3 Tuesday
December 2024
2024 December 3
1446 Joumada II 1

മുഅ്ജിസത്തും കറാമത്തും  പുകമറ ഉണ്ടാക്കുന്നതാര്? പി കെ മൊയ്തീന്‍ സുല്ലമി

ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സകലമാന ശിര്‍ക്കുകളും ഒന്നുകില്‍ മുഅ്ജിസത്തിന്റെ (അമാനുഷികത) പേരിലോ അല്ലെങ്കില്‍ കറാമത്തിന്റെ (ദൈവികമായ ആദരവ്) പേരിലോ ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മക്കയിലെ മുശ്‌രിക്കുകള്‍ അവരുടെ ആരാധ്യപുരുഷനായിരുന്ന ലാത്ത എന്ന വ്യക്തിയുടെ പേരില്‍ പ്രചരിപ്പിച്ചിരുന്ന കറാമത്ത് ”അദ്ദേഹം ഹാജിമാര്‍ക്ക് തരിക്കഞ്ഞി ഉണ്ടാക്കിക്കൊടുത്തിരുന്നു. അത് കുടിച്ചവരെല്ലാം തടി കൂടിയിരുന്നു” (ഫത്ഹുല്‍ ബാരി 10:699) എന്നതായിരുന്നു.
വേദക്കാരെപ്പോലെ തന്നെ മുസ്‌ലിം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിനും എന്താണ് മുഅ്ജിസത്ത്, എന്താണ് കറാമത്ത്, എന്താണ് വേദഗ്രന്ഥം എന്നിവ തിട്ടമായി അറിയാത്ത അവസ്ഥയാണുള്ളത്. അല്ലാഹു പറയുന്നു: ”അക്ഷരജ്ഞാനമില്ലാത്ത ചില ആളുകളും അവരില്‍ (വേദക്കാരില്‍) ഉണ്ട്. ചില വ്യാമോഹങ്ങളല്ലാതെ വേദഗ്രന്ഥത്തെക്കുറിച്ച് അവര്‍ ഒന്നും അറിയാത്തവരാണ്. അവര്‍ ഊഹം അവലംബമാക്കുക മാത്രമാണ് ചെയ്യുന്നത്.”(അല്‍ബഖറ 78)
മുസ്‌ലിംകളുടെ അവസ്ഥയും ഇപ്രകാരം തന്നെ. ഖുര്‍ആന്‍, പ്രവാചകന്മാര്‍, ഔലിയാക്കള്‍ തുടങ്ങിയ കാര്യങ്ങളില്‍ ചില ഊഹങ്ങള്‍ മാത്രമാണുള്ളത്.  യാഥാസ്ഥിതിക പുരോഹിതന്മാര്‍ മുഅ്ജിസത്തിലും കറാമത്തിലും സാധാരണക്കാര്‍ക്കുള്ള ആശയക്കുഴപ്പം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കറാമത്തും മുഅ്ജിസത്തും വേര്‍തിരിച്ച് ജനങ്ങളെ മനസ്സിലാക്കാന്‍ പൗരോഹിത്യം താല്പര്യപ്പെടുന്നില്ല. അതുകൊണ്ടു തന്നെയാണ് അവര്‍ മുഅ്ജിസത്തിനെയും കറാമത്തിനെയും ഒന്നായി കാണുന്നത്.
അവരുടെ ഭാഷ്യം ഇപ്രകാരമാണ്: ”അന്‍ബിയാക്കന്മാര്‍ക്ക് മുഅ്ജിത്തായി ഉണ്ടാകുന്നതെല്ലാം ഔലിയാക്കള്‍ക്ക് കറാമത്തായി ഉണ്ടാകും”. ഇത് ശുദ്ധ അബദ്ധമാണ്. കാരണം ഒരു പ്രവാചകന് അല്ലാഹു നല്‍കിയ മുഅ്ജിസത്ത് മറ്റൊരു പ്രവാചകന് അല്ലാഹു നല്‍കിയിട്ടില്ല. പിന്നെ എങ്ങനെയാണ് മുഅ്ജിസത്ത് കറാമത്തായി നല്‍കുക? മുഹ്‌യുദ്ദീന്‍ ശൈഖിന്റെ(റ) പ്രസ്താവന അക്കാര്യം വ്യക്തമാക്കുന്നു: ”ഒരു പ്രവാചകനും അല്ലാഹു മറ്റൊരു പ്രവാചകനു നല്‍കിയ മുഅ്ജിസത്ത് നല്‍കിയിട്ടില്ല. ഓരോ പ്രവാചകന്മാര്‍ക്കും ഒരാള്‍ക്ക് മുമ്പ് നല്‍കാത്ത പ്രത്യേകമായ മുഅ്ജിസത്താണ് അല്ലാഹു നല്‍കിയത്.” (അല്‍ഗുന്‍യ 1:207)
ഇമാം ബൈദ്വാവിയുടെ പ്രസ്താവന ഇപ്രകാരമാണ്: ”ഓരോ പ്രവാചകന്മാര്‍ക്കും അല്ലാഹു പ്രത്യേക തരം മുഅ്ജിസത്തുകള്‍ നല്‍കുന്നു” (ബൈദ്വാവി 1:435).
അല്ലാഹു എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കിയിട്ടുള്ളത് അവരുടെ കാലഘട്ടത്തിനനുസരിച്ചുള്ള മുഅ്ജിസത്തുകളാണ്. എന്നാല്‍ കറാമത്തിന് അത്തരം പരിഗണനകളൊന്നുമില്ല. ഇമാം ഇബ്‌നു കസീര്‍(റ) പറയുന്നു: ”ഓരോ പ്രവാചകന്മാരെയും അല്ലാഹു നിയോഗിച്ചയച്ചത് അവരുടെ കാലത്തേക്ക് യോജിക്കുന്ന വിധമുള്ള മുഅ്ജിസത്തുകളുമായിട്ടാണ്” (ഇബ്‌നുകസീര്‍ 1:284),
മുഹ്‌യുദ്ദീന്‍ ശൈഖ് പറയുന്നു: ”അല്ലാഹു പറഞ്ഞു: ‘ഇതുപോലുള്ള ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടുവരിക’ അവര്‍ക്ക് (അറബികള്‍ക്ക്) സാഹിത്യത്തിലും വാചാലതയിലും കഴിവുണ്ടായിട്ടും അവര്‍ അതിന്ന് അശക്തരായിത്തീര്‍ന്നു. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ നബി(സ)യുടെ മുഅ്ജിസത്തായി വന്നത്. മൂസാനബി(അ)ക്ക് അല്ലാഹു നല്‍കിയ വടിയും അതുപോലെയാണ്. മൂസാ(അ) പ്രവാചകനായി നിയോഗിക്കപ്പെടുന്നത് സാഹിറുകളുടെ കാലഘട്ടത്തിലാണ്. ഈസാ(അ) പ്രവാചകനായി നിയോഗിക്കപ്പെടുന്നത് നിപുണന്മാരായ വൈദ്യശാസ്ത്ര പണ്ഡിതന്മാരുടെ കാലഘട്ടത്തിലുമാണ്” (അല്‍ഗുന്‍യ 1:206).
മുഅ്ജിസത്ത് എന്നത് പ്രവാചകത്വത്തിന്റെ അടയാളമായതിനാല്‍ അത് വെളിപ്പെടുത്തല്‍ നിര്‍ബന്ധമാണ്. എന്നാല്‍ കറാമത്ത് എന്നത് വ്യക്തിപരമായ ചില സഹായങ്ങളാണ്. ചിലപ്പോള്‍ അത് ഒരു പരീക്ഷണം എന്ന നിലയില്‍ നല്‍കിയതുമായിരിക്കാം. ഇബ്‌നുഹജര്‍(റ) പറയുന്നു: ”അബൂബക്കറുബ്‌നു ഹൗറക്ക് പ്രസ്താവിച്ചു: അന്‍ബിയാക്കന്മാര്‍ മുഅ്ജിസത്തുകള്‍ വെളിപ്പെടുത്താന്‍ കല്പിക്കപ്പെട്ടിരിക്കുന്നു. ഒരു വലിയ്യിന് അത് മറച്ചുവെക്കല്‍ നിര്‍ബന്ധവുമാണ്. വലിയ്യ് ഒരിക്കലും ദൈവിക പരീക്ഷണങ്ങളില്‍ നിന്ന് മുക്തനല്ല” (ഫത്ഹുല്‍ ബാരി 17:232).
മുഹ്‌യുദ്ദീന്‍ ശൈഖിന്റെ(റ) പ്രസ്താവന ഇപ്രകാരമാണ്: ”ഒരു വ്യക്തി അല്ലാഹുവിന്റെ വലിയ്യാണ് എന്നതിന്റെ നിബന്ധന കറാമത്തുകള്‍ ഗോപ്യമാക്കി വെക്കുക എന്നതാണ്” (അല്‍ഗുന്‍യ 2:163). അതുപോലെ നുബുവ്വത്തിന്റെ നിബന്ധനയെക്കുറിച്ച് അദ്ദേഹം രേഖപ്പെടുത്തി: ”രിസാലത്തിന്റെയും പ്രവാചകത്വത്തിന്റെയും നിബന്ധന മുഅ്ജിസത്തുകള്‍ വെളിപ്പെടുത്തുക എന്നതുമാകുന്നു” (അല്‍ഗുന്‍യ 2:163). എന്നാല്‍ ഇന്നു നടക്കുന്നത് കറാമത്ത് കച്ചവടങ്ങളാണ്. ഔലിയാക്കളെന്ന പേരില്‍ സ്വയം അഭിനയിക്കുന്ന പലരും സാമ്പത്തിക തട്ടിപ്പുക്കാരും പെണ്‍വാണിഭം നടത്തുന്നവരുമാണ്.
മുഅ്ജിസത്തുകള്‍ പ്രവാകന്മാരുടെ കൈകളിലൂടെ അല്ലാഹു വെളിപ്പെടുത്തുന്ന അസാധാരണ സംഭവങ്ങളാണ്. അതുകൊണ്ട് വല്ലവര്‍ക്കും ഗുണം കിട്ടുന്ന പക്ഷം അത് അല്ലാഹുവിങ്കല്‍ നിന്നും ലഭിക്കുന്ന അനുഗ്രഹങ്ങളാണ്. വിശുദ്ധ ഖുര്‍ആനാകുന്ന ഹിദായത്തിന്റെ ഗ്രന്ഥം നബി(സ)യുടെ മുഅ്ജിസത്തായി അല്ലാഹു വെളിപ്പെടുത്തിയതാണ്. അതുപോലെ അഞ്ച് നേരം നമസ്‌കാരം എന്ന അനുഗ്രഹം ലഭിച്ചത് മിഅ്‌റാജ് (ആകാശാരോഹണം) എന്ന സംഭവത്തിലൂടെയാണ്. അതേ രൂപത്തില്‍ തന്നെ ഭക്ഷണവും പാനീയവും പല സന്ദര്‍ഭങ്ങളിലും പ്രവാചകന്റെ കൈകളിലൂടെ മുഅ്ജിസത്ത് എന്ന നിലയില്‍ അല്ലാഹു ലഭ്യമാക്കിയിട്ടുണ്ട്. പ്രവാചകത്വത്തിന്റെ ഇരുപത്തിമൂന്നു വര്‍ഷവും അത്തരം കാര്യങ്ങള്‍ അല്ലാഹു അദ്ദേഹത്തിന് സൗകര്യപ്പെടുത്തിക്കൊടുത്തു. അതില്‍ നിന്നും നബി(സ)യോട് ചോദിക്കുന്നതില്‍ പ്രവാചകന്റെ ജീവിതകാലത്ത് നബി(സ) അനുവദിച്ചിരുന്നു. എന്നാല്‍ പ്രവാചകന്റെ മരണശേഷം പ്രവാചകന്റെ മുഅ്ജിസത്തില്‍ നിന്നും ചോദിക്കല്‍ ശിര്‍ക്കും കുഫ്‌റുമാണ്. കാരണം മരണത്തോടെ മുഅ്ജിസത്തുകളും കറാമത്തുകളും നിലക്കുന്നു. മരണശേഷം ഒരു പ്രവാചകനിലൂടെ മുഅ്ജിസത്തോ ഒരു വലിയ്യിലൂടെ കറാമത്തോ വെളിപ്പെടുന്നതല്ല.
പ്രവാചകന്മാര്‍ എന്നത് അല്ലാഹു പ്രത്യേകം തെരഞ്ഞെടുക്കുന്ന വ്യക്തികളാണ്. എല്ലാവര്‍ക്കും പ്രവാചകന്മാരാകാന്‍ സാധ്യമല്ല. അല്ലാഹു പറയുന്നു: ”അത് അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് നല്‍കുന്നു” (ജുമുഅ 4). എന്നാല്‍ ഈമാനും സൂക്ഷ്മതയുമുള്ള എല്ലാവരും അല്ലാഹുവിന്റെ ഔലിയാക്കന്മാരാണ്. ഒരു വ്യക്തിക്ക് കറാമത്ത് ഉണ്ടായാലും ഇല്ലെങ്കിലും ശരി അയാള്‍ അല്ലാഹുവിന്റെ വലിയ്യ് തന്നെയാണ്. അല്ലാഹു പറയുന്നു: ”വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍” (യൂനുസ് 63). മേല്‍ വചനത്തെ ഇമാം ഇബ്‌നു കസീര്‍(റ) വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ”സൂക്ഷ്മത പുലര്‍ത്തി ജീവിക്കുന്ന സകല സത്യവിശ്വാസികളും അല്ലാഹുവിന്റെ വലിയ്യുകളാണ്” (തഫ്‌സീറു ഇബ്‌നി കസീര്‍: യൂനുസ് 63)
ഒരു പ്രവാചകനിലൂടെ കൈക്ക് അല്ലാഹു വെളിപ്പെടുത്തുന്ന മുഅ്ജിസത്തില്‍ വിശ്വസിക്കല്‍ അക്കാലത്തെ സത്യവിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. എന്നാല്‍ ഒരു വ്യക്തിയുടെ കറാമത്തില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമില്ല. അല്ലാഹു പറയുന്നു: ”നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവര്‍ക്കുവേണ്ടി ആകാശത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയേയില്ല. ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്നുപോകുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല” (അഅ്‌റാഫ് 40).
ഇമാം റാസിയുടെ പ്രസ്താവന ശ്രദ്ധിക്കുക: ”എന്നാല്‍ ഒരു വ്യക്തിക്ക് കറാമത്തുണ്ടായി എന്ന കാര്യം സ്ഥിരപ്പെടുത്തുന്നതോ അതിനെക്കുറിച്ച് അജ്ഞനാകുന്നതോ സത്യനിഷേധത്തില്‍ ഉള്‍പ്പെടുന്നതല്ല. ഒരാള്‍ക്ക് കറാമത്തുണ്ടായി എന്നറിഞ്ഞിരിക്കല്‍ ഈമാനില്‍ പെട്ടതുമല്ല”(തഫ്‌സീറുല്‍ കബീര്‍ 21:92).
അന്‍ബിയാക്കന്മാരായി വന്നവരെല്ലാം പുരുഷന്മാര്‍ മാത്രമായിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ മൂന്ന് തവണ അല്ലാഹു അപ്രകാരം ഉണര്‍ത്തുന്നുണ്ട്. അല്ലാഹു പറയുന്നു: ”താങ്കള്‍ക്കു മുമ്പ് പുരുഷന്മാരെയല്ലാതെ നാം പ്രവാചകന്മാരായി നിയോഗിച്ചിട്ടില്ല” (അന്‍ബിയാഅ് 7). എന്നാല്‍ വലിയ്യുകളായി സ്ത്രീകളും പുരുഷന്മാരും എക്കാലത്തുമുണ്ടായിക്കൊണ്ടിരിക്കും. വിശുദ്ധ ഖുര്‍ആനില്‍ സത്യവിശ്വാസികള്‍ക്ക് ഉപമ പറഞ്ഞത് മര്‍യമിനെയും(അ) ഫറോവയുടെ ഭാര്യയെയുമാണ്.
ചുരുക്കത്തില്‍ മുഅ്ജിസത്തെന്താണ്? കറാമത്തെന്താണ്? എന്നതൊക്കെ സമൂഹത്തിന് അവ്യക്തമായ കാര്യങ്ങളാണ്. അന്‍ബിയാക്കളെക്കാള്‍ ശ്രേഷ്ഠതയുള്ളത് ഔലിയാക്കള്‍ക്കാണ് എന്നാണ് വലിയ ഒരു വിഭാഗം വിശ്വസിച്ചുപോരുന്നത്. അതുകൊണ്ടാണല്ലോ അന്‍ബിയാക്കന്മാരെ വിട്ട് അവസാന കാലത്തു വന്ന മുഹ്‌യുദ്ദീന്‍ ശൈഖിനെയും രിഫായി ശൈഖിനെയും വിളിച്ചുതേടി ശിര്‍ക്കില്‍ അകപ്പെട്ടുകൊണ്ടിരിക്കുന്നത്.
Back to Top