23 Thursday
October 2025
2025 October 23
1447 Joumada I 1

മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നത് ഗവര്‍ണര്‍ അവസാനിപ്പിക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: ഉദയ്പൂര്‍ കൊലപാതകത്തെ മദ്‌റസാ പഠനവുമായി ബന്ധപ്പെടുത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസ്താവന ബാലിശവും അപഹാസ്യവുമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. തന്റെ ഭരണഘടനാ പദവി പോലും മാനിക്കാതെ പവിത്രമായ മദ്‌റസാ പഠന സംവിധാനത്തെക്കുറിച്ച് ആരിഫ് ഖാന്‍ നടത്തിയ പ്രസ്താവനയില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു.
ഉദയ്പൂരിലെ കൊലയാളികള്‍ക്ക് തലയറുക്കാന്‍ പ്രചോദനം മദ്‌റസാ പഠനമാണെന്ന വിധത്തിലുള്ള പ്രസ്താവന ശുദ്ധ അസംബന്ധമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉത്തരേന്ത്യയില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന കലാപങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും തല്ലിക്കൊല്ലലുകളുമെല്ലാം അക്രമികള്‍ ഏത് മദ്‌റസയില്‍ പഠിച്ചത് കാരണമാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. അധികാരത്തിന്റെ അകത്തളങ്ങളില്‍ അള്ളിപ്പിടിക്കാന്‍ പെറ്റുവളര്‍ന്ന സമുദായത്തെ ഒറ്റിക്കൊടുക്കുന്ന നിലപാട് പൊറുപ്പിക്കാവതല്ല. മുസ്‌ലിം സമുദായത്തെ അകാരണമായി കുതിരകയറുന്ന നാലാംകിട പ്രസ്താവനകള്‍ ഇനിയെങ്കിലും ആരിഫ് ഖാന്‍ അവസാനിപ്പിക്കണം.
പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ജലീല്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, എം എം ബഷീര്‍ മദനി, കെ പി സകരിയ്യ, ശംസുദ്ദീന്‍ പാലക്കോട്, എം അഹമ്മദ്കുട്ടി മദനി, അബ്ദുല്‍ ജബ്ബാര്‍ കുന്നംകുളം, പി പി ഖാലിദ്, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, എന്‍ജി. സൈദലവി, കെ എ സുബൈര്‍, ബി പി എ ഗഫൂര്‍, ഫൈസല്‍ നന്മണ്ട, ഡോ. ജാബിര്‍ അമാനി, പി അബ്ദുല്‍അലി മദനി, സുഹൈല്‍ സാബിര്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, സി ടി ആയിഷ, റുക്‌സാന വാഴക്കാട്, അബ്ദുസ്സലാം പുത്തൂര്‍, കെ എം കുഞ്ഞമ്മദ് മദനി പ്രസംഗിച്ചു.

Back to Top