങളില്‍ പോലും ഐക്യം വേണ്ടെന്ന കാന്തപുരത്തിന്റെ വാദം ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തള്ളിയതോടെയാണ് സമസ്ത രണ്ടായത്. ഈ പിളര്‍പ്പ് കേരള മുസ്‌ലിം ഐക്യത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയതിന് തുടര്‍ന്നുള്ള ചരിത്രം സാക്ഷിയാണ്.
ഇതേ കാന്തപുരം പുതിയ സംഘടന ഉണ്ടാക്കിയ അതേവര്‍ഷം തന്നെ, അഥവാ 1989 ഡിസംബര്‍ 21-ന് കുവൈത്തില്‍ വെച്ച് മുസ്‌ലിം ഐക്യകരാറില്‍ ഒപ്പുവെച്ചു എന്നത് ഒരു വൈപരീത്യം മാത്രം. കുവൈത്ത് മതകാര്യ വകുപ്പ് മേധാവി ശൈഖ് നാദിര്‍ നൂരിയുടെ താല്പര്യത്തോടെ ഒരുങ്ങിയ കരാറിന്റെ ലക്ഷ്യം കേരള മുസ്‌ലിംകള്‍ പൊതുവിഷയങ്ങളില്‍ ഒന്നിക്കുക എന്നതായിരുന്നു. ജമാഅത്ത്, മുജാഹിദ് നേതാക്കളോടൊപ്പം ഒപ്പുവെച്ച ആ കരാറിനെ പക്ഷെ കേരളത്തില്‍ തിരിച്ചെത്തിയ കാന്തപുരം തള്ളിപ്പറയുകയും ചെയ്തു.
കാലം പിന്നെയും കടന്നുപോയി. ഭീഷണമായ സാഹചര്യങ്ങള്‍ പലപ്പോഴും മുസ്‌ലിംസമുദായത്തെ ആശങ്കയിലാക്കി വന്നുപോയിക്കൊണ്ടിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതും തുടര്‍ന്നുണ്ടായ കലാപങ്ങളും അതില്‍ പ്രധാനമായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വര്‍ഗീയ കലാപങ്ങള്‍, പാര്‍ലമെന്റ് ആക്രമണക്കേസില്‍ മുസ്‌ലിംകള്‍ പ്രതിസ്ഥാനത്ത് വന്നത്, കേന്ദ്രത്തില്‍ വാജ്‌പേയിയും തുടര്‍ന്ന് നരേന്ദ്ര മോദിയും ഇപ്പോള്‍ മോദി-അമിത്ഷാ ടീമും അധികാരത്തിലേറിയത് തുടങ്ങിയവയെല്ലാം മുസ്‌ലിംകളില്‍ ആശങ്ക കൂടാന്‍ കാരണമാക്കി എന്നത് സത്യമാണ്. ഇതിനിടെയുണ്ടായ ഗോ രക്ഷാ ഗുണ്ടകളുടെ വിളയാട്ടവും ആള്‍ക്കൂട്ട കൊലകളും ഈ ആശങ്കകളെ വര്‍ധിപ്പിച്ചു. അഞ്ചാംമന്ത്രി വിവാദം മുതല്‍ യതീംഖാന വിവാദം വരെയുള്ള ചെറുതും വലുതുമായ സംഭവങ്ങള്‍ കേരളത്തിലെ സാമൂഹിക അവസ്ഥകളിലും കാതലായ മാറ്റങ്ങളുണ്ടാക്കി.
ഇതിനെ തുടര്‍ന്നൊക്കയാവാം ഐക്യത്തെക്കുറിച്ചുള്ള വേദവാക്യങ്ങളും പ്രവാചക അരുളപ്പാടുകളും പ്രസംഗവേദികളിലെ വിഷയം മാത്രമാക്കുകയും പ്രായോഗിക തലത്തില്‍ അതവഗണിക്കുകയും ചെയ്തിരുന്ന പണ്ഡിത നേതാക്കളുടെ കണ്ണുതുറന്നത്. മുസ്‌ലിം സൗഹൃദവേദിയുടെ യോഗങ്ങളിലും ഇഫ്താറുകളിലും ഹജ്ജ്- വഖ്ഫ് ബോര്‍ഡുകളിലും മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികളിലും സര്‍ക്കാരോ രാഷ്ട്രീയ നേതൃത്വങ്ങളോ വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളിലോ മാത്രം ഒന്നിച്ചിരുന്നാല്‍ പോരെന്ന തോന്നല്‍ ഐക്യത്തോട് പുറംതിരിഞ്ഞു നിന്നവരിലുണ്ടായി. ‘പുത്തന്‍വാദി’കളോട് സലാം പറയാനോ നമസ്‌കാരത്തില്‍ അവരെ പിന്തുടരാനോ പാടില്ലെന്നും പൊതുപരിപാടികളില്‍ പോലും ഒരേ വേദിയില്‍ ഇരിക്കാന്‍ പാടില്ലെന്നുമുള്ള തീവ്ര നിലപാടുകള്‍ മയപ്പെടുത്താനുള്ള സമയം ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്ന ചോദ്യം ചിലര്‍ സ്വയം ചോദിച്ചു.
ആദര്‍ശത്തിലും കര്‍മപരമായ വീക്ഷണങ്ങളിലും വ്യത്യസ്ത നിലപാട് വേണം. അതോടൊപ്പം വ്യക്തിസംഘടനാ സൗഹൃദങ്ങളും പുഷ്‌ക്കലമാവണം. പോരാ, പൊതുവിഷയങ്ങളില്‍ ആശയപരമായ ഐക്യം തന്നെ വേണം. ഈ നിലപാടിലേക്ക് പണ്ഡിത നേതാക്കളെ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന ഉര്‍വശീ ശാപത്തില്‍ നിന്ന് മുസ്‌ലിം സമുദായത്തിനുണ്ടായ ഉപകാരം

`

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x