5 Tuesday
December 2023
2023 December 5
1445 Joumada I 22

മാനസികാരോഗ്യത്തിന് ഖുര്‍ആന്‍ ദിവ്യൗഷധം – ഡോ. പി എം മുസ്തഫ കൊച്ചിന്‍

ഇസ്‌ലാം സമാധാനവും ശാന്തിയും സ്വസ്ഥതയും നല്‍കുന്ന മതമാണ്. ഈമാന്‍ നിര്‍ഭയത്വവും സുരക്ഷിതത്വവും കൊടുക്കുന്ന വിശ്വാസസംഹിതയാണ്. ഖുര്‍ആന്‍ ശമനവും കാരുണ്യവുമേകുന്ന ദിവ്യവേദഗ്രന്ഥമാണ്. ഖുര്‍ആനിന്റെ മുഖ്യചര്‍ച്ചാ പ്രമേയം മനുഷ്യനും, അവന്റെ കേന്ദ്രബിന്ദുവായ മനസ്സുമാണ്. മനുഷ്യന്‍ എന്നതിന്റെ അറബി പദമായ ഇന്‍സാന്‍ ഖുര്‍ആനില്‍ തൊണ്ണൂറ് പ്രാവശ്യം വന്നിട്ടുണ്ട്. മനസ്സ്, മനുഷ്യന്‍ എന്നീ അര്‍ഥതലങ്ങളുള്ള നഫ്‌സ് എന്ന വാക്ക് 295 സ്ഥലത്തും പരാമര്‍ശിക്കുന്നു. നഫ്‌സ് പോലെ അനന്തപഠന സാധ്യതയുള്ള ഖല്‍ബ്, സ്വദ്ര്‍, അഖ്ല്‍, ഫിക്ര്‍, നുഹാ പോലുള്ള ഖുര്‍ആനിക പദങ്ങള്‍ ഗവേഷണ വിദ്യാര്‍ഥികളുടെ പഠനത്തിന് വിഷയീഭവിക്കേണ്ടതുണ്ട്.
ഖുര്‍ആനില്‍ ആദ്യം അവതരിച്ച വചനങ്ങളിലെ അലഖ് എന്ന സാങ്കേതിക പദത്തിലെ ഐന്‍-ലാം-ഖാഫ് എന്നീ അക്ഷരങ്ങള്‍ ക്രമം മാറ്റി നിര്‍മിച്ചുണ്ടാക്കാവുന്ന ഒരു വാക്കാണ് അഖ്ല്‍ (ബുദ്ധി). ബുദ്ധിയുള്ള മനുഷ്യരുടെ സൃഷ്ടിപ്പിന്റെ ആദ്യഘട്ടത്തെ സൂചിപ്പിക്കാന്‍ ഖുര്‍ആന്‍ അലഖ് (ഭ്രൂണം) എന്ന പദമാണ് പ്രയോഗിച്ചത്. മനുഷ്യന് അറിയാത്തത് അല്ലാഹു അവനെ പഠിപ്പിച്ചുവെന്ന് തുടര്‍ന്ന് പറയുന്നുണ്ട്. അറിവുള്ളവരാണ് അല്ലാഹു വിവരിക്കുന്ന ഉപമകളെ സംബന്ധിച്ച് ബുദ്ധി (അഖ്ല്‍) ഉപയോഗപ്പെടുത്തുകയുള്ളൂ (29:43) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
നബി(സ) ഒരിക്കല്‍ പറഞ്ഞു: ”നിങ്ങള്‍ രണ്ടുതരം ശമനൗഷധങ്ങള്‍ അവലംബിക്കുക; ഒന്ന്, ഖുര്‍ആനും രണ്ട്, തേനും.” ഖുര്‍ആന്‍ എന്ന വേദം ദിവ്യൗഷധമായാണ് അവതീര്‍ണമായതെന്നും (17:82), അത് മാനസിക രോഗത്തിനാണ് ഔഷധമെന്നും (10:57), ഈ ശമനൗഷധം സത്യവിശ്വാസികള്‍ക്കാണ് പ്രയോജനപ്പെടുകയെന്നും (41:44) ഖുര്‍ആനിക ആയത്തുകളില്‍ കാണാം. എന്നാല്‍ തേനിന്റെ ഔഷധവീര്യം എല്ലാ ചിന്തിക്കുന്ന ജനങ്ങള്‍ക്കും ശാരീരിക രോഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാവുമെന്ന് (16:69) ഖുര്‍ആന്‍ ഉണര്‍ത്തുന്നു.
ഖുര്‍ആനിന്റെ ഭാഷയില്‍ ശാരീരികരോഗങ്ങള്‍ക്ക് സഖം എന്നും മാനസികരോഗങ്ങള്‍ക്ക് മറദ് എന്നുമാണ് പറയുക. ഖുര്‍ആനിക പരിപ്രേക്ഷ്യത്തില്‍ മരീദ് മാനസികരോഗിയും, സഖീം ശാരീരികരോഗിയുമാണ്. മാനസികരോഗം എന്നാല്‍ ഭ്രാന്ത് മാത്രമല്ല. അസ്ഥാനത്തുള്ള കോപവും അതിരുകടന്ന അസൂയയും അകാരണഭയവും മാനസിക വ്യതിചലനവുമൊക്കെയാണ്. സല്‍സ്വഭാവികള്‍ മാനസികാരോഗ്യമുള്ളവരും ദുസ്സ്വഭാവികള്‍ മാനസിക വ്യതിയാനമുള്ളവരുമാണെന്ന് നാം തിരിച്ചറിയണം. ഭക്തിയില്ലായ്മയും അമിതഭയവും കപടവിശ്വാസവും നിരീശ്വരവാദവും മാനസികരോഗമെന്നാണ് മനശ്ശാസ്ത്രം. ഏകദൈവവിശ്വാസത്തിലാണ് യഥാര്‍ഥ മനസ്സംതൃപ്തിയും മാനസികാരോഗ്യവും കൂടികൊള്ളുന്നത്. പരലോകമോക്ഷം ലഭിക്കുന്ന ഖല്‍ബുന്‍സലീം മാനസികാരോഗ്യം സിദ്ധിച്ച മനസ്സാണ് വേണ്ടത്. (26:88,89). പ്രേരിപ്പിക്കുന്ന മനസ്സ് (12:53), കുറ്റപ്പെടുത്തുന്ന മനസ്സ് (75:2), സ്വസ്ഥ മനസ്സ് (90:27) എന്നീ മനസ്സിന്റെ വ്യത്യസ്ത അവസ്ഥകളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്.
മനശ്ശാസ്ത്രജ്ഞനായ ലുഖ്മാനുല്‍ഹകീമിന്റെ മെന്‍ഡറിംഗ് ശൈലികളും കൗണ്‍സലിംഗ് രീതികളും അല്ലാഹു അംഗീകരിക്കുകയും അത് ഖുര്‍ആനിക വചനങ്ങളായി നിശ്ചയിക്കുകയും, ആ അധ്യായത്തിന് ‘ലുഖ്മാന്‍’ എന്ന് നാമകരണം ചെയ്യുകയുമുണ്ടായതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്. ‘മനശ്ശാസ്ത്രത്തോട് അലര്‍ജി നമുക്ക് വേണ്ട’ എന്ന പാഠമാണ്. അംഗീകൃത മനശ്ശാസ്ത്ര തത്വങ്ങള്‍ ഇല്‍മാണ്. ഇല്‍മ് അല്ലാഹുവില്‍ നിന്നാണ്; അത് കണ്ടെത്തുന്നത് ആരായാലും ശരി.
ആകാശത്തുനിന്നുള്ള മഴയും വ്യത്യസ്ത വര്‍ണങ്ങളിലെ പഴവര്‍ഗങ്ങളും മലമ്പാതകളുടെ നിറഭേദങ്ങളും മനുഷ്യരിലേയും മറ്റു ജന്തുക്കളിലെയും വിഭിന്ന വര്‍ണങ്ങളും പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ (35:27) അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസരില്‍ നിന്നുള്ള അറിവുള്ളവര്‍ (ഉലമാഅ്) മാത്രമാകുന്നു (35:28) എന്ന് പറയുന്നു. ഉലമാ എന്നതില്‍ ഭൗതിക വിഷയങ്ങള്‍കൂടി ഉള്‍ച്ചേരുമെന്ന് മേല്‍ കൊടുത്ത വാക്യങ്ങള്‍ വിശകലനം ചെയ്താല്‍ മനസ്സിലാകും.
മെന്‍ഡറിംഗ്, കൗണ്‍സലിംഗ് എന്നതിന് അറബിയില്‍ നസ്വീഹാ, ഇര്‍ശാദ് എന്നൊക്കെ പറയാം. ”ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകള്‍ മാറ്റം വരുത്തുന്നതുവരെ അല്ലാഹു അവരുടെ സ്ഥിതിക്ക് പരിവര്‍ത്തനം വരുത്തുന്നതല്ല” (13:11) എന്ന ഖുര്‍ആനിക വാക്യം കൗണ്‍സലിംഗിന്റെയും മെന്‍ഡറിംഗിന്റെയും ആണിക്കല്ലാണ്. കൗണ്‍സലിംഗോ, മെന്‍ഡറിംഗോ ആവശ്യപ്പെട്ടു വരുന്നവര്‍ക്ക് അത് നല്‍കുന്നത് മുസ്‌ലിംകള്‍ പരസ്പരമുള്ള ആറു കടമകളില്‍ ഒന്നായി നബി(സ) എണ്ണിയിട്ടുണ്ട്.
മനുഷ്യനും മനസ്സുമായി ബന്ധപ്പെട്ട അനവധി ശാസ്ത്രമേഖലകളില്‍ ഖുര്‍ആനിക ഗവേഷണം ലോകം തേടുന്നുണ്ട്. സോഷ്യോളജി, സൈക്കോളജി, കൗണ്‍സലിംഗ്, ഫിസിയോളജി, പഥോളജി, എത്തിയോളജി, സൈറ്റോളജി, ഓര്‍ഗനോളജി, ക്രിമിനോളജി, എഥികിസ്, ഈസ്‌ഥെറ്റിക്‌സ്, ഹൈജെനിക്‌സ്, പീനോളജി, എഡ്യുക്കേഷനല്‍ സൈക്കോളജി, മാനേജ്‌മെന്റ് സയന്‍സ് എന്നിങ്ങനെ അനവധി മേഖലകളില്‍ ജനോപകാരപ്രദമായ ഗവേഷണം ഖുര്‍ആനില്‍ സാധ്യമാണ്.
ബന്ധങ്ങളുടെ മനശ്ശാസ്ത്ര മേഖലയില്‍ ഖുര്‍ആനിക പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്. ചേര്‍ക്കാന്‍ കല്പിക്കപ്പെട്ട ബന്ധങ്ങള്‍ മുറിക്കുന്നത് കുറ്റകരമെന്ന് (2:27) ഖുര്‍ആന്‍ പറയുന്നു. നഫ്ഫാഥാത് ഫില്‍ ഉഖദ് (113:4) എന്നത് ബന്ധങ്ങളില്‍ വിഷം വമിപ്പിക്കലാണോ, കെട്ടുകളില്‍ ഊതലാണോ, എന്നും ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുന്ന അസൂയയെ ചേര്‍ത്ത് പറഞ്ഞത് (113:5) എന്തിന് എന്ന് ഇനിയും പഠനം നടക്കട്ടെ!
നന്മ കൊണ്ടുള്ള പ്രതിരോധം ഊഷ്മളമായ സൗഹൃദം സൃഷ്ടിക്കുമെന്നും (41:34) ഇങ്ങനെ ആത്മബന്ധം തീര്‍ക്കാന്‍ സഹനം അനിവാര്യമാണെന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ഈ വാക്യത്തിലെ ദൂ ഹള്ളിന്‍ അളീം എന്ന പരാമര്‍ശം മനശ്ശാസ്ത്രപരമായി അപഗ്രഥിക്കേണ്ടതുണ്ട്. ‘തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കണം’ എന്ന ഖുര്‍ആനിന്റെ അസ്സെര്‍ട്ടീവ്‌നെസ്സ് ചിന്ത പ്രാചീന ചൈനയിലെ തത്വജ്ഞനും താമോയിസത്തിന്റെ പിതാവുമായ ലാവോസി (ബി സി 604-531) മുമ്പ് പറഞ്ഞുവെച്ചിരുന്നു.
ഇസ്‌ലാമിക സംവാദങ്ങളും പ്രസംഗങ്ങളും രചനയും ഖുര്‍ആനിന്റെ ശൈലീശാസ്ത്രമനുസരിച്ചാണോ എന്ന് നാം അന്വേഷണ വിഷയമാക്കേണ്ട കാര്യമാണ്. അവിവേകികള്‍ പരമകാരുണികന്റെ അടിമകളെ അഭിസംബോധന ചെയ്യുകയാണെങ്കില്‍, ഇവര്‍ അവരോട് സമാധാനപരമായി മറുപടി നല്‍കും (25:63) എന്ന് ഖുര്‍ആന്‍. അഭിസംബോധകര്‍ അവിവേകികളാണോ അല്ലയോ എന്ന് കൃത്യമായി മനസ്സിലാക്കാന്‍ മനശ്ശാസ്ത്രത്തിന്റെ ഉപഭാഗമായ ‘വിനിമയ അപഗ്രഥനശാസ്ത്രം’ (ഠഅ) സഹായകമാകും. ഏറ്റവും നല്ല രീതിയില്‍ സംവദിക്കാനും. ട്രാന്‍സാക്ഷനല്‍ അനാലിസിസ് എന്ന ശാസ്ത്രമേഖല സഹായമാണ്.
പരവികാരങ്ങളെ ശരീരഭാഷയിലൂടെയും മുഖഭാഷയിലൂടെയും വായിച്ചെടുക്കുന്ന ആശയവിനിമയശാസ്ത്രവും ഇന്ന് വികാസം പ്രാപിച്ചുവരുന്നു. അകലവും നേത്രചലനവും സ്പര്‍ശനവും ശരീരചനലവും ശബ്ദവും വസ്തുക്കളും ആശയവിനിമയത്തിലെ അവാചിക ഉപാധികളാണ്.
നേത്രചലനശാസ്ത്രമായ ഒകുലെസിക്‌സിന്റെ സഹായത്തോടെ കണ്ണിന്റെ മാസ്മരികതയും വശ്യതയും ശക്തിയും പഠനവിധേയമാക്കാവുന്നതാണ്. ”സത്യനിഷേധികള്‍ ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ അവരുടെ നോട്ടങ്ങള്‍കൊണ്ട് നബി(സ) ഇടറി വീഴുമാറാകുക തന്നെ ചെയ്യും” (68:51) എന്ന വാക്യവും. അല്‍ഐനു ഹഖ്ഖുന്‍ (പ്രസ്തുത കണ്ണ് യാഥാര്‍ഥ്യമാണ്) എന്ന ഹദീസും വിശകലനം ചെയ്താല്‍ ഈ മേഖലയിലെ പല അന്ധവിശ്വാസങ്ങളെയും പൊളിച്ചെഴുതാനാവും. സിഹ്ര്‍ എന്നത് വിശകലനം ചെയ്യാന്‍ ബ്ലാക്ക് മാജിക് മേഖലാ പഠനം അനിവാര്യമാണ്.
സൂറതുല്‍ ഫലഖ്, സൂറതുന്നാസ് എന്നീ രണ്ട് സൂറത്തുകള്‍ കുറ്റകൃത്യശാസ്ത്രമായ ക്രിമിനോളജി, കുറ്റവിമുക്തശാസ്ത്രമായ പീനോളജി എന്നിവയുടെ അടിസ്ഥാനത്തില്‍ പഠിക്കേണ്ടതുണ്ട്. തെറ്റിന് പ്രേരിപ്പിക്കുന്ന പിശാചിനെപ്പറ്റി നാസ് അധ്യായത്തിലും തെറ്റിന് അനുകൂലമായ രാത്രി പോലുള്ള പരിസ്ഥിതി സാഹചര്യങ്ങളെയും പര്യാവരണങ്ങളെയും കുറിച്ച് ഫലഖ് അധ്യായവും പരാമര്‍ശിക്കുന്നു. അതിനാലായിരിക്കാം ഇവ രണ്ടും മഅവ്വിദത്താനീ ഗണത്തില്‍പെടുത്തി അഭയാര്‍ഥനയായി നിശ്ചയിച്ചത്.
സന്താനപരിപാലനം, ശിശു മനശ്ശാസ്ത്രം പോലുള്ള മേഖലയില്‍ ഇനിയും ഖുര്‍ആനിക പഠനസാധ്യതയുണ്ട്. ഉത്തരവാദിത്തബോധമുയര്‍ത്തല്‍, മാതൃകനല്‍കല്‍, ശീലരൂപീകരണം, ശിക്ഷയും ശിക്ഷണവും, ഏഴാം വയസ്സിന്റെ പ്രധാന്യം തുടങ്ങിയവ പഠിക്കേണ്ട വിഷയങ്ങളാണ്.
ക്രൈസിസ് മാനേജ്‌മെന്റ്, സ്‌ട്രെസ്സ് മാനേജ്‌മെന്റ്, ടൈം മാനേജ്‌മെന്റ്, ഇമോഷന്‍ മാനേജ്‌മെന്റ് എന്നീ മേഖലയില്‍ ഖുര്‍ആനിക് പഠനസാധ്യതയുണ്ട്. വികാരങ്ങളെ വരുതിയിലാക്കാനും ചങ്ങാതിയാക്കാനും ഖുര്‍ആനിന്റെ മാന്ത്രിക വിദ്യയെന്തെന്ന് പുറംലോകത്തെ അറിയിക്കാന്‍ വൈകാരിക ബുദ്ധി (ഋക) പഠനം അനിവാര്യമാണ്.
900 വര്‍ഷം മുമ്പ് ഗസ്സാലി ഉപയോഗിച്ച ‘സൗഭാഗ്യത്തിന്റെ രസതന്ത്രം’ (കീമിയാഉസ്സആദാ) എന്ന പ്രയോഗം ഇന്നും പ്രസക്തപദമാണ്. മനുഷ്യനുമായി ബന്ധപ്പെട്ട രസതന്ത്രപ്രയോഗങ്ങള്‍ ഇന്നും മനശ്ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നുണ്ട്. വിജയത്തിന്റെ രസതന്ത്രം, പഠനത്തിന്റെ രസതന്ത്രം, ദാമ്പത്യത്തിന്റെ രസതന്ത്രം, പ്രേമത്തിന്റെ രസതന്ത്രം. അങ്ങനെ പല രസതന്ത്രങ്ങളിലും ഇന്നും പഠനം നടക്കുന്നു. പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നു. വ്യവഹാരശാസ്ത്രം എന്ന സാങ്കേതിക പദം ഇല്‍മുല്‍ മുആമലാത് എന്ന് ഇമാം ഗസ്സാലി ഉപയോഗിച്ചിട്ടുണ്ട്.
പരാജയത്തിന്റെയും വിജയത്തിന്റെയും രസതന്ത്രം ഖുര്‍ആന്‍ ചുരുക്കിപ്പറയുന്നുണ്ട്. ”മനസ്സിനെ പരിശുദ്ധമാക്കിയവന്‍ വിജയിക്കും; അതിനെ മലിനമാക്കിയവന്‍ പരാജിതനാവും, തീര്‍ച്ച.” (91:9,10). മലിനം (നജസ്) എന്ന പദം ഖുര്‍ആനില്‍ ഒരിടത്തേ ഉള്ളൂ. അത് ആത്മാവ് മലിനമായ ബഹുദൈവവിശ്വാസത്തെ സൂചിപ്പിക്കാനാണ് ഖുര്‍ആന്‍ (9:28) പ്രയോഗിച്ചത്.
ധര്‍മശാസ്ത്ര മേഖലയില്‍ ഖുര്‍ആനിക ഊന്നലുകള്‍ വേണം. സല്‍സ്വഭാവങ്ങളെയും സല്‍വികാരങ്ങളെയും കുറിച്ച് പുരാതന മതശാസ്ത്ര ഗ്രന്ഥങ്ങളില്‍ അധ്യായങ്ങള്‍ കുറവാണുള്ളത്. നീതി, വിനയം, മൃദുലത, വിട്ടുവീഴ്ച, കാരുണ്യം, പ്രതീക്ഷ, സ്ഥിരോത്സാഹം, ക്ഷമ, മിതത്വം, ആത്മസംയമനം, സത്യസന്ധത, നിര്‍ഭയത്വം, വിവേകം, കൃത്യനിഷ്ഠ, വൃത്തി, വിശാലത, സന്തോഷം, സ്‌നേഹം എന്നീ വിഷയങ്ങളില്‍ വ്യവസ്ഥാപിത പഠനം നടക്കേണ്ടതുണ്ട്.
കോപം, അലസത, അക്ഷമ, പൊങ്ങച്ചം, അഹങ്കാരം, സങ്കുചിതത്വം, വഞ്ചന, കളവ്, പക, അസൂയ, ആസക്തി, മടുപ്പ്, ദു:ഖം, വിഷാദം, ആകുലത, മാനസിക സംഘര്‍ഷം എന്നീ വിഷയങ്ങളില്‍ ഖുര്‍ആനിക സമീപനമുണ്ടാവണം. ഈ ദുശ്ശീലങ്ങളില്‍ നിന്നുള്ള വിമുക്തി രീതികളും പുറത്തുകൊണ്ടുവരണം.
മാനസികാരോഗ്യവും വൈകാരികോര്‍ജവും മെച്ചപ്പെടുത്താനും അതുവഴി സമൂഹത്തെ രക്ഷപ്പെടുത്താനും ഈ പഠനങ്ങള്‍ വഴിവെക്കും. മഹത്തായ സ്വഭാവത്തിലാകുന്നു മുഹമ്മദ് നബി(68:4) എന്ന ഖുര്‍ആനിക വചനവും. നല്ല സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് നബി നിയുക്തനായത് എന്ന ഹദീസും നമുക്ക് പ്രേരണയാവട്ടെ.
മനശ്ശാസ്ത്രത്തിന് സംഭാവന നല്‍കിയ മുസ്‌ലിം മനശ്ശാസ്ത്രജ്ഞര്‍ അനവധിയാണ്. കിന്‍ദീ (801-866), അബൂബക്കര്‍ റാസീ (864-925), ഫാറാബി (872-950), മിസ്‌കവൈഹീ (മ.1030), ഇബ്ന്‍ സീനാ(980-1037), ഗസാലീ (1058-1111), ഇബ്ന്‍ ബാജാ (1082-1132), ഇബ്ന്‍ തുഫൈല്‍ (മ. 1185), ഇബ്ന്റുശ്ദ് (1126-1198), ഫഖ്‌റുദ്ദീന്‍ റാസീ (1150-1210), ജൗസീ (1292-1350), ഇബ്ന്‍തൈമിയാ (1263-1328) എന്നിവര്‍ അതില്‍ പ്രമുഖരാണ്. ഇവരുടെ സംഭാവനകള്‍ മാനസികാരോഗ്യ മേഖലയിലെ തുടര്‍പഠനങ്ങള്‍ക്ക് ഏറെ സഹായകമായി എന്നതിന് ചരിത്രം സാക്ഷിയാണ്.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x