23 Monday
December 2024
2024 December 23
1446 Joumada II 21

മുഖാവരണ വിവാദത്തിനിടെ ഒരു ശിരോവസ്ത്ര വാര്‍ത്ത

മുഖാവരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ചൂട് പിടിച്ച് കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് മുസ്‌ലിം ലോകത്ത് നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ മുഖാവരണത്തിന് വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍. എന്നാല്‍ സ്‌കോട്ട്‌ലന്റ് യാഡ് തങ്ങളുടേ സേനയിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയ ഒരു വാര്‍ത്തയാണ് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ കഴിഞ്ഞയാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളില്‍ ശ്രദ്ധേയമായ ഒന്ന്. ലോകത്തെ ഏറ്റവും കാര്യക്ഷമമായ അന്താരാഷ്ട്രാ കുറ്റാന്വേഷണ ഏജന്‍സിയാണ് സ്‌കോട്ട്‌ലന്റ് യാഡ്. എല്ലാവിധത്തിലുമുള്ള ജനങ്ങള്‍ക്കും സ്‌കോട്ട്‌ലന്റ് യാഡില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകണമെന്നതാണ് തങ്ങളുടെ നയമെന്നും മുസ്‌ലിംകളായ മികച്ച വനിതാ ഓഫീസര്‍മാര്‍ അവരുടെ വിശ്വാസപരമോ ആചാരപരമോ ആയ കാരണങ്ങള്‍ കൊണ്ട് സ്‌കോട്ട്‌ലന്റ് യാഡില്‍ ചേരാന്‍ മടിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം ഇപ്പോള്‍ കൈക്കൊള്ളുന്നതെന്നും അധിക്യതര്‍ വ്യക്തമാക്കി. ഹിജാബ്, യൂണിഫോമിന്റെ ഭാഗമായി സ്വയം തെരഞ്ഞെടുക്കാനുള്ള ഒരു അവകാശമാക്കി മാറ്റുകയാണ് ഇപ്പോള്‍ ചെയ്തത്. നേരത്തെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഹിജാബ് ധരിക്കണമെങ്കില്‍ പ്രത്യേകമായ അനുമതി വാങ്ങണമായിരുന്നു. നിരവധി കടമ്പകള്‍ കടന്നുള്ള അത്തരം അനുമതിയുടെ ആവശ്യമില്ലാതെ തന്നെ മുസ്‌ലിം വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഹിജാബ് ധരിക്കാന്‍ സാധിക്കുമെന്നതാണ് ഇപ്പോഴത്തെ തീരുമാനത്തിന്റെ കാതല്‍. പുതിയ പ്രഖ്യാപനത്തെ സ്‌കോട്ടിഷ് പോലീസ് മുസ്ലിം അസോസിയേഷന്‍ സ്വാഗതം ചെയ്തു. സേനയിലെ വനിതാ ഓഫീസര്‍മാരും പുതിയ തീരുമാനത്തില്‍ സന്തുഷ്ടി പ്രകടപ്പിച്ചു.
Back to Top