മുസ്ലിം വിദ്വേഷത്തെ കണ്ടില്ലെന്നു നടിക്കുന്ന നിയമം
അബ്ദുല്ല ഹസന്‍
പള്ളികള്‍ക്കുളില്‍ കയറി തല്ലുമെന്നു വെല്ലുവിളിച്ച് മുസ്ലിം വിദ്വേഷത്തിന്റെ അപ്പോസ്തലനായി മാറിയ മഹാരാഷ്ട്ര ബി ജെ പി എം എല്‍ എ നിതേഷ് റാണ പച്ചയായ വര്‍ഗീയത തുപ്പിയിട്ടും നിയമം ചെറുവിരലനക്കുന്നില്ല. നിതേഷിനെതിരെ ഒന്നിലധികം എഫ്ഐആറുകളുണ്ട്, എല്ലാം വിദ്വേഷ പ്രസംഗങ്ങളുടെ പേരിലാണ്. അയാള്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന പരാതികളുണ്ട്. കമ്മിഷണര്‍ ഓഫിസില്‍ നിന്നു പോലും പരസ്യമായി മുസ്ലിം വിരുദ്ധത പറയുന്നു. എന്നിട്ടും നിയമപാലകര്‍ അയാള്‍ക്കെതിരെ ഒന്നും ചെയ്യുന്നില്ല. പ്രവാചകന്‍ മുഹമ്മദിനെ നിന്ദിച്ച് സംസാരിച്ചതിന്റെ പേരില്‍ കേസ് ചുമത്തപ്പെട്ടയാളാണ് രാംഗിരി മഹാരാജ്. അയാളെ പ്രതിരോധിച്ചാണ് നിതേഷ് റാണ മുസ്ലിംകളെ ഭീഷണിപ്പെടുത്തുന്നത്. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനങ്ങളിലും രാംഗിരി മഹാരാജ് പറഞ്ഞത് ‘വസ്തുതകളാണ്’ എന്നാണ് നിതേഷ് റാണ വാദിക്കുന്നത്. വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ ശ്രീരാംപൂര്‍, തൊഫ്ഖാന പൊലീസ് സ്റ്റേഷനുകളിലാണ് ഏറ്റവും ഒടുവിലായി നിതേഷിനെതിരെ കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. പുതിയ എഫ്ഐആറുകളിലും മുന്‍പ് ഉണ്ടായിരുന്നവയിലും ഇതുവരെ എന്തെങ്കിലും നടപടി ബി ജെ പി നേതാവിനെതിരെ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ചാല്‍, ഇല്ല എന്ന് ഉത്തരം കിട്ടും.
മഹാരാഷ്ട്രയില്‍ സകല്‍ ഹിന്ദുസമാജ് സംഘടിപ്പിക്കുന്ന ഹിന്ദുത്വ റാലികളിലെല്ലാം നിതേഷിന്റെ സാന്നിധ്യം ഉണ്ട്. ഇവിടെയെല്ലാം മുസ്ലിംകളോടുള്ള തന്റെ വെറുപ്പ് പ്രകടിപ്പിക്കാനാണ് എംഎല്‍എ തയ്യാറായത്. ‘ജിഹാദികള്‍’, ‘ബംഗ്ലാദേശികള്‍’, ‘രോഹിങ്ക്യകള്‍’ എന്നിങ്ങനെ മുദ്ര കുത്തിയാണ് ഇന്ത്യന്‍ മുസ്ലിംകളെ നിതേഷ് അപഹസിക്കുന്നത്. മുസ്ലിംകള്‍ക്കെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. യാതൊരു തെളിവുകളുമില്ലാത്ത ‘ലൗ ജിഹാദ്’, ‘ലാന്‍ഡ് ജിഹാദ്’ ആരോപണങ്ങളും സ്ഥിരമാണ്. ‘മുസ്ലിംകള്‍ ചെയ്യുന്ന അതിക്രമങ്ങള്‍’ അമര്‍ച്ച ചെയ്യാന്‍ ആരെങ്കിലും നിയമം കൈയിലെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവരത് ചെയ്യണമെന്നും അങ്ങനെ ചെയ്യുന്നവരെ പൊലീസിന്റെ കൈയില്‍ നിന്ന് ഞാന്‍ സംരക്ഷിക്കുമെന്നും നിതേഷ് റാണ പരസ്യമായി പ്രസംഗിക്കുന്നത് പൊലീസ് കാവലിലാണ്. എന്നാല്‍ പൊലീസ് ഇതൊന്നും കാണാത്ത പോലെയാണ്. മുസ്ലിം ജനതയ്ക്കു നേരെ ഭീഷണികളുണ്ടാകുമ്പോള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുക എന്നത് സംസ്ഥാന വ്യത്യാസമില്ലാതെ രാജ്യത്തുടനീളം പൊലീസ് സ്വീകരിച്ചു വരുന്ന നയമാണ്. ഇത് മുസ്ലിം സമൂഹത്തിന് നിയമവ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടുത്തുകയാണ് ചെയ്യുക.