8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

മുനയൊടിഞ്ഞ  മൗനങ്ങള്‍

ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച,
ആ രാത്രിയിലാണ് എപ്പോഴോ
കാണാതായ ഒരുവന്‍ മടങ്ങിയെത്തിയത്.
ചുണ്ടില്‍ എരിഞ്ഞുതീര്‍ന്ന
ചുംബനങ്ങളുടെ കറയുമായി.
കാട്ടുപൂക്കളെക്കുറിച്ച് കവിത
ചൊല്ലിയവന്‍, കാട്ടരുവിയില്‍
ഇരയുടെ മൃതിയടഞ്ഞ
സ്വപ്‌നത്തുണ്ടുകളില്‍
ചോരമണമുള്ള വിരലമര്‍ത്തി.
ഒടുവിലത്തെ അത്താഴം വിളമ്പിവച്ച
ആത്മഹത്യയുടെ വരികള്‍ കുറിച്ചിട്ട
മറുപുറങ്ങളിലെവിടെയോ ഒളിച്ചിരുന്നു,
അന്ന് അതിജീവനത്തിന്
ഒന്നാം സമ്മാനം കിട്ടിയ മത്സരകവിത.
ചുവപ്പുതുള്ളികളായി കട്ടപ്പിടിച്ച്
കിടപ്പുണ്ട്, നടന്നുതീര്‍ത്തതത്രയും
കാല്‍പ്പാടുകള്‍,
ഇനി മുറിഞ്ഞുതെന്നിയ മുനയൊടിഞ്ഞ
മൗനങ്ങള്‍ക്കൊണ്ടൊരു
ചുവന്നപൂവിതളുകള്‍
ശലഭങ്ങളായെന്റെ
നിദ്രയെ പുതപ്പിക്കുക.
ഈ തണുപ്പ് അത്രമേല്‍ ഇന്നെനിക്ക്
അസഹനീയം തന്നെ…
ഇരുണ്ടതെങ്കിലും,
ഒരു വണ്ടിന്റെ മൂളലോടെ
അടര്‍ത്തിമാറ്റുന്നുണ്ടതെന്നെ
ഈ മണ്ണില്‍ നിന്നും ആകാശങ്ങളിലേക്കും
ആകാശത്തുനിന്നുമീ മണ്ണിന്‍
അകതളികകളിലേക്കും… .
സഫീന കെ എസ്‌
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x