27 Saturday
July 2024
2024 July 27
1446 Mouharrem 20

മുഅ്ജിസത്ത്, കറാമത്ത്, ഇസ്തിദ്‌റാജ്, മാജിക് – എ അബ്ദുല്‍അസീസ് മദനി

ഏറെ സുപരിചിതവും എന്നാല്‍ സമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന പദങ്ങളാണ് മുഅ്ജിസത്ത്, കറാമത്ത്, ഇസ്തിദ്‌റാജ്, മാജിക് എന്നിവ. അതുകൊണ്ടുതന്നെ പ്രമാണങ്ങളുടെ പിന്‍ബലത്തോടെ ഈ പദങ്ങളെക്കുറിച്ച് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. മുഅ്ജിസത്ത് എന്ന അറബി പദത്തിന് അത്ഭുതസിദ്ധി എന്ന് മലയാളത്തില്‍ മൊഴിമാറ്റം നടത്താം. ഖുര്‍ആന്‍ മുഅ്ജിസത്തിന് ഉപയോഗിച്ച പദങ്ങള്‍ ആയാത്, ബയ്യിനാത് എന്നിവയാണ്. ഏതൊരാള്‍ സത്യസന്ദേശവുമായി അല്ലാഹുവിന്റെ അംഗീകാരത്തോടെ ഒരു ജനതയിലേക്ക് റസൂലായി നിയോഗിക്കപ്പെടുന്നുവോ അദ്ദേഹം സത്യപ്രവാചകന്‍ തന്നെ എന്ന് ജനം വിശ്വസിക്കാന്‍ വേണ്ടി അദ്ദേഹം മുഖേന അല്ലാഹു ചില അത്ഭുത കാര്യങ്ങള്‍ നടത്തുന്നു. അതിനാണ് മുഅ്ജിസത്ത് എന്ന് പറയുന്നത്.
പ്രവാചകന്മാര്‍ ഉദ്ദേശിക്കുമ്പോള്‍ മുഅ്ജിസത്ത് പ്രകടിപ്പിക്കുക സാധ്യമല്ല. മുഅ്ജിസത്തിനെ വെല്ലുവിളിച്ച് മക്കാ മുശ്‌രിക്കുകളുടെ വാദമുഖം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു: ”അവര്‍ പറഞ്ഞു: ഭൂമിയില്‍ നിന്നും നീ ഞങ്ങള്‍ക്ക് ഒരു ഉറവിടം പൊട്ടി ഒഴുക്കിത്തരുന്നതുവരെ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയില്ല. അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയും മുന്തിരിയുമായി ഒരു തോട്ടമുണ്ടായിരിക്കണം. എന്നിട്ട് അതിന്റെ ഇടയിലൂടെ നീ അരുവികളെ ശക്തമായ വിധം പൊട്ടി ഒഴുക്കണം. അല്ലെങ്കില്‍ നീ ജല്‍പിച്ചതുപോലെ ഞങ്ങളുടെമേല്‍ ആകാശത്തെ കഷ്ണങ്ങളായി വീഴ്ത്തുക, അല്ലെങ്കില്‍ അല്ലാഹുവിനെയും മലക്കുകളെയും നീ അഭിമുഖമായി കൊണ്ടുവരിക, അല്ലെങ്കില്‍ നിനക്ക് തങ്കംകൊണ്ടുള്ള ഒരു ഭവനമുണ്ടായിരിക്കുക. അല്ലെങ്കില്‍ നീ ആകാശത്തിലൂടെ കയറിപ്പോവുക. എന്നിട്ട് ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം നീ ഇറക്കിത്തരുന്നതുവരെ നിന്റെ ആകശത്തിലേക്കുള്ള കയറിപ്പോകല്‍ ഞങ്ങള്‍ വിശ്വസിക്കുകയില്ല. നബിയേ, പറയുക. എന്റെ റബ്ബ് മഹാപരിശുദ്ധന്‍. ഞാന്‍ ഒരു റസൂലായ മനുഷ്യന്‍ മാത്രമാകുന്നു.” (17:90-93)
അമാനുഷിക സംഭവങ്ങള്‍ കാണിക്കാനുള്ള കഴിവ് അല്ലാഹുവിന് മാത്രമേ ഉള്ളൂ. അവന്‍ ഉദ്ദേശിക്കുമ്പോള്‍ മാത്രമേ അത് സംഭവിക്കുകയുള്ളൂ എന്ന് ഇത് വ്യക്തമാക്കുന്നു. നബിയും റസൂലും ആയതുകൊണ്ട്  ആര്‍ക്കും അത് പ്രകടിപ്പിക്കാന്‍ കഴിയില്ല; അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ.
പല പ്രവാചകന്മാര്‍ക്കും അല്ലാഹു വ്യത്യസ്ത രീതിയിലുള്ള മുഅ്ജിസത്തുകള്‍ നല്‍കിയിട്ടുണ്ട്. മൂസാനബി(അ)യുടെ ജനത ജാലിവിദ്യയിലും കണ്‍കെട്ടിലും വിദഗ്ധരായിരുന്നു. അതുകൊണ്ടു തന്നെ അവരെ വെല്ലുന്ന തരത്തിലുള്ള മുഅ്ജിസത്തുകളാണ് മൂസാനബി(അ)ക്ക് അല്ലാഹു നല്‍കിയത്. സൂറതു ത്വാഹായില്‍ അല്ലാഹു പറയുന്നു: ”നിന്റെ വലതുകയ്യില്‍ എന്താണ് മൂസാ? അദ്ദേഹം പറഞ്ഞു: അത് എന്റെ വടിയാണ്. ഞാന്‍ അതിന്മേല്‍ ഊന്നിപ്പിടിക്കുന്നു. അതുകൊണ്ട് എന്റെ ആടുകള്‍ക്ക് മരത്തില്‍ നിന്ന് ഇല കൊഴിച്ചുകൊടുക്കാറുണ്ട്. എനിക്ക് അതില്‍ വേറെയും ഉപയോഗങ്ങളുണ്ട്. അല്ലാഹു പറഞ്ഞു: അത് നിലത്തിടുക മൂസാ. അദ്ദേഹമത് നിലത്തിട്ടു. അപ്പോഴതാ അത് ഓടുന്ന ഒരു സര്‍പ്പമായി മാറി (ഖുര്‍ആന്‍ 20:17-20). അത് മാജിക്കുകാര്‍ കാണിക്കുന്നതുപോലെയുള്ള ജാലവിദ്യയോ കണ്‍കെട്ടോ ആയിരുന്നില്ല. അത് കണ്ടപ്പോള്‍ മൂസാനബിക്ക് ഭയം തോന്നി. അല്ലാഹു പറഞ്ഞു: നീ ഭയപ്പെടേണ്ട. അതെടുത്തുകൊള്ളുക. നാം അതിനെ അതിന്റെ പൂര്‍വ സ്ഥിതിയില്‍ തന്നെ ആക്കും. നിന്റെ കൈ നീ നിന്റെ പാര്‍ശ്വത്തിലേക്ക് ചേര്‍ത്തുവെക്കുക. എന്നാലത് മറ്റൊരു ദൃഷ്ടാന്തമായി യാതൊരു ദൂഷ്യവും കൂടാതെ വെളുത്തതായി പുറത്തുവരും.”
ഈ രണ്ട് മുഅ്ജിസത്തുകളുമായിട്ടാണ് ഫിര്‍ഔനിന്റെ അടുക്കലേക്ക് അദ്ദേഹത്തെയും ഹാറൂന്‍ നബി(അ)യെയും അല്ലാഹു അയച്ചത്. നാടിന്റെ നാനാഭാഗത്തു നിന്നും ഫിര്‍ഔന്‍ വിളിച്ചുവരുത്തിയ മാന്ത്രികന്മാര്‍ അല്ലാഹുവില്‍ വിശ്വസിക്കാനും മൂസാനബി(അ)യെ പ്രവാചകനായി അംഗീകരിക്കാനും കാരണം മൂസാനബി കാണിച്ചത് മാജിക്കല്ലെന്നും ദൈവിക ദൃഷ്ടാന്തമാണെന്നും അവര്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ്. തങ്ങള്‍ ഈ കാണിക്കുന്ന മാജിക്കിന് ഒരു ഹഖീഖത്തും ഇല്ലെന്നവര്‍ക്കറിയാമായിരുന്നു. ഹഖീഖത്ത് ഇല്ലാത്ത തങ്ങളുടെ മാജിക്കിന് ഹഖീഖത്ത് ഉള്ള മുഅ്ജിസത്തിന്റെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് ബോധ്യപ്പെട്ടു. അതുകൊണ്ടു തന്നെയാണ് ഫിര്‍ഔനിന്റെ ഭീഷണിക്കു മുമ്പില്‍ അവര്‍ മുട്ടുമടക്കാതിരുന്നതും. മുഅ്ജിസത്ത് യഥാര്‍ഥ്യമുള്ളതും എന്നാല്‍ സിഹിറ് യാഥാര്‍ഥ്യമില്ലാത്തതും അത് കാര്യങ്ങളെ പൊലിപ്പിച്ച് കാണിക്കുന്നതുമാണെന്നും മുന്‍വിധിയില്ലാതെ പഠനം നടത്തുന്നവര്‍ക്ക് ബോധ്യപ്പെടും. ഖുര്‍ആന്‍ ഇതിലൂടെ ഈ വസ്തുതകള്‍ നമുക്ക് സ്പഷ്ടമാക്കിത്തരുന്നുണ്ട്.
സുലൈമാന്‍ നബി(അ)യുടെ മുഅ്ജിസത്തിനെക്കുറിച്ച് സൂറതുല്‍അന്‍ബിയാഅ് 81, 82 വചനങ്ങളില്‍ പറയുന്നു: ”ശക്തമായി അടിച്ചുകൊണ്ടിരിക്കുന്ന നിലയില്‍ കാറ്റിനെ സുലൈമാന് നാം കീഴപ്പെടുത്തിക്കൊടുത്തു. നാം അനുഗ്രഹിച്ചിട്ടുള്ളതായ ഭൂമിയിലേക്ക് അദ്ദേഹത്തിന്റെ കല്‍പനപ്രകാരം അത് സഞ്ചരിച്ചുകൊണ്ടിരിക്കാറുണ്ടായിരുന്നു. എല്ലാ കാര്യത്തെക്കുറിച്ചും നാം അറിയുന്നവരാകുന്നു. അദ്ദേഹത്തിനു വേണ്ടി സമുദ്രത്തില്‍ മുങ്ങുകയും മറ്റു ചില കര്‍മങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ ചില പിശാചുക്കളെയും നാം അദ്ദേഹത്തിന് കീഴ്‌പ്പെടുത്തിക്കൊടുത്തു. നാം അവരെ കാത്തുസൂക്ഷിച്ച് വരുന്നവരായിരുന്നു”.
സ്വാലിഹ് നബിക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത്തിനെക്കുറിച്ച് സൂറത്ത് ഹൂദ് 64-ാം വചനത്തില്‍ പറയുന്നു: ”എന്റെ ജനങ്ങളേ, ഇതാ നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമായിക്കൊണ്ട് അല്ലാഹുവിന്റെ ഒട്ടകം. അല്ലാഹുവിന്റെ ഭൂമിയില്‍ നടന്നുതിന്നാന്‍ നിങ്ങളതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ദോഷവും വരുത്തിവെക്കരുത്. അങ്ങനെ ചെയ്യുന്ന പക്ഷം അടുത്തു തന്നെ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്.
ഈസാ നബിക്ക് നല്‍കപ്പെട്ട മുഅ്ജിസത്തുകളെക്കുറിച്ച് സൂറത്ത് ആലുഇംറാന്‍ 49-ാം വചനത്തില്‍ പറയുന്നു: ”ഇസ്‌റാഈല്‍ സന്തതികളിലേക്ക് അവനെ (ഈസാനബി) ദൂതനായി നിയോഗിക്കും. അവന്‍ അവരോട് പറയും: നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള ദൃഷ്ടന്താവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഉണ്ടാക്കിത്തരാം. എന്നിട്ട് ഞാന്‍ അതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പക്ഷിയായിത്തീരും. അല്ലാഹുവിന്റെ അനുവാദപ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തും.അല്ലാഹുവിന്റെ അനുവാദപ്രകാരം തന്നെ മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുന്നതിനെക്കുറിച്ചും നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചുവെക്കുന്നതിനെക്കുറിച്ചും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.”
മുഹമ്മദ് നബി(സ)യുടെ മുഅ്ജിസത്തുകളില്‍ എന്നെന്നും നിലനില്‍ക്കുന്ന മുഅ്ജിസത്താണ് ഖുര്‍ആന്‍. ഖുര്‍ആന്‍ ഒഴികെ ബാക്കി എല്ലാ മുഅ്ജിസത്തുകളും പ്രവാചകന്മാരുടെ മരണത്തോടെ നിലച്ചുപോയിട്ടുണ്ട്. ചുരുക്കത്തില്‍ മുഅ്ജിസത്തുകളുടെ സ്രോതസ്സ് അല്ലാഹുവാണെന്ന് വ്യക്തമായി. ഇമാം റാസി പറയുന്നു: ”തീര്‍ച്ചയായും അസാധാരണ സംഭവ പ്രകടമാവുന്നതിനെ അല്ലാഹു പ്രവാചകത്വത്തിനുള്ള തെളിവാക്കിയിരിക്കുന്നു. പ്രവാചകനല്ലാത്ത ഒരാള്‍ക്കാണ് അത് ലഭിക്കുന്നതെങ്കില്‍ മുഅ്ജിഅസത്തുകൊണ്ട് പ്രവാചകത്വത്തിന് തെളിവ് പിടിക്കുന്നത് നിരര്‍ഥകമായിരിക്കും.” (തഫ്‌സീറുല്‍ റാസി).
കറാമത്ത്
അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്ന പരമകാരുണികന്റെ ദാസന്മാര്‍ക്ക് അല്ലാഹു എന്തെങ്കിലും കഴിവുകള്‍ നല്‍കിയേക്കാം. അതിനാണ് സാങ്കേതികമായി കറാമത്ത് എന്ന് പറയുന്നത്. അത് മുഅ്ജിസത്തിനെപ്പോലെ നല്‍കപ്പെട്ടുകൊള്ളണമെന്നില്ല. എന്തുകൊണ്ടെന്നാല്‍ ഒരാള്‍ അല്ലാഹുവിന്റെ വലിയ്യാണെന്ന് ജനം വിശ്വസിക്കല്‍ നിര്‍ബന്ധമില്ല. അതുകൊണ്ട് തന്നെ വല്ല കറാമത്തും ഒരാള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് വെളിപ്പെടുത്തേണ്ടതുമില്ല. കറാമത്തിനെക്കുറിച്ച് ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി പറയുന്നത് നോക്കുക: ”തീര്‍ച്ചയായും ഒരാള്‍ അല്ലാഹുവിന്റെ വലിയ്യാണെന്നതിന്റെ നിബന്ധനയില്‍ പെട്ടതാണ് കറാമത്തുകള്‍ മറച്ചുവെക്കുകയെന്നത്. മുഅ്ജിസത്തും കറാമത്തും തമ്മിലുള്ള വ്യത്യാസമാണത്. (ഫത്ഹുര്‍റബ്ബാനി, പേജ് 96).
അന്‍ബിയാക്കള്‍ക്ക് നല്‍കപ്പെടുന്ന അത്ഭുതസിദ്ധിക്ക് കലാം എന്ന് പറയപ്പെടുന്നു. ഔലിയാക്കള്‍ക്ക് നല്‍കപ്പെട്ടുന്നതിന് ഹദീസ് എന്നും പറയപ്പെടുന്നു. വല്ലവനും കലാമിനെ നിഷേധിച്ചാല്‍ അവിശ്വാസിയാവും. കാരണം അവന്‍ അല്ലാഹുവിന്റെ വഹ്‌യിനെയാണ് നിഷേധിക്കുന്നത്. വല്ലവനും ഹദീസിനെ തിരസ്‌കരിച്ചാല്‍ അവന്‍ അവിശ്വാസിയാവുകയില്ല. (ഗുന്‍യതുത്ത്വാലിബീന്‍, പേജ് 162)
മുഹ്‌യിദ്ദീന്‍ ശൈഖി(റ)ന്റെ കൃതികളിലെ രണ്ട് ഉദ്ധരണികളാണ് മുകളില്‍ കൊടുത്തത്. എന്നാല്‍ സമസ്ത കേരള സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസിദ്ധീകരിച്ച സുന്നത്ത് മാസിക 1987 ഡിസംബര്‍ മാസത്തില്‍ ഇറക്കിയ കെ അബ്ദുല്‍ ബാരിയുടെ കുറിപ്പില്‍ ‘ചില കറാമത്തുകള്‍’ എന്ന ശീര്‍ഷകത്തില്‍ എഴുതിയത് നോക്കുക: ”മരിച്ചവരെ ജീവിപ്പിക്കല്‍, മരണാനന്തര സംസാരം, സമുദ്രജലം പിളര്‍ന്നുനില്‍ക്കല്‍, ഉറച്ച് കട്ടിയാവല്‍, അതിന്മേല്‍ സഞ്ചരിക്കല്‍, നിര്‍ജീവികളുടെ സംസാരം, ഉദ്ദിഷ്ട ഭൂമി കണ്‍മുമ്പില്‍, രോഗിളെ സുഖപ്പെടുത്തല്‍, നിര്‍ജീവികളും ജീവികളും അനുസരിക്കല്‍, സമയം ചുരുങ്ങല്‍, പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കല്‍, അജ്ഞാത കാര്യങ്ങളെക്കുറിച്ച് വിവരണം നല്‍കല്‍, ദീര്‍ഘകാലം അന്നപാനീയങ്ങള്‍ വെടിയല്‍, വിദൂര സ്ഥലദര്‍ശനം, ശത്രുക്കളുടെ ഉപദ്രവം ഗുണമായി ഭവിക്കല്‍, വിഷവസ്തുക്കള്‍ നിരുപദ്രവാമായിത്തീരല്‍” – മുഹ്‌യുദ്ദീന്‍ ശൈഖിന്റെ പേരില്‍ ഏറ്റവും വലിയ അപരാധങ്ങളും വ്യാജവുമാണ് ഇവര്‍ ആരോപിക്കുന്നത്. ഈ വ്യാജ വാര്‍ത്തകള്‍ക്ക് ഒരിക്കലും മുഹ്‌യിദ്ദീന്‍ ശൈഖ് ഉത്തരവാദിയില്ല.
മുഹ്‌യിദ്ദീന്‍ മാലയില്‍ അദ്ദേഹത്തെക്കുറിച്ച് എന്തൊരു അസംബന്ധമാണ് പ്രചരിപ്പിക്കുന്നത്.
ശൈഖ് അബ്ദുല്‍ഖാദിര്‍
കൈലാനി എന്നോവര്‍-
ശൈഖന്മാര്‍ക്കെല്ലാര്‍ക്കും
ഖുഥുബായി വന്നോവര്‍.
സുല്‍ഥാനുല്‍ ഔലിയാ എന്ന്
പേരുള്ളോവര്‍-
സയ്യിദ് അവര്‍തായും
ബാവയും ആന്നോവര്‍.
ഇരുന്ന ഇരിപ്പിന് ഏഴ്
ആകാശം കണ്ടോവര്‍-
ഏറും മലക്കൂതില്‍
രാജാജി എന്നോവര്‍.
വഹ്‌യിന്റെ സ്ഥിരീകരണമുള്ള കറാമത്തുകളെ ഒരിക്കലും നാം നിഷേധിക്കുന്നില്ല. മര്‍യം ബീവിയെക്കുറിച്ചും അസ്ഹാബുല്‍ കഹ്ഫിനെക്കുറിച്ചുമൊക്കെ പരാമര്‍ശിക്കപ്പെട്ടതുപോലെ.
ഇസ്തിറാജ്
ദുര്‍മാര്‍ഗികളായ ചില ആളുകള്‍ക്കും അത്ഭുത സിദ്ധികള്‍ നല്‍കപ്പെട്ടുവെന്ന് വരാം. അതിന് ഇസ്തിദ്‌റാജ് എന്ന് പറയപ്പെടുന്നു. സൂറത്തുല്‍ ഖലം 44-ാം വചനം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇസ്തിദ്‌റാജുള്ള മനുഷ്യന്‍ അതുകൊണ്ട് സായൂജ്യമടയും. അവന്‍ വിചാരിക്കുന്നത് ആ കഴിവുകള്‍ നല്‍കപ്പെടാന്‍ അവന്‍ അര്‍ഹനാണെന്നാണ്. അതുവഴി അവന്റെ അധര്‍മവും വഴികേടും വര്‍ധിപ്പിക്കുകയാണുണ്ടാവുക. എല്ലാ ദിവസവും അല്ലാഹുവില്‍ നിന്നുള്ള തന്റെ അകല്‍ച്ച വര്‍ധിക്കും.
ഇമാം ഫഖ്‌റുദ്ദീന്‍ റാസിയുടെ ശ്രദ്ധേയമായി പരാമര്‍ശം: ”നീ അറിയുക. വല്ലവനും ഒരു കാര്യം ഉദ്ദേശിക്കുകയും അല്ലാഹു ആ ഉദ്ദേശിച്ച കാര്യം അവന് നല്‍കുകയും ചെയ്താല്‍ അയാള്‍ അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ പരിഗണിക്കപ്പെട്ടിരിക്കുന്നുവെന്ന് അര്‍ഥമില്ല. ആ നല്‍കപ്പെട്ട കാര്യം സാധാരണ പ്രകൃതി നിയമത്തോട് യോജിച്ചതാവട്ടെ അല്ലാത്തതാവട്ടെ. ചിലപ്പോള്‍ അത് അയാള്‍ക്കുള്ള ആദരവായിരിക്കാം അല്ലെങ്കില്‍ അവന്റെ അതിക്രമവും അജ്ഞതയും ധിക്കാരവും വര്‍ധിക്കുന്നതിനുവേണ്ടിയായിരിക്കാം.
മാജിക്കിന്
ഹഖീഖത്ത് ഉണ്ടോ?
മാജിക്കിന് ഹഖീഖത്ത് ഇല്ലെന്ന് പ്രശസ്ത മജീഷ്യന്‍മാരായ ആര്‍ കെ മലയത്ത്, മുതുകാട് തുടങ്ങിയവര്‍ തന്നെ വ്യക്തമാക്കിയതാണ്. എന്നിട്ടും മാജിക്കിനെക്കുറിച്ചാണ് സിഹ്‌റിന് ഹഖീഖത്തുണ്ടെന്ന് കിതാബുകളില്‍ പറഞ്ഞതെന്ന ന്യായീകരണം സഹതാപമര്‍ഹിക്കുന്നു. സുറൈഖ് ഗോത്രത്തില്‍ പെട്ട ലബീദുബുനല്‍ അഅ്‌സ്വം എന്ന വ്യക്തി ഉണങ്ങിയ ആണ്‍ ഈത്തപ്പനക്കുലയിലും മുടിക്കെട്ടിലുമൊക്കെയായി നബി(സ)ക്ക് ചെയ്തുവെന്ന് പറയപ്പെടുന്ന സിഹ്‌റ് – മാജിക് ആയിരുന്നോ അതോ കൂടോത്രമായിരുന്നോ എന്നത് വിശദീകരിക്കേണ്ടതുണ്ട്. ആയുധം കൊണ്ട് മുഹമ്മദ് നബി(സ)യെ ഉപദ്രവിക്കാന്‍ കഴിയാത്ത ജൂതന്മാര്‍ക്ക് കൂടോത്രം കൊണ്ട് സാധിച്ചു എന്ന് പറഞ്ഞാല്‍ ഇത് വിശ്വസിക്കാനാവുമോ?
സിഹ്‌റിന് ഹഖീഖത്തും തഅ്‌സീറുമില്ലെന്ന് ശാഫീ മദ്ഹബില്‍ പെട്ട അബൂജഅ്ഫറുല്‍ അസ്തര്‍ ബാദിയും ഹനഫീ മദ്ഹബുകാരില്‍ പെട്ട അബൂബക്കര്‍ റാസിയും വ്യക്തമാക്കിയിട്ടുണ്ട്. ഹഖീഖത്ത് (യാഥാര്‍ഥ്യം) ഇല്ലാത്തതും പൊലിപ്പിച്ച് കാണിക്കുന്നതുമായ എല്ലാ സംഗതിക്കും സിഹ്‌റ് എന്ന് പറയുന്നുവെന്ന് ഇമാം ഖര്‍ത്വുബി തന്റെ തഫ്‌സീറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹഖീഖത്തില്ലാത്ത ഭാവനക്കാണ് സിഹ്ര്‍ എന്ന് പറയുക (അല്‍മുഫ്‌റദാത്ത്, ഇമാം റാഗിബ്). ഇതേ വ്യാഖ്യാനം അല്‍മിസ്വ്ബാഹുല്‍ മുനീര്‍ എന്ന ഗ്രന്ഥത്തിലും കാണാം. മാന്ത്രികന്റെ സംസാരത്തിനും മന്ത്രങ്ങള്‍ക്കും കെട്ടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എഴുത്തുകള്‍ക്കും സിഹ്ര്‍ എന്ന് പറയപ്പെടും (മുഗ്‌നി, ഇബ്‌നു ഖുദ്ദാമ).
പിശാചിന്റെ സഹായം തേടിക്കൊണ്ട് പിശാചിനെ പൂജിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സിഹ്‌റ് എന്ന് പറയപ്പെടും (ലിസാനുല്‍ അറബ് 348:4). ഗൂഢവും അജ്ഞാതവുമായ വഴിക്കാണ് സിഹ്‌റില്‍ ഫലം പ്രതീക്ഷിക്കുന്നത്. അജ്ഞാത ശക്തികളെ ആശ്രയിക്കുന്നത് കുഫ്‌റും ശിര്‍ക്കുമായിത്തീരും (കെ എന്‍ എം പ്രസിദ്ധീകരിച്ച – സ്വഭാവ പാഠങ്ങള്‍ രണ്ടാഭാഗം) സിഹ്‌റ് കുറ്റമാണ്. യഥാര്‍ഥ ഫലമില്ല (അല്‍മനാര്‍ 1985 സപ്തംബര്‍). സിഹ്‌റിനെ ഭാഷാതലത്തിലും ആശയ തലത്തിലും രേഖപ്പെടുത്തിയത് ഇങ്ങനെയായിരിക്കെ അതിന് ഹഖീഖത്തും തഅ്‌സീറുമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അജ്ഞതയും അര്‍ഥശൂന്യവുമാണ്
3 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x