15 Saturday
March 2025
2025 March 15
1446 Ramadân 15

മുഖം മറയ്ക്കാന്‍ പ്രമാണങ്ങളുടെ പിന്തുണയില്ല – ഡോ. ആരിഫ് അല്‍ശൈഖ്

ഒരു സ്ഥാപനമേധാവി അദ്ദേഹത്തിന്റെ ഓഫീസിലെത്തുന്ന മൂന്നുതരം വനിതാ ജീവനക്കാരികളെക്കുറിച്ച് സംഭാഷണ മധ്യേ പങ്കുവെച്ചു. എന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥകളുടെ വസ്ത്രധാരണ വൈവിധ്യം എന്നെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. മൂന്നുതരം വസ്ത്രധാരണ രീതി പിന്തുടരുന്നവര്‍ ഒന്നിച്ചു ഓഫീസില്‍ ജോലിക്കെത്തുന്നുണ്ട്. ഇതില്‍ ഏതാണ് ശരിയായ മതവേഷമെന്നതാണ് എന്റെ സംശയം.
പൂര്‍ണമായും മുഖം മറച്ചും കൈയുറ ധരിച്ചുമാണ് ഒരു വിഭാഗമെത്തുന്നത്. മറ്റു ചിലര്‍ മുഖവും മുടിയും പുറത്തുകാണിച്ച്, ഇടുങ്ങിയ വസ്ത്രം ധരിച്ചും ഉള്‍ഭാഗത്തുള്ളതു നിഴലിക്കു ന്ന നിലയിലുമാണ് ജോലിക്കെത്തുന്നത്. മറ്റൊരു വിഭാഗം മാന്യമായി വസ്ത്രം ധരിച്ചും മുഖവും മുന്‍കൈയും വെളിവാക്കുന്നവരുമാണ്. സാധാരണ സുറുമയല്ലാതെ മറ്റു സൗന്ദര്യവര്‍ധക വസ്തുക്കളുടെയൊന്നും അടയാളം അവരുടെ മുഖത്തുണ്ടാവാറില്ല. ഈ മൂന്ന് വിഭാഗവുമായും ഞാന്‍ ഓഫീസ് സംബന്ധമായ കാര്യങ്ങളില്‍ ഇടപഴകുകയും അവര്‍ അവരുടെ തൊഴില്‍ ദൗത്യം നിറവേറ്റുകയും ചെയ്യുന്നുണ്ട്. ഇവരില്‍ കണ്ട ചില വ്യത്യസ്തതകള്‍ ഇനി പറയുന്നതാണ്.
1). കൈയുറയും മുഖാവരണവുമുള്ള ആദ്യ വനിതാ വിഭാഗം പൊതുവെ തൊഴില്‍സ്ഥലത്തു മൗനികളാണ്. ഇത് തൊഴില്‍ കാര്യങ്ങളെ ഒരു പരിധിവരെ ബാധിക്കാറുണ്ട്. ഇവര്‍ പുരുഷന്മാരുടെ കൂടെ ഇരിക്കുകയില്ല. ജോലിയുടെ അനിവാര്യഘട്ടങ്ങളില്‍ പോലും ഇവര്‍ പുറത്തുള്ള ഓഫീസ് കാര്യങ്ങളില്‍ സഹകരിക്കാറുമില്ല. വാഹനമോടിക്കാന്‍ പോലും വിമുഖരാണ് ഈ മുഖാവരണക്കാര്‍. കാര്യങ്ങളുടെ ഒരുവശം ഇപ്രകാരമാണെങ്കിലും ഇവര്‍ ഓഫീസിലുള്ള മറ്റു പുരുഷന്മാരോട് തമാശ പറയുകയും ചിരിച്ചുസഹകരിക്കുകയും ചെയ്യുന്നുണ്ട്. ചെലവ് ഓഫീസ് വഹിക്കുകയാണെങ്കില്‍ വിദേശയാത്ര നടത്താനും ഈ സംഘം സജ്ജമാണ്.
2). മുടിയും മുഖവും വെളിവാക്കാന്‍ മടിയില്ലാത്ത സൗന്ദര്യ സംവര്‍ധക ലേപനങ്ങളും ചായങ്ങളും മുഖത്ത് പുരട്ടുന്ന വനിതാസംഘമാണ് രണ്ടാമത്തെ വിഭാഗം. ജോലിയുടെ ഭാഗമായി എല്ലാ രംഗത്തും പുരുഷന്മാരുമായി ഇവര്‍ ഇടപെടുന്നു. നിഴലിക്കുന്ന വസ്ത്രമാണെങ്കിലും സംശയിക്കുന്ന ഒരുതരത്തിലുള്ള പരിധിവിട്ട പെരുമാറ്റങ്ങളും ഇവര്‍ക്കില്ല. പരിശുദ്ധതയ്ക്കും പവിത്രതയ്ക്കും കളങ്കമേല്‍പ്പിക്കുന്നവരെന്ന സംശയത്തിന്റെ നിഴലില്‍ നിര്‍ത്തേണ്ട സാഹചര്യവുമില്ല. അസ്വാഭാവികമായ ഇടപഴകലുകള്‍ പുരുഷന്മാരുമായി ഇവര്‍ക്കില്ല. തൃപ്തികരമായ വിധത്തില്‍ ജോലിചെയ്യുകയും ഓഫീസ് കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു.
3). മുഖവും മുന്‍കൈയും ഒഴിച്ചുള്ള ശരീരഭാഗങ്ങള്‍ മറച്ചെത്തുന്നവര്‍ തൊഴിലിനായി തങ്ങളുടെ വസ്ത്രം ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയരാക്കാന്‍ ഒരുക്കമല്ല. പുരുഷന്മാര്‍ക്കും ഓഫീസ് നിര്‍വഹണങ്ങള്‍ക്കും തടസ്സമാകും വിധം മുഖം മറയ്ക്കാനും ഇക്കൂട്ടരില്ല.
വിശദീകരണം കേട്ടശേഷം ഞാന്‍ സുഹൃത്തിനോട് സൂചിപ്പിച്ചു. ഇവര്‍ക്കെല്ലാം അവരുടേതായ വേഷവിധാന വീക്ഷണവും ന്യായീകരണവുമുണ്ട്. പക്ഷേ, ഇസ്‌ലാമിക നിയമത്തില്‍ സ്ത്രീവേഷ വിഷയത്തില്‍ ഏകാഭിപ്രായമാണുള്ളത്. മുഖം നഗ്‌നതയല്ല എന്നതാണ് അത്. നാല് മദ്ഹബിന്റെ ഇമാമുകളും ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യമുള്ളവരാണ്.
ഹനഫീ പണ്ഡിതനായ സര്‍ഖസി(റ)യുടെ മബ്‌സൂത്ത് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”സ്ത്രീയുടെ മറയ്‌ക്കേണ്ട ഭാഗങ്ങള്‍ സുവിദിതമാണ്. അവള്‍ മുഖം മറയ്‌ക്കേണ്ടതില്ല എന്ന കാര്യത്തില്‍ ഏകാഭിപ്രായമുണ്ട്.”(ഇജ്മാഅ്)
ഇമാം മാലികിന്റെ(റ) മുവത്വയില്‍ പുരുഷന്മാരോടൊപ്പം മുഖം കാണിച്ച് ഭക്ഷണം കഴിക്കുന്നതിനു വിരോധമില്ലെന്ന് അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞിട്ടുണ്ട്. ഇമാം ശാഫിഈ(റ) തന്റെ അല്‍ഉമ്മില്‍ നമസ്‌കാരത്തില്‍ സ്ത്രീ മറയ്‌ക്കേണ്ട ഭാഗങ്ങള്‍ വ്യക്തമാക്കിയ സന്ദര്‍ഭത്തില്‍ പറഞ്ഞത് ‘മുഖവും മുന്‍കൈയും ഒഴിച്ചുള്ള ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും’ എന്നാണ്. ഹന്‍ബലീ മദ്ഹബ് പണ്ഡിതനായ ഇബ്‌നുഖുദാമ(റ)യുടെ അല്‍മുഗ്‌നിയില്‍ ഇത് സംബന്ധിച്ച പരാമര്‍ശമുണ്ട്. ”സ്ത്രീക്ക് നമസ്‌കാരസമയത്ത് മുഖവും മുന്‍കൈയും വെളിപ്പെടുത്താമെന്നതില്‍ മദ്ഹബുകള്‍ തമ്മില്‍ ഭിന്നതയില്ല.”
ഞാന്‍ അദ്ദേഹത്തോട് വീണ്ടും ബോധ്യപ്പെടുത്തി. ഈ നാല് പണ്ഡിതരുടെ സാക്ഷ്യത്തിന്നപ്പുറം സൂറതുന്നൂറിലെ 31-ാം വചനത്തില്‍ ഇക്കാര്യം പകല്‍വെളിച്ചം പോലെ വ്യക്തമാണ്: ”സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടാതിരിക്കാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്മാര്‍, അവരുടെ ഭര്‍തൃപുത്രന്മാര്‍, അവരുടെ സഹോദരന്മാര്‍, അവരുടെ സഹോദരപുത്രന്മാര്‍, അവരുടെ സഹോദരീ പുത്രന്മാര്‍, മുസ്‌ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചുവെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചു മടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.”
ഈ വചനത്തിലെ ‘വലാ യുബ്ദീന സീനതഹുന്ന ഇല്ലാ മാ ദഹറ മിന്‍ഹാ’ എന്നതിനെ സംബന്ധിച്ച് സഈദുബ്‌നു ജുബൈര്‍ ഇബ്‌നുഅബ്ബാസ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: മുഖവും മുന്‍കൈയും ആണത്.
ജില്‍ബാബ്, നിഖാബ്, ഖിമാര്‍ (തട്ടം, മുഖാവരണം, മുഖമക്കന) എന്നിവയെല്ലാം ജാഹിലിയ്യാ കാലങ്ങളിലെ സ്ത്രീകളുടെ വേഷവിധാനത്തില്‍ ഉള്‍പ്പെട്ടതായിരുന്നു. ഖുര്‍ആന്‍ അവതീര്‍ണമായതോടെ ഇസ്‌ലാം നിഖാബ് നീക്കി ജില്‍ബാബും ഖിമാറും മാത്രമാക്കി പരിമിതപ്പെടുത്തുകയാണ് ചെയ്തത്. നിഖാബ് സ്ത്രീ വസ്ത്രഭാഗമായിരുന്നുവെങ്കിലും ഇസ്‌ലാം അത് ധരിക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. ഖിമാറിനെ(മുഖമക്കന)ക്കുറിച്ച് ഉപരിസൂചിത ആയത്തില്‍ പരാമര്‍ശമുണ്ട്. തിര്‍മിദി ഉദ്ധരിച്ച ഹദീസില്‍ ‘ഖിമാര്‍ ധരിക്കാത്ത സ്ത്രീയുടെ നമസ്‌കാരം സ്വീകരിക്കില്ലെ’ന്നു വ്യക്തമാക്കിയിട്ടുണ്ട്.
ബുഖാരി ഉദ്ധരിച്ച ഹദീസില്‍ നിഖാബിനെ നിരുത്സാഹപ്പെടുത്തുന്ന വിധം ‘ഇഹ്‌റാമില്‍ പ്രവേശിച്ച സ്ത്രീകള്‍ മുഖം മറയ്ക്കരുതെന്ന്’ നിര്‍ദേശിക്കുന്നു. ഈ സന്ദര്‍ഭത്തിലല്ലാതെ നിഖാബ് സംബന്ധിച്ച ഒരു പരാമര്‍ശവും പ്രവാചകനില്‍ നിന്നുണ്ടായിട്ടില്ലാ എന്നതും ശ്രദ്ധേയമാണ്.
നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ ശിഷ്യനായ ശൈഖ് അബ്ദുല്‍ഹലീം അബൂശുഖ സ്ത്രീയുടെ സ്വാതന്ത്ര്യം സംബന്ധിച്ച് എഴുതിയ പ്രവാചക കാലത്തെ വനിതാപദവി എന്ന ഗ്രന്ഥത്തിലെ വാചകങ്ങള്‍ വായിക്കേണ്ടതാണ്: ‘നിഖാബ് ഒരു സ്ത്രീയുടെ മുഖം മുഴുവനും മറക്കുന്നതല്ല. സ്ത്രീയുടെ മുഖത്തു കൂടുതല്‍ സൗന്ദര്യമുള്ളത് ഇരുമിഴികള്‍ക്കും കണ്‍തടങ്ങള്‍ക്കുമാണ്. സ്ത്രീ പൂര്‍ണമായും പരീക്ഷണമാണ്. മുഖം വെളിവാക്കുന്നതുപോലെ മുഖം മറയ്ക്കുന്നതും അവള്‍ക്ക് സൗന്ദര്യമാണ്’.
വേഷങ്ങളില്‍ മുഖാവരണവും ആഡംബരത്തിന്റെ അടയാളമാണ്. അതുകൊണ്ടാണ് ഹന്‍ബലീ മദ്ഹബിലെ പണ്ഡിതന്‍ ഇമാം അല്‍കര്‍ഖി(റ) ഇപ്രകാരം അഭിപ്രായപ്പെട്ടത്: ‘വിധവ സുഗന്ധവും, സൗന്ദര്യവസ്തുക്കളും സുറുമയും നീലാഞ്ജനവും നിഖാബും ഒഴിവാക്കണം’. സൗന്ദര്യം പുറത്തു കാണാതിരിക്കാനാണ് മുഖവിരിയിടുന്നതെങ്കില്‍ ഈ നിഖാബും സൗന്ദര്യപ്രദര്‍ശിയാണ്.
Back to Top