23 Monday
December 2024
2024 December 23
1446 Joumada II 21

മുത്തഫഖുന്‍ അലൈഹിയുടെ വിമര്‍ശകര്‍ ആരാണ്? – പി കെ മൊയ്തീന്‍ സുല്ലമി

 

ബുഖാരിയും മുസ്‌ലിമും സംയുക്തമായി റിപ്പോര്‍ട്ടു ചെയ്ത ഹദീസുകള്‍ക്കാണ് മുത്തഫഖുന്‍ അലൈഹി എന്ന് പറയപ്പെടുന്നത്. പ്രസ്തുത ഹദീസുകളും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ആരാണ് അവയുടെ വിമര്‍ശകര്‍? ബുഖാരി, മുസ്‌ലിം ഉദ്ധരിച്ച ഹദീസുകളില്‍ വന്നിട്ടുള്ള പോരായ്മകള്‍ ചൂണ്ടിക്കാണിച്ചത് അഹ്‌ലുസ്സുന്നയുടെ സമുന്നതരായ പണ്ഡിതന്മാരാണ്. അതില്‍ സ്വഹാബികള്‍ മുതല്‍ റശീദുരിദ്വാ വരെയുള്ള പണ്ഡിതന്മാരുണ്ട്.
സ്വഹാബികള്‍ ബുഖാരി, മുസ്‌ലിം ഹദീസിനെ എങ്ങനെ വിമര്‍ശിച്ചു എന്ന സംശയം ഉണ്ടായേക്കാം. കാരണം ബുഖാരിയും മുസ്‌ലിമും ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അവര്‍ക്കു ശേഷമാണല്ലോ. പ്രസ്തുത വിമര്‍ശനങ്ങള്‍ ലോകത്തെ അറിയിച്ചതും ബുഖാരിയും മുസ്‌ലിമും തന്നെയാണ്. സ്വഹാബത്തിന്റെ കാലത്തു തന്നെ ഖുര്‍ആന്‍ വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കപ്പെട്ടിരുന്നു. ആഇശ(റ)യും ഇബ്‌നുഉമറും(റ) പോലെയുള്ളവര്‍ അത്തരം ഖുര്‍ആന്‍ വിരുദ്ധ ആശയങ്ങളെ തിരുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ മേല്‍ പറഞ്ഞ സ്വഹാബികളെയോ പണ്ഡിതന്മാരെയോ ഇന്നേവരെ ആരും ഹദീസ് നിഷേധികളാക്കിയിട്ടില്ല. എന്നാല്‍ ഇന്ന് അത്തരം പ്രവണതകളുണ്ട്. അവര്‍ ചെയ്ത കുറ്റം മുന്‍ഗാമികള്‍ അപ്രകാരം രേഖപ്പെടുത്തിയത് അവര്‍ ഉദ്ധരിച്ചു എന്നത് മാത്രമാണ്. ഇവിടെ മോഷ്ടാവിന് കുറ്റം കാണാതെ മോഷ്ടാവിനെ കണ്ടവനെ പിടികൂടുകയാണ്! പ്രസ്തുത വിമര്‍ശനങ്ങള്‍ ഖുര്‍ആനും സുന്നത്തുമായി തട്ടിച്ചു നോക്കാനോ വിചിന്തനം നടത്താനോ ഇക്കൂട്ടര്‍ തയ്യാറുമല്ല.
ഇത്തരം അബദ്ധങ്ങള്‍ വിമര്‍ശിച്ചവരെ ഇബ്‌നുഹജര്‍(റ) തിരുത്തിയിട്ടുണ്ട് എന്ന് അബദ്ധം പറയുന്നവരും ചുരുക്കമല്ല. പക്ഷെ, എവിടെ എങ്ങനെ? എന്നൊന്നും വിശദീകരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുമില്ല. കാരണം അത്തരം അബദ്ധങ്ങള്‍ പറയുന്നവര്‍ കിതാബ് വായിക്കാന്‍ അറിയാത്തവരാണ്. ഇബ്‌നുഹജര്‍(റ) അതൊന്നും തിരുത്തിയിട്ടില്ല എന്നു മാത്രമല്ല പല വാദങ്ങളും അദ്ദേഹം ശരിവെക്കുകയാണ് ചെയ്തത്. ബുഖാരിയും മുസ്‌ലിമും സംയുക്തമായി റിപ്പോര്‍ട്ടു ചെയ്ത ചില ഹദീസുകളും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണം:
ഒന്ന്). അനസ്(റ) പറയുന്നു: നബി(സ)യുടെ കൈവിരലില്‍ ഒരു വെള്ളി മോതിരം കണ്ടു. നബി(സ) അത് ഊരി വലിച്ചെറിഞ്ഞപ്പോള്‍ ജനങ്ങളും വലിച്ചെറിയുകയുണ്ടായി” (ബുഖാരി 5868). ഈ സംഭവത്തെ ഇബ്‌നുഹജര്‍(റ) നിഷേധിക്കുന്നത് കാണുക: ”ഇബ്‌നു ഉമറില്‍(റ) നിന്ന് ഉദ്ധരിക്കപ്പെട്ടതുപോലെ നബി(സ) ഊരി വലിച്ചെറിഞ്ഞത് സ്വര്‍ണ മോതിരമായിരുന്നു. ഖാദ്വീ ഇയാളിനെ തുടര്‍ന്ന് ഇമാം നവവി(റ)യും പ്രസ്താവിക്കുകയുണ്ടായി. നബി(സ) ഊരി വലിച്ചെറിഞ്ഞത് വെള്ളിമോതിരമായിരുന്നു എന്നത് ഇബ്‌നു ശിഹാബിന്റെ ഊഹമാണെന്ന് സകല ഹദീസ് പണ്ഡിതന്മാരും പ്രസ്താവിച്ചിരിക്കുന്നു. നബി(സ) ഊരി വലിച്ചെറിഞ്ഞത് സ്വര്‍ണ മോതിരം മാത്രമായിരുന്നു” (ഫത്ഹുല്‍ ബാരി 13:304)
ഇതേ ഹദീസ് ഇമാം മുസ്‌ലിം 2093-ാം നമ്പറായി ഉദ്ധരിച്ചിട്ടുണ്ട്. പ്രസ്തുത ഹദീസിന്റെ അപാകത വിശദീകരിച്ച് ഇമാം നവവി(റ) പറയുന്നു: ”ഖാദ്വീ ഇയാദ്വ് പ്രസ്താവിച്ചു: ഈ ഹദീസ് ഇബ്‌നു ശിഹാബിനുണ്ടായ ഊഹമാണെന്ന് സകല ഹദീസ് പണ്ഡിതന്മാരും പ്രസ്താവിച്ചിട്ടുണ്ട്. വെള്ളി മോതിരം എന്നത് സ്വര്‍ണമോതിരമായി തെറ്റിദ്ധരിച്ചതാണ്. ഇമാം മുസ്‌ലിം ഉദ്ധരിച്ച മറ്റു ഹദീസുകളില്‍ പറഞ്ഞതുപോലെ ഇബ്‌നു ശിഹാബില്‍ നിന്നല്ലാതെ അനസ്(റ) റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള മറ്റു റിപ്പോര്‍ട്ടുകളില്‍ നിന്നും അറിയപ്പെടുന്നതും നബി(സ) ഈ ഊരി വലിച്ചെറിഞ്ഞത് സ്വര്‍ണ മോതിരം മാത്രമായിരുന്നു എന്നാണ്” (ശറഹുമുസ്‌ലിം 7:320).
ഇവിടെ ബുഖാരിയുടെയും മുസ്‌ലിമിന്റെയും ഹദീസുകളിലെ അബദ്ധങ്ങള്‍ ഉദ്ധരിക്കുന്നത് ഖാദ്വീ ഇയാദ്വ്(റ), ഇബ്‌നുഹജര്‍(റ), ഇമാം നവവി(റ) എന്നിവര്‍ മാത്രമല്ല, മുഴുവന്‍ ഹദീസു പണ്ഡിതന്മാരുമാണ്. വിമര്‍ശകരുടെ ഭാഷയില്‍ മേല്‍ പണ്ഡിതന്മാരെല്ലാം ഹദീസു നിഷേധികളായി മാറേണ്ടതാണ്.
രണ്ട്). പൊതു വിപത്തിന്റെ ഖുനൂത്തിനെ സംബന്ധിച്ച് അല്ലാഹു ഇപ്രകാരം അവതരിപ്പിക്കുകയുണ്ടായി: ”നബിയേ, കാര്യത്തിന്റെ തീരുമാനത്തില്‍ താങ്കള്‍ക്ക് യാതൊരവകാശവുമില്ല. അവന്‍ ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു” (ബുഖാരി 4560, കിതാബുത്തഫ്‌സീര്‍).
ഈ വചനം ഇറങ്ങി എന്ന് പറയുന്നത് ശരിയല്ല എന്നാണ് ഇബ്‌നുഹജര്‍(റ) മറ്റുള്ള മുഹദ്ദിസുകളില്‍ നിന്നും ഉദ്ധരിക്കുന്നത്. ”റിഅ്‌ല്, ദക്‌വാന്‍ (നബി(സ)യുടെ ശാപത്തിന് വിധേയമായ ഗോത്രങ്ങള്‍) എന്നിവരുടെ ചരിത്രസംഭവം ഉഹ്ദ് യുദ്ധത്തിന്ന് ശേഷമായിരുന്നു. മേല്‍വചനം അല്ലാഹു അവതരിപ്പിച്ചത് ഉഹ്ദ് യുദ്ധ സംഭവത്തെക്കുറിച്ചാണ്. ഈ ഹദീസ് മുന്‍ഖത്വിഅ് (പരമ്പര മുറിഞ്ഞത്) ആണ്. നബി(സ)യുടെ മുഖത്തുനിന്ന് രക്തം ഒലിക്കുമാറ് നബി(സ)ക്ക് മുഖത്ത് മുറിവേറ്റതും, മുന്‍ പല്ല് പൊട്ടിയതും ഉഹ്ദ് സംഭവത്തിലാണെന്ന് ഇമാം മുസ്‌ലിമും അഹ്മദും അനസില്‍(റ) നിന്നു ഉദ്ധരിച്ചിട്ടുണ്ട്. അപ്പോള്‍ നബി(സ) ഇപ്രകാരം പറയുകയുണ്ടായി: ‘തങ്ങളുടെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്കു ക്ഷണിക്കുന്ന പ്രവാചകനെ ഇവ്വിധം (ദ്രോഹിക്കുന്ന) ഒരു ജനത എങ്ങനെ വിജയിക്കും.’ അപ്പോഴാണ് അല്ലാഹു മേല്‍ വചനം ഇറക്കിയത്” (ഫത്ഹുല്‍ ബാരി 10:114).
ഇതേ ആശയത്തില്‍ ഇമാം മുസ്‌ലിം 675-ാം നമ്പറായിട്ടും ഉദ്ധരിച്ചിട്ടുണ്ട്്. അപ്പോള്‍ ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസില്‍ രണ്ടു തരം അബദ്ധങ്ങളുണ്ട്. (ഒന്ന്). പ്രസ്തുത ഖുര്‍ആന്‍ വചനം അവതരിപ്പിച്ചത് നബി(സ) പൊതു വിപത്തിന്റെ ഖുനൂത്ത് ഓതിയപ്പോഴല്ല, മറിച്ച് ഉഹ്ദ് യുദ്ധത്തില്‍ നബി(സ) ശത്രുക്കള്‍ക്കെതിരില്‍ പ്രാര്‍ഥിച്ചപ്പോഴാണ്. (രണ്ട്). പ്രസ്തുത ബുഖാരിയുടെ ഹദീസ് പരമ്പര മുറിഞ്ഞതുമാണ്.
മൂന്ന്). ”ഇബ്‌റാഹീമുത്തൈമി(റ) തന്റെ പിതാവില്‍ നിന്നും ഉദ്ധരിക്കുന്നു. അബൂദര്‍റ്(റ) പറയുന്നതായി ഞാന്‍ കേട്ടു. ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഭൂമിയില്‍ അല്ലാഹുവിന്റെ ഭവനം എന്ന നിലയില്‍ ആദ്യം നിര്‍മിക്കപ്പെട്ട പള്ളി ഏതാണ്: നബി(സ) അരുളി: മസ്ജിദുല്‍ഹറമാണ്. വീണ്ടും ഞാന്‍ ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: മസ്ജിദുല്‍ അഖ്‌സ്വയാണ് (ബൈതുല്‍ മുഖദ്ദസിലെ പള്ളി). ഞാന്‍ ചോദിച്ചു: അവ രണ്ടും നിര്‍മാണത്തില്‍ എത്ര വര്‍ഷങ്ങളുടെ വ്യത്യാസമുണ്ട്? നബി(സ) പറഞ്ഞു: നാല്‍പതു വര്‍ഷം. (ബുഖാരി 3366).
മേല്‍ ഹദീസിലെ പള്ളി നിര്‍മാണ സംബന്ധമായി പറഞ്ഞ വര്‍ഷങ്ങളുടെ കണക്ക് ചരിത്രപരമായി അബദ്ധമാണ് എന്നാണ് അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത്. ഇബ്‌നുഹജറിന്റെ(റ) വ്യാഖ്യാനം ശ്രദ്ധിക്കുക: ”ഇബ്‌നുല്‍ ജൗസി(റ) പ്രസ്താവിച്ചു: മേല്‍ ഹദീസിനെക്കുറിച്ച് സംശയങ്ങളുണ്ട്. തീര്‍ച്ചയായും കഅ്ബ നിര്‍മിച്ചത് ഇബ്‌റാഹീം നബി(അ)യാണ്. ബൈതുല്‍ മുഖദ്ദസിലെ പള്ളി നിര്‍മിച്ചത് സുലൈമാന്‍ നബി(അ)യാണ്. അവ രണ്ടിനുമിടയില്‍ നിര്‍മാണത്തില്‍ ആയിരം വര്‍ഷത്തെ വ്യത്യാസമുണ്ട്.” (ഫത്ഹുല്‍ ബാരി 8:199).
ഈ ഹദീസിനെ തിരുത്തിക്കൊണ്ട് ഇബ്‌നുല്‍ ഖയ്യിമിന്റെ(റ) പ്രസ്താവന ഇപ്രകാരമാണ്: ”ഈ ഹദീസ് എന്തിനു വേണ്ടി ഉദ്ധരിച്ചു എന്ന് മനസ്സിലാകാത്ത ആളുകള്‍ക്ക് സംശയമുണ്ടാക്കുന്നതാണ്. അദ്ദേഹം ഇപ്രകാരം പറഞ്ഞു: മസ്ജിദുല്‍ അഖ്‌സ്വയുടെ നിര്‍മാണം ദാവൂദ് നബി(അ)യുടെ പുത്രന്‍ സുലൈമാന്‍ നബി(അ)യാണ് എന്ന വസ്തുത അറിയപ്പെട്ടതാണ്. അതിന്റെയും ഇബ്‌റാഹീം നബി(അ) കഅ്ബ നിര്‍മിച്ചതിന്റെയും ഇടയില്‍ ആയിരം വര്‍ഷങ്ങളുടെ വ്യത്യാസമുണ്ട്. ഇത് ഉദ്ധരിച്ച വ്യക്തിയുടെ (ചരിത്രപരമായ) അജ്ഞതയാണ് അത് ചൂണ്ടിക്കാട്ടുന്നത്.” (സാദുല്‍ മആദ് 1:50)
നാല്). ”നബി(സ) അരുൡയതായി അബൂഹുറയ്‌റ(റ) പറയുന്നു: ”മര്‍യമും(അ) അവരുടെ മകന്‍ ഈസാ(അ)യും ഒഴികെ മറ്റെല്ലാവരും പിശാചിന്റെ സ്പര്‍ശനമേറ്റ് അട്ടഹസിക്കാതെ ജനിക്കുന്നില്ല” (ബുഖാരി 4548)
ഈ ഹദീസ് വിശദീകരിച്ച് ഇബ്‌നുഹജര്‍(റ) വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ”ഈ ഹദീസിന്റെ ആശയത്തെ കശ്ശാഫ് എന്ന തഫ്‌സീറിന്റെ ഉടമസ്ഥന്‍ വിമര്‍ശിക്കുകയും ഹദീസിന്റെ സ്വിഹ്ഹത്തില്‍ (സാധുതയില്‍) മൗനം പാലിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ സംശയം ഈ ഹദീസിനെക്കുറിച്ച് ഫഖ്‌റുദ്ദീനുര്‍റാസി(റ)യും പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ഹദീസ് ഖബ്‌റുവാഹിദില്‍ (ഏകറാവി റിപ്പോര്‍ട്ട്) പെട്ടതാണ്. അത് വിശ്വാസ കാര്യങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി ഉദ്ധരിക്കുകയെന്നത് പ്രമാണവിരുദ്ധമാണ്. പിശാച് വഴികേടിലാക്കാന്‍ പോലും ശ്രമം നടത്താറുള്ളത് നന്മയും തിന്മയും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിവുള്ളവരെയാണ് (പ്രസവിക്കുന്ന കുഞ്ഞുങ്ങളെയല്ല)” (ഫത്ഹുല്‍ ബാരി 10:91).
ഈ ഹദീസിനെ വിമര്‍ശിക്കുന്നത് ഇമാം സമഖ്ശരിയും ഇമാം റാസിയുമാണ്. ഇമാം സമഖ്ശരി മുഅ്തസലി വിഭാഗത്തില്‍ പെട്ട പണ്ഡിതനായതിനാല്‍ അദ്ദേഹം നേരു പറഞ്ഞാലും അത് മുഅ്തസലി അഭിപ്രായമാണെന്നു പറഞ്ഞ് തള്ളിക്കളയുന്നത് ശരിയല്ല. കാരണം ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ പലേടത്തും അഹ്‌ലുസ്സുന്നയുടെ അഭിപ്രായങ്ങള്‍ ഇമാം സമഖ്ശരി ശരി വെച്ചേടത്തെല്ലാം അതിനെ എടുത്ത് പറഞ്ഞതായി കാണാന്‍ കഴിയും. ഏതെങ്കിലും അഹ്‌ലുസ്സുന്നയില്‍ പെട്ട പണ്ഡിതന്മാര്‍ ഇമാം സമഖ്ശരിയുടെ അഭിപ്രായത്തെ അംഗീകരിച്ചുകൊണ്ട് അഭിപ്രായം പറഞ്ഞാല്‍ അവരെയൊക്കെ മുഅ്തസലിയാക്കുന്ന പ്രവണതയുമുണ്ട്.
ഇമാം റാസിയെക്കുറിച്ച് ചിലര്‍ അദ്ദേഹം മുഅ്തസലിയാണെന്ന് പറയാറുണ്ട്. അത് ശുദ്ധ കളവാണ്. അദ്ദേഹത്തെക്കുറിച്ച് ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”ഇമാം റാസി ശാഫിഈ മദ്്ഹബിലെ പ്രസിദ്ധരായ കര്‍മശാസ്ത്ര പണ്ഡിതന്മാരില്‍ ഒരാളാണ്” (അല്‍ബിദായത്തു വന്നിഹായ 13:77).
മേല്‍ രേഖപ്പെടുത്തപ്പെട്ട വിമര്‍ശന വിധേയമായ ഹദീസ് ഇമാം മുസ്‌ലിം 2366-ാം നമ്പറായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ബുഖാരിയും മുസ്‌ലിമും സംയുക്തമായി റിപ്പോര്‍ട്ടു ചെയ്ത ഈ ഹദീസിനെ റശീദുരിദ്വാ(റ) എതിര്‍ത്തിട്ടുണ്ട്. അതിപ്രകാരമാണ്: ”എന്നാല്‍ മര്‍യമിനെയും ഈസായേയും പിശാച് സ്പര്‍ശിച്ചിട്ടില്ല എന്ന വിധം ഹദീസില്‍ വന്നത് ഊഹ സംബന്ധമായ വാര്‍ത്തകളില്‍ പെട്ടതാണ്. കാരണം പ്രസ്തുത ഹദീസ് ‘ഖബ്‌റുആഹാദി’ല്‍ പെട്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നതു പോലെയും വിശ്വാസകാര്യങ്ങളില്‍ പെട്ടതാണ്. അത്തരം കാര്യങ്ങള്‍ ഊഹപരമായ റിപ്പോര്‍ട്ടുകള്‍ കൊണ്ട് സ്വീകാര്യയോഗ്യമല്ല” (തഫ്‌സീറുല്‍ മനാര്‍ 3:292).
പ്രസ്തുത ഹദീസിനെ ഖാദ്വീ ഇയാദ്വും(റ) എതിര്‍ത്തിട്ടുണ്ട്. ഇമാം റാസി(റ) രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ”ഈ റിപ്പോര്‍ട്ടിനെ ഖാദ്വീഇയാദ്വും വിമര്‍ശിച്ചിട്ടുണ്ട്. വിശ്വാസ കാര്യത്തില്‍ ഖബ്‌റുവാഹിദ് ഉദ്ധരിക്കുകയെന്നത് പ്രമാണവിരുദ്ധമായതിനാല്‍ അത് തള്ളിക്കളയല്‍ നിര്‍ബന്ധമാണ്” (തഫ്‌സീറുല്‍ കബീര്‍ 4:31).
അഞ്ച്). ”സൈദ്ബ്‌നു ഖാലിദുല്‍ ജുഹന്നി തന്നോട് പറഞ്ഞതായി അത്വാഅ് പറയുന്നു: അദ്ദേഹം ഉസ്മാനോട്(റ) ചോദിച്ചു: ഒരു വ്യക്തി ഭാര്യയുമായി സംയോഗത്തിലേര്‍പ്പെടുകയും ഇന്ദ്രിയ സ്ഖലനം നടക്കാതിരിക്കുകയും ചെയ്താലുള്ള വിധിയെന്ത്? ഉസ്മാന്‍(റ) പറഞ്ഞു: അദ്ദേഹം നമസ്‌കാരത്തിന് വുദ്വുവെടുക്കും പോലെ വുദ്വുവെടുക്കുകയും ലിംഗം കഴുകുകയും ചെയ്താല്‍ മതി. അനന്തരം ഉസ്മാന്‍(റ) പറഞ്ഞു: ഇത് ഞാന്‍ നബി(സ)യില്‍ നിന്ന് കേട്ടിട്ടുള്ളതാണ്” (ബുഖാരി 292)
ഈ ഹദീസിനെയും അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ എതിര്‍ത്തതായി ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തിയിട്ടുണ്ട്. ”ഈ ഹദീസ് ന്യൂനതയുള്ള (സ്വീകാര്യയോഗ്യമല്ലെന്ന്) താണെന്ന് ഇമാം അനസ്(റ) ഇമാം അഹ്മദില്‍(റ) നിന്നും ഉദ്ധരിച്ചിട്ടുണ്ട്. കാരണം സ്വഹാബികളില്‍ (പ്രമുഖരായ) അഞ്ചു പേരുടെ ഫത്‌വകള്‍ക്ക് വിരുദ്ധമാണിത്. യഅ്ഖൂബുബ്‌നു ശൈബ(റ) ഈ ഹദീസ് ‘ശാദ്ദാ’ണെന്നും അലിയ്യുബ്‌നുല്‍ മദീനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (ഫത്ഹുല്‍ ബാരി 2:66).
ഇതേ ഹദീസിന്റെ ആശയത്തില്‍ മറ്റൊരു ഹദീസ് ഇമാം മുസ്‌ലിം 346-ാം നമ്പറായി സ്വഹീഹുമുസ്‌ലിം 2:272ലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇമാം നവവി(റ) മേല്‍ പറഞ്ഞ ബുഖാരി, മുസ്‌ലിം ഹദീസ് ഇജ്മാഇന് (ഏകകണ്ഠമായ അഭിപ്രായത്തിന്) വിരുദ്ധമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ”സംയോഗം ചെയ്താല്‍ കുളി നിര്‍ബന്ധമാണെന്ന് മുസ്‌ലിം ലോകത്ത് ഇജ്മാഅ് ഉണ്ട്. സംയോഗത്തില്‍ ഇന്ദ്രിയ സ്ഖലനം ഉണ്ടായില്ലെങ്കിലും ശരി” (മുസ്‌ലിം 346 ശറഹുമുസ്‌ലിം 2 :273)
മേല്‍ ഹദീസിനെ എതിര്‍ക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു ശ്രദ്ധിക്കുക. (ഒന്ന്). ഈ ഹദീസ് തെളിവിന് കൊള്ളുന്നതല്ലെന്ന് ഇമാം അഹ്മദ്(റ) പ്രസ്താവിക്കുന്നു. (രണ്ട്) ഈ ഹദീസ് ‘ശാദ്ദാണ്’ (ഏറ്റവും സ്വഹീഹായി വന്നിട്ടുള്ള ഹദീസിന് വിരുദ്ധമായി വന്നിട്ടുള്ള സ്വഹീഹായ ഹദീസ്) എന്നാണ്. ഹദീസ് നിദാനശാസ്ത്ര പ്രകാരം ശാദ്ദായി വരുന്ന ഹദീസ് സ്വീകാര്യമല്ല. (മൂന്ന്). ഈ ഹദീസ് അഞ്ചോളം സ്വഹാബികളുടെ ഫത്‌വകള്‍ക്ക് വിരുദ്ധമാണ്. കാരണം പ്രമുഖരായ സ്വഹാബികളൊന്നും നബി(സ)യുടെ ചര്യക്ക് എതിരില്‍ ഫത്‌വ കൊടുക്കുന്നതല്ല. (നാല്) ഇമാം നവവിയുടെ പ്രസ്താവന: ഈ ഹദീസ് ഇജ്മാഇന് വിരുദ്ധമാണ് എന്നാണ്. കാരണം സംയോഗത്തില്‍ ഇന്ദ്രിയം സ്ഖലിച്ചാലും ഇല്ലെങ്കിലും വുദ്വു പോരാ.
മറിച്ച് കുളി തന്നെ നിര്‍ബന്ധമാണ് എന്നതാണ് മറ്റുള്ള സ്വഹീഹായി വന്നിട്ടുള്ള റിപ്പോര്‍ട്ടുകളിലെല്ലാം പറയുന്നത് എന്നാണ് ഇമാം നവവി(റ) പ്രസ്താവിക്കുന്നത്.

Back to Top