1 Sunday
December 2024
2024 December 1
1446 Joumada I 29

മുസ്‌ലിം സര്‍ഗാത്മകതക്ക് ജീവിതം കൊണ്ട് കാവല്‍ നിന്നൊരാള്‍

പി ടി കുഞ്ഞാലി


മലയാളത്തിന്റെ സര്‍ഗാത്മക മണ്ഡലത്തില്‍ ഏറെ സവിശേഷതകള്‍ നിറഞ്ഞ അറബിമലയാളത്തിലും മാപ്പിളപ്പാട്ടുകളിലും നിരന്തരം ഉദ്ഖനനം നടത്തി രസാനുഭൂതികളുടെ നിരവധി ഉപലബ്ധങ്ങള്‍ നമുക്ക് പ്രദാനം ചെയ്ത സര്‍ഗധനനായ എഴുത്തുകാരനായിരുന്നു ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. ജീവിതം കൊണ്ട് മാപ്പിള സര്‍ഗാത്മകമേഖലയെ ഇങ്ങനെ പരിചരിച്ച വള്ളിക്കുന്നിനെ പ്രതി മൗലികമായ പഠനങ്ങളും പ്രബന്ധങ്ങളുമൊന്നും മലയാളത്തിന്റെ മുഖ്യധാരയില്‍ കാണാനുമില്ല. ഈ പരിമിതി മറികടക്കുന്നതാണ് ഈയിടെ യുവത ബുക്‌സ് പ്രസിദ്ധീകരിച്ച ഡോ. പി സക്കീര്‍ ഹുസൈന്റെ ‘ബാലകൃഷ്ണന്‍ വള്ളിക്കുന്ന്: ജീവിതം അന്വേഷണം സംവാദം’ എന്ന പുസ്തകം.
യഥാര്‍ഥത്തില്‍ സാഹിത്യം തന്നെയാണ് ചരിത്രം. ഇത് നേരത്തേ തിരിച്ചറിഞ്ഞ ധിഷണാശാലിയായിരുന്നു ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. അതുകൊണ്ടുതന്നെയാണ് ബാലകൃഷ്ണന്‍ വള്ളിക്കുന്ന് മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ സൂക്ഷ്മ ചരിത്രം തേടി അവരുടെ സര്‍ഗാത്മക ലോകത്തേക്ക് നിരന്തരം ഖനനയാത്രകള്‍ പോയത്.
സാമാന്യം ദൈര്‍ഘ്യമാര്‍ന്ന തന്റെ ജീവിതമാസകലം ഇദ്ദേഹം മുഴുകിനിന്നത് ഈ ഒരൊറ്റ സപര്യയില്‍ മാത്രം. ഭാഷയിലും സംസ്‌കാരത്തിലും തനിക്ക് അന്യവും തീര്‍ത്തും അപരിചിതവുമായ ഒരു ജ്ഞാനമേഖലയെ അപാരമായ ഇച്ഛാശേഷി കൊണ്ടും അഗാധമായ ആത്മബോധം കൊണ്ടും തന്റേതാക്കി മാറ്റിയ പ്രതിഭയാണ് വള്ളിക്കുന്ന്. അന്വേഷണത്തിലും വായനയിലും ശരാശരി മലയാളിക്ക് അപ്രാപ്യമായ ഒരു ജ്ഞാനമണ്ഡലം സ്വയം തിരഞ്ഞെടുക്കുകയും ക്ഷണത്തില്‍ ആ മേഖലയില്‍ പ്രാമാണികനായി മാറുകയും ചെയ്തതാണ് ഇദ്ദേഹത്തിന്റെ മഹത്വം. അക്കാലമൊക്കെയും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
മാപ്പിളപ്പാട്ട് മേഖലയില്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് ഇടപെട്ടു വികസിപ്പിച്ച സവിശേഷമായ ചില വ്യവഹാരങ്ങളുണ്ട്. അതിലൊന്നാണ് കേരളീയ മുസ്‌ലിം സ്ത്രീജീവിതം മാപ്പിളപ്പാട്ടില്‍ എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിച്ചതെന്ന അന്വേഷണം. മാപ്പിള സ്ത്രീ എന്ന സവിശേഷസ്വത്വം പൊതുപരികല്‍പനയില്‍ ലയിക്കുന്ന അതിശയാനുഭവ സന്ദര്‍ഭങ്ങളെ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എന്ന എഴുത്തുകാരനാണ് നമുക്ക് തെളിയിച്ച് കാണിച്ചുതന്നത്. അതാണ് ‘സ്ത്രീപക്ഷ വായനയിലെ മാപ്പിള പാഠാന്തരങ്ങള്‍’ എന്ന ബൃഹദ് രചന. ഈയൊരു ജ്ഞാനമേഖലയെ പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ അന്വേഷിക്കുന്നുണ്ട്. ഇന്ന് കീഴാള പഠനങ്ങള്‍ വളരെയേറെ മുന്നോട്ടുപോയ കാലമാണ്. ഈ പഠനരാശിയുമായി മാപ്പിള സാഹിത്യസ്വരൂപത്തെ ബന്ധപ്പെടുത്തി ബാലകൃഷ്ണന്‍ വള്ളിക്കുന്ന് നടത്തിയ അനുപമമായ നിരീക്ഷണങ്ങള്‍ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
മാപ്പിളപ്പാട്ടിലെ നാദലോകങ്ങളെ ഗഹനതയില്‍ പഠനത്തിനു വെച്ച ഒരേയൊരാള്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്നാണ്. എങ്ങനെയാണ് നാദഭേദങ്ങളും താളബോധങ്ങളും ഈണരാശികളും ഉദ്ഭവിക്കുകയും പരസ്പരം സംക്രമിച്ച് ഉദാത്തമായ ആനന്ദാനുഭൂതികള്‍ പ്രത്യക്ഷമാക്കുകയും ചെയ്യുന്നതെന്നത് ഗഹനമായ ഒരു പാഠമേഖലയാണ്. ആ പാഠപഠനമാതിരിയെ തന്റെ പുസ്തകത്തില്‍ ചെറുതായി മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. ഈ ഭാഗം ഗഹനപഠനം ആവശ്യപ്പെടുന്നുണ്ട്. ഓരോ സാമൂഹിക വിഭാഗങ്ങളിലും സ്വന്തപ്പെട്ടുവരുന്ന സ്വരകതയെ(ഠീിമഹശ്യേ) മുന്‍നിര്‍ത്തിയാണ് ആ ഭാഗം ഗ്രന്ഥകാരന്‍ ഹുസൈന്‍ വിശദീകരിക്കുന്നത്.
വൈദ്യരുടെ ‘നവോത്ഥാനവും ഭാഷാസ്വത്വവും’ തുടങ്ങി ബാലകൃഷ്ണന്‍ വള്ളിക്കുന്ന് കൈവെച്ച നിരവധി പഠനമേഖലകളിലേക്ക് പുസ്തകം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. എന്നാല്‍ അനവധാനത കൊണ്ട് എഴുത്തുകാരനു വന്നുചേര്‍ന്ന ചില സ്ഖലിതങ്ങള്‍ കൂടി പങ്കുവെക്കുന്നു. ഇതിലൊന്ന് മാപ്പിള സാഹിത്യത്തിന്റെ ചരിത്രവും വികാസവും പറയുന്നേടത്താണ്. മാലപ്പാട്ടുകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ എഴുത്തുകാരന്‍ മുഹിയുദ്ദീന്‍മാലയ്ക്കു ശേഷം വന്ന മാലകളെ അനുസ്മരിക്കുന്നത് അപ്പാടെ കുഴമറിഞ്ഞുപോയി. 1607ലാണ് മുഹിയുദ്ദീന്‍മാലയുടെ രചനാകാലം. ശേഷം നമുക്ക് ലഭ്യമായ മാലപ്പാട്ടുകള്‍ക്കൊക്കെയും സത്യത്തില്‍ ഒന്നര നൂറ്റാണ്ട് പഴക്കമേയുള്ളൂ. അതൊക്കെ പുതുകാല രചനകളാണെന്നര്‍ഥം. എന്നാല്‍ എഴുത്തുകാരന്‍ പതിനേഴാം നൂറ്റാണ്ടില്‍ തന്നെ നിരവധി മാലപ്പാട്ടുകള്‍ കണ്ടെത്തുന്നു. (റിഫാഈ മാല 1623ലും ഉസ്‌വത്ത് മാല 1628ലും വലിയ നസീഹത്ത് 1670ലും). ഇതിനൊന്നും ഒരുതരം രേഖാബലങ്ങളും എഴുത്തുകാരന്‍ ഉന്നയിക്കുന്നുമില്ല. ഇങ്ങനെ കേവല ഊഹങ്ങള്‍ ചരിത്ര വസ്തുതയായി അവതരിപ്പിക്കാന്‍ ആവില്ലല്ലോ.
അപ്പോഴും ജീവിതം മുഴുക്കെ മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരിക പുളകങ്ങളെ മാത്രം ആലോചനയില്‍ ആശ്ലേഷിക്കുകയും അതില്‍ ഇതുവരെ ആരും കണ്ടെടുക്കാത്ത അനുഭൂതിയുടെ പുത്തന്‍ പവിഴദ്വീപുകള്‍ സ്വന്തമാക്കുകയും അതത്രയും നമ്മുടെ മുമ്പിലേക്ക് ഉദാരമായി ദാനമാക്കുകയും ചെയ്യാന്‍ മാത്രം ഉത്സാഹിച്ച് ഭൂമി വിട്ടുപോയ ബാലകൃഷ്ണന്‍ മാഷിനെ ഇത്രയും വിശദത്തില്‍ അവതരിപ്പിക്കാന്‍ യുവത ബുക്‌സിനായത് വിശേഷമായി. ഒരു സമൂഹത്തെ നിര്‍ദയം നിഗ്രഹിക്കാനായി ദേശാധികാരം തന്നെ കോമ്പല്ലുകള്‍ രാകിമിനുക്കുന്ന പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍പ്രത്യേകിച്ചും.

Back to Top